• തൗഫിക്ക് സക്കരിയ
സയ്യിദ് അലവി തങ്ങളുടേയും ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ പൂകോയ തങ്ങൾ എന്ന കേരളിയർക്ക് സുപരിചിതനായ സയ്യിദ് ഫസൽ ബിന് അലവി ജനിച്ചു. സയ്യിദ് ഫസൽ തങ്ങൾ എന്നും മമ്പുറം തങ്ങൾ രണ്ടാമൻ എന്നും മലയാള മണ്ണിൽ അദ്ദേഹം അറിയപ്പെട്ടു. അറേബ്യയിൽ സയ്യിദ് ഫസൽ എന്നും, തുർക്കിയിൽ ഫസൽ പാഷാ എന്നും ആണ് ഇദ്ദേഹം അറിയപെട്ടിരുന്നത്.
ഇദ്ദേഹത്തിന്റെ പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്ന് നമ്മുക്ക് സുപരിചിതനായ സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ അറിയപ്പെടുന്ന ഒരു മതപണ്ഡിതനായിരുന്നു. 1844ൽ പിതാവ് അന്തരിച്ച ശേഷം ഫസൽ തങ്ങൾ 1845-48 കാലഘട്ടത്തിൽ മക്കയിൽ പഠനം പൂർത്തിയാക്കി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഖുറാനിലും, ഹദീസിലും പാണ്ഡിത്യം നേടാൻ ഫസൽ തങ്ങൾക്കു കഴിഞ്ഞിരുന്ന സയ്യിദ് ഫസൽ പേരെടുത്ത ഒരു മതപണ്ഡിതനായി തീർന്നിരുന്നു.
ബ്രിട്ടീഷ് വിരോധിയായ ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കൊണോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്. സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കൊണോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കൊണോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കൊണോലി സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു. താൻ തിരൂരങ്ങാടിയിൽ തുടരുന്നത് തന്റെ മതത്തിനും അനുയായികൾക്കും ദോഷം ചെയ്യും എന്നു മനസ്സിലാക്കിയ തങ്ങൾ തന്റെ ബന്ധുക്കളായ 57 പേരോടു കൂടി 1852 മാർച്ച് 19ന് അറേബ്യയിലേക്ക് പലായനം ചെയ്തു, യെമെനിലെ ഹദറുൽ മൗത്തിൽ എത്തിയ അദ്ദേഹം തന്റെ പിതാവിന്റെയും പൂർവ പിതാകന്മാരുടെയും ജന്മ സ്ഥലം സന്ദർശിച്ചു, പിന്നീട് മക്കയിലേക്ക് പോയി. ഒരു താൽകാലിക വിട്ടുനിൽക്കൽ ആണ് അദ്ദേഹം ഉദ്ദേശിച്ചത്തെങ്കിലും ബ്രിട്ടിഷ് സർക്കാരിന്റെ എതിർപ്പ് മൂലം 18 വർഷകാലം അദ്ദേഹത്തിന് അവിടെ കഴിയേണ്ടി വന്നു.
തന്റെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം ഇസ്താംബൂൾ സന്ദർശിച്ചു. സയ്യിദ് പിന്നീട് തുർകി സുൽത്താന്റെ ആവശ്യപ്രകാരം ഒമാനിലെ സലാല ഉൾപ്പെടുന്ന ദോഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിന്റെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു. പിന്നീട് അഞ്ചു വർഷകാലം (1874-79) സമാധാനം വീണ്ടെടുത്ത്‌ ഭരണം നടത്തിയിരുന്ന ഫസലിന് ബ്രിട്ടിഷ് സമ്മർദം മൂലം അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു.
ഫസലും കുടുംബവും തിരികെ ഇസ്താംബുള്ളിലേക്ക് ഭരണാധികാരിയുടെ ഉപദേശകനായി സ്ഥാനമേറ്റു ദോഫാറിൽനിന്നും തിരിച്ചുപോയി. 1852 മുതൽ അദ്ധേഹത്തിന്റെ മരണം വരേയ്ക്കും മലബാറിന്റെ മണ്ണിൽ തിരിച്ചുവരാൻ അദ്ദേഹം വളരെ അധികം ശ്രമങ്ങൾ നടത്തി. തുർകി സുൽത്താൻ അബ്ദുൽ മജീദ്‌ രണ്ടാമന്റെ സഹായത്തോടെ 1853 ൽ, ആദ്യ ശ്രമം നടത്തിയെങ്കിലും അതും പിന്നീടുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. ഹിജറ 1318 (AD 1901) 78 ആം വയസ്സിൽ ഇസ്താംബുള്ളിൽ വച്ച് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ശേഷം അദ്ധേഹത്തിന്റെ കുടുംബം തുർക്കിയിലേക്ക് താമസം മാറ്റി.

Post a Comment

Previous Post Next Post