• എന്‍.എ അബൂബക്കര്

ഹിജ്രാബ്ദം മൂന്നാം നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമിക പ്രചരണം നടന്ന മലബാറിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലൊന്നാണ് പെരിങ്ങത്തൂര്‍. ഇസ്‌ലാമിക ആസ്ഥാനമായി വര്‍ത്തിച്ച അറേബ്യന്‍ പട്ടണമായിരുന്നല്ലോ കൂഫ. കൂഫയില്‍ നിന്നും മറ്റും ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ ഏഷ്യയുടെയും ആഫ്‌റിക്കയുടെയും പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആത്മീയാചാര്യന്മാര്‍ എത്തിപ്പെട്ടിരുന്നുവെന്നത് ചരിത്രമാണ്. ശൈഖ് അലിയ്യുല്‍ കൂഫി (റ) പെരിങ്ങത്തൂരില്‍ എത്തിപ്പെട്ടത് മൂന്നാം നൂറ്റാണ്ടിലാണെന്നതാണ് പ്രബലമായ നിഗമനം.
കൊടുങ്ങല്ലൂര്‍, നാദാപുരം, കാസര്‍ഗോഡ് മാലിക് ദീനാര്‍ എന്നീ പള്ളികളുടെ വാസ്തു ശില്‍പ മാതൃകയായിരുന്നു പെരിങ്ങത്തൂര്‍ ജുമുഅത്ത് പള്ളിയുടേതും. അതുകൊണ്ടു തന്നെ മലബാറിലെ ആദ്യത്തെ പള്ളികളിലൊന്നായി ഇത് ഗണിക്കപ്പെടുന്നു. ഈ പള്ളി ഇവിടെ സ്ഥാപിച്ചത് ശൈഖഅ അലിയ്യുല്‍ കൂഫിയായിരുന്നുവെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഏക്രകളോളം വ്യാപിച്ചു കിടക്കുന്ന ഒരു ഭൂപ്രദേശം തന്നെ ഈ പള്ളിവക സ്വത്തായി നിരവധികാലം ഉണ്ടായിരുന്നു. ഇപ്പോള്‍ അവയില്‍ മഹാ ഭൂരിഭാഗവും അന്യാധീനപ്പെട്ടു കിടക്കുകയാണ്.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തോട് തൊട്ടടുത്തായി തന്നെ പ്രസിദ്ധമായ കനകമല സ്ഥിതിചെയ്യുന്നു. ഇതിന്റെ ഉച്ചിയില്‍ വലിയൊരു ഗുഹാമുഖം കാണാം. മുന്കാലങ്ങളില്‍ പല ദിക്കുകളില്‍ നിന്നും ഈ മലയും ഗുഹയും സന്ദര്‍ശിക്കാന്‍ പൊതുജനങ്ങളിവിടെ എത്തിപ്പെടാറുണ്ടായിരുന്നു. റംസാന്‍ ഇരുപത്തേഴിന് മുസ്‌ലിംകളും തുലാം പത്തിന് ഹിന്ദുക്കളും അക്കാലങ്ങളില്‍ ഈ മലയിലെത്തുക പതിവായിരുന്നു. പുരാണങ്ങളില്‍ പോലും കനകമലയപ്പറ്റഇ പരാമര്‍ശങ്ങളുണ്ടെന്ന് ഹൈന്ദവ സുഹൃത്തുക്കളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ശൈഖ് അലിയ്യുല്‍ കൂഫി പെരിങ്ങത്തൂരില്‍ താവളമാക്കിയതും ഈ മലയിലായിരുന്നത്രെ. ഐതിഹ്യങ്ങള്‍ പലതും നിദ്രകൊള്ളുന്ന കനകമലയുടെ വിസ്തൃതി വളരെ വലുതാണ്. ചെറിയ വിമാനങ്ങള്‍ പോലും ഇറങ്ങാനും ഉയരാനും സാധിക്കും വിധം പരന്ന് കിടക്കുന്നതാണ് ഇതിന്റെ ഉച്ചിയിലെ വടക്കുപുറം. പടിഞ്ഞാറന്‍ ചെരുവില്‍ ആരെയം അതിശയിപ്പിക്കുന്ന വറ്റാത്തതും പക്ഷെ ഒരേ അളവില്‍ ചുരത്തിക്കൊണ്ടിരിക്കുന്നതുമായ നിരവധി നീരുറവകള്‍ ദൃശ്യമാണ്. കാലാകാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദൃശ്യ പ്രവണതകള്‍ കനകമലയെ പ്രസിദ്ധമാക്കുന്നു. നിത്യചൈതന്യയതിയുടെ തത്വോപദേശ ക്ലാസ്സുകള്‍ ഇവിടെ പലവുരു നടന്നത് ഗുരുകുലം എന്ന പേരലറിയപ്പെടുന്ന പ്രസ്ഥാനം കനകമലയില്‍ ഈയടുത്തായി ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്.
കനകമല ആസ്ഥാനമാക്കി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ശൈഖ് അലിയ്യുല്‍ കൂഫി (റ) ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ തുടങ്ങിയ കാലത്ത് ഇവിടങ്ങളില്‍, 'രാവാരികള്‍' എന്ന ഒരു വിഭാഗമായിരുന്നു അധിവസിച്ചിരുന്നത്. ശൈഖിന്റെ ജീവിതവിശുദ്ധിയാലാകൃഷ്ടരായ ഈ വിഭാഗം ഇസ്‌ലാമിക പഠനം അദ്ദേഹത്തില്‍ നിന്നു തന്നെ നേടുകയും ഇസ്‌ലാം മതാശ്ലേഷണം നടത്തുകയും ചെയ്തുവെന്നാണ് ചരിത്രം. താഴെയും മുകളിലുമായി ആയിരത്തോളം ആളുകള്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമുള്ള വിധം അന്ന് ഇവിടെ ഒരു പള്ളി സ്ഥാപിക്കാന്‍ അവരെ നിര്‍ബ്ബന്ധിതരാക്കിയത് ഒരു വലിയ ജനാവലിയുടെ ഇസ്‌ലാം സ്വീകരണമായിരിക്കാം. പള്ളിയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും നടത്തിപ്പവകാശം തെരെഞ്ഞെടുക്കപ്പെട്ട ഒരു മഹല്ല് കമ്മിറ്റിയക്ക് ലഭിക്കുന്നത് ഈയടുത്താണ്. മര്‍ഹൂം എന്‍.എ. മമ്മുഹാജിയുടെ ശ്രമഫലമായി സാധിച്ച ഈ മാറ്റമാണ് പള്ളിയുടെയും മഖ്ബറയുടെയും വിപുലീകരണവും മറ്റും സാധ്യമായത്. ജീര്‍ണിച്ച് നാശം നേരിട്ടുകൊണ്ടിരിക്കുകയായിരുന്ന പള്ളിയും മഖ്ബറയും മറ്റും സംരക്ഷിക്കപ്പെടുക മാത്രമല്ല കൂടുതല്‍ ആളുകള്‍ക്ക് നമസ്‌കാരം നിര്‍വ്വഹിക്കാനുതകും വിധം പള്ളി വിപുലീകരിക്കുകയും മഖ്ബറ സൗകര്യപ്പെടുത്തുകയും ചെയ്യുകയും വരുമാനത്തിനായി ഷോപ്പിംഗ് കോംപ്ലക്‌സ് പണിയുകയും ചെയ്തിട്ടുണ്ട്.
പള്ളിയുടെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന കുളവും അതിമനോഹരമായി സംവിധാനിച്ച അതിന്റെ കല്‍പടവുകളും സുരക്ഷാചുമരുകളും സന്ദര്‍ശകരെ ആകര്‍ഷിക്കാറുണ്ട്. കാലപ്പഴക്കം കൊണ്ട് സംഭവിച്ച അതിന്റെ ക്രമഭംഗങ്ങള്‍ ഇയ്യിടെയായി ഒരുവിധം ശരിപ്പെടുത്തിയിട്ടുണ്ട്.
ഏക്രകളോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ഇവിടത്തെ ശ്മശാനം. പെരിങ്ങത്തൂര്‍-കുറ്റ്യാടി പി.ഡബ്ല്യു.ഡി. റോഡ് ഈ ശ്മശാനത്തിന്റെ താഴ്‌വരയില്‍ അതിനെ രണ്ടു ഭാഗങ്ങളാക്കിയാണ് നിലകൊള്ളുന്നത്. ശ്മശാനം കനകമലയുടെ തെക്കുഭാഗത്ത് അതിനി സമാന്തരമായ മറ്റൊരു മലപോലെ ഉയര്‍ന്നു സ്ഥിതിചെയ്യുന്നു. ഖബറുകളുടെ കിടപ്പ് കാണുമ്പോള്‍ തന്നെ നൂറ്റാണ്ടുകള്‍പ്പുറമുള്ളതാണ് ചിലതെന്ന് വ്യക്തമാകും. ഇത്രയും വിസ്തൃതമായ ഖബര്‍സ്ഥാന്‍ വളരെ വിരളമായേ കാണപ്പെടുകയുള്ളൂ.
ഇസ്‌ലാമിക പഠനങ്ങള്‍ ശൈഖഇന്റെ കാലം മുതല്‍ ഈ പള്ളിയില്‍ ആരംഭിച്ചത് ഇന്നും തടുര്‍ന്നു വരുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഉന്നതശീര്‍ഷരായ പണ്ഡിതന്മാര്‍ ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ടെന്നതാണ് ചരിത്രം. സമീപകാലഘട്ടങ്ങളില്‍ മര്‍ഹൂം കുഞ്ഞായീന്‍ മുസ്‌ലിയാര്‍, മര്‍ഹൂം പറവണ്ണ മുഹ്‌യദ്ദീന്‍ കുട്ടിമുസ്‌ലിയാര്‍, മര്‍ഹൂം കറുവന്‍ തുരുത്തി ആലിക്കുട്ടി മുസ്‌ല്യാര്‍ തുടങ്ങിയ തലെയുടുപ്പുള്‌ല പണ്ഡിതശ്രേഷ്ഠരുടെ ഉന്നതമായ ദര്‍സ് ഇവിടെ ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയുടെ പല ദിക്കുകളില്‍ നിന്നും ലക്ഷദ്വീപുകളില്‍ നിന്നും ഇവിടെ 'മുതഅല്ലിമുകള്‍' താമസിച്ച് പഠനം നടത്തിയിരുന്നു. അവരില്‍ പലരും പില്‍ക്കാലത്ത് മുദര്‍രിസുമാരായി നാട്ടിന്റെ നാനാഭാഗങ്ങളില്‍ പളില ദറസുകളും അറബോകോളേജുകളും നയിച്ച് വരുന്നു.
ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ ഇന്ന് പെരിങ്ങത്തൂരില്‍ ഒട്ടേറെയുണ്ട്. നൂറില്‍ പരം അന്തേവാസികളുള്ള യതീംഖാന, പെരിങ്ങത്തൂര്‍ ടൗണിലും ചുറ്റുമായി എട്ടോളം ഉയര്‍ന്ന മദ്രസ്സകള്‍, മുസ്‌ലിം ഹൈസ്‌ക്കൂള്‍, വിവിധ മുസ്‌ലിം സാംസ്‌കാരിക സമിതികള്‍ എന്നിവയൊക്കെ അവയില്‍ പെടുന്നു.
വിദ്യാഭ്യാസപരമായ ഈ പ്രദേശം ഇപ്പോള്‍ പുരോഗതി പ്രാപിച്ചു വരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും സെക്കന്ററി മദ്രസ്സാ വിദ്യാഭ്യാസവും ഒട്ടുമുക്കാലും മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ നേടിവരുന്നുണ്ട്. കോളേജുകളില്‍ പഠനം നടത്തിയവരും നടത്തിവരുന്നവരും നല്ലൊരളവിലുണ്ട്. സാങ്കേതിക രംഗങ്ങളില്‍ പഠനം നടത്തിവരുന്നതും പൂര്‍ത്തിയാക്കിയവരും എണ്ണത്തില്‍ ചെറെതെങ്കിലും ഉണ്ട്.
കുറ്റ്യാടി മലകളില്‍ നിന്നാരംഭിച്ച് മാഹിയില്‍ അറബിക്കടലില്‍ ചെന്നു പതിക്കുന്ന പെരിങ്ങത്തൂര്‍ പുഴയുടെ കരയില്‍ സ്ഥിതിചെയ്യുന്ന പെരിങ്ങത്തൂര്‍ ഉള്‍നാടന്‍ വ്യാപാരത്തിന് പേരുകേട്ടിരുന്ന ഒര അങ്ങാടിയായിരുന്നു. വലിയ മഞ്ചുവില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇവിടെനിന്ന് കിഴക്കും തെക്കും വടക്കുമായി പുഴയിലൂടെ കടത്തി കച്ചവടം ചെയ്തിരുന്നത് ഇപ്പോള്‍ ചരിത്രം മാത്രം. പുല്ലൂക്കര, കടവത്തൂര്‍, കരിയാട്, കിടഞ്ഞി, പടന്നക്കര തുടങ്ങിയ വലിയ പ്രദേശങ്ങളൊക്കെ ദൈനംദിനം പെരിങ്ങത്തൂരുമായി കച്ചവടസംബന്ധമായി ബന്ധപ്പെട്ടു കൊണ്ടിരുന്നു.
മൗലാനാ ഷൗഖത്തലി അദ്ദേഹത്തിന്റെ മലബാര്‍ പര്യടന വേളയില്‍ പെരിങ്ങത്തൂരില്‍ എത്തിയിരുന്നു. അതുപോലെ സത്താര്‍സേട്ട്, കെ.എം. സീതിസാഹിബ്, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ നിരവധി തവണ പെരിങ്ങത്തൂരില്‍ എത്തുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. കുവൈറ്റിലെ മുന്‍മന്ത്രിയും സാമൂഹ്യ-സാംസ്‌കാരിക നായകനുമായിരുന്ന ബുഖാരി സാഹിബ് ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.
പെരിങ്ങത്തൂരും പരിസരങ്ങളിലെ മറ്റു പതിനാലു മഹല്ലത്തുകളും ചേര്‍ന്നുള്ള സംയുക്തമഹല്ല് ജമാഅത്തിന്റെ ആസ്ഥാനമായി ഈ പ്രദേശമാണ് വര്‍ത്തിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരാണ് ഇപ്പോള്‍ കേന്ദ്രഖാസി. സയ്യിദ് കെ. മുത്തുക്കോയ തങ്ങള്‍ പ്രസിഡണ്ടും കെ.കെ. മുഹമ്മദ് സാഹിബ് ജനറല്‍ സെക്രട്ടറിയുമായ സംയുക്തമഹല്ല് ജമാഅത്തിന്റെ പരിധിയില്‍ ഇനിയും നിരവധി മഹല്ലത്തുകള്‍ അംഗങ്ങളാകാനിരിക്കുയാണ്.
കുന്നുകളഉം താഴ്‌വരകളും പുഴയും ചുറ്റിക്കിടക്കുന്ന പ്രകൃതി മനോഹരമായ ഈ പ്രദേശം തുറക്കപ്പെടാത്ത ഒട്ടേറ ചരിത്രരഹസ്യങ്ങളുടെ കലവറയാണ്. രേഖപ്പെടുത്തപ്പെട്ട ആധികാരികമായ ചരിത്രം തേടി ഇപ്പോഴത്തെ ജമാഅത്ത് ഭാരവാഹികള്‍ പലേടങ്ങളിലും അന്വേഷണങ്ങള്‍ തുടരുകയാണ്.

1 Comments

  1. പെരിങ്ങത്തൂര്‍ ജുമുഅത്ത് പള്ളിയുടെ പഴയ ചിത്രം കാണാൻ താഴെ കാണുന്ന ലിങ്കിൽ നോക്കുക

    https://www.facebook.com/photo.php?fbid=10206010660964555&set=gm.469009256611467&type=3&ifg=1

    ReplyDelete

Post a Comment

Previous Post Next Post