• സി.പി. ബാസിത് ഹുദവി


മദീനാ മുനവ്വറയില്‍ മുഹമ്മദ് (സ്വ) തുടങ്ങിവെച്ച വിദ്യാഭ്യാസ രീതിയുടെ പകര്‍പ്പാണ് പള്ളി ദര്‍സുകള്‍. ചെമ്പ്ര ജുമുഅത്ത് പള്ളിയിലും ഒരു നൂറ്റാണ്ടിലധികം കാലം ഈ വിദ്യാഭ്യാസ രീതി തുടര്‍ന്നു പോരുന്നു എന്നത് നാടിന്റെ ഏറ്റവും വലിയ ഐശ്വര്യമാണ്. സമൂഹത്തിന് നേതൃത്വം നല്‍കി വിജ്ഞാനം ിവതറിയ പരശ്ശതം പണ്ഡിത പ്രതിഭകളാണ് നീണ്ട കാലത്തിനിടയില്‍ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയത്. ഇവരില്‍ തലയെടുപ്പുള്ള മഹാ പണ്ഡിതനായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍. മണ്‍മറഞ്ഞ കേരളീയ മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ഇന്നും ഓര്‍ക്കപ്പെടുന്ന മഹാന്‍ വൈജ്ഞാനിക സപര്യക്ക് നാന്ദികുറിച്ചത് ചെമ്പ്ര ജുമുഅത്ത് പള്ളിയിലായിരുന്നു. അറിവിലൂടെയും ആത്മീയതയിലൂടെയും പുകള്‍പെറ്റ ചെമ്പ്ര പോക്കര്‍ മുസ്‌ലിയാര്‍ (ന.മ.) സമുദായത്തിന് സമ്മാനിച്ച അതുല്യ പ്രതിഭയാണ് നമ്മുടെ കഥാപുരുഷന്‍.
നിറമരുതൂര്‍ പത്തമ്പാട് അരങ്ങത്തില്‍ കുഞ്ഞിമരക്കാര്‍ - തലക്കടത്തൂര്‍ അന്നച്ചംപള്ളി ഫാത്തിമ ദമ്പതികളുടെ മകനായി 1900 ലാണ് ബീരാന്‍കുട്ടി മുസ്‌ലിയാര്‍ ജനിച്ചത്. പത്തമ്പാട്ടുള്ള ഓത്തുപള്ളിയില്‍ നിന്നാണ് പ്രാഥമിക പഠനം നടത്തിയത്. മൊയ്തീന്‍ കുട്ടി മുസ്‌ലിയാരായിരുന്നു ഇവിടത്തെ അദ്ധ്യാപകന്‍. ഖുര്‍ആന്‍ ഓതാനും മറ്റു പ്രാരംഭ വിജ്ഞാനവും അഭ്യസിച്ചത് ഇവിടെ നിന്നാണ്. ബാല്യകാലം കഴിഞ്ഞാണ് ബീരാന്‍കുട്ടി മുസ്‌ലിയാര്‍ പള്ളി ദര്‍സിലേക്ക് പോകുന്നത്. മറ്റുവഴികളിലേക്ക് തിരിയാതെ യൗവ്വനത്തില്‍ ആ ജീവിതം ഇല്‍മിന് സമര്‍പ്പിക്കുകയായിരുന്നു.
പോക്കര്‍ മുസ്‌ലിയാരുടെ അടുത്ത് ചെമ്പ്രയിലെത്തിയാണ് ദര്‍സ് പഠനത്തിന് തുടക്കം കുറിക്കുന്നത്. മുതഫരിദ് ആണ് പ്രധാനമായും ഓതിയത്. സൂഫിയും ജ്ഞാനിയുമായിരുന്ന പോക്കര്‍ മുസ്‌ലിയാര്‍ക്ക് മികച്ച ഖിദ്മത്ത് നല്‍കാന്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ സമയം കണ്ടെത്തി. ഉസ്താദിന്റെ പൊരുത്തവും നാട്ടുകാരുടെ സ്‌നേഹവും പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. ഒരു സാധാരണ കുടുംബത്തില്‍ നിന്നും വിശ്വപണ്ഡിതരുടെ ഗുരുവായി ബീരാന്‍കുട്ടി മുസ്‌ലിയാര്‍ ഉയര്‍ന്നത് ഇക്കാരണത്താലാണെന്ന് പലരും അനുസ്മരിച്ചിട്ടുണ്ട്.
പിന്നീട് അല്‍പകാലം മൗലാനാ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ പഠിച്ചു. തുടര്‍ന്നാണ് താനൂര്‍ വലിയകുളങ്ങര പള്ളിയില്‍ എത്തുന്നത്. മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു പ്രധാന അദ്ധ്യാപകന്‍. വലിയ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നറിയപ്പെടുന്ന പുത്തന്‍തെരു ഖാസി ഇരിമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ അന്ന് താനൂരിലെ രണ്ടാം മുദരിസായിരുന്നു. അവരില്‍ നിന്നാണ് ബീരാന്‍കുട്ടി മുസ്‌ലിയാര്‍ ഫിഖ്ഹ് ആഴത്തില്‍ പഠിച്ചത്. നാലു വര്‍ഷത്തെ പഠന ശേഷം താനൂരില്‍ തന്നെ മുദരിസായി. മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം തലക്കട്ടൂര്‍, കരിങ്കപ്പാറ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തുന്നത്. തലക്കട്ടൂരില്‍ നാലും കരിങ്കപ്പാറയില്‍ പതിനേഴും വര്‍ഷങ്ങളാണ് സേവനകാലം. പ്രത്യേക സാഹചര്യത്തില്‍ ഓമച്ചപ്പുഴയില്‍ താല്‍ക്കാലികമായി ദര്‍സ് തുടര്‍ന്ന് രണ്ടുമാസം കഴിയുമ്പോഴാണ് താനൂരില്‍ നിന്നും ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുടെ ക്ഷണം ലഭിക്കുന്നത്. ഇസ്വ്‌ലാഹുല്‍ ഉലൂം മദ്‌റസയുടെ പ്രിന്‍സിപ്പാള്‍ ശൈഖുനയായിരുന്നു.
താന്‍ പഠിച്ചു വളര്‍ന്ന താനൂരിലേക്ക് തന്നെ തിരിച്ചെത്തിയത് വലിയ അനുഗ്രഹമായാണ് ബീരാന്‍കുട്ടി മുസ്‌ലിയാര്‍ കണ്ടത്. മൂന്നാം മുദരിസായിട്ടായിരുന്നു നിയമനം. ശംസുല്‍ ഉലമാ ഒന്നാം മുദരിസും കെ.കെ. ഹസ്‌റത്ത് രണ്ടാം മുദരിസുമായിരുന്നു. 22 വര്‍ഷമാണ് ഇവിടത്തെ സേവനകാലം. മറ്റു തിരക്കുകള്‍ ഇല്ലാത്തതിനാല്‍ മുഴുസമയവും ഇല്‍മുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കെ.കെ ഹസ്‌റത്ത് ബാഖിയാത്തിലേക്ക് പോയ അവസരത്തില്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ സ്വദ്ര്‍ മുദരിസായി.
അനാരോഗ്യം മൂലമാണ് ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ താനൂരില്‍ നിന്നും ഒഴിഞ്ഞത്. എങ്കിലും മരണം വരെ തദ്‌രീസ് ഒഴിവാക്കിയിരുന്നില്ല. അവസാന നാളുകള്‍ വരെ അടുത്ത പള്ളിയിലെ മുദരിസിന് ഉയര്‍ന്ന കിതാബുകള്‍ ഓതിക്കൊടുത്തിരുന്നു. പള്ളിയില്‍ വെച്ചു തന്നെയായിരുന്നു ഇത് നിര്‍വഹിച്ചിരുന്നത്. ''ഒരു ദിവസമെങ്കിലും എന്റെ ഇല്‍മ് ഉപകാരപ്പെടുത്താതെ പോയിട്ടില്ല.'' അദ്ദേഹം പറയാറുണ്ടായിരുന്നു. വെള്ളിയാമ്പുറം സെയ്താലി മുസ്‌ലിയാര്‍, ഇടപ്പള്ളി അബൂബക്കര്‍ മുസ്‌ലിയാര്‍, ഓമച്ചപ്പുഴ ഹാഫിസ് അബൂബക്കര്‍ മുസ്‌ലിയാര്‍, തിരൂര്‍ കോരങ്ങത്ത് ഖാസി ഉമര്‍ മുസ്‌ലിയാര്‍, നീരോല്‍പാലം കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വെളിയങ്കോട് ഖാസി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അരീക്കാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ നിറമരുതൂര്‍, മരക്കാര്‍ മുസ്‌ലിയാര്‍ നിറമരുതൂര്‍, അബ്ദുല്ല മുസ്‌ലിയാര്‍ നിറമരുതൂര്‍, സി.എം. അബ്ദുസ്സ്വമദ് ഫൈസി മക്കരപ്പറമ്പ് തുടങ്ങിയവര്‍ പ്രധാന ശിഷ്യന്‍മാരാണ്.
ചെമ്പ്ര വടക്കിണിഅകത്ത് ഹൈദര്‍കുട്ടിയുടെ മകള്‍ ഉമ്മാത്തുവിനെയാണ് ബീരാന്‍കുട്ടി മുസ്‌ലിയാര്‍ വിവാഹം കഴിച്ചത്. താനൂരില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. ചെമ്പ്രയില്‍ ഓതുന്ന സമയത്ത് ഏറെ സഹായങ്ങള്‍ ചെയ്ത കുടുംബമായിരുന്നു അത്. ഭാര്യാസഹോദരന്‍ മമ്മുട്ടി ഹാജി താനൂരില്‍ വന്ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരോട് അഭിപ്രായം തേടുകയായിരുന്നു. അങ്ങനെയാണ് വിവാഹം നടക്കുന്നത്. നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്്‌ലിയാരുടെ ആണ്‍മക്കളില്‍ മുതിര്‍ന്നവരാണ് താനൂര്‍ ത്വാഹ പള്ളി മുദരിസ് മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍. ബീരാന്‍ കുട്ടി മുസ്്‌ലിയാരുടെ പേരും പ്രശസ്തിയും നിലനിര്‍ത്തുന്ന മഹാപണ്ഡിതനാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറാ അംഗമായ ശൈഖുനാ മരക്കാര്‍ മുസ്്‌ലിയാര്‍. പുതിയ തലമുറ മഹാനെ പരിചയപ്പെടുന്നത് ഈ പണ്ഡിത പ്രതിഭയിലൂടെയാണ്.
കേരളത്തിലെ ഓരോ കാലഘട്ടത്തിലെയും പ്രമുഖ പണ്ഡിതന്മാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ മുശാവറ അംഗങ്ങളാണ്. ഇലാഹിയായ അംഗീകാരവും പാണ്ഡിത്യത്തിന്റെയും സൂക്ഷ്മതയുടെയും അളവുകോലായി പൊതുസമൂഹം അത് പരിഗണിക്കാറുണ്ട്. 1967  മെയ് 25ന് മര്‍ഹൂം അയനിക്കാട് ഇബ്്‌റാഹീം മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗമാണ് ബീരാന്‍ കുട്ടി മുസ്്‌ലിയാരെ അംഗമായി നോമിനേറ്റ് ചെയ്തത്. പിന്നീട് ഫത്‌വാ കമ്മിറ്റിയിലും അംഗമായി. ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമാണ് മകന്‍ ശൈഖുനാ മരക്കാര്‍ മുസ്‌ലിയാരുടെതും. സമസ്ത മുശാവറയിലും ഫത്‌വ കമ്മറ്റിയിലും അംഗമാണ് ശൈഖുനാ മരക്കാര്‍ മുസ്‌ലിയാര്‍.
അറിവിന്റെ ആധിക്യത്തിനനുസരിച്ച് വിനയവും ലാളിത്യവും വര്‍ധിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍. പ്രശസ്തി ആഗ്രഹിക്കാതെയാണ് മഹാന്‍ ജീവിച്ചത്. മഹാനവര്‍കളെ ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ ഇന്നും അനുസ്മരിക്കുന്നത് അവരുടെ താഴ്മയുടെയും നിറഞ്ഞ ഭക്തിയുടെയും ഓര്‍മയിലാണ്. ദര്‍സില്‍ നിന്ന് വീട്ടിലേക്കും തിരിച്ചും ഖുത്വുബ നിര്‍വഹിക്കാനും പോയിരുന്നത് കാല്‍നടയായിട്ടായിരുന്നു. വാഹനങ്ങള്‍ വ്യാപകമാവാത്ത കാലമായിരുന്നു അത്. ഉന്നതരായ പല ശിഷ്യരും പരിസര പ്രദേശങ്ങളിലെ ഖാസിമാരും മുദരിസുമാരുമായിരുന്നു. എങ്കിലും സ്ഥാനമാനങ്ങളില്‍ നിന്നും ഒഴിഞ്ഞുകഴിയാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ഗ്രന്ഥരചന എന്നതിലപ്പുറം തഅ്‌ലീഖാത്തുകള്‍ ചേര്‍ത്ത് കിതാബുകള്‍ നന്നാക്കാനാണ് ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ സമയം ചിലവഴിച്ചത്. ഉസ്താദിന്റെ മഹല്ലി, ഫത്ഹുല്‍ മുഈന്‍ എന്നിവ പ്രസിദ്ധമാണ്. ഫത്ഹുല്‍ മുഈന്‍ സി.എച്ച്. മുഹമ്മദ് കുട്ടി ആന്റ് സണ്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫത്ഹുല്‍ മുഈനിന്റെ പ്രമുഖ ഹാശിയകളിലൊന്നാണ് ഫത്ഹുല്‍ മുല്‍ഹിം. ക്രസന്റ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. കെ.കെ. ഹസ്‌റത്ത്, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് തയാറാക്കിയത്.
വാര്‍ദ്ധക്യകാലത്ത് വഫാത്തിന്റെ അഞ്ചുവര്‍ഷം മുമ്പ് ഭാര്യ മരണപ്പെട്ടു. ബീരാന്‍കുട്ടി മുസ്‌ലിയാര്‍ മാനസികമായി ഏറെ വിഷമിച്ചു. 80 ാം വയസ്സില്‍ ജ്യേഷ്ഠന്റെ വിധവയെ വിവാഹം കഴിക്കുകയായിരുന്നു. തന്നെ സന്ദര്‍ശിക്കാന്‍ വരുന്നവരോട് അദ്ദേഹം പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു: ''ജമാഅത്ത് നിസ്‌കാരം മുടങ്ങാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ഒരു നേരം മാത്രം പള്ളിയില്‍ പോകുന്നു. ളുഹ്‌റിന്. മറ്റുസമയങ്ങളില്‍ എനിക്കു ജമാഅത്തിന് ആളു വേണം. സ്വന്തം ഭാര്യക്കോ മറ്റോ ജമാഅത്ത് കിട്ടുമെങ്കില്‍ വീട്ടില്‍ നിന്നു നിസ്‌കരിച്ചാലും ജമാഅത്തിന്റെ പ്രതിഫലം കിട്ടുമെന്നു മാത്രമല്ല, അത്തരം സന്ദര്‍ഭങ്ങില്‍ അത് ഉത്തമമാണെന്നും ഫുഖഹാക്കള്‍ പറഞ്ഞിട്ടുണ്ട്.''
പള്ളിയില്‍ പോകാന്‍ സാധിക്കാത്ത അവസരത്തിലും കഷ്ടപ്പെട്ട് ളുഹ്‌റിന് പള്ളിയെലെത്താനുള്ള കാരണം ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ വിവരിക്കുന്നത് ഇല്‍മിനോടുള്ള പ്രതിബദ്ധത വരച്ചുകാണിക്കുന്നു:
''തൊട്ടടുത്ത പള്ളിയിലെ മുദരിസ് ചില ഉയര്‍ന്ന കിതാബ് തന്റെ അടുത്തുനിന്ന്് പഠിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാണ് ളുഹ്‌റിന് പള്ളിയില്‍ പോകുന്നത്. ക്ഷീണവും വിഷമവുമുണ്ടെങ്കിലും കുറച്ച് സമയമെങ്കിലും ഇല്‍മിന് ഖിദ്മത്ത്് ചെയ്യാതെ ഒരു ദിവസവും കഴിഞ്ഞു പോകരുതെന്ന വിചാരത്തിലാണു ഞാന്‍ പള്ളിയില്‍ പോകുന്നത്. അല്ലാഹു എനിക്കാ വിഷയത്തില്‍ വലിയ നിഅ്മത്തു ചെയ്തു തന്നിരിക്കുന്നു. ഒരു ദിവസമെങ്കിലും എന്റെ ഇല്‍മ് ഉപകാരപ്പെടുത്താതെ പോയിട്ടില്ല.''
1986 നവംബര്‍ 16 ബുധനാഴ്ച രാത്രി 1.10 നാണ് (ഹിജ്‌റ 1406 റബീഉല്‍ അവ്വല്‍ 23) ആ ധന്യജീവിതം അവസാനിച്ചത്. വ്യാഴാഴ്ച 3 മണിക്ക് നിറമരുതൂര്‍ പത്തമ്പാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. നിരവധി പണ്ഡിതരുടെയും ഇഷ്ട ജനങ്ങളുടെയും സാന്നിധ്യത്തില്‍ ആ പുണ്യമേനി മണ്‍മറഞ്ഞപ്പോള്‍ വിജ്ഞാനത്തിന്റെ കലവറയാണ് കൊട്ടിയടക്കപ്പെട്ടത്. അരുമ ശിഷ്യന്‍ ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്‌ലിയാരാണ് അന്ത്യകര്‍മങ്ങള്‍ക്ക് മുന്നില്‍ നിന്നത്. പത്തമ്പാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാന്റെ മണല്‍തരികള്‍ ആ പുണ്യ ശരീരം ഏറ്റുവാങ്ങിയപ്പോള്‍ ശിഷ്യവൃന്ദത്തിനും ഇഷ്ടജനങ്ങള്‍ക്കും അത് താങ്ങാവുന്നതിലപ്പുറമായിരുന്നു.

Post a Comment

Previous Post Next Post