• എഞ്ചി: എസ്.എം. മുഹമ്മദ് കോയ
കോഴിക്കോട്ടുനിന്നും ഏഴുനാഴിക ദൂരെ ബേപ്പൂര്‍ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ചാലിയം. മുസ്‌ലിംകള്‍ തിങ്ങിതാമസിക്കുന്ന ഈ പ്രദേശം ചരിത്രത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലബാറിലേക്കുള്ള ഇസ്‌ലാമിന്റെ രംഗപ്രവേശതേതോളം തന്നെ പഴക്കമുണ്ട് ഈ പ്രദേശത്തിന്റെ ചരിത്രത്തിന്ന്.
പ്രസിദ്ധ സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത ചാലിയം സന്ദര്‍ശിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ഈ പ്രദേശത്തുകാരുടെ പ്രധാന കൈത്തൊഴില്‍ നെയ്ത്തായിരുന്നു. ചാലിയന്മാര്‍, അല്ലെങ്കില്‍ ചാലിയര്‍ എന്ന പദത്തില്‍ നിന്നും നിര്‍ഗ്ഗമിച്ചുണ്ടായതാണ് ചാലിയം എന്ന സ്ഥലനാമം.
ചാലിയം ചരിത്രത്തില്‍
ഏതാണ്ട് മൂവ്വായിരം ആണ്ടുകള്‍ക്കപ്പുറം സുലൈമാന്‍ നബിയുടെ സാമ്രാജ്യത്തില്‍ നിന്നും മൂന്ന് സംവത്സരങ്ങള്‍ കൂടുമ്പോള്‍ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയില്‍ എന്നിവ കയറ്റിയ കപ്പലുകള്‍ ബേപ്പൂരില്‍ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. തിരിച്ച് ചെമ്പ്, സുഗന്ധ ദ്രവ്യങ്ങള്‍, തേക്ക് എന്നിവ കയറ്റിപ്പോയതായി കാണാം. ഒരു തുറമുഖമെന്ന നിലയില്‍ ബേപ്പൂരിന്ന് ഈ കാലഘട്ടത്തില്‍ പ്രസിദ്ധി കൈവരിയ്ക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് സംശയ ലേശമന്യേ ഒരു ചരിത്ര സത്യമാണ്.
ഹിജ്‌റ 3-ാം ശതകത്തില്‍ മലബാറിലെ ഇസ്‌ലാം മതപ്രചരണത്തിന് കാരണക്കാരായ മാലിക് ബിന്‍ ദീനാറും സംഘവും സിലോണിലെ ആദം മലയില്‍ തീര്‍ത്ഥാടനത്തിനാണ് അറേബ്യയില്‍ നിന്നും പുറപ്പെട്ടത്. അവര്‍ എത്തിയതാവട്ടെ ധര്‍മ്മടത്തും. മാലിക് ബിന്‍ ദീനാറുടെ സംഘത്തില്‍ ചാലിയത്തുകാരായ ഹാജി മുസ്താ മദുക്കാദ്, ഹാജി നീലി നിഷാദ്, അഹമ്മദ് ഖംജു, ഹാജി സാദിബാദ് ഹസ്സന്‍ ഖാജ എന്നിവരുണ്ടായിരുന്നു. (പുറം 52; മുസ്‌ലിംകളും കേരള സംസ്‌കാരവും - പി.കെ. മുഹമ്മദു കുഞ്ഞി) ഇതില്‍ നിന്നും മാലിക് ദീനാര്‍ മലബാറില്‍ കപ്പലിറങ്ങുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ചാലിയത്ത് ഇസ്‌ലാമിന്റെ സന്ദേശം എത്തിയിരുന്നു എന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല.
ധര്‍മ്മടത്തു നിന്നും മാലിക് ദീനാറും സംഘവും കൊടുങ്ങല്ലൂരിലേക്ക് പോയി. മാലിക് ദീനാര്‍ കൊടുങ്ങല്ലൂരില് വാസമുറപ്പിച്ചു. മലബാറിലെ മറ്റു സ്ഥലങ്ങളില്‍ പോയി, പള്ളികള്‍ നിര്‍മ്മിക്കാനും ഇസ്‌ലാമിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിയ്ക്കുവാനും അദ്ദേഹം സംഘാംഗമായ മാലിക് ബിന്‍ ഹബീബിനെ ഭരമേല്‍പ്പിച്ചു. അദ്ദേഹം മലബാറില്‍ 10 പള്ളികള്‍ പണിയച്ചതില്‍ ഒന്നു ചാലിയത്തായിരുന്നു. ചാലിയ ഖാസിയായി ജാഫര്‍ ഇബ്‌നു സുലൈമാന്‍ നിയമിതനായതായി 'രിഹാലത്തുല്‍ മുലൂക്കി'ല്‍ കാണുന്നു.
മാലിക് ബ്‌നു ഹബീബ് ചാലിയത്ത് നിര്‍മ്മിച്ച ജുമുഅത്ത് പള്ളിയുടെ കിഴക്ക് ഭാഗം അമ്പത് കോലും പടിഞ്ഞാറുഭാഗം എഴുപത് കോലും (ഫഖീഹ് അഹമ്മദു ഇബ്‌നു ഉമദ് സൈത്തൂസി എന്നയാളുടെ പുര വരെയും) തെക്കുഭാഗം 40 കോലും വടക്ക് കരുവന്‍ തിരുത്തി പുഴ വരെയും സ്ഥലങ്ങള്‍  വഖഫാക്കി വെച്ചു. മാലിക് ബ്‌നു ഹബീബ് അഞ്ചുമാസം ചാലിയത്ത് താമിസിച്ചു. തിരിച്ച് കൊടുങ്ങല്ലൂരെത്തി തനറെ ദൗത്യനിര്‍വ്വഹണത്തെക്കുറിച്ച് മാലിക് ദീനാറിന്ന് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്ന് ഈ പള്ളികളൊക്കെ സന്ദര്‍ശിച്ച് പ്രാര്‍ത്ഥന നടത്തണമെന്ന് അതിയായ ആഗ്രഹമുണ്ടായി. ഹിജ്രാബ്ദം 23 ദുല്‍ഹജ്ജ് മാസം 10 വലിയ പെരുന്നാള്‍ ദിവസം ജുമുആ കഴിഞ്ഞ് അദ്ദേഹവും പരിവാരവും കൊടുങ്ങല്ലൂരില്‍ നിന്നു പുറപ്പെട്ട് സകല പള്ളികളിലും പോയി ദുആ ചെയ്യുകയും നമസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്തു. തന്റെ ദൗത്യ നിര്‍വ്വഹണ വിജയത്തില്‍ അദ്ദേഹം സന്തോഷിക്കുകയും അല്ലാഹുവിനെ അളവറ്റു സ്തുതിക്കുകയും ചെയ്തു. അദ്ദേഹം തിരിച്ച് കൊടുങ്ങല്ലൂരെത്തി.
വിദേശികളായ കച്ചവടക്കാരും സഞ്ചാരികളും കൂടുതല്‍ കൂടുതല്‍ വരാന്‍ തുടങ്ങിയതോടെ കേരളത്തിന്‍രെ മുഖഛായ തന്നെ മാറിവന്നു. തീരദേശങ്ങളില്‍ അവിടവിടെ അങ്ങാടികള്‍ രൂപമെടുത്തു. ഗ്രാമാന്തരീക്ഷത്തില്‍ വീതിയേറിയ രാജപാതകള്‍ നിര്‍മ്മിക്കപ്പെട്ടു. അതോടൊപ്പം ജുമുഅത്ത് പള്ളികളെ കേന്ദ്രമാക്കി നഗര സംവിധാനം ദൃശ്യമായി. മെഴുകുതിരി, വാസനദ്രവ്യം, പഴം, പച്ചക്കറി, ചെമ്പു പണി അങ്ങനെ മുന്‍ഗണനാ ക്രമത്തില്‍ തൊട്ടുതൊട്ടായിരുന്നു പള്ളിയുടെ ചുറ്റുമുള്ള വ്യാപാരങ്ങള്‍ നടന്നിരുന്നത്. ചാലിയത്തും ധര്‍മ്മടത്തും പന്തലായിനിയിലുമൊക്കെ ആ നഗര സംവിധാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നും കാണപ്പെടുന്നു.
ചാലിയവും പറങ്കികളും
1498 ല്‍ വാസ്‌കോഡി ഗാസ കാപ്പാട് കപ്പലിറങ്ങുന്നതോടെ മലബാറഇന്റെ ചരിത്രത്തിന്നു പുതിയ മാനങ്ങള്‍ കൈവരുന്നതായി കാണാം. അറബികളും സാമൂതിരിയും നാട്ടു രാജാക്കന്മാരുമൊക്കെ അതേവരെ സ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലുമൊക്കെ കഴിഞ്ഞു വരികയായിരുന്നു. പറങ്കികളുടെ ആഗമനത്തോടെ ഈ സമാധാനാന്തരീക്ഷം നിരന്തരമായ സംഘട്ടനങ്ങള്‍ക്ക് വഴമാറിക്കൊടുക്കുന്നതായി കാണാം. സാമൂതിരിയും സാമൂതിരിയുടെ നാവിക മേധാവികളായ മരക്കാന്മാരും പറങ്കികളും തമ്മിലുള്ള സമരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്നു.
1530 ല്‍ ഒരു ജീവന്‍മരണ പോരാട്ടത്തിന്നു ശേഷമാണ് ഏഴിമലക്കപ്പുറത്ത് വെച്ച് ജയിംസ് സില്‍വേദിയയുടെ സൈന്യവ്യൂഹത്തിന്ന് പട്ടുമരക്കാരുടെ ആറു കപ്പലുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. അടുത്ത കൊല്ലം ഗുജറാത്തിലേക്ക് പുറപ്പെട്ട സാമൂതിരിയുടെ കുറേ കപ്പലുകളും പറങ്കികള്‍ പിടിച്ചെടുത്തു. അലി ഇബ്‌റാഹീം മരക്കാരും മറ്റും തടവുകാരായി പിടിക്കപ്പെട്ടു. സാമൂതിരിക്കേറ്റ ഈ തിരിച്ചടിയെ തുടര്‍ന്നാണ് ചാലിയത്ത് ഒരു കോട്ട കെട്ടാന്‍ പറങ്കികളെ അനുവദിക്കുന്നതിന്ന് സാമൂതിരി നിര്‍ബന്ധിതനായത്.
മാലിക്ബ്‌നു ഹബീബും സംഘവും ചാലിയത്ത് നിര്‍മ്മിച്ച പള്ളി പോര്‍ച്ചുഗീസുകാര്‍ 1552 ല്‍ കോട്ട നിര്‍മ്മാണത്തിനായി പൊളിച്ചു കളഞ്ഞു. പള്ളിയുടെ കല്ലുകളും മരവും, ഖബര്‍സ്ഥാനിലെ കല്ലുകളും പറങ്കികള്‍ ബേപ്പൂര്‍ അഴിമുഖത്ത് ചാലിയം ഭാഗത്ത് കോട്ട കെട്ടാന്‍ ഉപയോഗപ്പെടുത്തി. സ്വാഭാവികമായും ഇത് മുസ്‌ലിംകളുടെ പ്രതിഷേധത്തിന്നിടയാക്കി. കോട്ടനിര്‍മ്മാണം മുഴുമിക്കുന്നതിന്ന് മുമ്പ് നാട് വാണിരുന്ന സാമൂതിരിപ്പാട് നാടുനീങ്ങി. തുടര്‍ന്നു അധികാരത്തിലെത്തിലേറിയ സാമൂതിരി തന്റെ മുന്ഗാമി പറങ്കികളുമായുണ്ടാക്കിയ സന്ധി ദുര്‍ബ്ബലപ്പെടുത്തി. ചാലിയം രാജാവിനെ യുദ്ധത്തില്‍ തോല്‍പിച്ച് ചാലിയം അദ്ദേഹം തന്റെ സ്വന്തമാക്കി.
പറങ്കികളുടെ അതിക്രമം അസഹനീയമായപ്പോള്‍ 1571 ല്‍ സാമൂതിരി സുശക്തമായ ഒരു സൈന്യവുമായി വന്ന് ചാലിയത്ത് വെച്ച് പറങ്കികളെ നേരിട്ടു. ഘോരമായ യുദ്ധത്തില്‍ സാമൂതിരി വിജയം കണ്ടെത്തി. രക്ഷയില്ലാതെ പറങ്കിപ്പട പുറത്ത് വരാതെ കോട്ടക്കുള്ളില്‍ അഭയം തേടി. സാമൂതിരി കോട്ട പ്രതിരോധിക്കുകയും കോട്ടക്കു ചുറ്റും കിടങ്ങുകള്‍ കുഴിക്കുകയും ചെയ്തു. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കിട്ടാതെ അവശരായ ശത്രുസൈന്യം കോട്ടക്കുപുറത്തുരാന്‍ നിര്‍ബന്ധിതരായി.
കീഴടങ്ങി പുറത്തുവന്ന പറങ്കിപ്പടയെ താനൂര്‍ രാജാവിനെ ഏല്‍പിച്ചു. താനൂര്‍ രാജാവ് പ്രത്യക്ഷത്തില്‍ സാമൂതിരിയോട് അനുഭാവമുള്ള ആളായിരുന്നുവെങ്കിലും പരോക്ഷമായി പറങ്കികളെ സഹായിക്കുകയാണു ചെയതത്.
സാമൂതിരി കോട്ട പൊളിച്ചു നിരപ്പാക്കി. കോട്ടയുടെ കല്ലുകളും മരവും പൊളിച്ചു മാറ്റിയ ചാലിയം പള്ളി പുനര്‍ നിര്‍മ്മാണത്തിന്നായി നല്‍കി. ചാലിയ യുദ്ധവിജയം പട്ടുമരക്കാരുടെ തൊപ്പിയില്‍ കൂടുതല്‍ തൂവലുകള്‍ ചാര്‍ത്തി. പുറത്ത് നിന്നു സഹായം ലഭിയ്ക്കാനുള്ള എല്ലാ പഴുതുകളും അടച്ചു കൊണ്ടുള്ള തന്ത്രപൂര്‍വ്വവും നീണ്ടുനിന്നതുമായ ഒരാക്രമണം കോട്ടയുടെ ഒരു കല്ലുപോലും ബാക്കി വെയ്ക്കാതെ നശിപ്പിക്കുന്നതില്‍ കലാശിച്ചു.
1572 ല്‍ പറങ്കിപ്പട കൂടുതല്‍ സുസജ്ജമായി പ്രത്യക്രമണത്തിന്നു വന്നുവെങ്കിലും കോട്ട സമൂലം പൊളിച്ചതുകൊണ്ട് ചാലിയം കയ്യേറി ഖഡ്ഗം ഉപയോഗിച്ചും തീ വെച്ചും വിനാശം വിതച്ചു തിരിച്ചു പോവുകയാണുണ്ടായത്.
പറങ്കികളുടെ കോട്ട നിന്ന സ്ഥലം ഇന്നും ചാലിയത്ത് കാണാം.
ശൈഖ് നൂറുദ്ദീന്‍
അബൂബക്കര്‍ സിദ്ധീഖ് (റ) ന്റെ വംശ പരമ്പരയില്‍പ്പെട്ട ആളായിരുന്നു ഒമാന്‍ സ്വദേശിയും ആ കാലഘട്ടത്തിലെ ഖുത്തുബുസ്സമാനുമായിരുന്ന ഉസ്മാനുല്‍ മദാനി. അദ്ദേഹത്തിന്റെ പൗത്രപുത്രനാണ് ശൈഖ് നൂറുദ്ദീന്‍. പിതാവിന്റെ പേര് കമാലുദ്ദീന്‍ ബാലാഫത്തനി. ശൈഖ് അവര്‍കളുടെ മാതാവ് കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് ഗ്രാമത്തിലെ വാണിയെടുത്തിയില്‍ തറവാട്ടിലെ കുലീന മഹതിയായിരുന്നു. ജനനം ഹിജ്‌റ പതിനൊന്നാം ശതകത്തില്‍. വേങ്ങാടിനടുത്ത് കല്ലായിയില്‍ പിന്നീട് താമസമാക്കി. പൊന്നാനി മഖ്ദൂം തങ്ങളുടെ അദ്ധ്യാപനത്തിന്‍ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിദ്യാഭ്യാസാനന്തരം പുറത്തിയില്‍ താമസമാക്കി.
ഭൗതിക വിരക്തനായി വനാന്തരങ്ങളിലും മറ്റും താമസിച്ച് കാലം കഴിച്ചു. പിന്നീടാണ് അദ്ദേഹം ചാലിയത്തെത്തി താമസമാരംഭിച്ചത്. ജീവിതികാലത്ത് ഒരുപാട് അത്ഭുത സിദ്ധികള്‍ കാണിക്കുകയുണ്ടായി. അദ്ദേഹം ചാലിയത്ത് വെച്ച് ഹി. 1041ല്‍ വഫാത്താവുകയും അവിടെ മറമാടപ്പെടുകയും ചെയ്തു. ആലംബഹീനരും അശരണരുമായ നാനാജാതി മതസ്ഥര്‍ ഖബറിടം സന്ദര്‍ശിച്ച് സാഫല്യം നേടുന്നു.
സമര്യ പുരുഷന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് ഒരു പാടു സംഭവങ്ങള്‍ അറിയപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ അംഗശുദ്ധി വരുത്താന്‍ വെള്ളം ലഭിക്കാതെ വട്ടക്കുനടി മഖാമിന്റെ തൊട്ടടുത്തുള്ള പരന്ന പാറയില്‍ മെതിയടി കൊണ്ട് ചവിട്ടുകയും വടികൊണഅട് കുത്തുകയും ചെയ്തപ്പോള്‍ പാറയില്‍ ഉറവുണ്ടാവുകയും അദ്ദേഹം അംഗശുദ്ധി വരുത്തുകയും ചെയ്തു. പില്‍ക്കാലത്ത് ഇത് മെതിയടിപ്പാറ എന്ന പേരിലറിയപ്പെട്ടു. ഈ പാറ വേങ്ങാട് കീഴല്ലൂര്‍ റോഡ് ഭാഗത്ത് ഇപ്പോഴും കാണാവുന്നതാണ്.
ശിഹാബുദ്ദീന്‍ അഹമ്മദ് കോയ ശാലിയാത്തി
ഇന്ത്യ കണ്ട പണ്ഡിതന്മാരില്‍ പ്രഥമ ഗണനീയനായിരുന്നു ശിഹാബുദ്ദീന്‍ അഹമ്മദ് കോയ ശാലിയാത്തി. ഹി: 1302 ജമാദുല്‍ ആഖിര്‍ 22ന്ന് ചാലിയത്ത് ജനിച്ചു. വെല്ലൂര്‍ ലത്തീഫിയ മദ്‌റസയില്‍ പഠനം പൂര്‍ത്തിയാക്കി. വെല്ലൂരിലും തിരുനെല്‍വേലിയിലും തിരിച്ചുവന്ന ശേഷം നാട്ടിലും ദര്‍സുകള്‍ നടത്തി. പുതാറമ്പത്ത് അദ്ദേഹം ജനിച്ച വീട്ടില്‍ ഒരുപാട് ഗ്രന്ഥങ്ങളടങ്ങുന്ന വിപുലമായ ഒരു റഫറന്‍സ് ലൈബ്രറിയുണ്ട്. ഹൈദരാബാദ് നൈസാമിന്റെ ആസ്ഥാന പണ്ഡിതനായിരുന്ന ശാലിയാത്തിക്ക് അദ്ദേഹം ദിവംഗതനാവുന്നത് വരെ നൈസാം വേതനം നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫത്‌വ ചോദിച്ചുകൊണ്ട് ആളുകള്‍ അദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു. പ്രസിദ്ധീകൃതമായ സ്വന്തം കൃതികളേക്കാളേറെ അപ്രകാശിത കൃതികളാണ് അദ്ദേഹത്തിന്റേതായുള്ളത്.
രണ്ടു ദിവസം സൗജന്യമായി താമസിച്ചു ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യാനുള്ള സൌകര്യം കുത്തുബ് ഖാനയിലുണ്ട്. റഫറന്‍സിന്നു വരുന്ന ആളുകള്‍ ചില അമൂല്യ ഗ്രന്ഥങ്ങിലെ താളുകള്‍ ചീന്തുക്കൊണ്ടു പോവുന്നത് കാരണം ഇപ്പോഴത്തെ കൈകാര്യ കര്‍ത്താക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.1374 മുഹര്‍റം 27ന്ന് ദിവംഗതനായ ശിഹാബുദ്ദീന്‍ അന്ത്യവിശ്രമം കൊള്ളുന്നത് പള്ളിക്കും കുത്തുബ്ഖാനക്കും അടുത്ത് തന്നെയാണ്. ഗ്രന്ഥ റഫറന്‍സിന്നും അദ്ദേഹത്തിന്റെ ഖബര്‍ സിയാറത്ത് ചെയ്യാനുമായി ധാരാളം ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്നു.
ഉമ്പിച്ചി ഹാജി
പി.ബി. ഉമ്പിച്ചി ഹാജിയെകൂടി പരാമര്‍ശിക്കാതിരുന്നാല്‍ ചാലിയത്തിന്റെ ചരിത്രം പൂര്‍ണ്ണമാവില്ല. ചാലിയത്ത് ജനിച്ചു വളര്‍ന്ന ഉമ്പിച്ചി ഹാജി കടുത്ത ദാരിദ്ര്യം കാരണം നാടുവിടുകയാണുണ്ടായത്. അലഞ്ഞു തിരിഞ്ഞ് അദ്ദേഹം അവസാനം സിലോണില്‍ എത്തിപ്പെട്ടു. അവിടെ വ്യാപാരത്തിലേര്‍പ്പെട്ട അദ്ദേഹം കഠിനപ്രയത്‌നം കൊണ്ട് ഔന്നിത്യത്തിലേക്കുയര്‍ന്നു. സിലോണ്‍ ഗവണ്‍മെന്റ് ജസ്റ്റീസ് ഓഫ് പീസ് എന്ന ബഹുമതി നല്‍കി അദ്ദേഹത്തെ  ആദരിക്കുകയുണ്ടായി. ചാലിയത്തും പരിസരപ്രദേശത്തും വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അദ്ദേഹം സ്ഥാപിച്ച അല്‍മനാര്‍ മുസ്‌ലിം ഹൈസ്‌ക്കൂള്‍ ഇന്നദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്നു. തൊട്ടടുത്തുള്ള എലിമെന്ററി സ്‌കൂളും അദ്ദേഹത്തിന്റെ നാമം എന്നെന്നും സ്മരിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.
ടിപ്പു സുല്‍ത്താന്റെ പടയോട്ട കാല്തത് നിര്‍മ്മിച്ച തീരദേശ റോഡ് ചാലിയത്ത് കൂടെ കടന്നുപോവുന്നു. ബേപ്പൂര്‍ പുഴ മുതല്‍ കടലുണ്ടിപ്പുഴ വരെ നീണ്ടുകിടക്കുന്ന ചാലിയം ഭാഗത്തെ പ്രസ്തുത രോഡ് ടിപ്പുസുല്‍ത്താന്‍ റോഡ് എന്ന പേരിലാണിപ്പോഴും അറിയപ്പെടുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്ത് ദക്ഷിണ റെയില്‍വേയുടെ ടെര്‍മിനസ് ചാലിയത്തായിരുന്നുവെന്ന കാര്യം പലര്‍ക്കുമറിഞ്ഞുകൂടാ. ചാലിയത്തെ മാപ്പിള ഖലാസികളും സ്രാങ്കന്മാരും ഇന്ത്യലുടനീളം അറിയപ്പെടുന്നവരാണ്. ഇന്യയിലെ വന്‍കിട പാലങ്ങള്‍, അണക്കെട്ടുകള്‍, സിമന്റ് ഫാക്ടറികള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്നു പുറകില്‍ ചാലിയം ഖലാസികളുടെ ചൂടും ചൂരും നിറഞ്ഞു നില്‍ക്കുന്നു. ഏതാണ്ട് ഒരു നൂറ്റാണ്ടു മുമ്പ് ചാലിയത്ത്കാരനായ ബീരാന്‍ കുട്ടി മൂപ്പന്‍ നിര്‍മ്മിച്ച ഫറോക്കിലെ ഇരുമ്പുപാലം കാലത്തെ അതജീവിച്ച് ഇന്നു നിലനില്‍ക്കുന്നു.
ചാലിയം ഇന്ന്
ചരിത്രത്തിന്റെ താളുകളില്‍ അനശ്വരമുദ്ര പതിപ്പിച്ച ചാലിയം ഇന്ന് നഷ്ടപ്രതാപത്തിന്റെ ദുഃഖഭാരവും പേറി നില്‍ക്കുന്നു. മറ്റു പ്രദേശങ്ങള്‍ വികസനരംഗത്ത് ബഹുദൂരം മുന്നേറിയപ്പോഴും ചാലിയത്ത് പറയത്തക്ക പുരോഗതി കൈവരിച്ചില്ലെന്നതാണ് സത്യം. എട്ടോളം മുസ്‌ലിം പള്ളികളും ഏക്കര്‍ കണക്കില്‍ പരന്നു കിടക്കുന്ന ഖബര്‍സ്ഥാനുകളും അവിടെ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന മരങ്ങളും മറമാടപ്പെട്ടവരുടെ സ്മാരകശിലകളും മാര്‍ക്കറ്റും മാര്‍ക്കറ്റിന് ചുറ്റുമുള്ള ഏതാനും പീടികകളും - ഇന്നത്തെ ചാലിയത്തിന്റെ നഖ ചിത്രം പൂര്‍ത്തിയാവുന്നു.
നിര്‍ദ്ദിഷ്ട ഫറോക്ക് എറണാകുളം തീരദേശ റോഡിന്റെ ഭാഗമായി പണിയാനുദ്ദേശിയ്ക്കുന്ന കരുവന്‍തുരുത്തി പാലവും കടലുണ്ടിക്കടവു പാലവും പൂര്‍ത്തിയായാല്‍ ചാലിയത്തിന്റെ മുഖഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ. അതിന്നുവേണ്ടി ശബ്ദമുയര്‍ത്താനാരുണ്ടെന്ന ചോദ്യം ഉത്തര കിട്ടാതെ ബിക്കി നില്‍ക്കുന്നു.
അവലംബകൃതികള്‍
(1) മുസ്‌ലിംകളും കേരള സംസ്‌ക്കാരവും - പി.കെ. മുഹമ്മദു കുഞ്ഞി.
(2) വിവിധ ഇസ്‌ലാമിക വിജ്ഞാന കോശങ്ങള്‍
(3) സുന്നിസമ്മേളന സുവനീര്‍
(4) ഇസ്‌ലാം പ്രബോധനവും പ്രചാരവും - സര്‍ തോമസ് ആര്‍നോള്‍ഡ്‌

4 Comments

  1. ഹിജ്‌റ 3-ാം ശതകത്തില്‍ മലബാറിലെ ഇസ്‌ലാം മതപ്രചരണത്തിന് കാരണക്കാരായ മാലിക് ബിന്‍ ദീനാറും സംഘവും സിലോണിലെ ആദം മലയില്‍ തീര്‍ത്ഥാടനത്തിനാണ് അറേബ്യയില്‍ നിന്നും പുറപ്പെട്ടത്. അവര്‍ എത്തിയതാവട്ടെ ധര്‍മ്മടത്തും. മാലിക് ബിന്‍ ദീനാറുടെ സംഘത്തില്‍ ചാലിയത്തുകാരായ ഹാജി മുസ്താ മദുക്കാദ്, ഹാജി നീലി നിഷാദ്, അഹമ്മദ് ഖംജു, ഹാജി സാദിബാദ് ഹസ്സന്‍ ഖാജ എന്നിവരുണ്ടായിരുന്നു. (പുറം 52; മുസ്‌ലിംകളും കേരള സംസ്‌കാരവും - പി.കെ. മുഹമ്മദു കുഞ്ഞി) ഇതില്‍ നിന്നും മാലിക് ദീനാര്‍ മലബാറില്‍ കപ്പലിറങ്ങുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ചാലിയത്ത് ഇസ്‌ലാമിന്റെ സന്ദേശം എത്തിയിരുന്നു എന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല.

    ReplyDelete
  2. ഇസ്‌ലാമിന്റെ കേരളത്തിലേക്കുള്ള ആഗമനംതന്നെ പ്രൗഢമായിരുന്നു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലോ ഊഹാപോഹങ്ങൾ സ്വീകരിച്ചോ ആയിരുന്നില്ല കേരളീയർ ഇസ്‌ലാം പുൽകിയത്. മറിച്ച് പ്രവാചക ശിഷ്യൻമാരിൽ നിന്നു നേരിട്ട് മനസ്സിലാക്കിയതിന് ശേഷം അടക്കാനാവാത്ത ആഗ്രഹത്തോടെ തിരുനബി(സ്വ)യെ നേരിൽ കാണാൻ മക്കയിലേക്ക് പുറപ്പെടുകയായിരുന്നു, കേരളത്തിലെ ആദ്യമുസ്‌ലിമായ ചേരമാൻ പെരുമാൾ (താജുദ്ദീൻ-റ). കേരള സലഫികളുടെ ആദ്യകാല നേതാവ് സി.എൻ അഹ്മദ് മൗലവി എഴുതി: ‘ഒന്നാമത്തെ മാപ്പിള മഹാനേതാവ് ചേരമാൻ പെരുമാൾ അവർകൾ ഇസ്‌ലാമിന്റെ മഹിമയെ കുറിച്ച് അറബി വ്യാപാരികളിൽനിന്നും കേട്ടുമനസ്സിലാക്കിയപ്പോൾ അതിൽ ആകൃഷ്ടനായി ഇസ്‌ലാം മതം സ്വീകരിച്ചു. തിരുമേനിയെ നേരിട്ടുകാണാനുള്ള അടക്കവയ്യാത്ത ആഗ്രഹത്തോടെ കൂട്ടുകാരോടൊപ്പം അങ്ങോട്ടു പോയി. അവിടെ കുറേ നാൾ താമസിച്ച ശേഷം തിരിച്ചു പോന്നു. ആ താമസവും തിരിച്ചുപോരലും എത്രകണ്ട് ആവേശോജ്വലമായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ്: 23).

    കേരളീയർ ജാതിമത വ്യത്യാസമന്യേ പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന ഈ ചരിത്രത്തെ ബലപ്പെടുത്തുന്ന ഒരു ഹദീസ് ഇമാം ഹാകിം(റ) അൽ മുസ്തദ്‌റകിൽ ഉദ്ധരിക്കുന്നുണ്ട്: അബൂസഈദുൽ ഖുദ്‌രി(റ)യെ തൊട്ട് നിവേദനം. അദ്ദേഹം പറഞ്ഞു; ഇന്ത്യയിലെ ഒരു രാജാവ് തിരുനബി(സ്വ)ക്ക് ഒരു കുട്ട ഹദ്‌യയായി സമർപ്പിച്ചു. അതിൽ ഇഞ്ചിയുമുണ്ടായിരുന്നു. നബി(സ്വ) അനുയായികൾക്കെല്ലാം അതിന്റെ കഷ്ണങ്ങൾ നൽകി. ഒരു കഷ്ണം എനിക്കും തന്നു. ഒരു കഷ്ണം റസൂൽ(സ്വ)യും ഉപയോഗിച്ചു (അൽ മുസ്തദ്‌റക് 4/35).

    ആ കാലത്തെ അറബ് നാടുകളുമായുള്ള കേരളത്തിന്റെ ബന്ധവും കുട്ടയിലെ വിഭവങ്ങളിലൊന്നായ ഇഞ്ചിയുമെല്ലാം പരിഗണിക്കുമ്പോൾ ഇതു കേരളത്തിൽ നിന്നു പുറപ്പെട്ട രാജാവാകാൻ തന്നെയാണ് സാധ്യത. മറിച്ചൊരു ചരിത്രം അറിയപ്പെട്ടിട്ടില്ലതാനും.

    ഇസ്‌ലാമിന്റെ വെളിച്ചം തന്റെ നാട്ടുകാർക്ക് കൈമാറാനുള്ള ഉൽക്കടമായ ആഗ്രഹത്തോടെ ആവശ്യമായ മിഷനറിമാരെയുമായിതന്നെയാണ് താജുദ്ദീൻ(റ) കേരളത്തിലേക്ക് പുറപ്പെട്ടത്. ഈ യാത്ര അദ്ദേഹത്തിന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും തന്റെ സഹയാത്രികരായ മാലിക്ബ്‌നുദീനാർ(റ), ഹബീബ് ബ്‌നു മാലിക്(റ) ഉൾപ്പെടെയുള്ളവരെ കേരളത്തിലേക്ക് യാത്രയാക്കുകയും തന്റെ അനന്തിരവൻമാർക്ക് കൈമാറാനുള്ള ഒരു കത്ത് അവരെ ഏൽപ്പിക്കുകയും ചെയ്തു.

    കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ ആ സംഘത്തിന് ചേരമാൻ പെരുമാളിന്റെ പിൻഗാമികൾ ഉജ്വലമായ വരവേൽപ്പ് നൽകുകയും മതപ്രബോധനത്തിനും പള്ളി നിർമാണത്തിനും എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുകയുമുണ്ടായി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിംപള്ളി കൊടുങ്ങല്ലൂരിൽ ഉയർന്നു. തുടർന്ന് തെക്കൻ കൊല്ലം, ഏഴിമല, പാ

    ക്കന്നൂർ, ചിക്ക്മാംഗ്‌ളൂർ, കാസർഗോഡ്, ധർമ്മടം, കൊയിലാണ്ടി കൊല്ലം, ശ്രീകണ്ഠപുരം, ചാലിയം എന്നിവിടങ്ങളിൽ പള്ളികൾ പണിയുകയും അവിടെയെല്ലാം ഖാളിമാരെ നിശ്ചയിച്ച് സമുദായത്തിന് മതകാര്യങ്ങളിൽ കൃത്യമായ മാർഗദർശനം നൽകുകയുമുണ്ടായി.

    ReplyDelete
  3. ഇത് രണ്ടും തമ്മിൽ യോജിക്കുന്നില്ലല്ലോ

    ReplyDelete
  4. http://www.islaminkerala.in/2017/09/blog-post_26.html

    ReplyDelete

Post a Comment

Previous Post Next Post