• ഇബ്രാഹീം മൂടാടി
ചരിത്രമുറങ്ങുന്ന പാറപ്പള്ളിക്കുന്നും, കുന്നിനെ ഉമ്മവെച്ചൊഴുകുന്#ിന അറബിക്കടലും പ്രകൃതി രമണീയമായ  'കോളം' കടപ്പുറവും വെള്ളിയാങ്കല്ലിനെ തഴുകിയെത്തുന്ന കുളിര്‍ക്കാറ്റും നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള ഇസ്ലാമിക പ്രബോധനത്തിന്റെ കഥയോതുന്നു.
ഇന്ത്യയിലെ ഇസ്ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ പന്തലായിനി കൊല്ലത്തിനും പാറപ്പള്ളിക്കുന്നിനും വളരെയധികം പ്രാധാന്യം കാണാം. പ്രവാചകന്റെ കാലത്ത് തന്നെ പന്തലായിനി കൊല്ലത്തും പരിസരങ്ങളിലും ഇസ്ലാമിക സന്ദേശം പ്രചരിച്ചിരുന്നു. ചേരമാന്‍ പെരുമാളിന്റെ രാജലിഖിതവുമായി അറേബ്യയില്‍നിന്നു വന്ന മാലിക് ദീനാറും സംഘവും  അന്നത്തെ പ്രസിദ്ധ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരില്‍ ഇറങ്ങി  ഇന്ത്യയിലെ ഒന്നാമത്തെ മുസ്ലിം പള്ളി അവിടെ നിര്‍മ്മിച്ചു. പിന്നീട് തെക്കന്‍ കൊല്ലം ജില്ലയില്‍ പോവുകയും കോലത്തിരിയുടെ സഹായത്തോടെ രണ്ടാമത്തെ പള്ളി അവിടെ നിര്‍മിക്കുകയും ചെയ്തുവെന്നാണ് കേരളചരിത്രമെഴുതിയ  ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായം.  എന്നാല്‍ ഒരു കയ്യെഴുത്ത് രേഖയനുസരിച്ച്  രണ്ടാമത്തെ പള്ളി പന്തലായിനി കൊല്ലത്തെ പാറപള്ളിക്കുന്നില്‍ സ്ഥാപിച്ചുവെന്ന് വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ (പേജ് 96) പറയുന്നു.  മയ്യത്ത്കുന്ന് എന്നാണ് ഔദ്യോഗിക രേഖകളില്‍ ഈ സ്ഥലത്തെപ്പറ്റി പറയുന്നത്.  മാലിക് ബ്‌നു ഹബീബ് ആയിരുന്നു ഈ പള്ളി പണിതത്. അദ്ദേഹം പാറപ്പള്ളിക്കുന്ന് കേന്ദ്രമാക്കി തന്റെ തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജ്ജീവമാക്കി. ജാതിവ്യവസ്ഥയുടെ നീരാളി പിടുത്തത്തില്‍ പെട്ടുഴലുന്ന ഒരു ജനസമൂഹം ഇസ്ലാമിലെ സമത്വസുന്ദരമായ സാമൂഹ്യ വ്യവസ്ഥിതിയുടെ പൊന്‍പ്രഭയേറ്റ് ഹര്‍ഷപുളകിതരായി. പലരും സത്യ ദീനിനെ പുണര്‍ന്നു. സഹാബീ വര്യന്മാരുട ആദര്‍ശനിഷ്ഠയും, നിഷ്‌കളങ്കതയും സത്യസന്ധതയുമായിരുന്നു ഇതിന് നിദാനം. 
ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ അറേബ്യയില്‍ ചെന്നപ്പോള്‍, അദ്ദേഹത്തെ കാണുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്ത മഹാനാണ് ഹബീബ് ബ്‌നു മാലിക്.  അദ്ദേഹം മദീനയിലെ രാജാവും പൂര്‍വ്വ വേദങ്ങള്‍ പഠിച്ച പണ്ഡിതനുമായിരുന്നു. അദ്ദേഹം ഈ വിവരങ്ങള്‍ മകനായ മാലിക് ബ്‌നു ഹബീബ്‌നു പറഞ്ഞുകൊടുത്തു.  ഇബ്‌നു മലിക് അത് അറബി ഭാഷയില്‍ രേഖപ്പെടുത്തി. 
1917 ല്‍ കോഴിക്കോട് ഖാസിയായിരുന്ന സയ്യിദ് ഹുസൈന്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നു അലി ശിഹാബുദ്ദീന്‍ ബാ അലവി തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഈ അറബി ഗ്രന്ഥം  അന്നത്തെ കോഴിക്കോട് ഡെപ്യൂട്ടി കലക്ടര്‍ ദിവാന്‍ ബഹദൂര്‍ സി. ഗോപാലന്‍ നായര്‍ പകര്‍ത്തിയെടുത്തു മലയാളത്തിലെ മാപ്പിളമാര്‍ എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. കേരളത്തില്‍ സ്ഥാപിച്ച പള്ളികളെ സംബന്ധിച്ചും ഇസ്ലാമിക പ്രബോധനത്തെ പറ്റിയും ഇതില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പാറപ്പള്ളിയുടെ ഉത്ഭവത്തെപ്പറ്റി പറയുന്നതിപ്രകാരമാണ്. '' പിന്നെ പന്തറീന എന്ന രാജ്യത്ത് ചെന്ന് സമുദ്രതീരത്ത് ഒരു ജുമുഅ പള്ളി എടുപ്പിച്ചു. അന്ന് ഹിജ്‌റ 22 ശവ്വാല്‍ മാസം 21 വ്യാഴാഴ്ച (എ.ഡി.664) ദിവസമായിരുന്നു. അതില്‍ സൈനുദ്ദീന്‍ ഇബ്‌നു മാലിക് എന്നയാളെ ഖാസിയും ശാഖ ബന്തറുമായി നിശ്ചയിച്ചു.  പള്ളിയുടെ കിഴക്കും പടിഞ്ഞാറും 70 കോല്‍ വീതവും തെക്കുഭാഗം 25 കോലും വടക്ക് സമുദ്രം വരെയുള്ള സ്ഥലങ്ങല്‍ വഖഫാക്കിവച്ചു ''.
ലോക സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത ഇവിടം സന്ദര്‍ശിക്കുമ്പോള്‍ ഒമാന്‍കാരനായ പണ്ഡിതനാണ്  ഇവിടെ ഖാസിയും ഖത്തീബുമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം പറയുന്നു,'' പന്തലായിനിയിലെത്തിയ ഞങ്ങള്‍  ഭംഗിയുള്ള കടകമ്പോളങ്ങളും, തോട്ടങ്ങളുമുള്ള ഒരു നഗരിയാണ് അവിടെ കണ്ടത്. മുസ്ലിംകള്‍ മൂന്ന് പ്രദേശങ്ങളിലായിട്ടാണ് ഇവിടെ താമസിക്കുന്നത്. ഓരോ പ്രദേശത്തും പള്ളിയുണ്ട്. ജുമാ മസ്ജിദ് കടപ്പുറത്താണ്. അത് മനോഹരമാണ്. കടലിലേക്ക് കാഴ്ചകിട്ടുവാനുള്ള ഇരിപ്പിടങ്ങള്‍ ഈ പള്ളിയില്‍ കാണാം. മഴക്കാലത്ത് ചൈനീസ് കപ്പലുകള്‍ ഈ തുറമുഖത്ത് നിര്‍ത്തുന്നു.''
പാറപ്പള്ളിക്കുന്നില്‍ കെട്ടിപ്പൊക്കിയ 13 ഖബറുകള്‍ സ്വഹാബിമാരുടെതോ, അവരുടെ സഹചാരികളുടെതോ ആണെന്നാണ് പ്രബലാഭിപ്രായം. ഹ: അബ്ദുല്ലാഹി ബ്‌നു മുഗഫല്‍ (റ) ഇവരില്‍ പ്രധാനിയാണ്. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത തമീമുല്‍ അന്‍സാരിയുടേതാണ് ഇവിടുത്തെ പ്രധാന മഖ്ബറ എന്നും അഭിപ്രായമുണ്ട്. പാറപള്ളിക്കുന്നില്‍ മുമ്പുണ്ടായിരുന്ന ഖബറിലെ മീസാന്‍ കല്ലുകളിലൊന്നില്‍  അലി ബ്‌നു അബ്ദുറഹിമാന്‍  ഹിജ്‌റ 166 ല്‍ ദിവംഗതനായി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  ഹിജ്‌റ 121-ല്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ 9 പേര്‍ പന്തലായിനി കൊല്ലത്തെ പാറപ്പള്ളിയിലിരുന്നു അറക്കല്‍ രാജാവിന്റെ ചിലവില്‍ ഖുര്‍ആന്‍ പകര്‍പ്പെടുത്തു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. 
കൊയിലാണ്ടിയിലെ ഒരു പഴയ തറവാടായ ഹാജിയാരകത്ത് എന്ന വീട് പൊളിച്ചപ്പോള്‍ അവിടെ കണ്ട അറബി ലിഖിതത്തില്‍ ഹിജ്‌റ 104-ല്‍ ഈ വീട് മീത്തലകത്ത് കുട്ടിബ്‌നു അല്‍ നിര്‍മ്മിച്ചുവെന്നെഴുതിയതില്‍ നിന്ന് പന്തലായിനി കൊല്ലത്തും പരിസരത്തും വളരെ മുമ്പ് തന്നെ ഇസ്ലാമിക സന്ദേശം പ്രചരിപ്പിച്ചതായി മനസ്സിലാക്കാം. 
കൊയിലാണ്ടി വലിയ ജുമുഅത്ത് പള്ളിയില്‍ കാണുന്ന അറബി ലിഖിതത്തില്‍ അമ്മാന്‍ കാരനായ കുഞ്ഞി ഇബ്‌റാഹിബ്‌നു അലി ഹിജ്‌റ 999 ല്‍ ഈ പള്ളി നിര്‍മിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.  ഇദ്ദേഹമായിരുന്നു പന്തലായിനി കൊല്ലത്തെ അന്നത്തെ ഖാസി. ഇപ്പോള്‍ രണ്ടു നൂറ്റാണ്ട് കാലമായി ഹമദാനി വംശക്കാരാണ് ഇവിടുത്തെ ഖാസി.  ഇവരില്‍ ആദ്യത്തെ ഖാസി അബ്ദുറഹിമാന്‍ ഹമദാനിയുടെ പുത്രപരമ്പരയിലെ മുഹമ്മദ് ഹമദാനി, കുഞ്ഞിശൈഖ് ഹമദാനി എന്നിവര്‍ ഇവിടെ ഖാസിമാരായിട്ടുണ്ട്. കുഞ്ഞിശൈഖ് ഹമദാനിയുടെ പൗത്രനാണ് 1969 മുതല്‍ ഇവിടത്തെ ഖാസി. 
കുന്നന്‍മുകളില്‍ ഏഴ് പള്ളികള്‍ ഉണ്ടായിരുന്നതില്‍ നാല് പള്ളികള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളൂ. ഇവയില്‍ രണ്ടെണ്ണം സമീപകാലത്ത് പുനര്‍നിര്‍മാണം ചെയതതാണ്. 
ചേരമാന്‍ പെരുമാളും സംഘവും മക്കയിലേക്ക് പുറപ്പെട്ടത് ഇവിടെനിന്നാണ്. പണ്ട് അറേബ്യയില്‍ നിന്നും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും വരുന്ന കപ്പലുകള്‍ നങ്കൂരമിട്ടിരുന്നത് ഇവിടെയായിരുന്നു.  മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ഓടങ്ങളില്‍ പുറപ്പെട്ടിരുന്നതും തിരിച്ചെത്തിയിരുന്നതും ഇവിടെനിന്നായിരുന്നു. ബ്രിട്ടീഷുകാരുടെ മോണിംഗ് സ്റ്റാര്‍ എന്ന കപ്പല്‍ തകര്‍ന്നതും ഇവിടെ തന്നെയാണ്. പാറപ്പള്ളിയില്‍ എത്തുന്ന ചൈനീസ് മുസ്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പ്രത്യേക പള്ളികള്‍ ഇവിടെയുണ്ടായിരുന്നു. പില്‍ക്കാലത്ത് ചീനംപള്ളി എന്ന പേരിലാണ് അവ അറിയപ്പെട്ടിരുന്നത്. കാപ്പാട് കപ്പലിറങ്ങിയ ഗാമ കാലവര്‍ഷത്തില്‍ നിന്നും രക്ഷനേടാന്‍ കപ്പല്‍ ഇവിടേക്ക് മാറ്റിനിര്‍ത്തിയിരുന്നതായി ചരിത്രരേഖകള് സാക്ഷ്യപ്പെടുത്തുന്നു. ''മക്കയിലെ വിശുദ്ധ ദേവാലയത്തിന്റെ മാതൃകയില്‍ തീര്‍ത്ത പന്തലായിനി കൊല്ലത്തുണ്ടായിരുന്ന ഇബ്‌നു ദീനാര്‍ പള്ളിയുടെ ചെമ്പുകുംഭഗോപുരം എല്ലാ അറബിക്കലകളുടെയും ആചാര പൂര്‍ണമായ ബഹുമാനത്തിനും വിധേയമായിരുന്നു. ''(കേരള സംസ്‌കാരം-എ. ശ്രീധരമേനോന്‍, പേജ് 74).
പോര്‍ട്ടുഗീസുകാരുടെ ആഗമനം വരെ പന്തലായിനി കൊല്ലവും പാറപ്പള്ളി പ്രദേശവും മതസൗഹാര്‍ദ്ദത്തോടും, സമ്പല്‍ സമൃദ്ധിയോടും കുടി നിലനിന്നു. പതിനാറാം നൂറ്റാണ്ടില്‍ വന്ന അവര്‍ ഈ മുസ്ലിം കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചു. ജനസംഖ്യയുടെ മൂന്നില്‍ രണ്ടുഭാഗം ജനങ്ങളെയും അവര്‍കൊന്നൊടുക്കി. കുഞ്ഞാലിമരക്കാരുടെ പ്രധാന കേന്ദ്രമായിരുന്നു പന്തലായിനി കൊല്ലം. 
ചരിത്രമുറങ്ങുന്ന പാറപ്പള്ളിയും കോളം കടപ്പുറവും നയനാനന്ദകരമാണ്. കുന്നിന്റെ ഉച്ചിയില്‍ നിന്നു നോക്കിയാല്‍ അങ്ങു ദൂരെ കടലില്‍ ഒരു പൊട്ടുപോലെ വെള്ളിയാങ്കല്ല് കാണാം.പാറപ്പള്ളിക്കുന്നിന്റെ ചെരുവില്‍ നിന്നും പാറിയിടുക്കിലൂടെ കടലിലേക്ക് ഒഴുകിവരുന്ന നീരുറവ ധാരാളം ഞങ്ങള്‍ ശേഖരിക്കാറുണ്ട്. ഈ വെള്ളത്തിന് തീരെ ഉപ്പ് രസമില്ലെന്ന് മാത്രമല്ല ഔഷധഗുണമുണ്ടെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു.  'ഔലിയവെള്ള' മെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.  പാറപ്പള്ളി എന്നു വിളിക്കുന്ന പള്ളിയുടെ മുന്‍വശത്തെ പാറമേല്‍ ആദം നബിയുടെതെന്ന് കരുതപ്പെടുന്ന ഒരു കാലടിയുണ്ട്.
പയ്യനാട്ടിലെ കൊല്ലം രാജാവിന്റെ തലസ്ഥാനമായിരുന്നു പന്തലായിനി കൊല്ലം. കിഴരിയൂര്‍,മേലടി, മേലൂര്‍, മൂടാടി, വിയ്യൂര്‍, ചേമഞ്ചേരി, പള്ളിക്കര, അരിക്കുളം, തിരുവണ്ണൂര്‍, എന്നീ പ്രദേശങ്ങളാണ്, കൊല്ലം രാജാവിന്റെ വാഴ്ചയില്‍ സാമൂതിരി പിടിച്ചടക്കുന്നതുവരെ നിലനിന്നിരുന്നത്.  ഈ വടക്കന്‍ കൊല്ലം രാജാവ് ചേരമാന്‍ പെരുമാളിന് നേരിട്ടുബന്ധമുണ്ടായിരുന്ന കോലത്തിരിയുടെ സാമന്തനായിരുന്നു. 1220 ല്‍ മാത്രമാണ് കോഴിക്കോടിന് വട്ക്ക പന്തലായിനി കൊല്ലം ഉള്‍പ്പെടെയുള്ള നാടും തളിപ്പറമ്പുക്ഷേത്രവും കോലിത്തിരി സാമൂതിരിയെ ഏല്‍പിച്ചത്. 
മഹാന്മാരായ സ്വഹാബിവര്യന്മാരുടെ പാദസ്പര്‍ശം കൊണ്ടനുഗ്രഹീതമായ പാറപ്പള്ളിക്കുന്നും പരിസരവും ചരിത്രഗവേഷകര്‍ക്ക് ഒരു വഴികാട്ടിയും വിശ്വാസികള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രവുമാണ്.

Post a Comment

Previous Post Next Post