മലബാറില്‍ രാഷ്ട്രീയ പ്രബുദ്ധത വളര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ ജില്ലാ സമ്മേളനങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1906 ല്‍ തന്നെ മലബാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 1916 മാര്‍ച്ച് 4,5 തിയതികളില്‍ പാലക്കാട് വെച്ചാണ് ഒന്നാം സമ്മേളനം നടന്നത്. ശേഷം കോഴിക്കോട്, തലശ്ശേരി, വടകര എന്നീ സ്ഥലങ്ങളും സമ്മേളനങ്ങള്‍ക്ക് വേദിയായി. 1920 എപ്രില്‍ 28,29 തിയതികളില്‍ മഞ്ചേരി നടന്ന കോണ്‍ഗ്രസ് ജില്ലാ സമ്മേളനം ഇവയില്‍ അവസാനത്തേതും ഏറെ ചരിത്ര പ്രാധാന്യമുള്ളതുമാണ്. നൂറുവര്‍ഷം തികക്കുന്ന സാഹചര്യത്തില്‍ സമ്മേളനത്തിന്റെ ഓരോ വശങ്ങളും വിശദമായി ചര്‍ച്ചചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. ഒരു നൂറ്റാണ്ട് മാത്രം പ്രായമുള്ള ചരിത്രത്തില്‍ പോലും പക്ഷപാതിത്വം കാണിച്ച് ചിലഘടകങ്ങളെ മാത്രം ഉയര്‍ത്തിക്കാണിക്കുന്നത് നീതിയല്ല.
മാപ്പിള മുസ്‌ലിംകളുടെ ഹൃദയഭൂമിയിലാണ് സമ്മേളനം നടക്കുന്നത്. കഴിഞ്ഞ സമ്മേളനങ്ങളേക്കാളും അവരുടെ പങ്കാളിത്തവുമുണ്ടായി. ദി ഹിന്ദു എഡിറ്ററായിരുന്ന കസ്തൂരി രംഗ അയ്യങ്കാറായിരുന്നു അദ്ധ്യക്ഷന്‍. ആനി ബസന്റ്, കെ.പി. കേശവ മെനോന്‍, മഞ്ചേരി രാമയ്യര്‍, എം.പി. നാരായണ മെനോന്‍, എം. മാധവന്‍ നായര്‍, അബ്ദുല്‍ ഖാദര്‍, പൊന്‍മാടത്ത് മൊയ്തീന്‍ കോയ, കട്ടിലശ്ശേരി മൗലവി എന്നിവര്‍ പങ്കെടുത്ത പ്രമുഖരാണ്. കോഴിക്കോട്ടെ ചെറിയേട്ടന്‍ രാജ, നിലമ്പൂരിലെ ഇളയരാജ, മങ്കടയിലെ ഉദയവര്‍മ രാജ തുടങ്ങിയവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഖിലാഫത്ത് വിഷയം, കുടിയാന്‍ പ്രശ്‌നം എന്നിവയാണ് സമ്മേളനത്തിലെ ചര്‍ച്ചാ വിഷയങ്ങളായിത്തീര്‍ന്നത്. ഇവ രണ്ടുമാണ് പിന്നീട് മലബാര്‍ സമരത്തിന് ചൂടുകര്‍ന്നത്. വ്യക്തമായി പറഞ്ഞാല്‍ മഞ്ചേരി സമ്മേളനമാണ് മലബാര്‍ സമരത്തിന്റെ ആദ്യ ജ്വാല കൊളുത്തിയത്. മാപ്പിള ഔട്ട്‌റേജസ് ആക്ടിനെതിരെയും പ്രതിഷേധമുണ്ടായി. 
ഖിലാഫത്ത് വിഷയം
സമ്മേളനത്തിന്റെ ഒന്നാം ദിവസം തന്നെ ഖിലാഫത്ത് വിഷയം ചര്‍ച്ചക്കു വന്നു. സദസ്സിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലം ചരിത്ര പ്രസിദ്ധമായ ഖിലാഫത്ത് പ്രമേയം അവതരിപ്പിക്കപ്പെട്ടു. കോമു മെനോന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഖിലാഫത്ത് പ്രശ്‌നത്തിലുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റ് നിലപാട് ഇന്ത്യന്‍ മുസ്‌ലിംകളുടെ താല്‍പര്യം സംരക്ഷിക്കുന്നതും അവര്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കുന്നതും ആകണമെന്ന് ആവശ്യപ്പെട്ടു. അല്ലാതിരുന്നാല്‍ മുസ്‌ലിംകളും ഹിന്ദുക്കളും ഗവണ്‍മെന്റുമായി നിസ്സഹകരണം പ്രഖ്യാപിക്കുമെന്ന് പ്രമേയം മുന്നറിയിപ്പ് നല്‍കി. നിസ്സഹകരണം അപകടകരമാണന്ന് പറഞ്ഞ് ആനിബസന്റ് വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും മൃഗീയ ഭൂരിപക്ഷത്തിന് പ്രമേയം പാസ്സാക്കപ്പെട്ടു.
കോണ്‍ഗ്രസ്സ് ദേശീയമായി നിസ്സകരണ സമര രീതി സ്വീകരിക്കുന്നതിനു മുമ്പെ മഞ്ചേരി കോണ്‍ഫറന്‍സിലൂടെ മലബാറില്‍ അത് നടപ്പിലായി. ഖിലാഫത്ത്-നിസ്സഹകരണത്തിന്റെ പ്രചരണാര്‍ത്ഥം ഗാന്ധിജിയും ഷൗക്കത്തലിയും 1920 ആഗസ്റ്റില്‍ കോഴിക്കോട്ടെത്തുകയും പിന്നീട് മലബാറില്‍ മുഴുവന്‍ കമ്മറ്റികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു.
കുടിയാന്‍ പ്രശ്‌നം
ചൂഷണങ്ങളില്‍ വീര്‍പ്പു മുട്ടിയ ഒരു വിഭാഗത്തിന്റെ മോചനത്തിനായി 1916-ല്‍ മലബാര്‍ കുടിയാന്‍ സംഘം രൂപീകരിക്കപ്പെട്ടു. എം.പി. നാരായണ മെനോന്‍ പ്രസിഡണ്ടും കട്ടിലശ്ശേരി മുഹമ്മദ് മൗലവി സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഇവര്‍ ഓരോ അവസരങ്ങളിലും കുടിയാന്‍ പ്രശ്‌നം അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സംഘടയുടെ സവര്‍ണമേധാവിത്വത്തില്‍ എല്ലാം നിഷ്ഫലമായിത്തീര്‍ന്നു. മഞ്ചേരി കോണ്‍ഫറന്‍സ് ഇതിന് ഒരു തിരുത്തായിരുന്നു. നേരത്തെ കുടിയാന്‍ വിഷയത്തില്‍ നിരവധി ഇടപെലുകള്‍ മഞ്ചേരിയില്‍ നിന്നുണ്ടായിട്ടുണ്ട്. 1906-ല്‍ മഞ്ചേരിയിലെ ഹിദായത്തുല്‍ മുസ്‌ലിമീന്‍ സഭ മാപ്പിള കുടിയാന്മാര്‍ അനുഭവിക്കുന്ന യാതനകള്‍ വിവരിച്ച് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
മലബാറിലെ കുടിയാന്‍മാര്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കെ.പി. രാമന്‍ മെനോന്‍ അവതരിപ്പിക്കുകയും പി.എ. കൃഷ്ണ മേനോന്‍ പിന്താങ്ങുകയും ചെയ്തു. സന്നിഹിതരായിരുന്ന ജന്മികള്‍ പലവിധേനെയും എതിര്‍പ്പു പ്രകടിപ്പിച്ചുവെങ്കിലും പ്രമേയം പാസ്സാക്കപ്പെട്ടു. ഇതോടെ മലബാറില്‍ കുടിയാന്‍ പ്രസ്ഥാനവും ശക്തിപ്രാപിച്ചു. നിരവധി ജന്മിമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.
മഞ്ചേരി സമ്മേളനത്തോടെ മലബാറില്‍ ദശീയപ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചു. ഖിലാഫത്ത്-നിസ്സഹകര പ്രസ്ഥാനവും കുടിയാന്‍ സമരവും എല്ലാം ഒരു കുടക്കീഴില്‍ വന്നു. 1921 എപ്രില്‍ 23,24,25,26 തിയതികളില്‍ ഒറ്റപ്പാലത്തു നടന്ന പ്രഥമ പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഖിലാഫത്ത് സമ്മേളനം, കുടിയാന്‍ സമ്മേളനം, വിദ്യാര്‍ത്ഥി സമ്മേളനം എന്നിവയും നടന്നു. കുടിയാന്‍മാരുടെ സമരോത്സുകതയും ഹിന്ദു-മുസ്‌ലിം സഖ്യവും ഭരണകൂടത്തെ ഭീതിപ്പെടുത്തി. പ്രകോപനപരമായ നടപടികള്‍ ഗവണ്‍മെന്റും ജന്മിമാരും വ്യാപകമാക്കി. ഇതിനെത്തുടര്‍ന്നാണ് 1921 ലെ മലബാര്‍ സമരം ഉഗ്രരൂപം സ്വീകരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് നടന്ന മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനവും അതിനെത്തുടര്‍ന്നുണ്ടായ ചലനങ്ങളുമാണ് വ്യാപകമായ ലഹളയില്‍ കലാശിച്ചത്. പക്ഷെ, എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സമാധാനിപ്പിക്കാന്‍ പോലും പാര്‍ട്ടി ഉണ്ടായില്ല എന്നതാണ് പിന്നീടുള്ള ചരിത്രം.

Post a Comment

Previous Post Next Post