• ഡോ . കെ.ടി.എം ബഷീര്‍ പനങ്ങാങ്ങര
താ എന്നാല്‍ ഇത്. ' നൂര്‍ ' എന്നാല്‍ പ്രകാശം. താനൂര്‍ പ്രകാശമാവുന്നു. അതെ; സാഗരതീരത്തെ വിളക്കുമാടം. കേരളത്തിലെ മതപ്രചരണത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഇസ്ലാമിന് വേരോട്ടം നല്‍കാന്‍ വെമ്പല്‍കൊണ്ട ഈ പ്രദേശം കേരളക്കരയില്‍ അറിവിന്റെ ഒളിവ് പരത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. നൂറ്റാണ്ടുകളുടെ ഗതകാല സ്മൃതികള്‍ പേറി, വെളിയങ്കോട് ഉമര്‍ഖാസിയുടെയും അവുക്കോയ മുസ്ലിയാരുടെയും ശൈഖ് അബ്ദുറഹിമാന്‍ നഖ്ശബന്ദിയുടെയും സ്വരവീചികള്‍ ഏറ്റുവാങ്ങിയ വലിയകുളങ്ങരപ്പള്ളി, താനൂരില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നല്‍ക്കുന്നു. 
പരശ്ശതം വിദ്യാര്‍ത്ഥികളെ തന്നിലേക്കാകര്‍ഷിച്ച്, അറിവിന്റെ നിറവുകള്‍ നല്‍കിയ ' മലബാറിലെ ബാഖിയാത്ത് ' ഇസ്ലാഹുല്‍ ഉലൂം. 
മലബാറിലൊന്നാകെ, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പേരില്‍ ബ്രിട്ടീഷ് വിരുദ്ധ വിപ്ലവം അരങ്ങേറിയപ്പോള്‍ മത്രമല്ല, നാട്ടിന്റെ സ്വതന്ത്ര്യപ്പുലരിക്ക് വേണ്ടി, ശഹീദ് കുഞ്ഞിക്കാദറെന്ന ധീര പുത്രനെ സ്വതന്ത്ര്യത്തിന്റെ ബലിക്കല്ലില്‍ നേര്‍ന്ന, ഈ ശാദ്വലഭുവിന്റെ ചരിത്രമില്ലാതെ നമ്മുടെ നാടിന്നൊരു ചരിത്രമുണ്ടോ? മുസ്ലിം കേരളത്തിന്റെ ബഹുജന പിന്തുണയുള്ള ഏറ്റവു വലിയ, ആധികാരിക പണ്ഡിത പ്രസ്ഥാനം സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ കന്നിസമ്മേളനത്തിനു ആതിഥ്യമരുളാന്‍ ഭാഗ്യം ലഭിച്ച താനൂരിന്റെ മണല്‍ത്തരികളുടെ ചിത്രമില്ലാതെ സമസ്തയുടെ, മുസ്ലിംകേരളത്തിന്റെ ചരിത്രം തന്നെ അപൂര്‍വ്വമാണ്. 
പോയകാലത്ത് ഒരു തുറമുഖനഗരമായിരുന്നു താനൂര്‍. അതുകൊണ്ട് തന്നെ കേളികേട്ട വ്യാപാരകേന്ദ്രവും. വിദേശ രാജ്യങ്ങളിലേക്ക് നാളികേരം, സുഗന്ധവ്യജ്ഞനങ്ങള്‍, എന്നിവ ഇവിടെനിന്ന് കയറ്റുമതി ചെയ്തു. ഫ്രഞ്ചുകാര്‍ക്കും താനൂരില്‍ താവളമുണ്ടായിരുന്നു. ഫ്രഞ്ച് ടൂറിസ്റ്റ് ബംഗ്ലാവ് എന്നപേരില്‍ അറിയപ്പെട്ട ഫ്രഞ്ചുകാരുടെ ഈ സ്ഥാനം ഇന്നത്തെ താനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയാണ്. ചരിത്ര പ്രാധാന്യമുള്ള ഈ ബംഗ്ലാവില്‍ വെച്ച്, ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മില്‍ സുപ്രധാനമായ ചില ഉടമ്പടികളും ഒപ്പുവച്ചിട്ടുണ്ട്.

നൂറ്റാണ്ടുകളുടെ ചരിത്രസാക്ഷി

താനൂരിന്റെ വൈജ്ഞാനികാധിപത്യത്തിന് നായകത്വം വഹിച്ച സാംസ്‌കാരിക കേന്ദ്രമാണ് വലിയകുളങ്ങരപ്പള്ളി. കൊത്തുപണികള്‍, നിര്‍മ്മാണവൈദഗ്ധ്യം എന്നിവയില്‍ മികച്ചുനില്‍ക്കുന്ന ഈ പള്ളിയില്‍ ഏഴരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദര്‍സ് ഇന്നും നിര്‍വിഘ്‌നം നടന്നുവരുന്നു. പൗരാണിക കാലം മുതല്‍ക്കേ യമന്‍, ഹളര്‍മൗത്ത്, ഹിജാസ്, ബാഗ്ദാദ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള സാത്വികരും സാധ്വികളുമായ ജ്ഞാനനിര്‍ഝരികള്‍ ഈ ദര്‍സിനു നേതൃത്വം നല്‍കി.  ' മസ്ജിദു സാഹിലി ബിര്‍ക്കത്തില്‍ കുബ്‌റാ ' എന്ന് രേഖകളില്‍ കാണുന്ന ഈ പള്ളിയില്‍, ഹിജ്‌റ വര്‍ഷം 675- ല്‍ ഇമാം ശൈഖ് മുഹമ്മദ് അബ്ദുല്ലാഹില്‍ ഹള്‌റമിയ്യില്‍ ഖാഹിരി (റ) യാണ് ദര്‍സ് നടത്തിയിരുന്നത്. ലഭ്യമായ ചരിത്രവസ്തുതകള്‍ വിശകലനം ചെയ്യുമ്പോള്‍, ഇദ്ദേഹം തന്നെയാണ് പള്ളിയിലെ ആദ്യത്തെ മുദരിസും മുഫ്തിയും. അവിടുന്നങ്ങോട്ട്, വിദേശരാജ്യങ്ങളില്‍ നിന്നുമെത്തിയ, അതതുകാലങ്ങളില്‍ മുസ്ലിം ലോകത്തെത്തന്നെ തലയെടുപ്പുള്ള പിതിഭാധനന്മാര്‍ ഈ വിജ്ഞാന പൂങ്കാവനത്തിനു നേതൃത്വം നല്‍കി. വെളിയങ്കോട് ഉമര്‍ഖാസി, പരപ്പനങ്ങാടി അവുക്കോയ മുസ്ലിയാര്‍, അബ്ദുറഹിമാന്‍ നഖ്ശബന്തി, പള്ളിപ്പുറം യൂസുഫ് മുസ്ലിയാര്‍, കോടഞ്ചേരി അഹമ്മദ് കുട്ടി മുസ്ലിയാര് (ന:മ) അവരില്‍ ചിലര്‍ മാത്രം. ദര്‍സില്‍ വിദ്യനുകരാനെത്തിയിരുന്നതും പില്‍ക്കാലത്ത് പ്രശസ്തരായിത്തീര്‍ന്ന മഹാപണ്ഡിതരായിരുന്നു. വെളിയങ്കോട് ഉമര്‍ഖാസി (റ), ശൈഖ് അബ്ദുറഹിമാന്‍ നഖ്ശബന്തി (ന:മ) തുടങ്ങി പല പ്രമുഖരും ഇവിടുത്തെ മുതഅല്ലിമുകള്‍ കൂടിയായിരുന്നു എന്ന പരമാര്‍ത്ഥം ഏറെ സ്മരണീയമാണ്. മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങള്‍ (ഖ:സി) ഈ പള്ള സന്ദര്‍ശിക്കുകയും ദര്‍സിന്റെ അഭ്യുന്നതിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട. 
1921-ലെ മലബാര്‍ കലാപത്തോടനുബന്ധിച്ച്, ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കാതിരിക്കാനായി, അന്നത്തെ മുദരിസ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ലിയാര്‍ നാടുവിട്ടതിനെ തുടര്‍ന്ന് ദര്‍സ് അല്‍പകാലം മന്ദീഭവിച്ചു. പിന്നീടാണ്, മൗലാനാ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്ലിയാരെ ക്ഷണിക്കുന്നതും ദര്‍സ് വിപുലീകരിച്ചതും. വിദ്യാര്‍ത്ഥികള്‍ അധികരിച്ചപ്പോള്‍ ഇസ്ലാഹുല്‍ ഉലൂം സ്ഥാപിച്ചു. മലബാര്‍ കലാപത്തിന്റെ താനൂരിലെ ആസ്ഥാനമായിരുന്ന പലള്ളിക്കു ചുറ്റും നിരവധി മഹത്തുക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. പോര്‍ട്ടുഗീസുകാരുമായി ഏറ്റുമുട്ടി രക്തസാക്ഷിയായ ശഹീദ് സൈനുദ്ദീന്‍ കുട്ടിയുടെയും അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ക്ഷുരകന്റേയും ഖബറുകള്‍ പള്ളിച്ചെരുവില്‍ സ്ഥിതിചെയ്യുന്നു. ഈ പള്ളിനിര്‍മ്മിക്കാനാവശ്യമായ സ്ഥലം സംഭാവന ചെയ്തത് അദ്ദേഹമാണെന്ന കരുതുന്നു. 1957-ല്‍ ശൈഖുനാ ശംസുല്‍ ഉലമ (ന:മ) കോളേജിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം പള്ളിയുടെ വപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. 

കുത്തുബ്ഖാന

അത്യപൂര്‍വ്വവും മൂല്യവത്തുമായ പ്രമുഖ കിതാബുകള്‍ ഉള്‍ക്കൊള്ളുന്നതാണ് വലിയകുളങ്ങരപ്പള്ളിയിലുള്ള കുത്തുബ്ഖാ. വൈജ്ഞാനിക രംഗത്തെ അത്ഭുത പ്രത്ഭാസമായ 'ജവാഹിറുല്‍ ഖംസ്' (പഞ്ചരത്‌നങ്ങള്‍)എന്ന അത്യപൂര്‍വ്വഗ്രന്ഥം ഈ ശേഖരത്തിലുണ്ട്. വ്യത്യസ്തമായ അഞ്ചുവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നത് കൊണ്ടാണ് ഗ്രന്ഥത്തിന് പ്രസ്തുത പേര്‍നല്‍കിയിരിക്കുന്നത്. നഹ്‌വ് സ്വര്‍ഫ്, അറൂള്ഖവാഫി, ബലാഗ, താരീഖ്, ഫിഖ്ഹ് എന്നീ പഞ്ച വിഷയങ്ങള്‍ ഗ്രന്ഥത്തിന്റെ ഓരോ താളിലും പ്രത്യേകരീതിയില്‍ വിന്യസിച്ചിരിക്കുന്നു എന്നതാണ് ഏറെ ആശ്ചര്യജനകം. 
വ്യത്യസ്ത ദിശകളിലൂടെയും കോണുകളിലൂടെയും ഈ ഗ്രന്ഥം പാരായണം ചെയ്യുമ്പോള്‍ വിവിധവിഷയങ്ങളായിരിക്കും നമുക്ക് ലഭിക്കുക. 'സമസ്ത' പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറൂസി അല്‍ അസ്ഹരി രചിച്ച ' മിന്‍ നവാബിഗി ഉലമാഇ മലൈബാര്‍, ഫീ മനാഖിബി ശൈഖ് വീരാന്‍ കുട്ടി മുസ്ലിയാര്‍' എന്ന ഗ്രന്ഥത്തില്‍ ഈ കിത്താബിനെക്കുറിച്ച പ്രതിപാദിക്കാന്‍ ' കിതാബുല്‍ മഖ്തൂത്തുന്‍ഗരീബ്' എന്നപേരില്‍ ഒരധ്യായം തന്നെ വിനിയോഗിക്കുന്നുണ്ട്. കൂടാതെ ഇംദാദ്, റൗള, തുഹ്ഫ, ഖാമൂസ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ നിരവധി വര്‍ഷങ്ങള്‍ പഴക്കമുള്ള കയ്യെഴുത്ത് പ്രതികളും ഇവിടെയുണ്ട്. ഹനഫീ മദ്ബബിന്റെ ആധികാരിക ഗ്രന്ഥം ' ഫത്താവേ ആലംഗീരി ' യുടെ ആറ് ഭാഗങ്ങളും കയ്യെഴുത്ത് പ്രതികളായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പലഗ്രന്ഥങ്ങളും സ്വര്‍ണ്ണ ലിപിയിലാണ് എഴുതിയിട്ടുള്ളതെന്നും ഒട്ടകത്തിന്റെ തോല്‍ കൊണ്ടാണ് പുറം ചട്ടതയ്യാറാക്കിയിട്ടുള്ളതെന്നതും ഏതൊരു വിജ്ഞാന പ്രേമിയെയാണ് രോമാഞ്ചകഞ്ചുകമണിയിക്കാതിരിക്കുക. 
കുത്തുബ്ഖാനയെക്കുറിച്ച് 1929 ഡിസംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച അല്‍ബയാന്‍ മാസകയിലെ ഒരു റിപ്പോര്‍ട്ട കാണുക:
'' ടി. മദ്‌റസയില്‍ കയ്യെഴുത്തും അച്ചടിയും കൂടി ശാഫിഈ, ഹനഫീ എന്നീ രണ്ട് മദ്ഹബുകളിലെ ഫിഖ്ഹ് സംബന്ധമായും മറ്റും സുമാര്‍ പന്ത്രണ്ടായിരം ഉറുപ്പിക വലക്കുള്ള കിതാബുകള്‍ ഉണ്ട്. ടി.മദ്‌റസ ഖിയാമം വരെ നിലനില്‍ക്കുമെന്ന് മമ്പുറം സയ്യിദ് അലവി തങ്ങള്‍ മുതലായ കുത്തുബീങ്ങള്‍ പറഞ്ഞിട്ടും വരം കൊടുത്തിട്ടുമുണ്ട്....ടി.മദ്‌റസയില്‍ പഠിച്ചവര്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലുമുണ്ട്. ഇന്നും നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുമുണ്ട്. അവരില്‍ നിന്ന് മുക്കാലരക്കാലും അന്യദേശക്കാരാണ്. പലേഫന്നിലും ഉയര്‍ന്ന കിതാബുകള്‍ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്. '' പള്ളിയുടെ പഴക്കവും  ദര്‍സിന്റെ വൈപുല്യവും വിളിച്ചോതുന്ന പലപ്രധാന രേഖകളുമുള്‍ക്കൊള്ളുന്ന  ഈ കുത്തുബ്ഖാനയില്‍ കേരക്കരയിലെ പലപ്രമുഖരും റഫറന്‍സിനുവേണ്ടി എത്താറുണ്ട്. മൗലാനാ കെ.കെ അബൂബക്കര്‍ ഹസ്രത്ത് (ന:മ) ഇസ്‌ലാഹുല്‍ ഉലൂമിന്റെ പ്രിന്‍സിപ്പാളായിരുന്ന കാലത്ത് ദുബൈയിലെ  'മനാറുല്‍ ഇസ്ലാ' മിന്റെ പത്രാധിപര്‍ ഈ കുതുബ്ഖാന സന്ദര്‍ശിക്കുകയും ഗ്രന്ഥശേഖരത്തെക്കുറിച്ച് 'മനാറുല്‍ ഇസ്ലാമില്‍ ' ഫീച്ചര്‍ എഴുതിയിരുന്നു വെന്നതും സ്മരണീയമാണ്. 

ഇസ്വലാഹുല്‍ ഉലൂം

മലബാര്‍ കലാപത്തിന്റെ അസ്വസ്ഥതകള്‍ മൂലം ഇടക്കു മന്ദീഭവിച്ച ദര്‍സ് പുനരുജ്ജീവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യ താല്‍പര്യമാണെന്ന് മനസ്സിലാക്കിയ താനൂരിലെ പണ്ഡിതരും നേതാക്കളും 1921 അവസാനത്തില്‍ യോഗം ചേര്‍ന്ന് കേരളക്കരയില്‍ പ്രശോഭിച്ചു കൊണ്ടിരുന്ന ഉന്നത പണ്ഡിതനും പ്രോജ്ജ്വലവാഗ്മിയുമായ മൗലാന പാങ്ങില്‍ അഹ്മദ് കുട്ടിമുസ്ലിയാരെ(ന:മ) മുദരിസാക്കി. ക്ഷണം സ്വീകരിച്ച അദ്ദേഹം ദര്‍സ് ഏറ്റെടുത്തതോടെ, നാടിന്റെ നാനാഭാഗത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ ദര്‍സില്‍ വന്നു ചേര്‍ന്നുകൊണ്ടിരുന്നു.  ഈ പശ്ചാത്തലത്തില്‍ മുദരിസുമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠനം, താമസം എന്നീ സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഒരു അറബിക് കോളേജ് ഉണ്ടാക്കുവാന്‍ 1924 ഒക്‌ടോബര്‍ 26ന് ഞാറാഴ്ച  മൗലാനയുടെ അധ്യക്ഷതയില്‍ യോഗം തീരുമാനിച്ചു. അറബിക്, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഇസ്ലാം നേരിടുന്ന സകല വെല്ലുവിളികളെയും നിര്‍ഭയം നേരിട്ടു പ്രബോധക മേഖലയില്‍ മുന്നേറാനും കരുത്തുറ്റ മതപണ്ഡിതരെ വാര്‍ത്തെടുക്കുന്നതായിരിക്കണം പ്രസ്തുത കോളേജെന്ന് മൗലാനാ അത്യാധികം ആഗ്രഹിച്ചു. 1928 ല്‍ ചേര്‍ന്ന ' ഇസ്ലാഹുല്‍ ഉലൂമി' ന്റെ മൂന്നാമത്തെ വാര്‍ഷികയോഗ പ്രമേയം ഇതിന്നുനിദര്‍ശനമാണ്: '' ഇസ്വലാഹുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക്  മലയാളം, ഉറുദു, ഇംഗ്ലീഷ് എന്നീഭാഷകള്‍ പഠിക്കുവാന്‍ ഒരു നിശാപാഠശാല ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമായതുകൊണ്ട് ഉടനെ ഒരു നിശാപാഠശാല ഏര്‍പ്പെടുത്തിത്തരുവാന്‍ പൊന്നാനി താലൂക്ക് ബോര്‍ഡിനോട് ഈ യോഗം അപേക്ഷിക്കുന്നു.''
( സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായും പൂര്‍വ്വകാല പണ്ഡിതരും ഇംഗ്ലീഷ് ഭാഷക്ക് എതിരായിരുന്നുവെന്ന് പെരുമ്പറയടിക്കുന്ന ഉല്‍പതിഷ്ണുക്കളെന്ന് സ്വയം കൊട്ടഘോഷിക്കുന്ന കുപമണ്ഡൂകങ്ങള്‍ക്ക്  ഒരു വായടപ്പന്‍ മറുപടി കൂടിയാണീ പ്രമേയം). രണ്ട് ദശാബ്ദക്കാലം, തുടര്‍ന്ന് അദ്ദേഹം ഇസ്വലാഹുല്‍ ഉലൂമിന്റെ പുരോഗതിക്കുവേണ്ടി അഹേരാത്രം പരിശ്രമിച്ചു. നേരം പുലരുവോളം നീണ്ടുനില്‍ക്കുന്ന പാതിരാപ്രസംഗങ്ങളിലൂടെയാണ് കോളേജിനുവേണ്ട സ്വത്ത് അദ്ദേഹം സമാഹരിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപീകരണത്തിനും തുടര്‍ന്ന് അതിന്റെ പ്രചാരണത്തിനുമായി, സമസ്തയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും സഹിച്ച് തിരക്കുപിടിച്ച് ഓടിനടക്കുന്ന കാലത്താണ് ഇസ്വലാഹുല്‍ ഉലൂമിനുവേണ്ടി അദ്ദേഹം അഹോരാത്രം പ്രയത്‌നിച്ചതെന്ന കാര്യം വിസ്മരിച്ചുകൂടാ. തന്റെ പ്രയത്‌നഫലമായി വഖ്ഫായി കിട്ടിയ 36 നമ്പ്ര് സ്വത്തുക്കളും വിലക്കുവാങ്ങിയ 20 നമ്പ്ര് സ്വത്തുക്കളുമടക്കം കോളേജിന് 56 സ്വത്തുക്കളുണ്ടായിരുന്നു.  (1970 ലെ ഭൂപരിഷ്‌കരണ നിയമം മൂലം അവസ്ഥാപനത്തിന് നഷ്ടപ്പെട്ടെങ്കിലും പല ഉദാരമതികളും അവരുടെ അവകാശികളും സ്വത്തിന്റെ ഗൗരവാസ്ഥ മനസ്സിലാക്കി അവ സ്ഥാപനത്തിന് വിട്ടുതന്നിട്ടുണ്ട്. അല്ലാത്തവര്‍ക്ക് അല്ലാഹു അതിനുള്ള സന്മനസ്സ് പ്രദാനം ചെയ്യട്ടെ. ആമീന്‍)വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് മാതൃകയില്‍,132 കോല്‍ ചുറ്റളവും രണ്ടുനിലയും,40റൂമുകളും, ഒരു ആശുപത്രി മുറിയും, ഒരു അടുക്കളയും ഡൈനിംഗ് ഹാളും ഉള്ള ചതുരാകൃതിയിലുള്ള ഇതിനുള്ളില്‍ തന്നെ കിണറും കക്കൂസും ഉള്‍ക്കൊള്ളുന്ന വമ്പിച്ച ഒരു കെട്ടിടസമുച്ചയം തന്റെ വിശ്രമമറിയാത്ത പ്രവര്‍ത്തനഫലമായി ചരിത്രപ്രസിദ്ധമായ കനോലികനാലിനു സമീപം താനൂര്‍ ടൗണില്‍ മൗലാന സ്ഥാപിച്ചു. ഉന്നതനിലയില്‍ നടന്നുവന്ന കോളേജിന്റെ പ്രഥമ വാര്‍ഷകയോഗം 1926 ഫെബ്രുവരി 14 ന് കോഴിക്കോട് പുതിയങ്ങാടി വലിയമാളിയേക്കല്‍ ജനാബ് സയ്യിദ് അബ്ദുറഹിമാന്‍ ഇബ്‌നു ഹാമിദ് മുല്ലക്കോയ തങ്ങളുടെ (വരക്കല്‍ മുല്ലക്കോയ തങ്ങള്‍)അധ്യക്ഷതയിലും, രണ്ടാം വാര്‍ഷികയോഗം 1927-ഫെബ്രുവരി 6ന് വെല്ലൂര്‍ ബാഖിയാത്ത സ്വാലിഹാത്ത് മാനേജര്‍ ഖാന്‍ ബഹദൂര്‍ ജനാബ് സിയാഉദ്ദീന്‍ മുഹമ്മദ് സാഹിബിന്റെ അധ്യക്ഷതയിലും, മൂന്നാം വാര്‍ഷികം പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ പ്രസിഡന്റ് ഖാന്‍ സാഹിബ് ജനാബ് സയ്യിദ് മുസ്തഫ അത്രൂസ്സ് വി. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയിലും വമ്പിച്ച പരിപാടികളോടെ മഹാസമ്മേളനങ്ങളായി നടത്തപ്പെടുകയുണ്ടായി.  ആയിരക്കണക്കിന് ആളുകള്‍ ഓരോ വാര്‍ഷിക സമ്മേളനങ്ങളിലും പങ്കെടുക്കുകയുണ്ടായി. വാര്‍ഷികയോഗത്തില്‍ അധ്യക്ഷന്റെ പ്രസംഗവും പ്രമേയങ്ങളും വാര്‍ഷികറിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ഉള്‍ക്കൊള്ളുന്ന പ്രൊസീഡിംഗ്‌സ് ശാസ്ത്രീയമായി ക്രമീകരിച്ചു ഭംഗിയായി അച്ചടിച്ചു അക്കാലത്ത് തന്നെ വിതരണം നടത്തിയിരുന്നു. ലഭ്യമായ മൂന്നാം വാര്‍ഷിക യോഗത്തിന്റെ പ്രൊസീഡിംഗ്‌സിലൂടെ കണ്ണോടിക്കുമ്പോള്‍ പ്രതിബന്ധങ്ങളുടെയും വൈതരണികളുടെയും നടുവിലും സംഘടനയും സ്ഥാപനവും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിച്ചത് പോയകാലങ്ങളിലാണ് എന്ന് മനസ്സിലാക്കാന്‍ കഴിയും. യോഗത്തിലെ പ്രസക്തമായ ഏഴ് പ്രമേയങ്ങള്‍ ശ്രദ്ധിക്കുക:
'' പിന്നീടു കാര്യപരിപാടികളനുസരിച്ച് ചില പ്രമേയങ്ങള്‍ ആലോചനക്കെടുക്കുകയുണ്ടായതില്‍ സര്‍വസമ്മതമായി പാസ്സാക്കിയതു താഴെ ചേര്‍ക്കുന്നു.
1. താനൂര്‍ റെയില്‍മാര്‍ഗ്ഗമായും മറ്റുമുള്ള എല്ലാ ഇറക്കുമതി കയറ്റുമതികളില്‍ ഓരോ കെട്ടിന്നോ ചാക്കിന്നോ ഓരോ പൈസ വീതവും തേങ്ങ 1000ത്തിന്നു 10 പൈസ വിഹിതവും മദ്രസയിലേക്ക് കൊടുക്കേണ്ടതാണെന്നു തീര്‍ച്ചപ്പെടുത്തി. 
13. ഇസ്വലാഹുല്‍ ഉലൂം മദ്രസയെ അഭിവൃദ്ധിപ്പെടുത്തി വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത മദ്രസയുടെ രീതിക്കും പദ്ധതിക്കും അനുസരിച്ച് നടത്തുവാന്‍ രണ്ടാമതും ഈ യോഗം തീര്‍ച്ചപ്പെടുത്തി. 
19. ഇസ്വലാഹുല്‍ ഉലൂം മദ്രസ ചരിത്രത്തെ മനസ്സിലാക്കിയും സഹായത്തെ ആശിച്ചും കൊണ്ട് ഹൈദ്രാബാദ് നൈസാം തിരുമനസ്സിലേക്ക് ഒരു മെമ്മോറിയല്‍ അയക്കുവാന്‍ കഴിഞ്ഞ വാര്‍ഷിക യോഗത്തില്‍ തീര്‍ച്ചയാക്കി അദ്ധ്യക്ഷനെ ഭാരമേല്‍പ്പിച്ച പ്രകാരം വീണ്ടും ഈ യോഗം തീരുമാനിക്കുകയും ഇന്നത്തെ അദ്ധ്യക്ഷനവര്‍കളെയും കൂടി ഭാരമേല്‍പ്പിക്കുകയും ചെയ്യുന്നു. 
20. കണ്ണൂര്‍ അറക്കല്‍ സുല്‍ത്താന ആയിശ്ശബീ തിരുമനസ്സിലേക്ക് മദ്രസ ചരിത്രത്തെ മനസ്സിലാക്കി സഹായത്തെ ആശിക്കുവാനായി... എന്നീ നാലുമാന്യന്മാരടങ്ങിയ ഒരു നിവേദകസംഘം അയക്കേണ്ടതാണെന്നു കഴിഞ്ഞ വാര്‍ഷികയോഗത്തില്‍ തീരുമാനിച്ചതുപ്രകാരം ചെയ്യാന്‍ വീണ്ടും ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു. 
21. കേരളത്തില്‍ സ്ഥിതിചെയ്യുന്ന എല്ലാ നിസാമിയാ മദ്രസകളിലെ പാഠപദ്ധതിയും ക്രമവും പരിശോധന ചെയ്തു കാലാന്തരത്തില്‍ വന്നുകൂടിയ ന്യൂനതകളെ പരിഹരിക്കുവാന്‍ തക്ക ഒരു പാഠപദ്ധതി രൂപീകരിക്കുവാനും മേല്‍പറഞ്ഞ പദ്ധതിക്കനുസരിച്ച് വര്‍ഷാന്ത പരീക്ഷനടത്തുവാന്‍ ഒരു പരീക്ഷാബോര്‍ഡ് നിയമിക്കുവാനും പരീക്ഷിച്ചു സര്‍ട്ടിഫിക്കറ്റു കൊടുക്കുവാനും, കേരള ജംഇയ്യത്തുല്‍ ഉലമയോട് അപേക്ഷിച്ചുകൊണ്ടുള്ള കഴിഞ്ഞ വാര്‍ഷികയോഗത്തിലെ തീരുമാനമനുസരിച്ച്  പ്രവര്‍ത്തിക്കുവാന്‍ വീണ്ടും ഈ യോഗം തീരുമാനിക്കുകയും അങ്ങിനെ ചെയ്യുവാന്‍ ജംഇയ്യത്തിനോട് അപേക്ഷിക്കുകയും ചെയ്യുന്നു. 
26. മാപ്പിള ബോര്‍ഡുസ്‌കൂളില്‍ അല്‍ഫിയ, ഫത്ഹുല്‍ മുഈന്‍, ജലാലൈനി മുതലായ ഗ്രന്ഥങ്ങള്‍ പഠിച്ചു പാസായ സുന്നത്ത് ജമാഅത്തിന്റെ അതായത് നാലില്‍ ഒരു മദ്ഹബിന്റെ ആദര്‍ശം അനുസരിച്ച് വിശ്വാസവും നടപടിയുമുള്ള ഓരോ അറബിക് മുന്‍ഷിമാരെ നിശ്ചയിക്കണമെന്നും, അതിന്നു എത്രയോ മൗലവിമാരെ കേരളത്തില്‍ ചുരുങ്ങിയ ശമ്പളത്തിനു കിട്ടുവാനുള്ളതുകൊണ്ട് ഇക്കാര്യത്തില്‍ ബോര്‍ഡ് ശ്രദ്ധപതിപ്പിക്കേണ്ടതാണെന്നും ഈ യോഗം അഭിപ്രായപ്പെടുന്നു.
27. ഇസ്വലാഹുല്‍ ഉലൂം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം, ഇംഗ്ലീഷ്, ഉറുദു ഭാഷകള്‍ പഠിക്കുവാന്‍ ഒരു നിശാപാഠശാല ഏര്‍പ്പെടുത്തേണ്ടതു അത്യാവശ്യമായതുകൊണ്ട് ഉടനെ ഒരു നിശാപാഠശാല ഏര്‍പ്പെടുത്തി തരുവാന്‍ പൊന്നാനി താലൂക്ക് ബോര്‍ഡിനോട് ഈ യോഗം അപേക്ഷിക്കുന്നു. 
മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (ന:മ) ശിലയിട്ട സമസ്തയെ പടുത്തുയര്‍ത്തിയത് തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ, മൗലാനാ പാങ്ങില്‍ ആയിരുന്നുവല്ലോ. വഹാബിസത്തിന്റെ വിഷം ചീറ്റുന്ന ആശയങ്ങളുമായി കരുനാഗപ്പള്ളി യൂസുഫ് ഇസ്സുദ്ദീന്‍ മുസ്ലിം ജനസാമാന്യത്തെ ആശയക്കുഴപ്പത്തിലാക്കിയപ്പോള്‍, അവന്നെതിരില്‍ ഉജ്ജ്വല പ്രഭാഷണങ്ങളിലൂടെ, തീപ്പന്തമായി ആഞ്ഞടിച്ചത് മൗലാനയായിരുന്നു. കൂടാതെ, പാങ്ങില്‍ക്കാരന്‍ നടത്തുന്ന ഉന്നത സ്ഥാപനവും അതില്‍ നിന്നിറങ്ങുന്ന പ്രഗത്ഭപണ്ഡിതരും തങ്ങളുടെ ഉറക്കം കെടുത്തുമെന്ന് മനസ്സിലാക്കി വെപ്രാളം പൂണ്ട പിന്തിരിപ്പന്മാര്‍, മൗലാനയെ പലവുരു കള്ളക്കേസില്‍ കുടുക്കുവാനും അറസ്റ്റ് ചെയ്യിപ്പിക്കാനും പതിനെട്ടടവും പയറ്റി. മമ്പുറം പുഴക്ക് കുറുകെ പാലംകെട്ടാനുള്ള അപേക്ഷയാണെന്ന വ്യാജേന, മൗലാനയെ അറസ്റ്റ്  ചെയ്യിക്കാന്‍ പൊതുജനങ്ങളെക്കൊണ്ട് ഒപ്പുവപ്പിച്ച ഭീമ ഹര്‍ജി കലക്ടര്‍ക്ക് സമര്‍പ്പിച്ച് ഇളിഭ്യരായ വഹാബികളുടെ തലതൊട്ടപ്പന്‍മാര്‍തന്നെയാണ് താന്‍ ജീവന് തുല്യം സ്‌നേഹിച്ച ഇസ്വലാഹുല്‍ ഉലൂമില്‍ നിന്നകറ്റാന്‍, ചിലകണക്കപ്പിള്ളകളെ കൂട്ടുപിടിച്ച് കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കിയത്. (കണക്കപ്പിള്ളകളും കുട്ടികളും ശരിയ്ക്കും ജീവിച്ചു തന്നെഅനുഭവിച്ചുവെന്ന് ചരിത്രം) മൗലാനയുടെ വിയോഗശേഷം ഇസ്വലാഹൂല്‍ ഉലൂം വീണ്ടും മന്ദഗതിയിലേക്ക് നീങ്ങുന്നു.  (മഹാനവര്‍കള്‍ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനം ചെയ്യുമാറാകട്ടെ, ഇന്ന് ഇസ്വലാഹുല്‍ ഉലൂമിലെ ഓരോ വര്‍ഷവും പ്രവേശനം ലഭിക്കുന്ന പുതിയബാച്ചിന്റെ ക്ലാസുദുഘാടനത്തോടനുബന്ധിച്ച് ഭാരവാഹികളും അധ്യാപകരും വിദ്യാര്‍ത്ഥികളു ചേര്‍ന്ന് 'സ്ഥാപകന്‍' കൂടിയായ മൗലാനയുടെ പാങ്ങിലുള്ള ഖബറിടം സിയാറത്ത് ചെയ്തുവരുന്നു. കൂടാതെ, മഹാന്റെ ചരമദിനമായ ദുല്‍ഹിജ്ജ 25നു എല്ലാവര്‍ഷവും കോളേജില്‍ അനുസ്മരണ സമ്മേളനവും അനുബന്ധപരിപാടികളും വളരെ വിപുലമായി തന്നെ നടന്നുവരുന്നു എന്നത് ശുഭോദര്‍ക്കമാണ്.)
1944-50 കാലയളവില്‍ ബഹുമാന്യനായ അല്‍ ഹാജ്ജ് കെ.പി. ഉസ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ' താനൂര്‍ മുസ്ലിം യത്തീംഖാന' എന്ന പേരില്‍ സ്ഥാപനത്തില്‍ യത്തീംഖാന പ്രവര്‍ത്തിച്ചിരുന്നു. ഈ യത്തീംഖാനയുടെ മാനേജര്‍ എന്ന നിലയിലാണ് ബഹുമാന്യനായ ഉസ്മാന്‍ സാഹിബ് പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങുന്നത്.  'യത്തീം' എന്ന പേരില്‍ ഒരു പത്രവും അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവോ എന്ന കാര്യം പഠനവിധേയമാക്കേണ്ടതാണ്. 'യത്തീം' പത്രത്തിന്റെ എഴുത്തുകുത്തുകള്‍ കോളേജിന്റെ റെക്കോര്‍ഡ് റൂമല്‍ കാണാന്‍ കഴിയുമെങ്കിലും പത്രത്തിന്റെ പ്രതികളൊന്നും തന്നെ ലഭ്യമല്ല. 
ചരിത്രകുതികികളുടെ ശ്രദ്ധ ഇവ്വിഷയത്തില്‍ പതിയേണ്ടതുണ്ട്. (ശയ്യാവലംബിയായ ഉസ്മാന്‍ സാഹിബിനെ കണ്ട് ഇസ്വലാഹുല്‍ ഉലൂമിനെക്കുറിച്ചും പത്രത്തെക്കുറിച്ചുമൊക്കെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കണമെന്നാഗ്രഹത്തോടെ ഇസ്വലാഹുല്‍ ഉലൂം ജന.സെക്രട്ടറി സി.കെ. എം ബാവുട്ടി ഹാജിയൊന്നിച്ച് ഈ വിനീതനും  അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. ഓര്‍മ്മയുടെ ഓളങ്ങള്‍ക്കുമുമ്പില്‍ കാലം തീര്‍ത്ത തടയണക്കു മുമ്പില്‍ ഉസ്മാന്‍ സാഹിബ് നിസ്സഹായനായി. സമസ്തയുടെ പ്രവര്‍ത്തനശോഭയില്‍ ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന്നു സര്‍വ്വശക്തന്‍ ആഫിയത്ത് നല്‍കട്ടെ). 1954 ല്‍ പറവണ്ണ കെ.വി മുഹ്‌യുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ പത്രാധിപത്യത്തില്‍ 'നൂറുല്‍ ഇസ്ലാം' മാസികയും 57 ല്‍ മൗലാനാ കെ.വി മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാടിന്റെ നേതൃത്വത്തില്‍ 'അല്‍ബുര്‍ഹാന്‍' മാസികയും പ്രസിദ്ധീകരിച്ചതും താനൂരില്‍ നിന്നു തന്നെയാണ്. 
1950 ല്‍ പതി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെ ഇസ്വലാഹുല്‍ ഉലൂം അറബിക് കോളേജ്, അനുബന്ധ സ്ഥാപനങ്ങളുടെയും മാനേജറായി നിയമിച്ചു. സ്ഥാപനം വീണ്ടും സജ്ജീവമായെങ്കിലും വേണ്ടത്രപുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ല. 1954 ഏപ്രില്‍ 24,25 തിയ്യതികളില്‍ താനൂരില്‍ നടന്ന സമസ്തയുടെ 20ാം വാര്‍ഷിക മഹാസമ്മേളനത്തില്‍ വെച്ചാണ് കോളേജ് കമ്മറ്റി അസാസുല്‍ ഇസ്ലാം സഭ കോളേജ്  സമസ്തക്ക് രജിസ്റ്റര്‍ ചെയ്ത് ഏല്‍പിച്ചത്.  മുശാവറ തീരുമാനപ്രകാരം കോളേജിന്റെ നാളിറും, പ്രിന്‍സിപ്പാളുമായി കുഞ്ഞുമുഹമ്മദ് മുസ്ലിയാരെയും രണ്ടാം മുദരിസും നാഇബ് നാളിറുമായി കെ.പി. മുഹ്‌യുദ്ദീന്‍ കുട്ടി മുസ്ലിയാരെയും മൂന്നാം മുദരിസായി അയനിക്കാട് ഇബ്രാഹീം മുസ്ലിയാരെയും സമസ്ത നിയമിച്ചു. തുടര്‍ന്ന്, പറവണ്ണയും, ശേഷം 1957 ല്‍ മൗലാനാ കെ.വി മുഹമ്മദ് മുസ്ലിയാരും മാനേജരായി. ഇക്കാലത്താണ് ശംസുല്‍ ഉലമയെ (ന:മ) താനൂരിലേക്ക് ക്ഷണിക്കുന്നത്. വിദ്യര്‍ത്ഥി ബാഹുല്യം നിമിത്തം മൗലാനാ കെ.കെ ഉസ്താദ്, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്ലിയാര്‍ (ന:മ) എന്നിവരെ സഹമുദരിസുമായി നിയമിക്കപ്പെടുകയുണ്ടായി. സമസ്ത ഏറ്റെടുത്ത ശേഷം സ്ഥാപനത്തിന്റെ സുവര്‍ണ്ണ നാളുകളായിരുന്നു ഇത്. തുടര്‍ന്ന് 58 ല്‍ ശംസുല്‍ ഉലമയെ പ്രിന്‍സിപ്പാളും മാനേജറുമായി നിയമിച്ചു. 1963 ഫെബ്രുവരിയില്‍ പിരിയുന്നതുവരെ ഇസ്വലാഹുല്‍ ഉലൂമിന്റെ പുരോഗതിക്കുവേണ്ടി ശംസുല്‍ ഉലമാ അക്ഷീണയത്‌നം നടത്തി. തന്റെ 'ഖുത്തുബത്തുല്‍ ജുമുഅ' എന്ന ഖണ്ഡന കൃതി ശംസുല്‍ ഉലമ രചിക്കുന്നതും ഇവിടെവച്ചുതന്നെ. സമസ്തയുമായുള്ള കോളേജ് രജിസ്‌ട്രേഷന്‍ 
56നമ്പ്ര് വഖ്ഫ് സ്വത്തുക്കളുടെ പുനരേകീകരണം, പള്ളി വിപുലീകരണം, തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കു ശംസുല്‍ ഉലമ തന്നെ നേതൃത്വം നല്‍കി.  ഇ.കെക്ക് ശേഷം മൗലാനാ കെ.കെ ഹസ്രത്തായിരുന്നു സ്ഥാപനത്തിനു നേതൃത്വം നല്‍കിയത്. സയ്യിദ് വി.ടി.എസ് അബ്ദുല്ലക്കോയ തങ്ങള്‍, സി. ഇബ്രാഹീം കുട്ടി സാഹിബ്, വി.വി കുഞ്ഞിമുഹമ്മദ് ഹാജി, ഉസ്താദ് സി.എച്ച് ഹൈദറൂസ് മുസ്ലിയാര്‍ എന്നിവര്‍ തുടര്‍ന്നുള്ള കാലയളവില്‍ മാനേജര്‍ സ്ഥാനം വഹിക്കുകയുണ്ടായി. കോളേജ് ഇടക്കുവെച്ച് മന്ദീഭവിച്ചിരുന്നെങ്കിലും ദര്‍സ് അന്നും നിര്‍വിഘ്‌നം തുടര്‍ന്നിരുന്നു. 1957 മുതല്‍ മുദരിസായിരുന്ന ഉസ്താദ് നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്ലിയാര്‍,1986 ല്‍ മരണപ്പെട്ടതിനു ശേഷം സി.എം അബ്ദുസ്സമദ് ഫൈസി (മക്കരപ്പറമ്പ്)ദര്‍സിനു നേതൃത്വം നല്‍കുന്നു. 

പ്രഥമകലാലയം
'സമസ്ത' നടത്തുന്ന 'സമസ്ത'യുടെ  പ്രഥമ കലാലയം കൂടിയായ  ഇസ്വലാഹുല്‍ ഉലൂം ഇടക്ക് പൊലിയുകയും തെളിയുകയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ന് അതിന്റെ പ്രവര്‍ത്തനം വളരെ ഊര്‍ജ്ജിതമായി നടന്നുവരുന്നു. സ്ഥാപക സാരഥി മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ വിഭാവനം ചെയ്ത  ലക്ഷ്യത്തില്‍ നിന്നും തെല്ലും വ്യതിചലിക്കാതെ ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രയാണ തുടരുന്നു. 
ആധുനികയുഗത്തില്‍ ഇസ്ലാം അഭിമുഖീകരിക്കുന്ന നാനാവിധ വെല്ലുവിളികളെയും അതിജീവിച്ച് ആഗോള ഇസ്ലാമിക പ്രബോധനം നിര്‍വ്വഹിക്കാന്‍  കഴിയുന്ന കരുത്തുറ്റ മതപണ്ഡിത വ്യൂഹത്തെ സജ്ജമാക്കുന്നതിനായി ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, നഹ്‌വ്, സ്വര്‍ഫ്, ഇല്‍മുല്‍ ഹദീസ്, തജ്‌വീദ,് തസവ്വുഫ്, ഇസ്ലാമിക-ലോകചരിത്രം, ഗണിതശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം ഭാഷകള്‍, മതങ്ങളും ആനുകാലിക പ്രസ്ഥാനങ്ങളും, ഫിസിക്കല്‍ ട്രെയ്‌നിംഗ്, ടൈപ്‌റൈറ്റിംഗ്, കമ്പ്യൂട്ടര്‍, ജേര്‍ണലിസം തുടങ്ങിയ വിഷയങ്ങള്‍  ഉള്‍ക്കൊള്ളുന്ന 12 വര്‍ഷം ദൈര്‍ഘ്യമുള്ള ശാസ്ത്രീയ പാഠ്യപദ്ധതിയാണ് 1996 മുതല്‍ പ്രത്യേകം സംവിധാനിച്ചിട്ടുള്ളത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം വര്‍ഷത്തില്‍ 45 വിദ്യാര്‍ത്ഥികള്‍ക്കു വീതം പ്രവേശനം നല്‍കുന്ന സ്ഥാപനത്തിന് ഇന്ന്, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ്), സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ (മാനേജര്‍), സി.എം മുഹമ്മദ് മുസ്ലിയാര്‍ (അസി. മാനേജര്‍), സി.കെ.എം ബാവുട്ടി ഹാജി താനൂര്‍ (ജനറല്‍ സെക്രട്ടറി), ഡോ.യു ബാപ്പുട്ടി ഹാജി ചെമ്മാട് (ട്രഷറര്‍) എന്നിവരടങ്ങിയ കമ്മറ്റിയാണ് നേതൃത്വം നല്‍കുന്നത്. ഇസ്വലാഹുല്‍ ഉലൂമിന്നും  അനുബന്ധ സ്ഥാപനങ്ങളായ എച്ച്.എസ്. എം അറബിക് ആന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കെ.കെ ഹസ്രത്ത് മെമ്മോറിയല്‍ ഗേള്‍സ് സ്‌കൂള്‍, എച്ച്.കെ. എസ്. എം കംപ്യൂട്ടര്‍ സെന്റര്‍ എന്നിവക്കും സ്ഥലപരിമിതിമൂലം കെ.കെ ഹസ്രത്ത് മെമ്മോറിയല്‍ കള്‍ച്ചറല്‍ കോംപ്ലക്‌സ് മൂന്ന് നിലയില്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 

സമസ്തയും താനൂരും
മുസ്ലിം കൈരളിയുടെ പണ്ഡിത പ്രസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായ്ക്ക് അഭേദ്യമായ ബന്ധമാണ് താനൂരുമായുള്ളത്. 1927 ല്‍ ഫെബ്രുവരി 7ന് വെല്ലൂര്‍ ബാഖിയാത്ത് സ്ഥാപകനും മാനേജരുമായിരുന്ന ജനാബ് ളിയാഉദ്ദീന്‍ മുഹമ്മദ് ഹസ്‌റത്തിന്റെ അധ്യക്ഷതയില്‍ അരങ്ങേറി, മുസ്ലിം കേരളത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവായിമാറിയ സമസ്തയുടെ പ്രഥമ വാര്‍ഷികയോഗത്തിന് ആതിഥ്യമരുളാന്‍ ഭാഗ്യം ലഭിച്ചത് താനൂരിനാണ്. കേരളത്തിലെ ഇസ്ലാമിക പ്രബോധന പ്രചാരണമണ്ഡലങ്ങളില്‍ നവജാഗരണത്തിന്റെ സംഗ്രാമ ഗീതികളുയര്‍ത്തിയ 25 വാര്‍ഷിക സമ്മേളനങ്ങള്‍ ഇതുവരെയായി സമസ്ത നടത്തിയപ്പോള്‍ കോഴിക്കോട് കഴിഞ്ഞാല്‍ ഒന്നില്‍ കൂടുതല്‍ വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഭാഗ്യവും താനൂരിന് മാത്രം അവകാശപ്പെട്ടതാണ്. 1954 ഏപ്രില്‍ 24,25 തിയ്യതികളില്‍ നടന്ന സമസ്ത ഇരുപതാം വാര്‍ഷികവും താനൂരില്‍ തന്നെയായിരുന്നു. മാത്രവുമല്ല ഈ സമ്മേളനത്തിന്റെ ഭാഗമായി ഇസ്വലാഹുല്‍ ഉലൂമിന്റെ ചരിത്രത്തില്‍ ചൂടുസ്പര്‍ശമേറ്റ വിശാലമായ ഓഡിറ്റോറിയത്തില്‍ ജനാബ്.സി.കുട്ടിഹസന്‍ ഹാജിയുടെ അധ്യക്ഷതയില്‍ രാത്രിയില്‍ ചേര്‍ന്ന വിപുലമായ കണ്‍വെന്‍ഷനില്‍ വെച്ചാണ് മുസ്ലിം യുവതയുടെ ആവേശമായി മാറിയ സുന്നി യുവജന സംഘം ജന്മമെടുക്കുന്നത്. (1961-ലെ കക്കാട് സമ്മേളനത്തില്‍ വെച്ചാണ് സംഘത്തിന് സമസ്ത അംഗീകാരം നല്‍കുന്നത്). ഗതകാലങ്ങളില്‍ സമസ്തയുടെ പ്രവര്‍ത്തനാസ്ഥാനവും കൂടിയായ ഇസ്വലാഹുല്‍ ഉലൂം നിരവധി മുശാവറ യോഗങ്ങള്‍ക്കും സാക്ഷ്യം  വഹിച്ചു. 1954 ഫെബ്രുവരി 6ന് ഖുത്തുബി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തിന്റെ ഒമ്പതാം തീരുമാനമനുസരിച്ചാണ് സമസ്ത കോളേജ് ഏറ്റെടുക്കുന്നത്. തീരുമാനം കാണുക.
'' താനൂര്‍ ഇസ്വലാഹുല്‍ ഉലൂം മദ്രസാ കെട്ടിടവും പള്ളിദര്‍സും സ്വത്തുക്കളും അതിന്റെ ഭാരവാഹികള്‍ സമസ്തയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് ഏറ്റുവാങ്ങാന്‍ നിശ്ചയിച്ചു. ''. 1957-ല്‍ ഔദ്യോഗിക രജിസ്‌ട്രേഷന്‍ പത്രത്തില്‍ സമസ്തക്കുവേണ്ടി വാളക്കുളം അബ്ദുല്‍ ബാരി മുസ്ലിയാര്‍ (പ്രസിഡന്റ്), അയനിക്കാട് ഇബ്രാഹീം മുസ്ലിയാര്‍ (വൈ.പ്രസിഡന്റ്), ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍(ജനസെക്രട്ടറി), ബോപ്പൂര്‍ ഖാസി പി.പി മുഹമ്മദ് മുസ്ലിയാര്‍ (ട്രഷര്‍) എന്നിവര്‍ ഒപ്പുവെച്ചപ്പോള്‍ അസാസുല്‍ ഇസ്ലാം സഭക്കുവേണ്ടി സയ്യിദ് എം.പി ആറ്റക്കോയ തങ്ങള്‍, എം. കുഞ്ഞിക്കോയമുട്ടിസാഹിബ്, വി.പി മമ്മുസാഹിബ്, കെ.സൈതാലിക്കുട്ടി മാസ്റ്റര്‍, എന്നിവരും ഒപ്പുവെച്ചു.  സമസ്ത ഏറ്റെടുത്ത ശേഷം 1960 കാലയളവില്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളും പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളും നേതൃത്വം നല്‍കിയ വമ്പിച്ച പലയോഗങ്ങളും സംഘടിപ്പിക്കുകയുമുണ്ടായി. കോളേജിന്റെ പലകമ്മറ്റിയോഗങ്ങളും ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ തങ്ങളുടെ പാണ്ടികശാലയിലാണ് ചേര്‍ന്നിരുന്നത് എന്നത് തന്നെ സ്ഥാപനവുമായി തങ്ങള്‍ക്കുണ്ടായിരുന്ന ആത്മബന്ധം മനസ്സിലാക്കാന്‍ പര്യപ്തമാണ്. സമസ്തയുടെ മുഴുവന്‍ നേതാക്കളും ഇസ്വലാഹുല്‍ ഉലൂമിന്റെ കൂടി പ്രവര്‍ത്തകരായിരുന്നു. കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, എം.എം ബഷീര്‍ മുസ്ലിയാര്‍, വാണിയമ്പലം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ടി.കെ അബ്ദുല്ല മൗലവി പരപ്പനങ്ങാടി, ഇബ്‌നുഖുത്തുബി എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എന്‍. കുഞ്ഞിമൊയ്തീന്‍ ഹാജി, ഇ.കുഞ്ഞബ്ദുല്ല ഹാജി, ഏ.മുഹമ്മദ് കുട്ടി സാഹിബ്, ഒ.കുട്ട്യാലി ഹാജി, കക്കോടന്‍ മൂസ ഹാജി, മൂരിയാട് മൊയ്തീന്‍ ഹാജി, മുതലായ നേതാക്കളുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്.

മസാറുകളുടെ സംഗമഭൂമി
ഋഷിതുല്യരായ നിരവധി മഹാത്മാക്കളുടെ മഖ്ബറകള്‍കൊണ്ട് അനുഗ്രഹീതമാണ് താനൂര്‍. ദിനേനയെന്നോണം നിരവധി സന്ദര്‍ശകരെത്തുന്ന കേരളത്തിലെ നാല് പ്രധാന മസാറുകള്‍ താനൂരിലാണ് സ്ഥിതിചെയ്യുന്നത്. റസൂലേ അക്‌റമിന്റെ (സ) ഇരുപത്തിനാലാമത്തെ പൗത്രന്‍ സയ്യിദ് മുഹമ്മദ് ഹാഷിം ഹസനുല്‍ ഖാദിരി (റ) തങ്ങളുടെ മഖ്ബറ ഇസ്വലാഹുല്‍ ഉലൂമിന് മുമ്പിലായി നിലകൊള്ളുന്നു. ഹിജ്‌റ 1190-ല്‍ മക്കയില്‍ നിന്നെത്തിയ തങ്ങള്‍ ഗൗസുല്‍ അഅഌമിന്റെ പരമ്പരയിലൂടെ റസൂലിലേക്ക് (സ) എത്തുന്നു. 
മാതൃരാജ്യത്തിന്റെ മാനംകാക്കാന്‍, മുസ്ലിം  സമുദായത്തിന്റെ ആത്മാഭിമാനം നിലനിര്‍ത്താന്‍ പോര്‍ട്ടുഗീസുകാരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച കുഞ്ഞാലി മരക്കാര്‍ ശഹീദും താനൂര്‍ പുതിയ കടപ്പുറത്ത് അന്ത്യശയനം നടത്തുന്നു. തന്റെ വിവാഹദിവസം, വധുഗ്രഹത്തിലെത്തിച്ചേരുമ്പോള്‍, ഫാത്വമയെന്ന സഹോദരിയെ പോര്‍ട്ടുഗീസുകാര്‍ കരയ്ക്കിറങ്ങി പിടിച്ചുകൊണ്ടുപോയ കഥയറിഞ്ഞ കുഞ്ഞാലി മരക്കാര്‍  അതിവേഗം, തന്റെ പൂര്‍വ്വികര്‍ വീരേതിഹാസങ്ങള്‍ രചിച്ച പടവാളുമായി കടപ്പുറത്തെത്തുന്നു. കാറ്റും കോളും നിറഞ്ഞ്, ഇളകിമറിയുന്ന കടലിന്റെ പ്രിതികൂലാവസ്ഥയെ വകവെക്കാതെ, തോണിയില്‍, പൊന്നാനിയുടെ ആ വീരപുത്രന്‍ പറങ്കികളുടെ കപ്പലിലെത്തുമ്പോള്‍ കാണുന്നത് മദ്യത്തിന്റെ മദോന്മത്തതയില്‍ മയങ്ങുന്ന പോര്‍ട്ടുഗീസുകാരെയാണ്. ബന്ധനസ്ഥയായ പാവം ഫാത്വമയെ തോണിയില്‍ കരയ്‌ക്കെത്തിക്കാന്‍ തോണിക്കാരനെ ഏല്‍പ്പിച്ച്, തിളങ്ങുന്ന തന്റെ പ്രിയവാളുകൊണ്ട് പറങ്കികളെ മുഴുവന്‍ വെട്ടിനിരത്തുന്നു. ചോരക്കളമായി മാറിയ ആ കപ്പലില്‍ താന്‍ കാണാതെ പോയ ഒരു പറങ്കി മയക്കത്തില്‍ നിന്നെണീറ്റ് കുഞ്ഞാലി മരക്കാറെ വെട്ടിവീഴ്ത്തുന്നു. ഏറ്റുമുട്ടലില്‍ രക്തസാക്ഷിയായ കുഞ്ഞാലിമരക്കാരെ അരിശം തീരാഞ്ഞിട്ട് ക്രൂരനായ പറങ്കി ഏഴ് കഷ്ണങ്ങളാക്കി കടലിലെറിഞ്ഞുവെന്നത് ചരിത്രം. ഏഴു ഭഗങ്ങളും ഏഴുതീരങ്ങളിലെത്തിയപ്പോള്‍  അതില്‍ 2 ഭാഗങ്ങള്‍ എത്തിയത് താനൂരിലാണ്. പുതിയ കടപ്പുറത്തും, ഒട്ടുംപുറത്തും. നിത്യേനയെന്നോമം നിരവധിയാളുകള്‍ ഇവിടെ സന്ദര്‍ശിക്കുന്നു.   

Post a Comment

Previous Post Next Post