• അസ്വ്‌ലഹി ആരിഫ് ഹുദവി പുതുപ്പള്ളി

ഒരു പുരുഷായുസ്സു മുഴുവന്‍ ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിച്ച ത്യാഗീവര്യനായിരുന്നു പാങ്ങില്‍ അഹ്്മദ് കുട്ടി മുല്ലവി. യശോധവളിമയാര്‍ന്ന ജീവിതവിശുദ്ധികൊണ്ട് തന്റെ തലമുറക്ക് പ്രകാശം ചൊരിയുകയും വരും തലമുറകള്‍ക്ക് ദീപ്തമായ പാന്ഥാവ് ഒരുക്കിക്കൊടുക്കുകയും ചെയ്തു. കേരളനാട്ടിലെ ഇസ്്‌ലാമിക നവജാഗരണത്തിന് കളമൊരുക്കിയ പാങ്ങിലുസ്താദിന്റെ വംശാവലി ചെന്നെത്തുന്നത് ഈ തീരത്തേക്ക് പ്രബോധനത്തിന്റെ വെളിച്ചവുമായി കടന്നുവന്ന ഹബീബ്‌നുമാലിക്കിലേക്കാണ്.
കേരളീയ മുസ്‌ലിംകളുടെ വൈജ്ഞാനിക പ്രാസ്ഥാനിക മതകീയ ആത്മീയ നഭോമണ്ഡത്തില്‍ ശുക്രനക്ഷത്രമായി അഹ്മദ് മുല്ലവി 1888 ജൂണ്‍ 21, 1305 ശവ്വാല്‍ 11 വെള്ളിയാഴ്ച പാങ്ങിലില്‍ ജന്മം കൊണ്ടു. പിതാവ് നൂറുദ്ദീന്‍ മകന്‍ അബ്ദുറഹ്മാന്‍ മകന്‍ നൂറുദ്ദീനാണ് പിതാവ്. ആറംങ്കോട്ടു നിന്നും പുത്തന്‍ പീടികയിലേക്ക് താമസം മാറ്റിയത് കൊണ്ട് ആറംങ്കോട് പുത്തന്‍ പീടികക്കാര്‍ എന്നാണ് ഈ പരമ്പരയെ വിളിക്കുന്നത്. മാതാവ് പഴമടത്തില്‍ മൊയ്തീന്‍ മകള്‍ തിത്തിക്കുട്ടി. പിതൃസ്വത്തായി കിട്ടിയ വിശാലമായ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കുന്ന മത ഭക്തനായിരുന്നു നൂറുദ്ദീന്‍. ഐശ്വര്യം വിളയാടുന്ന വയലേലകള്‍ സാമ്പത്തിക ഭദ്രത നല്‍കിയിരുന്നു.
പച്ചവിരിച്ച നെല്‍പാടങ്ങളും ജലധാരകളും കൊച്ചു തോടുകളും നിറഞ്ഞ കൃഷിയിടങ്ങളിലെ ജീവിതം നൂറുദ്ദീനെ തികഞ്ഞ മതഭക്തനെന്നതോടൊപ്പം മികച്ച കര്‍ഷകനുമാക്കി. കൃഷിയിറക്കലും വിളവെടുപ്പുമായി തിരക്കു പിടിച്ച ഭൗതിക ജീവിതത്തിനൊപ്പം മാലയും മൗലിദും മന്ത്രവുമെല്ലാം നിറഞ്ഞ ആത്മീയാന്തരീക്ഷത്തിലാണ് കൊച്ചു അഹ്മദ് വളര്‍ന്നത്. വീട്ടില്‍ വെച്ച് തന്നെ അറബി അക്ഷരങ്ങള്‍ കണ്ടും കേട്ടും വായിച്ചു ശീലിച്ചു. ബാല്യത്തില്‍ കൊച്ചു സൂറത്തില്‍ നിന്ന് തുടങ്ങിയ മനഃപാഠമാക്കല്‍ 7 വയസ്സിനുള്ളില്‍ പൂര്‍ണമാക്കി. പിന്നെ നാട്ടിലെ ദര്‍സില്‍ കൂട്ടുകാര്‍ക്കൊപ്പം ഓതാന്‍ തുടങ്ങി. പതിനാലാം വയസ്സുവരെ പാങ്ങിലെ പള്ളി തന്നെയായിരുന്നു  ആ വിജ്ഞാന കുതുകിക്ക് മധുമലര്‍.
ഒരിക്കല്‍ ജീവിതം വഴിതിരിഞ്ഞു. നിനച്ചിരിക്കാതെ വയലിലെ പണിക്കാര്‍ക്കുള്ള ഭക്ഷണവുമായി വരുമ്പോള്‍ കാല്‍ വഴുതി പാത്രം നിലത്ത് വീണു. ഭക്ഷണം മുഴുവന്‍ തൂവിപ്പോയി. പരിഭ്രാന്തനായ ആ ബാലന്‍ പിതാവിനെ അഭിമുഖീകരിക്കാതിരിക്കാന്‍ രക്ഷപ്പെട്ടത് കാനാഞ്ചേരി ദര്‍സിലേക്കായിരുന്നു. ഒരു പ്രയാണം അവിടെ ആരംഭിക്കുകയായിരുന്നു.
അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജീവിതം പിന്നീട് വിജ്ഞാനതീര്‍ത്ഥം തേടിയായിരുന്നു. അറിവിന്റെ ആഴിയില്‍ നിന്ന് ദാഹം തീര്‍ക്കാന്‍ ആര്‍ദ്രമായ മനസ്സുമായി ഉന്നതമായ ദര്‍സുകള്‍ തേടി അദ്ദേഹമിറങ്ങി. ഇല്‍മിന്റെ അടിത്തറ ഹൃദയത്തില്‍ പാകിയ കാനാഞ്ചേരിയിലെ ഉസ്താദ് മമൂട്ടി മുസ്‌ലിയാര്‍ സര്‍വ്വ ആശീര്‍വാദങ്ങളും നേര്‍ന്നു. യാത്രധ്യേയെത്തിയത് പാണ്ഡിത്യത്തിന്റെ മഹാമേരുവിന് മുമ്പിലായിരുന്നു. ശൈഖ് അലിയ്യുത്തൂരി, ചെറുപ്പക്കാരനായ വിദ്യാര്‍ത്ഥി ആ സന്നിധിയില്‍ ആദരവോടെ നിന്നു. അറിവിന്റെ വിസ്മയ ലോകം മലര്‍ക്കെ തുറക്കപ്പെട്ടു. അദ്ധ്യാപകനെ അത്ഭുതപ്പെടുത്തും വിധം ആ ശിഷ്യന്‍ വിജ്ഞാനമൂറ്റി. കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍ എന്ന ശൈഖ് അലിയ്യൂത്തൂരി തന്റെ ശിഷ്യന്റെ ശോഭന ഭാവിക്ക് വേണ്ടി മനം തുറന്ന് പ്രാര്‍ത്ഥിച്ചു.
അദമ്യമായ മോഹത്തോടെ ആ ചെറുപ്പക്കാരന്‍ പണ്ഡിത ജ്യോതിസ്സായ കരിമ്പനക്കല്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ സമീപിച്ചു. വിവിധ മേഖലകളിലെ പല ഗ്രന്ഥങ്ങളിലും അഗാധമായ പ്രാവീണ്യം നേടിയ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ഉസ്താദുമാരുടെ അനുഗ്രഹാശിസ്സുകളോടെ മത വിദ്യാഭ്യാസത്തിന്റെ ഉന്നത കലാലയമായ ബാഖിയാതു സ്വാലിഹാത്തിന്റെ കവാടം കടന്നുചെന്നു.
വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ആഹാര വസ്ത്ര ധാരണാ ശൈലികള്‍ വ്യത്യാസമുള്ളവര്‍ ഒരേ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കാഴ്ച സുമ്മോഹനമായിരുന്നു പാങ്ങ്കാരന്‍ അഹ്മദ് കുട്ടി എന്ന യുവ പണ്ഡിതന്‍ പുതിയ ചുറ്റുപാടില്‍ നിന്ന് ഏറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു. തമിഴ് കേട്ടു പഠിച്ചു, ഉര്‍ദു ഭാഷ കൈകാര്യം ചെയ്യാന്‍ പഠിച്ചു. ഉര്‍ദു പത്രങ്ങളും പുസ്തകങ്ങളും വായിച്ചു. രാപ്പകലുകള്‍ ഭേദമന്യേ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തു. പഠന പ്രവര്‍ത്തനത്തിലേക്ക് പരിവര്‍ത്തനം ചെയ്തു ധാരാളം ബൈത്തുകള്‍ ചൊല്ലിപ്പഠിച്ചു. സ്വന്തമായി വരികളെഴുതി ആ യുവാവില്‍ ഒരു കവി വളര്‍ന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു. പ്രിയപ്പെട്ട ബാഖിയാത്തിനോട് ബിരുദമെടുത്ത് വിടപറഞ്ഞു. പിന്നീട് ലതീഫിയ്യാ മദ്രസയിലെ അവിസ്മരണീയ ദിനങ്ങളായിരുന്നു. മുഹമ്മദ് ഹുസൈന്‍ എന്ന ഫാരിസ് ഖാന്റെ ഹദീസ് പഠന ക്ലാസുകളും വിശാലമായ വിതാനം തുറന്നു കൊടുത്തു. ഒരു പൂര്‍ണ പണ്ഡിതനായി 1912 ല്‍ പാങ്ങുകാരന്‍ അഹ്മദ് മുസ്‌ലിയാര്‍ നാട്ടിലേക്ക് മടങ്ങി.
കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍
കരിമ്പന എന്ന ചുരുക്കപ്പേരില്‍ പണ്ഡിതര്‍ക്കിടെ പരക്കെ അറിയപ്പെട്ടിരുന്ന അഹ്മദ് മുസ്‌ലിയാര്‍ സമസ്ത രൂപീകരണ കാലത്തെ പ്രമുഖ പണ്ഡിതന്മാരിലൊരാളാണ്. നിരവധി പണ്ഡിതര്‍ക്ക് ജന്മം നല്‍കിയ കരിമ്പനക്കല്‍ തറവാട്ടില്‍ ഹി. 1295 ലായിരുന്നു ജനനം. മണ്ണാര്‍ക്കാട് ജുമാ മസ്ജിദിലെ പ്രാഥമിക പഠനത്തിന് ശേഷം പൊന്നാനിയിലെത്തി വെളിയംങ്കോട് തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാര്‍, മഖ്ദൂം പുതിയകത്ത് കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍, അഞ്ചരക്കണ്ടി അഹ്മദ് മുസ്‌ലിയാര്‍ എന്നീ പ്രതിഭാശാലികളില്‍ നിന്നും അറിവ് നുകര്‍ന്നു. ഉന്നത പഠനത്തിനായി ഹി. 1321ല്‍ വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തിലെത്തുകയും മൂന്നുവര്‍ഷക്കാലത്തെ പഠനസപര്യക്കു ശേഷം ബിരുദമെടുത്ത് സമൂഹമധ്യത്തിലേക്കിറങ്ങുകയും ചെയ്തു. മലബാറിലെ രണ്ടാമത്തെ ബാഖവി ബിരുദധാരിയാണ് ഇദ്ദേഹം.
മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂം, തിരൂരങ്ങാടി നടുവിലെ പള്ളി, കോഴിക്കോട് മുദാക്കര പള്ളി, കാപ്പ് ജുമാമസ്ജിദ് തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസായി. ഒട്ടനേകം ശിഷ്യന്മാരുണ്ട് :- പാങ്ങിലുസ്താദ്, അരിപ്ര മൊയ്തീന്‍ ഹാജി, കുന്നുപ്പള്ളി ഹൈദര്‍ മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് ഉര്‍ദു കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍ ഇവരില്‍ പെട്ടവരാണ്. 1931ലെ സമസ്ത അഞ്ചാം വാര്‍ഷികം വെള്ളിയഞ്ചേരിയില്‍ സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അധ്യക്ഷന്‍ മഹാനായിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചു കൂട്ടിയ മണ്ണാര്‍ക്കാട് പള്ളിയില്‍ വെച്ചു തന്നെയായിരുന്നു അന്ത്യം. തന്റെ 59ാം വയസ്സില്‍ ഹി. 1352 ല്‍ ആണ് വഫാത്താവുന്നത്.
അലി മുസ്‌ലിയാര്‍ കട്ടിലശ്ശേരി
1260/1850ല്‍ മലപ്പുറം ജില്ലയിലെ കൊളത്തൂരില്‍ ആക്കത്തൊടിക തറവാട്ടില്‍ ജനിച്ചു. പിതാവ് മണ്ണല്‍തൊടിക മൊയ്തു മുസ്‌ലിയാര്‍ എന്ന മുഹ്‌യിദ്ധീനി ബ്ന്‍ അലിയ്യുത്തൂരി. ചെറുപ്പത്തില്‍ പിതാവ് മരിച്ചതിനെത്തുടര്‍ന്ന് ഉമ്മ ഫാത്വിമയുടെ നാടായ കട്ടിലശ്ശേരിയിലേക്ക് പോവുകയും അവിടെ വെച്ച് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്തു. കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹം കൃഷി ജോലിയുപേക്ഷിച്ച് ചെറിയ അമ്മാവനോടൊപ്പം ഒളിച്ചോടി പൊന്നാനി പള്ളിയിലെത്തി. അവസാനത്തെ സൈനുദ്ധീന്‍ മഖ്ദൂമിന്റെയും പൊന്നാനി വലിയ ബാവ മുസ്‌ലിയാരുടെയും ചെറിയ ബാവ മുസ്‌ലിയാരുടെയും കീഴില്‍ വിദ്യാഭ്യാസം നേടി. തുടര്‍ന്ന് ഹജ്ജിന് പോവുകയും ഹജ്ജ് കഴിഞ്ഞ് മക്കയില്‍ തന്നെ താമസിച്ച അഹ്മദ് സൈനീ ദഹ്‌ലാന്‍, മുഹമ്മദ് ഹസ്ബുല്ലാഹില്‍ മക്കി തുടങ്ങിയവരുടെ കീഴില്‍ പഠനം തുടരുകയും ചെയ്തു. ഏഴു വര്‍ഷം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തി പൊന്നാനിയില്‍ മുദരിസായി സ്ഥാനമേറ്റു. പുളിക്കല്‍, വറ്റലൂര്‍, കരിഞ്ചാപ്പാടി പള്ളികളിലും ദര്‍സ് നടത്തിയിട്ടുണ്ട്. യൂസുഫുല്‍ ഫള്ഫരി, മുഹ്‌യിദ്ദീന്‍ ഹാജി, പാങ്ങിലുസ്താദ് തുടങ്ങിയവര്‍ ശിഷ്യന്മാരാണ്. മുന്ന് വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിലെ സന്താനമാണ് ഖിലാഫത്ത് പ്രസ്ഥാന നേതാവായ കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍. 1334 റജബ് 26/1916ല്‍ നിര്യാതനായി. കരിഞ്ചാപ്പാടി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ്‌ചെയ്തു.
മടത്തൊടിയില്‍ കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍
മുസ്‌ലിം കൈരളിക്ക് ഒട്ടേറെ ഉലമാക്കളെ സംഭാവന ചെയ്ത ഫള്ഫരി കുടുംബത്തിലാണ് ജനനം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യയില്‍ നിന്നാണ് ഈ കുടുംബം മലബാറിലെത്തിയത്. ചാലിയത്ത് നിന്ന് തിരൂരങ്ങാടിയിലെത്തിയ കുടുംബത്തിലെ പ്രമുഖനായ ഒരു പണ്ഡിതനെ ബ്രാഹ്മണ നാടുവാഴികളില്‍പെട്ട ഒരാള്‍ മങ്കട പള്ളിപ്പുറത്തേക്ക് ക്ഷണിക്കുകയുണ്ടായി. ഏകദേശം മുന്നൂറോളം വര്‍ഷം മുമ്പായിരുന്നു ഇത്. അവരുടെ ക്ഷണപ്രകാരം പള്ളിപ്പുറത്തെത്തിയ പ്രസ്തുത പണ്ഡിതന്‍ അവിടെ കുന്നുമ്മല്‍ എന്ന സ്ഥലത്ത് താമസമാക്കി പിന്നീട് കുടുംബത്തിലെ ഒരംഗം കുന്നുമ്മല്‍ നിന്ന് പള്ളിപ്പുറം പുഴക്കരയില്‍ മടത്തൊടി എന്ന സ്ഥലത്തേക്ക് താമസം മാറ്റി. ഈ കുടുംബത്തിലെ പ്രസിദ്ധനായ സൂഫീ വര്യന്‍ സൂപ്പി അവര്‍കളുടെ മകന്‍ മുഹ്‌യിദ്ധീന്‍ എന്നവരുടെ മകനായി ഹി. 1293ല്‍ ജനനം. പിതൃവ്യനായ യൂസുഫുല്‍ ഫള്ഫരിയുടെ അടുക്കല്‍ നിന്നായിരുന്നു പ്രാഥമിക പഠനം. ശേഷം പൊന്നാനി ജുമുഅത്ത് പള്ളിയിലേക്ക് യാത്രയാവുകയും അവിടെ പൊന്നാനി കുഞ്ഞന്‍ ബാവ മുസ്‌ലിയാരുടെയും തുറശ വീട്ടില്‍ മുഹമ്മദ് മൗലവിയുടെയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. വെല്ലൂരിലെ ലത്വീഫിയ്യയില്‍ നിന്ന് സനദെടുത്തിറങ്ങി മുള്ള്യാകുര്‍ശി, ചെമ്മങ്കടവ്, തോഴന്നൂര്‍, പെരിമ്പലം എന്നീ ജുമുഅത്ത് പള്ളികളില്‍ ദര്‍സ് നടത്തുകയും ചെയ്തിട്ടുണ്ട്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി പോലോത്ത നിപുണരായ ഒട്ടനവധി ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ മഹാനവര്‍കള്‍ക്ക് സാധിച്ചു. നെല്ലിക്കുത്തിലെ കോട്ടകത്ത് തറവാട്ടിലെ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ മകളെ വിവാഹം കഴിച്ചതില്‍ 3 ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ജനിച്ചു. മറ്റൊരു വിവാഹം കഴിച്ചതില്‍ ഒരാണും 2 പെണ്ണുമടക്കം മൂന്നുമക്കളുണ്ടായിരുന്നു. മുഹമ്മദ് മൗലവി, മുഹ്‌യിദ്ധീന്‍ മൗലവി, വെല്ലൂര്‍ ബാഖിയാത്ത് പ്രിന്‍സിപ്പളായിരുന്ന കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ മക്കളാണ്. ഹിജ്‌റ 1358 ദുല്‍ഹിജ്ജ 20ന് വഫാത്തായി. പടിഞ്ഞാറ്റുറി ജുമുഅത്ത് പള്ളിയില്‍ മറമാടപ്പെട്ടു.
അധ്യാപനം
കേരളത്തില്‍ നിലവിലുള്ള മുഴുവന്‍ പണ്ഡിതരിലേക്കും പ്രസരണം ചെയ്യുന്ന അറിവിന്റെ ഒരു ഭാഗം അവകാശപ്പെടാന്‍ പറ്റുന്ന തരത്തില്‍ വിശാലമായ ശിഷ്യ സമ്പത്തിനെ തന്റെ അധ്യാപക ജീവിതത്തിലൂടെ നേടിയെടുത്ത മഹദ് വ്യക്തിത്വമാണ് പാങ്ങിലുസ്താദ്. 
1912ല്‍ ബാഖവി ബിരുദമെടുത്ത ശേഷം പാങ്ങ് ജുമാ മസ്ജിദ്, മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം ദര്‍സ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം ദര്‍സ് എന്നിവിടങ്ങളിലെ 32 വര്‍ഷം നീണ്ടു നിന്ന അധ്യാപന കാലഘട്ടം നിരവധി നിര്‍ണായക സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. പുരോഗമന പരമായ ചിന്തയിലൂടെ അധ്യാപന വൃത്തിക്ക് മാറ്റ് കൂട്ടിയ തനിക്ക് കിട്ടിയ ഫലം ഇന്നും ലക്ഷങ്ങളിലൂടെ പകര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന അറിവിന്റെ ശൃംഖലയാണ്. തന്റെ അതേ ശൈലി അനുധാവനം ചെയ്ത ശിഷ്യന്‍ താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍ മുതല്‍ കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഫള്ഫരി, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍, വെള്ളിയാമ്പുറം സൈദലവി മുസ്‌ലിയാര്‍, ഓമച്ചപ്പുഴ അബൂബക്കര്‍ കുട്ടി മുസ്‌ലിയാര്‍ പ്രശസ്തരും അപ്രശസ്തരുമായ അനവധി ശിഷ്യന്മാരിലൂടെയാണ് പിന്നീടങ്ങോട്ട് കേരളത്തില്‍ വിജ്ഞാനത്തിന്റെ കൈമാറ്റം നടന്നത്. ഇത് വ്യക്തമാക്കാന്‍ താഴെ ശിഷ്യമാരെയും അവരുടെ ശിഷ്യന്മാരെയും നമുക്കൊന്ന് അപഗ്രഹിക്കാം.
കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍
വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടിയ പ്രതിഭാശാലിയാണ് കാപ്പാട് കുഞ്ഞമ്മദ് മുസ്‌ലിയാര്‍. അധ്യാപകനും നാട്ടുവൈദ്യനുമായിരുന്ന മമ്മൂട്ടി മൊല്ലയുടെ പുത്രനായി ഹിജ്‌റ 1313ല്‍ ഷൊര്‍ണ്ണൂരിനടുത്ത് പല്ലൂരില്‍ ജനിച്ചു. പ്രസിദ്ധ വിഷവൈദ്യനായ പിതാവില്‍ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്നും കരിമ്പനക്കല്‍ പോക്കര്‍ മൂസ്‌ലിയാരുടെ ശിക്ഷണത്തില്‍ പുതിയങ്ങാടി ദര്‍സിലും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ശിക്ഷണത്തില്‍ മണ്ണാര്‍ക്കാട് ദര്‍സിലും പഠനം നടത്തി. ചെമ്മങ്കുഴി മസ്ജിദില്‍ മുദരിസായി ഒമ്പതുവര്‍ഷം സേവനമനുഷ്ഠിച്ചു. പിന്നീട് 20 വര്‍ഷം കാപ്പാട് പള്ളിയില്‍ മുദരിസായിരുന്നു. ഇടക്കാലത്ത് പട്‌നയില്‍ ദര്‍സ് നടത്തുകയും വീണ്ടും കാപ്പാട് തന്നെ സ്ഥാനമേല്‍ക്കുകയും ചെയ്തു. കാപ്പാടിലെ സേവനദൈര്‍ഘ്യം കാരണം കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്ന പേരില്‍ പ്രസിദ്ധനായി.
എ.കെ കുഞ്ഞമ്മൂട്ടി മുസ്‌ലിയാര്‍, ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്, ഒ.കെ സൈനുദ്ദീന്‍ മുസ്‌ലിയാര്‍, അണ്ടോണ അബ്ദുള്ള മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, കാപ്പാട് ഖാളി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍, കരിങ്ങനാട് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രമുഖ ശിഷ്യന്മാരാണ്.
സമസ്ത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നിരതനായിരുന്ന കാരണത്താല്‍ ഒട്ടേറെ പ്രയാസങ്ങള്‍ സഹിക്കേണ്ടതായി വന്നു. ഓത്തുപള്ളികള്‍ വ്യവസ്ഥാപിതമായി നടത്തുന്നതിനായി അംഗീകരിപ്പിക്കുന്നതിനും ആവശ്യമായ പ്രദേശങ്ങളില്‍ മദ്രസ്സകള്‍ സ്ഥാപിക്കുന്നതിനും അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഹിജ്‌റ 1378ല്‍ വഫാത്താവുകയും കാപ്പാട് മസ്ജിദില്‍ മറമാടപ്പെടുകയും ചെയ്തു.
താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍
പാലക്കാട് ജില്ലയിലെ അലനല്ലൂര്‍ മുതുകുറ്റി കുടുംബത്തില്‍ പാലവണ്ണ വീട്ടില്‍ വീരാന്‍ സാഹിബിന്റെ പുത്രനായി ഹിജ്‌റ 1310ലാണ് കുഞ്ഞലവി മുസ്‌ലിയാര്‍ ജനിച്ചത്. മാതാപിതാക്കളുടെ ആത്മീയ ശിഷ്യണത്തില്‍ വളര്‍ന്ന അദ്ദേഹം സ്വന്തം നാട്ടില്‍ തന്നെയാണ് പ്രാഥമിക പഠനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് കളത്തില്‍ അലവി മുസ്‌ലിയാരുടെ താഴെക്കോട് ജുമാ മസ്ജിദില്‍ ദര്‍സില്‍ ചേര്‍ന്നു. ശേഷം വെള്ളിയഞ്ചേരി ദര്‍സില്‍ ചേര്‍ന്നു. ആമ്പലവന്‍ മൊയ്തീന്‍ കുട്ടി മുസ്‌ലിയാരായിരുന്നു ഉസ്താദ്. പിന്നീട് ഉപരിപഠനത്തിന് വേണ്ടി മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂമിലെത്തി. പാങ്ങിലുസ്താദായിരുന്നു അവിടെ ഗുരുനാഥന്‍. ശേഷം വാഴക്കാട് ദാറുല്‍ ഉലൂമില്‍ ചേര്‍ന്ന് അബ്ദുല്‍ അസീസ് വേലൂരിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഹദീസ്, തഫ്‌സീര്‍ വിഷയങ്ങളില്‍ അവഗാഹം നേടിയ മഹാനവര്‍കള്‍ ഉസ്താദിന്റെ സമ്മത പ്രകാരം അദ്ധ്യാപന രംഗത്തേക്ക് പ്രവേശിച്ചു.
മണ്ണാര്‍ക്കാടിനടുത്ത് കുമരംപുത്തൂരിലാണ് ആദ്യമായി ദര്‍സേറ്റെടുക്കുന്നത്. ഹിജ്‌റ 1338-41 വരെ അവിടെ സേവനമനുഷ്ഠിച്ചു. ശേഷം 1377 വരെയുള്ള നീണ്ട കാലയളവ് താഴെക്കോട് പള്ളിയില്‍ മുദരിസായി. 1377ല്‍ അദ്ദേഹം വീണ്ടും കുമരം പുത്തൂരില്‍ ദര്‍സ് തുടങ്ങി. ഈ സന്ദര്‍ഭത്തിലാണ് പട്ടിക്കാട് ജാമിഅഃ നൂരിയ്യ എന്ന മഹല്‍ സ്ഥാപനത്തിന് മര്‍ഹും ബാപ്പുഹാജിയുടെ നേതൃത്വത്തില്‍ ശ്രമമാരംഭിക്കുന്നത്. പട്ടിക്കാട് റഹ്മാനിയ്യ മസ്ജിദില്‍ കാലങ്ങളായി നടന്ന് വന്നിരുന്ന ദര്‍സാണ് പിന്നീട് ജാമിഅഃ അറബിക് കോളേജായി ഉയര്‍ന്നത്. ജാമിഅഃയിലെ പ്രഥമ പ്രിന്‍സിപ്പാളാവാന്‍ (സ്വദര്‍ മുദരിസ്) ഭാഗ്യം സിദ്ധിച്ചത് മഹാനവര്‍ക്കായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ശാരീരികാസ്വാസ്ഥ്യം മൂലം അദ്ദേഹം തല്‍സ്ഥാനത്ത് നിന്നും വിരമിച്ചു. രോഗം ഭേദമായപ്പോള്‍ വീണ്ടും താഴെക്കാട് ദര്‍സേറ്റെടുത്ത് സേവനമനം തുടര്‍ന്നു.
ദീര്‍ഘകാലം പെരിന്തല്‍മണ്ണ ഖാളിയായിരുന്നു. സമ്പത്തും അറിവും ഒത്തുചേര്‍ന്നിരുന്നു. മഹാന്‍ വിനയത്തിന്റെയും താഴ്മയുടെയും അടയാളമായിരുന്നു. ഫിഖ്ഹ്, തസ്വവ്വുഫ്, ഖിബ്‌ല ശാസ്ത്രം, ഫല്‍സഫ, മന്‍ത്വിഖ് തുടങ്ങിയ അനവധി വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. താഴെക്കോട് ചോലുമുഖത്ത് മരക്കാര്‍ഹാജി സാഹിബിന്റെ പുത്രി പാത്തൂട്ടിയാണ് കുഞ്ഞലവി മുസ്‌ലിയാരുടെ പ്രഥമ പത്‌നി. മുഹമ്മദ് കുഞ്ഞാലി, ഖദീജ, ആയിശ എന്നീ സന്തതികള്‍ ആ ദമ്പതികള്‍ക്കുണ്ടായി. 1386ല്‍ പ്രിയതമ മരണപ്പെട്ടപ്പോള്‍ അവരുടെ സഹോദരി ഫാത്വിമയെ വിവാഹം ചെയ്തു. 
കിടങ്ങയം ഇബ്രാഹീം മുസ്‌ലിയാര്‍, കാരാട്ടു തൊടി മൊയ്തൂട്ടി മുസ്‌ലിയാര്‍, ചോലുമുഖത്ത് മരക്കാര്‍ മുസ്‌ലിയാര്‍, അമ്പാട്ടു പറമ്പില്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍, താഴെക്കോട് അലവി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കുമരം പുത്തൂര്‍ മാഹിന്‍ കുട്ടി മുസ്‌ലിയാര്‍, വണ്ടൂര്‍ ആലിക്കുട്ടി എന്ന ചെറീത് മുസ്‌ലിയാര്‍, വളപുരം കുട്ടാമു മുസ്‌ലിയാര്‍, വടക്കാങ്ങര അഹ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. ഹിജ്‌റ 1391 ജമാദുല്‍ അവ്വല്‍ 24ന് ഞായറാഴ്ച മഹാന്‍ വഫാത്തായി. അലനല്ലൂര്‍ പള്ളിയുടെ വടക്കു വശത്താണ് അദ്ദേഹത്തിന്റെ ഖബറുള്ളത്. ജാമിഅഃയുടെ ആദ്യകാല സന്തതികള്‍ ശിഷ്യന്‍മാരായിരുന്നു.

അബ്ദുല്‍ ഖാദര്‍ ഫള്ഫരി
1313/1895 ല്‍ മലപ്പുറം ജില്ലയിലെ മങ്കടക്കടുത്ത് മടത്തൊടിയില്‍ ജനിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറേബ്യയില്‍ നിന്ന് ചാലിയത്ത് കുടിയേറി പാര്‍ത്തവരാണ് അദ്ദേഹത്തിന്റെ പൂര്‍വ്വീകര്‍. ഇവര്‍ പിന്നീട് യറമക്കത്തറവാട്ടുകാര്‍ എന്ന പേരിലറിയപ്പട്ടു. പിതാവ് പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍. മാതാവ് മറ്റത്തൂര്‍ മടത്തില്‍ അവറാന്‍ മുസ്‌ലിയാരുടെ മകള്‍ കുഞ്ഞി ഫാത്തിമ ഖദീജ. പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ വെച്ച് പിതാവില്‍ നിന്ന് നേടി. പിന്നീട് പിതാവിന്റെ കീഴില്‍ തന്നെ പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാകുര്‍ശി, മലപ്പുറം, വാഴക്കാട് എന്നിവിടങ്ങളിലെ പള്ളി ദര്‍സുകളില്‍ പഠിച്ച് ഖുര്‍ആന്‍, അറബി ഭാഷ, ഫിഖ്ഹ് എന്നിവയില്‍ പ്രാവീണ്യം നേടി. അല്ലാമാ മുഹമ്മദ് ബ്‌നു മുഹ്‌യുദ്ദീന്‍ മൗലവി കാപ്പാട്, പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നാല് വര്‍ഷം പഠിച്ചു. അഹ്മദ് ആലിം സാഹിബില്‍ നിന്ന് രിസാലത്തുല്‍ മാരദീന്‍ അഭ്യസിച്ചത്. മാതൃഭാഷക്ക് പുറമെ അറബി, ഉര്‍ദു, പേര്‍ഷ്യന്‍, തമിഴ് എന്നീ ഭാഷകളില്‍ പരിജ്ഞാനമുണ്ടായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ കവി, എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 
തഞ്ചാവൂരിനടുത്ത രാജഗിരിയിലെ ഖാസിമിയ്യ മദ്രസ, പള്ളിപ്പുറം ജുമുഅത്ത് പള്ളി, തമിഴ്‌നാട് മഹ്മൂദ് ബന്ദറിലെ അല്‍-മദ്‌റസത്തുല്‍ ഖാദിരിയ്യ, തിരൂരങ്ങാടി, മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂം, വാഴക്കാട് ദാറുല്‍ ഉലൂം എന്നിവിടങ്ങളില്‍ മുദരിസായി ജോലി ചെയ്തു. പൂന്താവനം എന്‍ അബ്ദുള്ള മുസ്‌ലിയാര്‍, നെല്ലിക്കുത്ത് ഹുസൈന്‍ ഹാജി എന്നിവര്‍ പ്രമുഖ ശിഷ്യന്മാരാണ്. 1363 റജബ് 17/1944 ന് മരിച്ചു. പടിഞ്ഞാറ്റു മുറി പെരിമ്പലം ജുമുഅത്ത് പള്ളി പരിസരത്ത് ഖബറടക്കി. രണ്ട് ഭാര്യമാരിലായി 7 മക്കളുണ്ട്.
കൃതികള്‍: ജവാഹിറുല്‍ അശ്ആര്‍, സുഅ്‌ല് സ്വിബ്‌യത്തി ബില്‍ മദ്‌റസത്തില്‍ ഖാസിമിയ്യ, ദീവാനുല്‍ അശ്ആരില്‍ ഗരീബിയ്യ, മജ്മൂഉല്‍ ഫവാഇദ, ബാനത്ത് സുആദ വ്യാഖ്യാനം, ഖൈറുദ്ദാറൈന്‍, അല്‍-ഖസീദത്തുല്ലാമിയ്യത്തു ഫളിഫരിയ്യത്തു ഫീ മദ്ഹി ഖൈമില്‍ ബദിരിയ്യ, ഖത്‌റുന്നദായുടെ ഹാശിയ, അല്‍-റസാഇലുല്‍ ഖുതൂതിയ്യ, തുഹ്ഫത്തുല്‍ സിബ്‌യാനി വല്‍ അനാവി ഫീ ബയാനില്‍ ഈമാനി വല്‍ ഇസ്‌ലാം.
4 കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍
ഹിജ്‌റ 1320 ല്‍ ജനിച്ചു. പിതാവായ സൂഫി മുസ്‌ലിയാര്‍ തന്നെയാണ് ആദ്യഗുരു. തുടര്‍ന്ന് കൈപ്പറ്റ മുഹമ്മദ് കുട്ടി മുസ്‌ലിയാരുടെ ക്ലാരി ജുമാമസ്ജിദിലെ ദര്‍സിലെത്തി. ഉസ്താദ് അവിടെ നിന്ന് ബേപ്പൂരിലേക്ക് മാറിയപ്പോള്‍ ആ ദര്‍സിലും വിദ്യാര്‍ത്ഥിയായി. ശേഷം ഉപരിപഠനത്തിന് താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം മദ്രസയിലേക്ക് പോവുകയും പാങ്ങിലുസ്താദിന്റെയും ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെയും ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. പഠന ശേഷം ഇസ്‌ലാഹിലെ തന്നെ മുദരിസായി നിയമിതനായി. പില്‍ക്കാലത്ത് കുറ്റൂര്‍, കാനഞ്ചേരി, ചെല്ലൂര്‍, പെരുമ്പടപ്പ്, പുത്തന്‍ പള്ളി എന്നിവിടങ്ങളില്‍ ദീര്‍ഘ കാലം മുദരിസായി. സമസ്ത പ്രസിഡന്റ് പദം അലങ്കരിച്ച മഹാന്മാരായ കെ.കെ ഹസ്രത്ത്, അസ്ഹരി തങ്ങള്‍ എന്നിവര്‍ ശിഷ്യന്മാരില്‍ പ്രമുഖരാണ്. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കുണ്ടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സൈദലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹഖീം ഫൈസി ആദശ്ശേരി എന്നിവരും ശിഷ്യ ഗണത്തില്‍ പെടുന്നു. 1985ല്‍ ഫെബ്രുവരി 28 (1405 ജമാദുല്‍ ആഖിര്‍ 8)ന് മഹാനവര്‍കള്‍ വഫാത്തായി. ഓമച്ചപ്പുഴ പുത്തന്‍ പള്ളിയുടെ സമീപത്താണ് ഖബര്‍.

5. നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍
സമസ്ത മുശാവറ മെമ്പറായും ഫത്‌വ കമ്മിറ്റിയിലെ പ്രധാന സാന്നിധ്യമായും തിളങ്ങി നിന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ തികഞ്ഞ ഫഖീഹും ആബിദുമായിരുന്നു. 1900 ത്തില്‍ കുഞ്ഞിമരക്കാര്‍ ഫാത്തിമ ദമ്പതികളുടെ പുത്രനായി നിറമരുതൂറില്‍ ജനിച്ചു. താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂമില്‍ വെച്ച് പാങ്ങില്‍ ഉസ്താദ്, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ഇരുമ്പാല്‌ശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരില്‍ നിന്ന് കിതാബോതി. ഓമച്ചപ്പുഴ പള്ളി ദര്‍സില്‍ മുദരിസായിരുന്നു. 1957ല്‍ ശംസുല്‍ ഉലമ ഇസ്‌ലാഹിന്റെ പ്രിന്‍സിപ്പാളായിരിക്കുമ്പോള്‍ മഹാനവര്‍കളെ താനൂരിലേക്ക് ക്ഷണിച്ചു. അന്ന് മുതല്‍ വഫാത്താകുന്നത് വരെ ആ പദവിയില്‍ തുടര്‍ന്നു. മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, അബ്ദുള്ള മുസ്‌ലിയാര്‍, മുശാവറ അംഗം മരക്കാര്‍ ഫൈസി എന്നിവര്‍ മക്കളാണ്. 1986 നവംബര്‍ 20ന് നിര്യാതനായി. തിരൂരിനടുത്ത് നിറമരുതൂര്‍ പത്തമ്പാട് ജുമാമസ്ജിദിന് സമീപമാണ് ഖബര്‍ നിലകൊള്ളുന്നത്. 
6. ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍
ചെര്‍പ്പുളശ്ശേരിക്കടുത്ത് ഇരുമ്പാലശ്ശേരിയില്‍ ഹിജ്‌റ 1309ല്‍ ജനിച്ചു. പ്രാഥമിക പഠനം നാട്ടില്‍ വെച്ച് തന്നെയായിരുന്നു. ശേഷം പൊന്നാനിയിലെത്തി. പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നും കിതാബോതി പഠനം പൂര്‍ത്തീകരിച്ചതിന് ശേഷം പൊന്നാനിയില്‍ മുദരിസായി. ഇസ്‌ലാഹുല്‍ ഉലൂമിലെ രണ്ടാം മുദരിസായി പാങ്ങിലുസ്താദിനൊപ്പം സേനവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രഗത്ഭരായ അനവധി ശിഷ്യന്മാരുണ്ട്. വെള്ളിയാമ്പുറം സൈതലവി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ ഇവരില്‍ പ്രസിദ്ധരാണ്. നിരവധി കിതാബുകള്‍ക്ക് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. ഹിജ്‌റ 1364 ദുല്‍ഹിജ്ജ 8ന് വഫാത്തായി. ഇരുമ്പാലശ്ശേരി ജുമാമസ്ജിദില്‍ അന്ത്യ വിശ്രമം കൊള്ളുന്നു. 
7 വെള്ളിയാമ്പുറം സൈതലവി മുസ്‌ലിയാര്‍
താനൂരിലെയും പരിസരപ്രദേശങ്ങളിലെയും സാദാരണക്കാരുടെയും പണ്ഡിതന്മാരുടെയും സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന മഹാനായിരുന്നു .സൈതലവി മുസ്‌ലിയാര്‍ സമസ്ത മുശാവറ അംഗവും അറിയപ്പെടുന്ന ഫഖീഹുമായിരുന്നു.  മണലിപ്പുഴ മൊയ്തീന്‍ മൊല്ലയുടെ മകനായി 1910ലാണ് ജനനം. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നായി ഇസ്‌ലാഹുല്‍ ഉലൂമില്‍ വെച്ചാണ് പ്രധാനമായി പഠനം നടത്തിയത്. താനൂര്‍ സാഹിബിന്റെ പള്ളി, കരിങ്കപ്പാറ, വെന്നിയൂര്‍, തെയ്യാല, ഓമച്ചപ്പുഴ എന്നീ സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. ഫത്ഹുല്‍ മുഈന്‍, അല്‍ഫിയ, മഹല്ലി തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ക്ക് ശറഹ് എഴുതിയിട്ടുണ്ട്. കെ.കെ ഹസ്രത്ത് അദ്ദേഹത്തിന്റെ ശിഷ്യരില്‍ പെടുന്നു. 1992 ഡിസംബര്‍ 22 (റജബ് 6)നാണ് മഹാന്‍ വഫാത്താവുന്നത്. വെള്ളിയാമ്പുറം മഹല്ല് ഖാളിയും കൂടിയായിരുന്ന മഹാന്‍ വീടിനടുത്തുള്ള മുഹ്‌യിദ്ദീന്‍ പള്ളി പരിസരത്താണ് അന്ത്യ വിശ്രമം കൊള്ളുന്നത്. 
 

ഓമച്ചപ്പുഴ അബൂബക്കര്‍ കുട്ടി മുസ്‌ലിയാര്‍
ഹിജ്‌റ 1313ന് തിരൂരിനടുത്ത് ഓമച്ചപ്പുഴയില്‍ സൈതലവി ഹാജിയുടെ മകനായി ജനിച്ചു. മോയ്‌ലോരുപ്പാപ്പ എന്ന് ജനങ്ങള്‍ ബഹുമാനത്താല്‍ വിളിച്ച ഉസ്താദ് ആത്മീയതയുടെ ഉന്നത പദങ്ങളില്‍ വിരാചിച്ചിരുന്ന സാത്വികനായിരുന്നു. ഇരുമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, കക്കാട് മരക്കാര്‍ മുസ്‌ലിയാര്‍, കിടങ്ങയം ഇബ്രാഹീം മുസ്‌ലിയാര്‍, പാങ്ങിലുസ്താദ് എന്നിവര്‍ ഗുരുവര്യന്മാരാണ്. ഓമച്ചപ്പുഴ ജുമാ മസ്ജിദില്‍ ദീര്‍ഘ കാലം ദര്‍സ് നടത്തിയിരുന്ന ഉസ്താദായ കിടങ്ങയം ഇബ്രാഹീം മുസ്‌ലിയാര്‍ ബോംബെയിലെ കല്യാണിലെ ദര്‍സ് വിട്ട് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ശിഷ്യനായ അബൂബക്കര്‍ കുട്ടി മുസ്‌ലിയാരെയാണ് ഏല്‍പിച്ചത്. ഇവിടത്തെ അധ്യാപന കാലത്ത് സ്വന്തമായിത്തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി തുഥലമായി ഹാഫിള് അബൂബക്കര്‍ കുട്ടി മുസ്‌ലിയാരെന്നും അറിയപ്പെടുന്നു. 1382 മുഹറം 6 (1962 ജൂണ്‍ 9)ന് മരണപ്പെട്ടു. താന്‍ മുകൈയെടുത്ത് നിര്‍മ്മിച്ച പള്ളിയില്‍ തന്നെയാണ് ഖബര്‍.
ഇസ്്‌ലാഹ് ഒരു സ്വപ്‌ന സാക്ഷാത്കാരം
      മഹാന്മാര്‍ ഭൂമിയിലെ ഹൃസ്വകാല ജീവിതത്തിന്റെ ചിരകാല സ്മരണക്കായി ക്രിയാത്മകമായി പലതും പ്രവര്‍ത്തിക്കാറുണ്ട്. മരിച്ചാലും മറക്കാത്ത അത്തരം നന്മകള്‍ കാലമേതും അവറുടെ ഓര്‍മകള്‍ പേറി നിലകൊള്ളുന്നു. നന്മകളുതിരുന്ന അത്തരമൊരു ജീവിതമുദ്രയെയാണ് ഇസ്്വലാഹിലൂടെ പാങ്ങിലുസ്താദ് ഈ ലോകത്ത് അവശേഷിപ്പിച്ചത്. മനം കൊണ്ട് താന്‍ സ്വപ്‌നം കണ്ട സൗധത്തിന് അദ്ധ്വാനം കൊണ്ട് ജീവന്‍ വെപ്പിച്ച മഹാന്‍ നിര്‍വഹിച്ചത് മഹത്തായ ദൗത്യമാണ്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് പ്രസരിച്ച് കൊണ്ടിരിക്കുന്ന വിജ്ഞാനത്തിന്റെ മഹാവര്‍ത്തിയായ് ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നു. അതിന്റെ നാല്‍ ചുവരുകള്‍ക്ക് ഇന്നും സ്മരിക്കാനുള്ളത് പാങ്ങ്കാരന്റെ വിശേഷങ്ങളാണ്.
ഇസ്്‌ലാമിക പാരമ്പര്യത്തിന്റെ പ്രൗഢി പേറുന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും തീരദേശങ്ങളിലാണ്. പായക്കപ്പലിലൂടെ കേരളത്തിലെത്തിയ ദീന്‍ പടര്‍ന്നത് കടലിനോട് ചേര്‍ന്ന പ്രദേശങ്ങളിലായത് സ്വാഭാവികം. ഇതിന് ഊര്‍ജ്ജം പകര്‍ന്ന് യമനില്‍നിന്നുള്ള സയ്യിദന്മാരുടെ ആഗമനവും പിന്നീട് ദീനീ വിജഞാന കേന്ദ്രങ്ങളും ഇവിടെ കുരുത്തു. ആദ്യമായി ദര്‍സുകള്‍ നിലവില്‍ വന്ന നാടാണ് താനൂര്‍. യമനില്‍ നിന്ന് വന്ന അബ്ദുള്ളാഹില്‍ ഹളറമിയുടെ നേതൃത്വം കൊണ്ടനുഗ്രഹീതമായിരുന്ന വലിയ കുളങ്ങര പള്ളി ദര്‍സ് കേരള ചരിത്രത്തിലെ ആദ്യ ദര്‍സുകളിലൊന്നാണ്. വിദേശ രാഷ്ട്രങ്ങളില്‍ നിന്നു പോലും വിദ്യാര്‍ഥികള്‍ ഇവിടേക്ക് ഒഴുകിയെത്തി. അണമുറിയാതെ തുടര്‍ന്ന് വന്ന വിജ്ഞാന സരണിയില്‍ പലരും ഭാഗവാക്കായി. പ്രസിദ്ധരായ പല അദ്യാപകന്മാരുടെ ശിഷ്യന്‍മാര്‍ ദര്‍സിന്റെ ചരിത്രത്തിന് ശോഭയേകി. പ്രസിദ്ധനായ ഉമര്‍ ഖാളി, പരപ്പനങ്ങാടി അവുക്കോയ മുസ്്‌ലിയാര്‍, നഖ്ശബന്ദി ത്വരീഖത്തിലെ ആത്മീയ ഗുരു അബാദുറഹ് മാന്‍ ശൈഖ,് യൂസുഫുല്‍ ഫള്ഫരി ഇവരില്‍ അറിയപ്പെട്ടവരാണ്. 1926 കള്‍ക്ക് മുമ്പു തന്നെ പതിനായിരത്തോളം റുപ്പിക വില വരുന്ന കിതാബുകളുള്ള ഗ്രന്ഥശാലയുണ്ടായിരുന്നു വെന്നത് തന്നെ ഈ ദര്‍സിന്റെ ഔന്നിത്യമറിയിക്കുന്നു.
ഖിലാഫത്ത് സമരം കത്തിപ്പടരുമ്പോള്‍ ദര്‍സ് നേതൃത്വം ആമിനുമ്മാന്റകത്ത് പരീകുട്ടി മുസ്്‌ലിയാരുടെ കരങ്ങളിലായിരുന്നു. 1921 മാര്‍ച്ച് മാസങ്ങളില്‍ വെച്ച് രൂപീകരിച്ച ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ട്രിയായിരുന്ന ഇദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനെതിരെ മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം ബ്രിട്ടീഷ് ഗവണ്‍മെന്റ് കണ്ട് കെട്ടി. ഇതിന് മുന്നേ താനൂര്‍ കടപ്പുറത്തെ പുറമ്പോക്ക് ഭൂമി ബ്രട്ടീഷുകാര്‍ പിടിച്ചെടുക്കുവാന്‍ ശ്രമിച്ചപ്പോള്‍ കുടികിടപ്പുകാര്‍ക്കനുകൂലമായി ഫത്‌വ നല്‍കിയതോടെ പരീകുട്ടി മുസ്്‌ലിയാരെ നോട്ടപ്പുള്ളിയായി. 1921 ആഗസ്റ്റ് 16 നു കലക്ടര്‍ വാഫണ്ട് പുറപ്പെടുവിച്ച് 24 പേരില്‍ അദ്ദേഹവും ഉള്‍പെട്ടു. ആലി മുസ്്‌ലിയാരുടെ കീഴടങ്ങലിനു ശേഷം ബ്രിട്ടീഷുടാരുടെ കയ്യില്‍ പെടാതിരിക്കാന്‍  ഒളിവില്‍ പോയ അദ്ദേഹം മക്കയിലേക്ക് ഒളിച്ച് കടന്ന്  ഉമ്മുല്‍ ഖുറാ എന്ന അറബി പത്രത്തില്‍ പ്രവര്‍ത്തിച്ചു. 1936 ല്‍ തായിഫില്‍ വെച്ച് മരണപ്പെട്ടു. 
പ്രൗഢമായ ദര്‍സ് പരീക്കുട്ടി മുസ്്‌ലിയാര്‍ക്ക് ശേഷം അനാഥമായി. അദ്ദേഹത്തിന്റെ മുതിര്‍ന്ന ശിഷ്യന്മാര്‍ ദര്‍സ് നടത്തി കൊണ്ടുപോകാന്‍ തീവ്ര ശ്രമങ്ങള്‍ നടത്തിയെങ്കിലും പഴയ പ്രതാപം തിരിച്ചു വന്നില്ല. ഇതേ സന്ദര്‍ഭത്തില്‍ നാടു പ്രമാണിമാരും കാരണവന്മാരും ചേര്‍ന്നു ഒരു പ്രമുഖ പണ്ഡിതനെ ദര്‍സ് പുനരുജ്ജീവിപ്പിക്കാന്‍ നിയമിക്കാന്‍ തീരുമാനിച്ചു. അന്ന് കത്തിജ്ജ്വലിക്കുന്ന പ്രഭാഷകനായിരുന്ന പാങ്ങിലുസ്താദാണ് പൊതു സമ്മതനായുണ്ടായിരുന്നത്. 1924 ല്‍ ഉസ്താദ് താനൂരിലെ പ്രയിദ്ധമായ ദര്‍സേറ്റെടുത്തു. ആ സാന്നിധ്യത്തിന്റെ ഫലമെന്നോണം വിദ്യാര്‍ഥികള്‍ വര്‍ധിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്ന് താല്‍പര്യപൂര്‍വ്വം നിരവധിയാളുകള്‍ കടന്നു വന്നു. 1924 ഒക്ടോബര്‍ 17 ന് താനൂര്‍ ജുമുഅത്ത് പള്ളിയില്‍ വെച്ച് നിശ്ചയിച്ച പ്രകാരം പാങ്ങിലുസ്താദിന്റെ അധ്യക്ഷതയില്‍ വലിയ കുളങ്ങര പള്ളിയില്‍ വെച്ച് ഒരു പൊതുയോഗം ചേര്‍ന്നു. ചരിത്രത്തില്‍ ഒരു പുതുയുഗപ്പിറവിയായിരുന്നു അന്ന്. താനൂര്‍ വലിയ കുളങ്ങര ദര്‍സിന് ഇസ്്‌ലാഹുല്‍ ഉലൂം ദര്‍സ് എന്ന പുനര്‍നാമകരണം ചെയ്തു. തുടര്‍ന്ന് മദ്രസ്സ പുനരുജ്ജീവനത്തിനും ഫണ്ട് ശേഖരണത്തിനും നടത്തിപ്പിനുമായി അസാസുല്‍ ഇസ്്‌ലാം സഭ എന്ന കമ്മിറ്റി രൂപീകരിക്കാന്‍  ഈ യോഗത്തില്‍ വെച്ച് ധാരണയാവുകയും അംഗങ്ങളെ തിരെഞ്ഞെടുക്കുകയും ചെയ്തു. മദ്രസ്സാ മാനേജറും പ്രിന്‍സിപ്പളുമായി സ്ഥാനമേറ്റെടുത്ത പാങ്ങുകാരന്റെ ദീര്‍ഘ ദൃഷ്ടിയോടുള്ള പ്രവര്‍ത്തനങ്ങള്‍ സഭക്ക് കരുത്തായി. കൃത്യമായി മാര്‍ഗ രേഖകളോടെ പ്രവര്‍ത്തിച്ചിരുന്ന സഭാ ചരിത്രത്തില്‍ നിരവധി വാര്‍ഷിക യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ധനാസമാഹരണത്തിനുള്ള മാര്‍ഗങ്ങളായിരുന്നു ഇവ. 

      നിരന്തരമുള്ള പ്രയത്‌നത്തിന്റെ ഫലമായി പൂര്‍ണ്ണ സൗകര്യത്തോടെ ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കപ്പെട്ടു. അക്കാലത്ത്് മതവിദ്യാഭ്യാസത്തിനായി കേരളത്തിലുണ്ടായ ഏറ്റവും മികച്ച കെട്ടിടം ഇസ്ലാഹുല്‍ ഉലൂമിന്റേതാണ്. അക്കാലത്തെ നാല്‍പതിനായിരം റുപ്പിക എന്ന ഭീമമായ തുക ചിലവ് വന്ന കെട്ടിടത്തില്‍ നൂറ്റമ്പത് പേര്‍ക്ക് പൂര്‍ണ്ണ സൗകര്യത്തോടെ താമസിക്കാന്‍ പറ്റുമായിരുന്നു. രണ്ടു തട്ടും നാല്‍പത് റൂമുകളും എട്ടു ഹാളുമാണുണ്ടായിരുന്നത്. ഇതോടു ചേര്‍ന്ന് ഓത്തുപള്ളിയും, ആശുപത്രിറൂമും, കുളിപ്പുര, വെപ്പുപുര, കക്കൂസ് തുടങ്ങിയവയുമുണ്ടായിരുന്നു. 12000 റുപ്പിക വിലവരുന്ന കിതാബുകളുടെ അമൂല്യ ശേഖരം തന്നെ മദ്രസക്ക് പ്രശസ്തിയേറ്റി. വരുമാന മാര്‍ഗ്ഗമായി 13600 ഓളം വിലവരുന്ന ഭൂസ്വത്തുക്കള്‍ വഖ്ഫായിട്ടുണ്ടായിരുന്നു. 1937 ഒക്ടോബര്‍ അഞ്ചിന് കോഴിക്കോട് രജിസ്റ്റര്‍ ഓഫീസില്‍ ഒന്നാം പുസ്തകത്തില്‍ 913 ാം നമ്പറില്‍ ഇസ്ലാഹുല്‍ ഉലൂം എന്ന പേരില്‍ സ്ഥാപനം രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 
1937 ല്‍ 130 ഉയര്‍ന്ന വിദ്യാര്‍ത്ഥികള്‍ പഠനം നടത്തിയിരുന്നു. ഇവരില്‍ നൂറുപേരും അന്യ ദേശക്കാരായിരുന്നു. ഇരുമ്പിലാശേരി കുഞ്ഞഹമ്മദ് മുസ്ലിയാരും പാങ്ങിലുസ്താദുമായിരുന്നു അക്കാലത്തെ ഉസ്താദുമാര്‍. ശാന്തമായ ഒരു പഠനരീതി തന്നെ പാങ്ങിലുസ്താദ് വികസിപ്പിച്ചിരുന്നു. മലയാളം, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ കൂടി വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ച് മതവിദ്യാഭ്യാസത്തനു പുറമെ ഭൗതികവിദ്യാഭ്യാസവും ആവശ്യമാണെന്ന് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുകയാണ് ഉസ്താദ് ചെയ്തത്. ഇതിനായി നിശാപാഠശാല തയ്യാര്‍ ചെയ്തുതരാന്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിനോട് അപേക്ഷിച്ചു. ഇതു മാത്രമല്ല കേരളത്തിലെ ദര്‍സുകളിലെ സിലബസ്സുകള്‍ പരിശോധിച്ച് ന്യൂനതകള്‍ പരിഹരിക്കാനും വര്‍ഷാന്ത പരീക്ഷ നടത്തുവാനും പരീക്ഷാബോര്‍ഡിനെ നിയമിക്കാന്‍ സമസ്തയോട് ഇസ്ലാഹ് സമ്മേളനം പ്രമേയം മുഖേന ശുപാര്‍ശ ചെയ്തു. ഇതിലൂടെ കേരളത്തില്‍ ഏകീകൃത ദര്‍സ് സിലബസ്സ് എന്ന മനോഹമായ പദ്ധതിയാണ് സമര്‍പ്പിക്കപ്പെട്ടത്. ദര്‍സുകളില്‍ ഇ്ത്തരമൊന്ന് സാക്ഷാത്കരിക്കപ്പെട്ടെങ്കിലും മദ്രസാ പ്രസ്താനത്തോടെ ഈ ചിന്ത നടപ്പില്‍ വന്നു. 1943 ല്‍ പാങ്ങിലുസ്താദ് ഇസ്‌ലാഹെന്ന തന്റെ സ്വപ്‌ന സ്ഥാപനത്തിനോട് വിടചൊല്ലി.

    
അനുഗ്രഹീത പ്രഭാഷകന്‍
വാഗ്വിലാസം കൊണ്ട് കേരളക്കര കീഴടക്കിയ പ്രഭാഷകനായിരുന്നു പാങ്ങിലുസ്താദ്. സ്ഫുടമായ ഭാഷകളില്‍ ശ്രോതാക്കള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്ന ഉപമകളിലൂടെ വിഷയം വിശദീകരിച്ചിരുന്ന ഉസ്താദിന്റെ പ്രസംഗം കേള്‍ക്കാന്‍ നാനാ ദിക്കുകളില്‍ നിന്നുമുള്ള ആളുകള്‍ സംഗമിക്കാറുണ്ട്.  ഉസ്താദിന്റെ പ്രഭാഷണങ്ങളെ മൂന്നായി തരം തിരിക്കാം; മതകീയം, പ്രാസ്ഥാനികം, രാഷ്ട്രീയം. വഅള് പരമ്പരകളിലൂടെ ഈമാന്‍ വര്‍ദ്ധിപ്പിക്കുന്ന സാരവത്തായ മതപ്രഭാഷണങ്ങള്‍ നടത്തി ഉമ്മത്തിന്റ ധാര്‍മിക മൂല്യത്തിന് കോട്ടം തട്ടാതെ സൂക്ഷിക്കുന്നതില്‍ ഉസ്താദ് ബദ്ധശ്രദ്ധനായിരുന്നു. പാങ്ങിലെ 89 വയസ്സുകാരനായ തേക്കില്‍ മമ്മദാക്ക അദ്ദേഹത്തിന്റെ ഖാദിമായിരുന്നു. വഅള് പരമ്പരകള്‍ക്ക് പോകുന്ന ഉസ്താദ് വസ്ത്രങ്ങളടങ്ങിയ ബാഗ് മമ്മദ് കാക്കയുടെ കൈവശം കൊടുക്കും, എന്നിട്ട് പടപ്പറമ്പ് വരെ കാല്‍നടയായി പോകും. അവിടെ നിന്ന് മലപ്പുറത്തേക്ക് കാളവണ്ടിയില്‍ യാത്ര. ശേഷം മമ്മദാക്കക്ക് മടങ്ങിപ്പോകാന്‍  നാല് അണ കൊടുക്കും. ഇങ്ങനെ ആലപ്പുഴ കാസര്‍ഗോഡ് തുടങ്ങി കേരളത്തിലെ വിവിധ ദിക്കുകളിലേക്ക് ഉസ്താദ് പോയതിന്റെ ഓര്‍മകള്‍ മമ്മദാക്കക്ക് പങ്കുവെക്കാനുണ്ട്. പാങ്ങ് ജുമാമസ്ജിദിലെ മിമ്പറിന്റെ പടിയില് പിടിച്ചു കൊണ്ടുള്ള പ്രഭാഷണത്തിന്റെ രംഗങ്ങള്‍ ഇന്നും കണ്‍മുന്നില്‍ തെളിയുന്നത് പോലെ. ഉയരം കുറഞ്ഞ് തടിച്ച ഇളം നിറമുള്ള ഉസ്താദ് വലിയ തൊപ്പി ധരിക്കാറുണ്ടായിരുന്നത്രെ. പള്ളിയുടെ മിമ്പര്‍ മുതല്‍ അകത്തേ പള്ളിയിലേക്ക് കടക്കുന്ന വാതില്‍ വരെ പ്രസംഗത്തിനിടയില്‍ നടക്കും. ഘനഗംഭീരമാര്‍ന്ന മുഴക്കമുള്ള ശബ്ദത്തില്‍ 'ഹാ ക്കളാ ഫീ തന്‍സില്‍ അന്‍സലള്ളാഹു അസ്സവജല്ല' എന്ന് ഇടക്കിടെ പറയും. പാര്‍സിയും ഉര്‍ദും അറിയാവുന്ന ഉസ്താദ് ഇന്ത്യയിലെയും ഇതര ലോക രാഷ്ട്രങ്ങളിലെയും സംഭവവികാസങ്ങള്‍ വഅളിനിടെ പങ്കുവെക്കും. 
വലിയ തക്കാളിപ്പെട്ടിക്കു മുകളില്‍ കയറിയുള്ള പഴയ പ്രഭാഷണങ്ങള്‍ക്കധികം മൈക്കുണ്ടാകാറില്ല. തന്റെ മുഴങ്ങുന്ന ശബ്ദംകൊണ്ട് ആയിരങ്ങളെ പിടച്ചു നിര്‍ത്താന്‍ സാധിക്കുക ഒരു പ്രഭാഷകന്റെ കഴിവു തന്നെയാണ്. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനടുത്തുള്ള ജുമുഅത്ത് പള്ളിക്കമ്മിറ്റി നുസ്‌റത്തുല്‍ ഇസ്ലാം സഭയുടെ 1933 ഒക്ടോബര്‍ 28നും 29നും നടന്ന രണ്ടാം യോഗത്തില്‍ ഉസ്താദ് പ്രസംഗിച്ചിരുന്നു. ഇതേ പരിപാടിയുടെ ക്ഷണപ്പത്രിക കാണപ്പെട്ടിട്ടുണ്ട്. രാവേറെ നീങ്ങുന്ന 5 ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വഅള് പരമ്പരകളില്‍ നിന്നും പിരിച്ചു കിട്ടിയ സംഭാവനകളാണ് ഇസ്‌ലാഹിന്റെയും സമസ്തയുടെയും മൂലസ്രോതസ്സ്. 1920 കള്‍ക്കു ശേഷം കേരളത്തില്‍ പ്രത്യക്ഷപ്പെട്ട ബിദ്അത്തിന്റ വിഷബീജങ്ങള്‍ക്കെതിരെ തന്റെ നാവും തൂലികയും ഉപയോഗിച്ച് ഉസ്താദ് പ്രതിരോധിച്ചു. പുത്തന്‍വാദികളായ മൗലവിമാര്‍ പ്രശ്‌നങ്ങള്‍ സൃഷടിക്കുന്നിടത്ത് ക്യമ്പ് ചെയ്ത് പ്രഭാഷണങ്ങള്‍ നടത്തി അഹ്‌ലുസ്സുന്നത്തിന്റെ ആശയങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ശൈലിയായിരുന്ന മഹാനവര്‍കളുടേത്. തിരൂരങ്ങാടി ജമാഅത്തുകാര്‍ ക്ഷണിച്ച പ്രകാരം ഒരു മാസത്തോളം അഹ്‌ലുസ്സുന്നത്തിന്റെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കിയതിന് അവിടത്തുകാര്‍ സമര്‍പ്പിച്ച മംഗള പത്രം ഇസ്‌ലാഹിലുണ്ട്. ഇപ്രകാരം തളിപ്പറമ്പ് പോലോത്ത നിരവധി പ്രദേശങ്ങളില്‍ അഹ്‌ലുസ്സുന്നയുടെ ആശയ പ്രചാരണവുമായി ഇറങ്ങി. പറപ്പൂരുകാരന്‍ മൗലവിയുടെ പുത്തന്‍വാദ പ്രചാരണത്തിനെ പുത്തനത്താണി കേന്ദ്രീകരിച്ച് പ്രഭാഷണവുമായി എതിര്‍ത്ത ഉസാതാദിനെ ശ്രവിക്കാന്‍ വേണ്ടി രണ്ടാഴ്ചയോളം ദര്‍സിനു ഉസ്താദ് ലീവ് നല്കിയ സംഭവം അന്ന് വിദ്യാര്‍ത്ഥിയായിരുന്ന ആദൃശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ എഴുതിയിട്ടുണ്ട്.
കരുനാഗപ്പള്ളി യൂസുഫ് ഇസ്സുദ്ദീന്‍ കോഴിക്കോടും പരിസര പ്രദേശങ്ങളിലും വിഷംതുപ്പുന്ന പ്രഭാഷണങ്ങള്‍ നടത്തി ആരെയും ആകര്‍ഷിപ്പിക്കുന്ന മലയാള ശൈലിയില്‍ സുന്നി ആശയങ്ങളെ ഇകഴ്ത്തുകയും പണ്ഡിതന്മാരെ വിമര്‍ശിക്കുകയും ചെയ്തു. ഹദീസുകളും ആയത്തുകളും ഓതി പുത്തന്‍ ചിന്തകളെ സ്ഥാപിക്കുന്ന സംസാരങ്ങളില്‍ പാമരന്മാരായ ഒരുപാട് പേര്‍ കുടുങ്ങി. സുന്നി പണ്ഡിതന്‍മാര്‍ ധാരാളം ഉണ്ട്. പക്ഷെ, യൂസുഫ് ഇസ്സുദ്ദീനെപ്പോലെ ശുദ്ധമലയാളത്തില്‍ സംസാരിക്കാന്‍ പാങ്ങിലുസ്താദിനെയാണ് സുന്നി പ്രമുഖര്‍ കൂട്ടുപിടിച്ചത്. എതിരാൡയുടെ അതേ ശൈലിയില്‍ പ്രത്യാക്രമണം നടത്തി സുന്നത്തു ജമാഅത്തിന്റെ ആശയങ്ങള്‍ക്ക് കോട്ടം തട്ടാതെ ഉസ്താദ് കാത്തു.
മഹാന്റെ പ്രഭാഷണസ്ഫുടത വ്യക്തമാവണമെങ്കില്‍ മുശാവറ മെമ്പറായിരുന്ന എ.കെ കുഞ്ഞറമാന്‍ കുട്ടി മുസ്ലിയാര്‍ വിവരിച്ച സംഭവം ശ്രദ്ധിച്ചാല്‍ മതി. കോഴക്കോട് കുറ്റിച്ചറ പള്ളിയില്‍ സമസ്ത രൂപീകരണ ശേഷം പണ്ഡിതന്മാര്‍ സംഗമിച്ചു. പലരും സംഘടനയെന്ന പുത്തന്‍ രൂപം ഉള്‍കൊള്ളാന്‍ കഴിയാത്തവരായിരുന്നു. അവരെ അഭിമുഖീകരിച്ച് സംഘടനയുടെ ആവശ്യകത ബോധ്യെേപ്പടുത്തുന്ന ഒരു പ്രഭാഷണം ഉസ്താദ് നിര്‍വ്വഹിച്ചു .ഒരു മനോഹരമായ ഉപമയാണ് സമസ്തയുടെ ആവശ്യകതയിലേക്ക് ചൂണ്ടി പ്രയോഗിച്ചത്. ഒരാള്‍ക്ക് രാവിലെ വിശക്കുന്നുണ്ട്. പക്ഷെ, അപ്പോള്‍ ഭക്ഷണം കിട്ടിയില്ല. സംഗതിവശാല്‍ ഉച്ചക്കും ഭക്ഷണം കിട്ടിയില്ല. വൈകുന്നേരം നാലു മണിക്കും ഒന്നും കിട്ടിയില്ല. രാത്രി ഭക്ഷണം കിട്ടി. അത് കഴിക്കണ്ട എന്നാണോ നിങ്ങള്‍ പറയുന്നത്. സമസ്ത എന്നോ ആവശ്യമായ പ്രസ്ഥാനമാണ്. പക്ഷെ ഈ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്.
ഖിലാഫത്ത് സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന മഹാന്‍ തന്റെ വാക്കുകള്‍ കൊണ്ട് സമര പോരാളികള്‍ക്ക് ആവേശം വിതറി. നാടുകള്‍ തോറും സഞ്ചരിച്ചു നടത്തിയ  പ്രഭാഷണങ്ങള്‍ കൊണ്ട് നിരവധിപേര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. സമരം വഴി തെറ്റിയപ്പോള്‍ അതേ പ്രഭാഷകന്‍ തന്നെ വഴികാട്ടിയായി പോരാളികള്‍ക്കൊപ്പം സഞ്ചരിച്ചു. വള്ളുവനാട്ടിലെയും ഏറനാട്ടിലെയും ഗ്രാമങ്ങളില്‍ ഊരുചുറ്റി ധര്‍മോപദേശം നല്‍കി ഖിലാഫത്ത് വളണ്ടിയര്‍മാരെ അധാര്‍മികതയില്‍ നിന്ന് മാറ്റിനിര്‍ത്തി. തുക്കിടിക്കച്ചേരി കൊള്ളയടിക്കാനെത്തിയ ജനസഞ്ചയത്തെ സംബോധനം ചെയ്തു അദ്ദേഹം നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. പ്രസക്ത പ്രസംഗം ഇങ്ങനെയായിരുന്നു:
'പ്രിയസഹോദരങ്ങളെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്, വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളും. അവര്‍ ഇന്ത്യ വിട്ടു പോകണം. അതുവരെ നാം സമരം ചെയ്യും. പക്ഷെ നാം അക്രമം കാണിക്കരുത്. അക്രമ രഹിതമായ ഒരു സമരമാണ് നാം ഉദ്ദേശിക്കുന്നത്. ഗവണ്‍മെന്റ് ആഫീസുകള്‍ കൊള്ളയടിക്കരുത്. ഗവണ്‍മന്റിനെതിരെ യുദ്ധത്തിനൊരുങ്ങിയാല്‍ നാം കുറ്റക്കാരായിത്തീരും. സാമാധാനപരമായി സമരം ചെയ്യുക. അതാണു നമ്മുടെ ലക്ഷ്യം.'
 ഖിലാഫത്തിനു സമരത്തിനു ശേഷം 1937കളില്‍ മുസ്‌ലിം ലീഗിന്റെ ഭാഗമായി കേന്ദ്ര അസംബ്ലി ഇലക്ഷനില്‍ സ്ഥാനാര്‍ത്ഥിയായ സത്താര്‍ സേട്ടുവിന്റെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത് ഉസ്താദായിരുന്നു. മലബാര്‍ ജില്ലയില്‍ ഓടിനടന്ന് പ്രസംഗ പ്രചരണ പരിപാടികള്‍ നടത്തിയതു മൂലം സേട്ടു വിജയിച്ചു. ഇങ്ങനെ രാഷ്ട്രീയമായും മതകീയമായും  പ്രാസ്ഥാനികമായും പ്രസംഗ പരമ്പരകള്‍ നടത്തിയ ആ ഉത്തമ വാഗ്മിയുടെ ഫലമെന്നോണം സമസ്തയും ഇസ്്‌ലാഹും ഇന്നും നിലനില്‍ക്കുന്നു.
 ബിദ്അത്തുകള്‍ക്കെതിരെ
പുത്തന്‍ വാദികളുടെ പേടിസ്വപ്‌നമായിരുന്നു പാങ്ങില്‍ അഹ്്മദ് കുട്ടി മുസ്്്‌ലിയാര്‍. ആ നാമം കേട്ടാല്‍ ഈ കക്ഷികള്‍ പേടിച്ചു വിറച്ചിരുന്നു. അവര്‍ വിഷവിത്തുകള്‍ വിതച്ചിടത്തെല്ലാം ചെന്ന്  പ്രഭാഷണം നടത്തിയ മഹാനാണ് അവരുടെ ശകതി കുറച്ചത്. മൗലവിമാര്‍ പ്രാഭാഷണം നടത്തിയടത്തെല്ലാം മഹാന്‍ ഓടിയെത്തി അവര്‍ എഴുതിയ ലഖുലേഖകള്‍ക്കുടന്‍ മറുപടി നല്‍കി അവര്‍ക്കെതിരെ പരസ്യമായി വാദപ്രതിവാദത്തിനിറങ്ങി. നാദാപുരം വാദപ്രതിവാദത്തില്‍ കണ്ണിയത്തുസ്താദിനെ പോലുള്ള ഇളം തലമുറയിലെ പണ്ഡിതന്മാര്‍ക്കൊപ്പം ഉസ്്താദുണ്ടായിരുന്നു. സദസ്സ് ചൂടുപിടിച്ചു കൊണ്ടിരിക്കെ ഒരു ഹദീസിന്റെ പരിഭാഷയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സൂപ്രണ്ട് സാഹിബ് യഥാര്‍ത്ഥ അര്‍ത്ഥം മൗലാനാ എപി അഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ പറയട്ടെ എന്ന് പറഞ്ഞതനുസരിച്ച് ഉസ്താദ് ബുഖാരിയും കയ്യിലെടുത്ത് സ്റ്റേജില്‍ കയറി. കിതാബ് തുറന്നപ്പോള്‍ മൗലവിമാര്‍ പേടിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. ഇത്രത്തോളം ഭീതിയോടെയാണ് ഉസ്താദിന്റെ സാന്നിധ്യത്തെ അവര്‍ കണ്ടിരുന്നത്. തല്‍ഫലമായി വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുവാനും ഇല്ലായ്മ ചെയ്യുവാനും പലവിധേന അവര്‍ ശ്രമിച്ചു. ബാഗ്ദാദിലെ കള്ളന്‍, പാങ്ങിലെ നാരദന്‍ എന്നിങ്ങനെ അധിക്ഷേപിക്കുന്ന നിരവധി നോട്ടീസുകളും അച്ചടിച്ചിറക്കിയിരുന്നു. 
ഒരിക്കല്‍ തിരൂരങ്ങാടിയില്‍ ഒരു പരിപാടിക്കു വന്ന അദ്ദേഹത്തെ പോലീസുകാര്‍ വളഞ്ഞു. ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇതറിഞ്ഞ ജനങ്ങള്‍ അറസ്റ്റിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചുകൂടി. കളക്ടര്‍ പറഞ്ഞു. ഇദ്ദേഹം അന്ന് മലബാര്‍ ലഹളക്ക് നേതൃത്വം നല്‍കിയ ആളാണെന്നും ഒരു പുതിയ ലഹളക്ക് കോപ്പുകൂട്ടുകയാണെന്നും അദ്ദേഹത്തിനെ സൈ്വര്യമായി വിട്ടയച്ചാല്‍ ഒരു ഹിന്ദു മുസ്്‌ലിം കലാപം അരങ്ങേറുമെന്നും അതിനാല്‍ അദ്ദേഹത്തെ  അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരായ ഒരുപാട് പേര്‍ ഒപ്പിട്ട ഹരജിയുടെ അടിസ്ഥാനത്തിലാണ് അറസറ്റ്. ഹരജിയില്‍ ഒപ്പിട്ട ജനങ്ങളെ വിളിച്ച് ചോദിച്ചപ്പോഴാണ് വഹാബികളുടെ കുതന്ത്രം പൊളിഞ്ഞത്. മമ്പുറം മഖാമിലേക്ക് സിയാറത്ത് സൗകര്യപ്പെടുത്താന്‍ പുഴക്കുമേല്‍ പാലം കെട്ടണമെന്ന് ആവപ്പെട്ട് ഗവണ്‍മെന്റിന് സമര്‍പ്പിക്കാനുള്ള അപേക്ഷ എന്ന രൂപത്തില്‍പാവപ്പെട്ട ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒപ്പുകളാണ് പെറ്റീഷനാക്കി മാറ്റിയത്. പിന്നീട് തീരൂരങ്ങാടിക്കാര്‍ അറിയാതെ ചെയ്ത ഈ തെറ്റിന് മഹാനോട് മാപ്പപേക്ഷിച്ചു ഇങ്ങനെയെഴുതി: 
 'പണ്ഡിത ശ്രഷ്ഠരെ മതധ്വംസകന്മാരും കോണ്‍ഗ്രസ് വഹാബികളെന്ന് കുപ്രസിദ്ധി പെറ്റവരുമായ ചില വങ്കന്മാരുടെ മായാ വലയില്‍ കുടുങ്ങുക മൂലം അങ്ങയുടെ മേല്‍ ഇല്ലാത്ത ആക്ഷേപങ്ങളും അപരാധങ്ങളും വെച്ചു കെട്ടി അധികൃതരെ തെറ്റുദ്ധരിപ്പിക്കുവാന്‍ അങ്ങയുടെ ശത്രുക്കള്‍ നിര്‍മിച്ചുണ്ടാക്കിയ ആക്ഷപ ഹരജിയില്‍ ഇവിടത്തുികാരില്‍ ചിലര്‍ അകപ്പെട്ടു പോയതില്‍ അവരുടെ നിര്‍ദോശം അവരില്‍ ചിലര്‍ വെളിവാക്കിയിട്ടുണ്ടെങ്കിലും അങ്ങയോട് നേരിട്ടു മാപ്പ് ചോദിക്കേണ്ടത് ഞങ്ങളുടെ കടമയായത് കൊണ്ട് ഈ അവസരം അതിനായി ഞങ്ങള്‍ ഉപയോഗിച്ചു കൊള്ളുന്നു.  അങ്ങയുടെ നേര്‍ക്കോ പേര്‍ക്കോ അല്ല വേറെ ചില കാരണങ്ങള്‍ പറഞ്ഞ് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത ചിലരെ ക്കൊണ്ട് ഹരജിയില്‍ ഒപ്പു ശേഖരിക്കുകയാണുണ്ടായത്. നിര്‍ദോശിയും സമാധാനപാലകനുമായ അങ്ങയില്‍ യാതൊരു ആക്ഷേപവും വിരോധവും ഇവിടത്തുകാര്‍ക്ക് ഇല്ല.' 
രചനകള്‍
 തൂലിക പണ്ഡിതര്‍ക്ക് പടവാളാണ്. തന്റെ സര്‍ഗപ്രതിഭയെ മഷിത്തുള്ളിയിലൂടെ കോറിയിട്ട അനവരതം പണ്ഡിതന്മാര്‍ കഴിഞ്ഞുപോയി. അവര്‍ മറഞ്ഞിട്ടും ജീവസുറ്റ ഭാഗങ്ങളായി രചനകള്‍ ഇന്നും ജീവിക്കുന്നു. വിജ്ഞാനത്തിന്റെ തുള്ളികള്‍ ശേഖരിച്ച് വിദ്യാദാഹികളായ പരശ്ശതം പണ്ഡിതര്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ ഉസ്താദ് രചനകള്‍ നടത്തി. പക്ഷെ മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി പലവിഷയങ്ങളില്‍ ഉസ്താന്റെ രചന നടന്നു. പുത്തന്‍ വാദികള്‍ക്കെതിരെ നാവിനെപ്പോലെ തൂലിക ചലിപ്പിച്ച് ലഘുലേഖകളും നോട്ടീസും തയാറാക്കി വിതരണം ചെയ്തു. നോട്ടീസിന് നോട്ടീസ് കൊണ്ടും ലഘുലേഖക്ക് ലഘുലേഖ കൊണ്ടും ഉസ്താദ് മറുപടി കൊടുത്തു. മാലമൗലിദുകളെ പരിഹസിച്ച് മഹാന്മാരുടെ പള്ളത്തടി എന്ന പേരില്‍ നോട്ടീസിറക്കിയപ്പോള്‍ മറുപടിയായി രണ്ടക്ഷരം മൗലവിമാരുടെ മണ്ടക്കടി എന്ന നോട്ടീസടിക്കാന്‍ ധൈര്യപ്പെട്ടു. അന്‍വര്‍ എന്ന് തൂലിക നാമത്തില്‍ നിരവധി കൃതികള്‍ ഉസ്താദിന്റേതായിട്ടുണ്ട്. മൗലിദുകള്‍, പ്രവാചകപ്രകീര്‍ത്തനങ്ങള്‍, കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍, തര്‍ക്കശാസ്ത്രം, അലങ്കാര ശാസ്ത്രം തുടങ്ങി നിരവധി മേഖലകള്‍ രചനകള്‍ക്ക് വിഷയീഭവിച്ചു.
അല്‍ ബയാന്‍ അറബിമലയാള മാസിക ഉസ്താദിന്റെ എഴുത്തു ജീവിതത്തിന്റെ മഹത്താ മുഹൂത്തങ്ങളായിരുന്നു. 1929 ജനുവരി 7 ന് ചെമ്മന്‍കുഴിയില്‍ വെച്ച് നടന്ന സമസ്ത മൂന്നാം വാര്‍ഷികത്തിലാണ് ഈ സ്ംരഭത്തിന് തുടക്കം കുറിച്ചത്. സമ്മേളനാദ്ധ്യക്ഷനായ വാളക്കുളം അബ്്ദുല്‍ ബാരി മുസ്്‌ലിയാര്‍ ആവശ്യമായ തുക വാഗ്ദാനം ചെയ്തു. ചീഫ് എഡിറ്ററായിരുന്ന പാങ്ങിലുസ്താദ് മാസികയെ കാലഘട്ടിത്തിനനുസരിച്ച്് ചിട്ടപ്പെടുത്തി. ഉസ്തദിന്റെ അക്ഷീണയത്‌നം മാസികയെ പുരോഗനമത്തിലെത്തിച്ചു. ഹിജ്‌റ 1348 റജബ് മാസം അല്‍ ബയാന്‍ ഒന്നാം ലക്കമിറങ്ങി. മാസികയുടെ കവര്‍ പേജില്‍ തന്നെ 'ഖലഖല്‍ ഇന്‍സാന വ അല്ലമഹുല്‍ ബയാന്‍' എന്നെഴുതിയിരുന്നു. നിരവധി ലേഖനങ്ങള്‍ ഉസ്താദ് ഇതില്‍ കൈകാര്യം ചെയ്തിരുന്നു. തന്റെ കൃതിയായ ഇസാലത്തുല്‍ ഖുറാഫത്തിന്റെ മലയാള പരിഭാഷ തുടര്‍ച്ചയായി അല്‍ ബയാനിലൂടെ പ്രസിദ്ധീകൃതമായി. 
പ്രമുഖരചനകള്‍
മനാഖിബുകള്‍
1)മന്‍ഹലുറവി ഫീ മനാഖിബി സയ്യിദ് അഹമ്മദ് ബദവി
2)മവാഹിബുല്‍ ജലീല്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി
3)അന്നഫഹാതുല്‍ ജലീല്‍ ഫീ മനാഖിബി സയ്യിദ് മുഹമ്മദ് അലവി അല്‍മന്‍ഫുറമീ
4)അല്‍ ഫൈളുല്‍ മുന്‍ജീ ഫീ മനാഖിബി ഹസന്‍ കൊടിഞ്ഞി
5)അല്‍ ഫൈളുല്‍ മദീദ് ഫീ തവസ്സുലി ആലി ഐദീദ്
6)ഖസീദത്തു ത്തഹാനിഅ് ഫീ സിയാറതി ശൈഖ് ബല്‍യാനി
7)ശറഹു ഖസീദത്തി ജമര്‍മഖ്‌നൂനി
കാവ്യങ്ങള്‍
8)ഖസീദത്തുല്‍ ഖുതുബിയ്യ ഫീ മദ്ഹി ഗൗസില്‍ ബരിയ്യ
9)അല്‍ ഖസീദത്തുല്‍ മുസ്സമ്മാ ബിത്തുഹ്ഫതിറബീഇയ്യ ഫീ മദ്ഹി ഖൈറില്‍ ബരിയ്യ
10)താജുല്‍ വസാഇല്‍ ഫീ ഖൈറില്‍ ആസാമീ വല്‍ ഫവാളില്‍
11)ഫതാവല്‍ മുല്ലവി
12)തന്‍ബീഹുല്‍ അനാം ഫീ തന്‍സീലി ദവില്‍ അര്‍ഹാം
കര്‍മ്മശാസ്ത്രം
13)ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതില്‍ മുഹ്താജ്
14)അല്‍ ഖാലുല്‍ മുത്തസഖ് ഫീ ബയാനില്‍ അഖ്‌വാലി വല്‍ ഔജുഹി വത്ത്വുറുഖ്
15)അല്‍ ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ്
16)തുഹ്ഫതുല്‍ അഹ്ബാബി തളിപ്പറമ്പ്
17)അന്നഹ്ജുല്‍ ഖവീം ലിമന്‍ യുഖല്ലിദു ഖൗലല്‍ ഖദീം ഫില്‍ ജുമുഅ
വിശ്വാസ ശാസ്ത്രം
18)ഇസാഹത്തുല്‍ ഹംസ അന്‍ അസ്ഇലത്തില്‍ ഖംസ
19)തന്‍ബീഹുല്‍ ഗഫൂല്‍ ഫീ ദഅ്‌വാ അന്നന്നബി ദാവൂദ് നബിയ്യുന്‍ വറസൂലുന്‍
20)റദ്ദുശ്ശറുശ്ശേരി
സാഹിത്യം ( ബലാഗ)
21)അല്‍ ബയാനുശ്ശാഫീ ഫീ ഇല്‍മയില്‍ അറുളി വല്‍ ഖവാഫീ
22)ഇബ്‌റാസുല്‍ മുഹ്മില്‍ ബിശറഹി നള്മി അലാഖാത്തില്‍ മജാസില്‍ മുര്‍സല്‍
ചരിത്രം
23)ഖിസ്സതു ചേരമാന്‍ പെരുമാള്‍
തര്‍ക്കശാസ്ത്രം (മന്‍ത്വിഖ്)
24)തന്‍ഖീഹുല്‍ മന്‍തിഖ് ഫീ ശറഹി തസ്വ്‌രീഹില്‍ മന്‍ത്വിഖ്
   ഇനിയും നിരവധി നബി ഗ്രന്ഥങ്ങളും കൈയ്യഴുത്ത് പ്രതികളും അദ്ദേഹത്തിന്റെ ഖുതുബ് ഖാനയിലുണ്ട്. ചിലതിലൊന്നും രചിതാവിന്റെ നാമം വ്യക്തമല്ല. ഇതിന്ന് പുറമേ പ്രസിദ്ധനായ മുഫ്തിയായിരുന്ന അദ്ധേഹത്തിന്റെ നിരവധി ഫത്‌വകളുടെ കോപ്പി വീട്ടില്‍ സൂക്ഷിച്ചിരിപ്പുണ്ട്. ഫത്‌വകള്‍ ക്രോഡീകരിച്ച് ഫതാവെ മുല്ലവിയെന്ന ഗ്രന്ഥ രൂപത്തിലാക്കിയുരുന്നങ്കിലും കാലാന്തരത്തില്‍ നഷ്ടപ്പെട്ടുപോയി. അദ്ദേഹം  നന്നാക്കിയ നിരവധി ഗ്രന്ഥങ്ങള്‍ സ്വവസതിയിലെ ഗ്രന്ഥ ശാലയില്‍ കാണാനായി. പ്രസിദ്ധീകൃതമാവുകയാണെങ്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്് വലിയൊരു മുതല്‍കൂട്ട് തന്നെയാവും.
 
കര്‍മ്മശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി അഞ്ചു ഗ്രന്ഥങ്ങളാണ് ഈ ശാഖയില്‍ രചിച്ചത്. തുഹ്ഫതുല്‍ അഹ്ബാബ് തലിപ്പറമ്പ്, അല്‍ ഖൗലുസ്സദീദ് ഫീ അഹ്കാമിത്തഖ്‌ലീദ്, അല്‍ ഖൗലുല്‍ മുത്തസഖ് ഫീ ബയാനില്‍ അഖ്‌വാലി വല്‍ ഔജുഹി വത്തുറുഖ്, ഹാശിയ അലാ മുഖദ്ദിമതി തുഹ്ഫതില്‍ മുഹ്താജ് ലി ഇബ്‌നി ഹജര്‍, നഹജുല്‍ ഖവീം ലിമന്‍ യുഖല്ലിദു ഫില്‍ ജുമുഅതി മിനശ്ശാഫിഇയ്യത്തി അല്‍ ഖൗലല്‍ ഖദീം. 
1935/1354 ഹിജ്‌റ ല്‍ ഈജിപ്തിലെ മുസ്തഫ അല്‍ ബാബി അല്‍ ഹലബി ആന്റ് സണ്‍സ് പബ്ലിഷ്ിംഗ് കമ്പനിയില്‍ നിന്നു പുറത്തിറക്കപ്പെട്ട ശാഫീ മദ്ഹബിലെ ഖദീമായ ഖൗലുകളനുസരിച്ച് ( അഭിപ്രായ ഭിന്നതകള്‍) ജുമുഅ നിസ്‌കരിക്കുന്നവര്‍ക്ക് മറുപടി എന്ന നിലക്കും ഇത്തരം അഭിപ്രായാന്തരങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കു ഹേതുകമാവുകയും ചെയ്തപ്പോയാണു പാങ്ങിലുസ്താദ് ഈ കൃതി രചിക്കുന്നത്. ശാഫീ മദ്ഹബില്‍ പ്രമുഖരായി ഗണിക്കുന്ന പണ്ഡിതന്മാരുടേതടക്കം 45 ഓളം കിതാബുകള്‍ ഉപജീവിച്ചും 52 ഓളം പ്രമുഖരായ പണ്ഡിതരെ ഉദ്ധരിച്ചുമാണ് ഇരുപത്തെട്ട് പേജുകളുള്ള ഈ ചെറു ഗ്രന്ഥം രചിച്ചിരിക്കുന്നത്. എളുപ്പത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനായി അഭിപ്രായങ്ങള്‍ എണ്ണിപ്പറയുകയും ഓരോ അഭിപ്രായങ്ങളും വിലയിരുത്തുകയും ചെയ്യുന്ന രീതിയാണ് ഗ്രന്ഥത്തിലുടനീളം കാണാനാവുന്നത്. 
രണ്ട് അദ്ധ്യായങ്ങളാക്കിത്തിരിച്ച ഗ്രന്ഥത്തില്‍ ജുമുഅയില്‍ പങ്കെടുക്കേണ്ടവരും അല്ലാത്തവരുമായ ജനങ്ങളുടെ അവസ്ഥ വിശദികരിക്കുന്ന ഒന്നാമദ്ധ്യായവും ജുമുഅയില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തില്‍ ശാഫിഈ പണ്ഡിതര്‍ക്കുള്ള അഭിപ്രായ വ്യത്യാസം വിശദീകരിക്കുന്ന രണ്ടാമദ്ധ്യായവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.  പന്ത്രണ്ട് എന്ന് പറയുന്ന ഖൗല്‍ ഇമാം ശാഫിഈ യെക്കുറിച്ച് ഒരു അസ്വ്ഹാബും ഉദ്ധരിച്ചിട്ടില്ലെന്നും ഇമാം അബൂ ഹനീഫയുടെ ശിഷ്യനായ മുഹമ്മദ് ബ്‌നു ഹസന്‍ എന്നവര്‍ ഉദ്ധരിച്ചുവെന്നത് കാലഗണനയനുസരിച്ച് അംഗീകരിക്കാനാവുന്നതല്ലെന്നും മറ്റു വഴികളിലൂടെ വന്നതൊന്നും സ്വീകരിക്കാന്‍ കഴിയാത്തതാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍  സമര്‍ത്ഥിക്കുന്നു. 
 നാല് എന്ന ഖൗല്‍ വാസ്തവത്തില്‍ ഹനഫീ മദ്ഹബനുസരിച്ച് അനുവര്‍ത്തിക്കാവുന്ന ഖൗലാണെന്നും അതു സ്വീകരിക്കുമ്പോള്‍ മറ്റു മദ്ഹബിലെ ഖൗലുകള്‍ സ്വീകരിക്കേണ്ട ശര്‍ത്തുകള്‍ പാലിക്കേണ്ടതാണെന്നും വ്യക്തമാക്കുന്നു. ഈ അടുത്ത് കേരളത്തില്‍ ചര്‍ച്ചാ വിശയമായ തഅദ്ദുദുല്‍ ജുമുഅയുടെ വിഷയവും ചര്‍ച്ച ചെയ്യുന്ന പാങ്ങില്‍ അത് ശാഫിഊ ഇമാമിന്റെ നസ്സായ ഖൗല്‍ അല്ലെന്നും പകരം മുതഅഖിരീങ്ങളായ പണ്ഡിതര്‍ തര്‍ജീഹാക്കിയ ഖൗലാണെന്നും അടിസ്ഥാന രഹിതമാണെന്നും പറയുന്നു. ഖദീമായ അഭിപ്രായത്തില്‍ മൗനം മാത്രമുള്ളത് അനുവദനീയമാണെന്നത് വരുത്തിത്തീര്‍ത്തത് പില്‍ക്കാല പണ്ഡിതരാണെന്നും ചര്‍ച്ച ഉപസംഹരിക്കുന്നു.  
വഹാബികളുടെ കുതന്ത്രങ്ങളുടെ ഫലമായി 1945 ല്‍ രോഗബാധിതനായ ഉസ്താദ് ഒരു വര്‍ഷത്തോളം കിടപ്പിലായിരുന്നു. 59 വര്‍ഷക്കാലത്തെ ഹൃസ്വമായ ജീവത കാലയളവ് കൊണ്ട് നൂറ്റാണ്ടുകള്‍ കൊണ്ട് ചെയ്ത് തീര്‍ക്കേണ്ട കര്‍മ്മപദ്ധതികള്‍ നിര്‍വ്വഹിച്ച ആ മഹല്‍ വ്യക്തി ഹിജ്്‌റ 1365 ദുല്‍ ഹജ്ജ് 25 ന് ക്രിസ്താബ്ദം 1945 നവംബര്‍ 20 ന് ഇഹലോകം വാസം വെടിഞ്ഞു. 


Post a Comment

Previous Post Next Post