സി.പി. ബാസിത് ഹുദവി തിരൂര്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ കേരളീയ മുസ്‌ലിം ചരിത്രത്തിലെ നിര്‍ണായക സന്ധിയാണ്. കലാപവും അടിച്ചമര്‍ത്തലും പട്ടിണിയും പകര്‍ച്ചവ്യാധികളും മാപ്പിള സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന ദുരന്ത സംഭവങ്ങള്‍ക്ക് മലബാര്‍ സാക്ഷിയായി. സമുദായത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ പലരും കടന്നുവന്നെങ്കിലും വിശ്വാസ മലിനീകരണത്തിന്റെ ഗൂഢതാല്‍പര്യക്കാര്‍ എവിടെയും വലിഞ്ഞുകയറി. ഗുരുതരമായ ഈ സാഹചര്യത്തില്‍ വിശ്വാസത്തിന്റെ പാരമ്പര്യ നൗകയിലേക്ക് മുസ്‌ലിം സമൂഹത്തെ കരകയറ്റിയ സാമൂഹിക പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍. തലമുറകളിലൂടെ കൈമാറി വന്ന ആദര്‍ശധാരയില്‍ നിന്നും തെന്നിമാറാതെ കേരളീയ മുസ്‌ലിംകള്‍ നേടിയെടുത്ത അഭിമാകരമായ അസ്തിത്വം ഈ പണ്ഡിതപ്രതിഭയുടെ ധീരമായ ഇടപെടലിന്റെ പരിണതഫലമായിരുന്നുവെന്ന് ഒരു നൂറ്റാണ്ടിനിപ്പുറം നമുക്ക് ദര്‍ശിക്കാനാവും.
കേരളത്തില്‍ ഇസ്‌ലാമിക പ്രബോധനത്തിനെത്തിയ താബിഉകളില്‍ പ്രമുഖനായ ഹബീബ് ബ്‌നു മാലിക് (റ) എന്നവരുടെ പരമ്പര മുല്ലവി കുടംബം എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രസ്തുത കുടുംബത്തിലെ  നൂറുദ്ദീന്‍-പഴമടത്തില്‍ തിത്തീകുട്ടി ദമ്പതികളുടെ മകനായി ഹിജ്‌റ 1305 ശവ്വാല്‍ 11-ന് മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രദേശത്താണ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജനനം. ജന്മദേശത്തു നിന്നും പ്രാഥമിക പഠനം നേടിയ ശേഷം കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍, മടത്തൊടിയില്‍ കാപ്പാട് മുഹമ്മദ് മുഹമ്മദ് മുസ്‌ലിയാര്‍,കരിമ്പനക്കല്‍ അഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ കീഴില്‍ ദര്‍സ് പഠനം നടത്തി. വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്ത്, ലത്വീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനവും നടത്തി.
മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം മദ്‌റസയിലാണ് അദ്ധ്യാപന ജീവിതം ആരംഭിക്കുന്നത്. പാങ്ങ് ജമുഅത്ത് പള്ളി, താനൂര്‍ വലിയകുളങ്ങര പള്ളി, പടന്ന ജുമുഅത്ത് പള്ള് എന്നിവിടങ്ങളിലും ദര്‍സ് നടത്തി. അബ്ദുല്‍ ഖാദര്‍ ഫള്ഫരി, കാപ്പാട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, ഇരിമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അരിപ്ര മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, തൂതക്കല്‍ കുഞ്ഞാപ്പു മുസ്‌ലിയാര്‍, കുളപ്പുറം കുട്ടി ഹസന്‍ മുസ്‌ലിയാര്‍, ഓമച്ചപ്പുഴ അബൂബക്കര്‍ മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, വെള്ളിയാമ്പുറം സെയ്താലി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യ പ്രമുഖരാണ്.
1921 ലെ മലബാര്‍ സമരത്തിന്റെ നേതൃനിരയില്‍ നിന്ന് പ്രവര്‍ത്തിച്ച പണ്ഡിതനാണ് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍. ഖിലാഫത്ത് പ്രസ്ഥാനത്തെ അനുകൂലിച്ച് പ്രസംഗിച്ചതിന്റെ പേരിലാണ് മണ്ണാര്‍ക്കാട് നിന്നും രാജിവെക്കേണ്ടി വന്നത്. 1921 ജൂലൈ 24-ന് പുതുപൊന്നാനിയില്‍ നടന്ന ഉലമാ സമ്മേളനത്തിലും അദ്ദേഹവും പങ്കെടുത്തിരുന്നു. ഖിലാഫത്ത് സമരം പ്രചരിപ്പിക്കുന്നതില്‍ മൗലാനാ പാങ്ങിലിന്റെ പങ്ക് ഇ. മൊയ്തു മൗലവി അനുസ്മരിച്ചിട്ടുണ്ട്. 1921 ആഗസ്റ്റ് 16-ന് കലക്ടര്‍ ഇ.എഫ് തോമസ് സമര്‍പ്പിച്ച നിര്‍ബന്ധമായും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ ലിസ്റ്റില്‍ മോസ്റ്റ് ഡെയ്ഞ്ചറസ് ആയ 18 പേരില്‍ അദ്ദേഹത്തെയും സഹോദരന്‍ അലവിക്കുട്ടി മുസ്‌ലിയാരെയും കാണാം. കല്‍പ്പകഞ്ചേരിയിലെ വടക്കുമ്പ്രത്ത് സമരം പ്രചരിപ്പിച്ചതായിരുന്നു ചാര്‍ത്തപ്പെട്ട കുറ്റം. എന്നാല്‍ സമരം അതിന്റെ സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെട്ടപ്പോള്‍ ശാന്തമാക്കാന്‍ ശ്രമിച്ചതും അദ്ദേഹമായിരുന്നുവെന്ന് കെ. കോയക്കുട്ടി മൗലവിയും എഴുതിയിട്ടുണ്ട്. ഗവണ്‍മെന്റ് ഓഫീസുകള്‍ കൊള്ളയടിക്കാന്‍ പോകുന്നവരെ പിന്തിരിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. എ.കെ. കോഡൂര്‍ എഴുതുന്നു: ''ആലി മുസ് ലിയാര്‍ വിചാരണയെ നേരിട്ട് കൊലമരത്തിലേക്ക് നീങ്ങുകയും കെ.എം. മൗലവി നാടുവിടുകയും ചെയ്തപ്പോള്‍ ഒളിച്ചു നടന്ന് വഴിതെറ്റുന്ന സമര ഭടന്മാരെ ധനമോഹത്തിനും തീവ്രവാദത്തിനുമെതിരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച വള്ളുവനാടിന്റെ ഈ ധീര പുത്രന്‍ രോഗശയ്യയിലെത്തി. രാത്രിയുടെ നിശബ്ദയാമങ്ങളില്‍ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് നടന്ന് നീങ്ങി. സമര നേതാക്കളെ ഉപദേശിച്ചിരുന്ന അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സന്നിപാത ജ്വരം പിടിച്ച് മുള്ള്യാകുര്‍ശ്ശിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കിടക്കുന്നതറിഞ്ഞ കിളിയമണ്ണില്‍ മൊയ്തു സാഹിബ് പെരിന്തല്‍മണ്ണയിലൊരു ഡോക്ടറുടെ അടുത്ത് കിടത്തി രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ പേരിലുള്ള അറസ്റ്റ് വാറണ്ട് മൊയ്തു സാഹിബ് തന്റെ സ്വാധീനമുപയോഗിച്ച് പിന്‍വലിപ്പിച്ചു.''
1921 എപ്രിലില്‍ ഒറ്റപ്പാലത്തു നടന്ന കോണ്‍ഗ്രസ്-ഖിലാഫത്ത് സംയുക്ത സമ്മേളനത്തില്‍ കേരള മജ്‌ലിസുല്‍ ഉലമാ രൂപീകരിക്കപ്പെട്ടു. മലബാര്‍ സമരം ശക്തിപ്പെട്ടതോടെ സംഘടന നാമാവശേഷമായി. 1922-ല്‍ നിഷ്പക്ഷ സംഘം എന്ന പേരില്‍ ഒരു സംഘടന രൂപം കൊണ്ടു. അത് പിന്നീട് ഐക്യ സംഘം എന്ന പേരില്‍ വിപുലീകരിക്കപ്പെട്ടു. കേരള മുസ്‌ലിംകളുടെ പ്രഥമ കൂട്ടായ്മകളാണ് ഈ സംഘങ്ങളെങ്കിലും ഇസ്‌ലാഹി ഉല്‍പതിഷ്ണു നയങ്ങളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. സംഘത്തിന്റെ കീഴില്‍ കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കുകയും സലഫി ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള വേദികളായി പരിണമിക്കുകയും ചെയ്തപ്പോഴാണ് പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ തിരുത്തുമായി കടന്നു വരുന്നത്. വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ആശീര്‍വാദത്തോടെ 1926 ജൂണ്‍ 26-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന പണ്ഡിത സംഗമത്തിന്റെ മുഖ്യ സുത്രധാരകനും മൗലാനാ പാങ്ങില്‍ തന്നെയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ രൂപീകരണ കണ്‍വെന്‍ഷനില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട നാമവും അദ്ദേഹത്തിന്റെതായിരുന്നു. എന്നാല്‍ സാത്വികനും സയ്യിദുമായ വരക്കല്‍ തങ്ങളെ ആ സ്ഥാനത്തേക്കിരുത്തി സമുദായത്തിന് മാതൃകയാവുകയായിരുന്നു പാങ്ങുകാരന്‍. പ്രഥമ കമ്മിറ്റിയില്‍ വെസ് പ്രസിഡണ്ടും വരക്കല്‍ തങ്ങളുടെ വിയോഗാനന്തരം രോഗശയ്യയില്‍ കിടക്കുന്നതു വരെ പ്രസിഡണ്ടുമായി സേവനം ചെയ്ത പാങ്ങിലിലെ സമസ്തയുടെ സ്ഥാപകനായി കണക്കാക്കാവുന്നതാണ്. അദ്ദേഹം മുന്‍കൈയെടുത്ത് നടത്തിയ പ്രഥമ സമ്മേളനങ്ങളിലൂടെയാണ് സമസ്ത ജനകീയമായത്. മുന്‍ചൊന്ന പ്രസ്ഥാനങ്ങള്‍ ഏറെ മുന്നേറ്റം നടത്തിയ ശേഷമാണ് സമസ്ത രൂപീകൃതമായതെങ്കിലും പാങ്ങിലിന്റെ ജൈത്രയാത്രയില്‍ എല്ലാം അപ്രസക്തമായി. 
പാങ്ങുകാരന്റെ വിജയഗാഥ പലരെയും പരിഭ്രാന്തരാക്കിയിരുന്നു. അദ്ദേഹത്തെ അപായപ്പെടുത്താനും ഇല്ലാതാക്കുവാനും പ്രഗത്ഭരാണ് രംഗത്തിറങ്ങിയത്. കെ.എം. മുഹമ്മദ് കോയ എഴുതുന്നു:''തിരൂരങ്ങാടിയില്‍ വെച്ച് കോഴിക്കോട് ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഒരിക്കല്‍ പാങ്ങുകാരനെ പിടികൂടി. തങ്ങളുടെ സമാദരണീയനും നേതാവും പണ്ഡിതനുമായ എ.പി അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലീസ് സൈന്യം വളഞ്ഞിരിക്കുന്നു എന്നു കേട്ടമാത്രയില്‍ മുസ്‌ലിം ബഹുജനം അവിടെ തടിച്ചുകൂടി. കാര്യം വ്യക്തമാക്കണമെന്നവര്‍ കളക്ടറോട് ആവശ്യപ്പെട്ടു. അവരോട് കളക്ടര്‍ പറഞ്ഞ മറുപടി കേട്ട് ജനം അന്തംവിട്ടു. പാങ്ങില്‍ അഹ്മദ് കുട്ടി എന്ന ആള്‍ മലബാര്‍ ലഹളക്ക് ജനങ്ങളെ പ്രേരിപ്പിച്ച ആളാണെന്നും വീണ്ടും അങ്ങനെ ഒരു പ്രവര്‍ത്തനത്തിനുള്ള ഗൂഢശ്രമം നടത്തിക്കൊണ്ടിരിക്കയാണെന്നും അതിനുവേണ്ടി ഒരു പണ്ഡിതസംഘടനക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും ഇദ്ദേഹത്തെ സൈ്വര വിഹാരത്തിന്ന് അനുവദിച്ചാല്‍ വീണ്ടും ഒരു ഹിന്ദു മുസ്‌ലിം ലഹളക്ക് കാരണമായിത്തീരുമെന്നും ആയതിനാല്‍ എത്രയും വേഗം ഇദ്ദേഹത്തെ ജില്ല മാറ്റി അയക്കാന്‍ കല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തിരൂരങ്ങാടിക്കാരായ പലരും ഒപ്പിട്ടയച്ച മാസ്‌പെറ്റീഷന്‍ നേരില്‍ അന്വേഷിക്കാനാണ് താനും പാര്‍ട്ടിയും ഇവിടെ വന്നതെന്നും പെറ്റീഷനില്‍ ഒപ്പുവെച്ച ആളുകളെ വിളിച്ചു നേരില്‍ അന്വേഷിച്ച് വേണ്ടത് ചെയ്യാനാണ് തന്റെ ഉദ്ദേശമെന്നുമാണ് ഡപ്യൂട്ടി കളക്ടര്‍ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞത്. തതടിസ്ഥാനത്തില്‍ ഹരജിയില്‍ ഒപ്പിട്ട പലരെയും വിളിച്ചു ഡപ്യൂട്ടി കളക്ടര്‍ ചോദിച്ചപ്പോള്‍ അവരില്‍ നിന്നുള്ള മറുപടികേട്ട് കളക്ടറും അമ്പരന്നു. ബഹുമാനപ്പെട്ട ഖുത്വുബുസ്സമാന്‍ സയ്യിദ് അലവി ജിഫ്‌രി (റ)അന്ത്യവിശ്രമം കൊള്ളുന്ന മമ്പുറത്തേക്ക് ധാരാളം ആളുകള്‍ സിയാറത്തിനു വന്നുകൊണ്ടിരിക്കുന്നതിനാല്‍ മമ്പുറം പുഴക്ക് ഒരു പാലം അടിയന്തരമായി കെട്ടിത്തരണമെന്ന ഒരു ഹരജിയിലാണ് ഞങ്ങളെല്ലാം ഒപ്പുവെച്ചുകൊടുത്തിട്ടുള്ളതെന്നും ഞങ്ങളുടെ നേതാവായ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ പേരില്‍ എന്തെങ്കിലും നടപടി എടുക്കുന്നതായാല്‍ ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ സന്നദ്ധരാണെന്നുമായിരുന്നു ജനങ്ങളുടെ പ്രതികരണം. അതോടെ കളക്ടര്‍ ജനങ്ങളോട് മാപ്പു പറഞ്ഞു. മുസ്‌ലിയാര്‍ക്കു വേണ്ടുന്ന എല്ലാ സഹായവും നല്‍കാന്‍ താന്‍ സന്നദ്ധനാണെന്നും ഏറ്റുപറഞ്ഞു. ജനങ്ങള്‍ ശാന്തരായി പിരിഞ്ഞു. മുസ്‌ലിയാരെ പോലീസ് കൊണ്ടുപോകുന്നത് കണ്ട് ആസ്വദിക്കാന്‍ ആള്‍ക്കൂട്ടത്തില്‍ നുഴഞ്ഞുകയറിയ വഹാബികള്‍ ഇളിഭ്യരായി മെല്ലെ തലവലിച്ചു. അതോടെ പാങ്ങുകാരന്റെ പേര് കേരളമെങ്ങും പ്രശസ്തമായി.'' തിരുവനന്തപുരത്തും സമാന അനുഭവം മൗലാനാ പാങ്ങിലിനുണ്ടായിട്ടുണ്ട്.
രാഷ്ട്രീയമായി ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന പാങ്ങില്‍ മലബാര്‍ സമരം ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചു. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ തുടങ്ങിയ വ്യക്തിഹത്യവും മാധ്യമവേട്ടയും ഇന്നും അവസാനിച്ചിട്ടില്ല. അല്‍പകാലം ജസ്റ്റിസ് കക്ഷിയിലും പ്രവര്‍ത്തിച്ചതായി രേഖകളില്‍ കാണാം. 1937-ല്‍ മലബാര്‍ ജില്ലാ മുസ്‌ലിം ലീഗ് രൂപീകരിക്കപ്പെട്ടപ്പോള്‍ പ്രവര്‍ത്തക സമിതി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ രംഗത്തും സാന്നിധ്യമറിയിച്ച അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ലീഗിന്റെ പ്രധാന അവലംബമായിരുന്നു. മദ്‌റാസ് പ്രൊവിന്‍ഷ്യല്‍ ഹജ്ജ് കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചു.
മതവിദ്യാഭ്യാസത്തിന്റെ പ്രസക്തി സമുദായത്തെ ബോധ്യപ്പെടുത്തുന്നതിലും പ്രായോഗികമായ രീതികള്‍ സമര്‍പ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും പാങ്ങിലിനോളം സംഭാവനകള്‍പ്പിച്ച മറ്റൊരാളെ കണ്ടെത്തുക പ്രയാസമാണ്. ബാഖിയാത്തിന് സമാനമായി മലബാറില്‍ ഒരു ഉന്നത സ്ഥാപനം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുകയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള വലിയകുളങ്ങര പള്ളി കേന്ദ്രീകരിച്ച് ഇസ്വ്‌ലാഹുല്‍ ഉലൂം മദ്‌റസക്ക് തുടക്കം കുറിക്കുന്നതും 1924 ലാണ്. ഇന്നും അഭിമാനപൂര്‍വ്വം തലഉയര്‍ത്തി നില്‍ക്കുന്ന ഈ സ്ഥാപനം കേരളത്തിലെ വൈജ്ഞാനിക പാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യമാണ്. ഇംഗ്ലീഷ്, മലയാളം, ഉര്‍ദു ഭാഷകള്‍ മതസ്ഥാപനങ്ങളില്‍ പഠിപ്പിച്ചു തുടങ്ങുന്നത് ഇസ്വ്‌ലാഹുല്‍ ഉലൂമിലൂടെയാണ്. അപ്രകാരം ദര്‍സീ സിലബസുകളുടെ പരിഷ്‌ക്കരണത്തിലും പാങ്ങില്‍ സംഭാവനകളര്‍പ്പിച്ചു. മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം, വടകര മനാറുല്‍ ഉലൂം, ചെമ്മന്‍കുഴി മദാരിജു സ്വാലിഹീന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പാങ്ങിലിന്റെ സംരക്ഷണത്തില്‍ വളര്‍ന്നവയാണ്. പാങ്ങില്‍ വിഭാവനം ചെയ്ത 'മദ്‌റസ' ഉന്നത പഠന കേന്ദ്രങ്ങള്‍ തന്നെയായിരുന്നു. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭയുടെ മാനേറായും കഴിവ് തെളിയിച്ചിട്ടുണ്ട്.
സാഹിത്യ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം മൗലാനാ പാങ്ങില്‍ തിരിച്ചറിഞ്ഞു. 1929 ഡിസംബറില്‍ മൗലാനാ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ചീഫ് എഡിറ്ററായി അല്‍ബയാന്‍ പ്രഥമ ലക്കം പുറത്തിറങ്ങി. മാസിക 'മുസ്‌ലിം പൊതുജനങ്ങളായ പുരുഷന്മാരെയും സ്ത്രീകളെയും പ്രത്യേകം ലാക്കാക്കി നടത്തപ്പെടുന്ന'താണെന്ന് പുറം ചട്ടയില്‍ തന്നെ രേഖപ്പെടുത്തിയിരുന്നു. അറബി ഭാഷയില്‍ 23 പ്രധാന രചനകള്‍ പാങ്ങിലിന്റേതായുണ്ട്. ഇവയില്‍ അന്നഹ്ജുല്‍ ഖവീം എന്ന കൃതി അസ്ഹര്‍ പണ്ഡിതരുടെ അവതാരികയോടെ 1935-ല്‍ ഈജിപ്തില്‍ നിന്നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 
1946 നവംബര്‍ 20-നാണ് ( ഹിജ്‌റ 1365 ദുല്‍ഹജ്ജ് 25) പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ വിയോഗം. കേരളീയ മുസ്‌ലിംകളുടെ മുഖ്യധാര ഇന്നും പാരമ്പര്യ വിശ്വാസത്തിലടിയുറച്ചു നില്‍ക്കുന്നത് 1920 കളില്‍ പാങ്ങില്‍ കാണിച്ച ആദര്‍ശധീരത യുടെ ഫലമാണെന്നതില്‍ സംശയമില്ല. ഇല്ലായ്മയില്‍ നിന്നും കെട്ടിപ്പടുത്ത സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആഗോള പ്രസ്ഥാനമായി മാറിക്കഴിഞ്ഞിരിക്കുന്നു. കെ.എം. മുഹമ്മദ് കോയ എഴുതിയതുപോലെ സമസ്തയുടെ നിലനില്‍പ്പിനും പ്രചാരണത്തിനും വേണ്ടി പാങ്ങുകാരന്‍ സഹിച്ച ത്യാഗത്തിന്റെ ആയിരത്തിലൊരംശമെങ്കിലും വഹിച്ചവര്‍ സമസ്തയുടെ ഇതുവരെയുള്ള ചരിത്രത്തില്‍ വിരളമാണ്.

Post a Comment

Previous Post Next Post