• സി.പി. ബാസിത് ഹുദവി തിരൂര്‍

ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി അഞ്ചു തവണകളിലായി കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1920, 1925, 1927, 1934, 1937 വര്‍ഷങ്ങളില്‍ നടത്തിയ ഈ പര്യടനങ്ങള്‍ കേരളത്തിന്റെ ചരിത്രത്തിന്റെ നിറവാര്‍ന്ന ഏടുകളാണ്. 1920-ലെ പ്രഥമ സന്ദര്‍ശനം ഇവയില്‍ ഏറ്റവും ചുരുങ്ങിയതും അതിലേറെ ചരിത്ര പ്രാധാന്യവുമുള്ളതുമായിരുന്നു. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ സംഘാടനത്തിനും ഫണ്ട് ശേഖരണത്തിനുമാണ് മഹാത്മാ ഗാന്ധിയുടെയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട്ടെത്തുന്നത്. 1921-ലെ മലബാര്‍ സമരത്തിന്റെ പ്രചാരണങ്ങള്‍ക്ക് കാഹളം മുഴങ്ങിയത് പ്രസ്തുത സന്ദര്‍ശനത്തോടെയായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.
1920 ആഗസ്റ്റ് 18-ന് ഉച്ചക്ക് 2.30-നാണ് ഗാന്ധിയും ഷൗക്കത്തലിയും തീവണ്ടിയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയത്. അവരെ കാത്ത് വമ്പിച്ച ഒരു ജനസഞ്ചയം തിങ്ങിക്കൂടിയിരുന്നു. ഗാന്ധിജിയെ ഖാന്‍ ബഹദൂര്‍ പി.കെ. മുത്തുക്കോയ തങ്ങള്‍ ഹാരമണിയിച്ച് സ്വീകരിക്കുകയും ഘോഷയാത്രയുടെ അകമ്പടിയോടെ താമസസ്ഥലത്തേക്ക് ആനയിക്കുകയും ചെയ്തു. ഉച്ച തിരിഞ്ഞ് അഞ്ഞൂറോളം പ്രവര്‍ത്തകര്‍ സംബന്ധിച്ച ഒരു നേതൃസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. വൈകീട്ട് 6.30-ന് കോഴിക്കോട് കടപ്പുറത്തായിരുന്നു സമ്മേളനം. ഇതില്‍ 25000 പേര്‍ പങ്കെടുത്തതായി ഔദ്യോഗിക രേഖകളിലും അര ലക്ഷം പേര്‍ പങ്കെടുത്തതായി ഖിലാഫത്ത് കമ്മിറ്റി രേഖകളിലും കാണാം. ഗാന്ധിജി ഉജ്ജ്വലമായ ഒരു പ്രസംഗം നടത്തുകയും നടത്തുകയും കെ. മാധവന്‍ നായര്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ശ്രീ രാവുണ്ണി മേനോന്‍ 2500 രൂപയുടെ ഒരു പണക്കിഴി ഖിലാഫത്ത് നിധിക്കായി ഗാന്ധിക്ക് സമ്മാനിച്ചു. അടുത്ത ദിവസമായ ആഗസ്റ്റ് 19-ന് ഗാന്ധിജി മംഗലാപുരത്തേക്കു തിരിക്കുകയായിരുന്നു.
കോഴിക്കോട് കടപ്പുറത്ത് ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം കെ. രാമചന്ദ്രന്‍ നായര്‍ തയാറാക്കി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗാന്ധിജിയും കേരളവും എന്ന ഗ്രന്ഥത്തില്‍ നല്‍കിയിട്ടുണ്ട്. നിസ്സഹകരണ പ്രസ്ഥാനം എന്തിന് ? എന്ന വിഷയത്തിലായിരുന്നു പ്രസംഗം. പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ വായിക്കാം:
''ഇന്ത്യാ ഗവണ്‍മെന്റും ബ്രിട്ടീഷ് ഗവണ്‍മെന്റും ഇന്ത്യയോട് ഇരട്ടത്തെറ്റ് കാണിച്ചിരിക്കുകയാണെന്ന് ഈ മഹാസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കാന്‍ ധൈര്യപ്പെടുന്നു. നാം ആത്മാഭിമാനമുള്ള ഒരു ജനതയാണെങ്കില്‍, നമ്മുടെ അന്തസ്സിനെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും നമുക്കു തന്നെ ബോധമുണ്ടെങ്കില്‍, സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഈ ഇരട്ട അപമാനം സഹിക്കുന്നത് അന്യായവും അനുചിതവുമാണ്. നിസ്സഹായനായ തുര്‍ക്കി സുല്‍ത്താന്റെ മേല്‍ കെട്ടിവച്ചിരിക്കുന്ന സമാധാന ഉടമ്പടി രൂപപ്പെടുത്തുകയും അതില്‍ മുഖ്യകക്ഷി ആയിത്തീരുകയും ചെയ്തിരിക്കുന്നതു നിമിത്തം ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വന്തം സ്വന്തം സാമ്രാജ്യത്തിലെ മുസ്ലിം പൗരന്‍മാരുടെ വികാരങ്ങളെ മനഃപൂര്‍വ്വം വ്രണപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ മുസല്‍മാന്‍മാരെ ഇണക്കിക്കൊണ്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ ഇന്നത്തെ പ്രധാനമന്ത്രി തന്റെ സബപ്രവര്‍ത്തകരോട് ആലോചിച്ച ശേഷം വ്യക്തമായി വാഗ്ദാനം നല്‍കിയിട്ടുണ്ടായിരുന്നു. ഖിലാഫത്ത് പ്രശ്‌നം ഞാന്‍ നന്നായി പഠിച്ചിട്ടുണ്ടെന്നാണ് എന്റെ അവകാശവാദം. ഖിലാഫത്ത് പ്രശ്‌നത്തെക്കുറിച്ചുള്ള മുസല്‍മാന്റെ വികാരം എന്താണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടിതാ വീണ്ടും ഞാന്‍ ഇവിടെ വച്ചു പ്രഖ്യാപിക്കുന്നു ഖിലാഫത്ത് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ മുസല്‍മാന്റെ വികാരങ്ങളെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത രീതിയില്‍ വ്രണപ്പെടുത്തിയിരിക്കുകയാണെന്ന്. ഇന്ത്യയില്‍ മുസല്‍മാന്‍മാരെ അങ്ങേയറ്റത്തെ മനോനിയന്ത്രണം പാലിച്ചിരുന്നില്ലെങ്കില്‍, നിസ്സഹകരണത്തിന്റെ സന്ദേശം അവര്‍ക്കു പറഞ്ഞു പറഞ്ഞുകൊടുത്തിരുന്നില്ലെങ്കില്‍ ഇവിടെ ഇതിനകം തന്നെ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമായിരുന്നു. മുസല്‍മാന്റെ ലക്ഷ്യപ്രാപ്തിക്ക് രക്തച്ചൊരിച്ചില്‍ സഹായകമാകുകയില്ലെന്നു തീര്‍ച്ചയാണ്. എന്നാല്‍ ക്ഷുഭിതനായ ഒരു മനുഷ്യന്‍, വ്രണിത ഹൃദയനായ ഒരു മനുഷ്യന്‍, തന്റെ പ്രവൃത്തിയുടെ നന്മ തിന്മകളെക്കുറിച്ച് ചിന്തിക്കുകയില്ല. ഖിലാഫത്ത് പ്രശ്‌നത്തെക്കുറിച്ച് എനിക്ക് ഇത്രയുമാണ് പറയാനുള്ളത്.''
''ഇസ്ലാമിനോടു ചെയ്ത കടുത്ത അനീതിയെക്കുറിച്ച് ബോധവാന്മാരായ ഇന്ത്യയിലെ മുസല്‍മാര്‍ വേണ്ട രീതിയില്‍ ആത്മത്യാഗം അനുഷ്ടിക്കുന്നതിന് സന്നദ്ധരാകുമോ? ലോകമെങ്ങുമുള്ള വേദഗ്രന്ഥങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് നീതിയും അനീതിയും തമ്മില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ല എന്നാണ്. നീതിമാനായി മനുഷ്യന്‍ നീതികെട്ട മനുഷ്യനോട് സഹകരിക്കുന്നത് പാപമാണ്. പൊതുജനാഭിപ്രായത്തില്‍ വഴങ്ങിക്കൊടുക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ നാം നിസ്സഹകരണത്തിന്റെ മഹത്തായ ഈ മാര്‍ഗം കൈകൊള്ളുക തന്നെ വേണം. ഇന്ത്യയില്‍ മുസല്‍മാന്‍മാര്‍ ഖിലാഫത്ത് കാര്യത്തില്‍ നീതി ലഭിക്കുന്നതിനു വേണ്ടി ഗവണ്‍മെന്റുമായി നിസ്സഹകരിക്കുകയാണെങ്കില്‍, അവരുടെ മാര്‍ഗം ശരിയായിരിക്കുന്ന കാലത്തോളം കാലം, അവരെ സഹിക്കേണ്ടത് ഹിന്ദുക്കളുടെയും കര്‍ത്തവ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള ശാശ്വതമായ സൗഹാര്‍ദ്ദം ബ്രിട്ടീഷുകാരോടുള്ള ബന്ധത്തേക്കാള്‍ വിലപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു.''
''സര്‍ക്കാര്‍ നിയന്ത്രിക്കുന്നതും, സഹായിക്കുന്നതുമായ വിദ്യാലയങ്ങളില്‍ നിന്ന് നമുക്ക് വിദ്യാഭ്യാസം ആവശ്യമില്ല. അങ്ങനെ നാം സ്‌കൂളുകള്‍ ബഹിഷ്‌ക്കരിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലെ ഇടത്തരം പൗരന്മാരുടെ അഭിപ്രായത്തിന്റെ പ്രകടനമായിരിക്കും. ഖിലാഫത്ത പ്രശ്‌നത്തിലും പഞ്ചാബിന്റെ കാര്യത്തിലും അനീതിയും അസത്യവും വച്ചുപുലര്‍ത്തുന്ന ഒരു ഭരണകൂടത്തോടു സഹകരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് അക്ഷരാഭ്യാസം വേണ്ടെന്നു വയ്ക്കുന്നത്.''
''ഇത് നിസ്സഹകരണത്തിന്റെ ആദ്യ ഘട്ടമാണ്. ആദ്യ ഘട്ടം ഭംഗിയായാല്‍ നാം ആഗ്രഹിക്കുന്ന മാറ്റം കെവരുമെന്ന് എനിക്ക് തീര്‍ച്ചയുണ്ട്. നിങ്ങള്‍ക്കും അത് ബോധ്യമാവും. നിസ്സഹകരണത്തിന്റെ മറ്റു ഘട്ടങ്ങളിലേക്ക് നിങ്ങളെ ഇപ്പോള്‍ കൊണ്ടുപോകണമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ആദ്യഘട്ടത്തിലുള്ള പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ ആദ്യഘട്ടത്തില്‍ രണ്ടുകാര്യങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും. ഒന്ന്- പരിപൂര്‍ണ്ണമായ അക്രമരാഹിത്യം. അത് നിസ്സഹകരണത്തിന് ഒഴിച്ചുകൂടാന്‍ പാടില്ലാത്തതാണ്. രണ്ട്-കുറച്ച് ആത്മ ത്യാഗം, നിസ്സഹകരണത്തിന്റെ ഈ പരീക്ഷണത്തില്‍കൂടി കടന്നു പോകുന്നതിനു വേണ്ടത്ര ധൈര്യവും വിവേകവും ക്ഷമാശീലവും ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നതിന് ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. നിങ്ങള്‍ എനിക്കു നല്‍കിയ വമ്പിച്ച സ്വീകരണത്തിനും എന്റെ വാക്കുകള്‍ തികഞ്ഞ നിശ്ശബ്ദതയോടെ, അങ്ങേയറ്റം ക്ഷമയോടെ, കേട്ടുകൊണ്ടിരുന്നതിനും ഞാന്‍ നിങ്ങള്‍ക്കു നന്ദി പറയുന്നു.''
ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കൊന്നാര മുഹമ്മദ് കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയ തങ്ങള്‍, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങി പിന്നീട് മലബാര്‍ വിപ്ലവകാരികളായിത്തീര്‍ന്ന പണ്ഡിതന്‍മാരും നേതാക്കളും മുന്‍നിരയിലിരുന്നു തന്നെ ഗാന്ധിജിയുടെയും ഷൗക്കത്തലിയുടെയും പ്രസംഗങ്ങള്‍ നന്നായി ശ്രവിച്ചിരുന്നു. വിപ്ലവ പരാജയത്തെത്തുടര്‍ന്ന് മേലാറ്റൂരില്‍ വെച്ച് ഡി.വൈ.എസ്.പി. ആമുവിന്റെ മുമ്പില്‍ കീഴടങ്ങിയ ശേഷം നല്‍കപ്പെട്ട മൊഴിയില്‍ ഗാന്ധിയുടെയും ഷൗക്കത്തലിയുടെയും പ്രസംഗങ്ങളാലാണ് പ്രചോദിതനായതെന്ന് ചെമ്പ്രശ്ശേരി തങ്ങള്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. മലബാറിലാകമാനം സമരത്തിന് തിരികൊളുത്തുകയായിരുന്നു ഗാന്ധിയുടെയും ഷൗക്കലിയുടെയും കോഴിക്കോട് പ്രസംഗങ്ങള്‍ എന്നര്‍ത്ഥം.
കോണ്‍ഗ്രസ് ദേശീയമായി നിസ്സഹകരണ സമരരീതി സ്വീകരിക്കുന്നതിനു മുമ്പെ 1920 എപ്രിലില്‍ നടന്ന മഞ്ചേരി സമ്മേളനത്തോടെ മലബാറില്‍ അത് നടപ്പിലായിട്ടുണ്ട്. അതെ വര്‍ഷം നടന്ന കോഴിക്കോട്ടെ സ്വീകരണ സമ്മേളനത്തോടെയാണ് മലബാറിലുടനീളം കോണ്‍ഗ്രസ്-ഖിലാഫത്ത് കമ്മിറ്റികള്‍ രൂപീകരിച്ചു തുടങ്ങിയത്. തിരൂരങ്ങാടി ഖിലാഫത്ത് കമ്മിറ്റിയാണ് അദ്യം രൂപീകരിക്കപ്പെട്ടത്. പൊന്മള, കോട്ടക്കല്‍, കൊണ്ടോട്ടി, മഞ്ചേരി, മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, മേലാറ്റൂര്‍, തിരൂര്‍, ക്ലാരി, പരപ്പനങ്ങാടി തുടങ്ങി 110 ഖിലാഫത്ത് കമ്മിറ്റികള്‍ നിലവില്‍ വന്നു. ഇതാണ് പിന്നീട് ലഹള, കലാപം, യുദ്ധം എന്നീ പേരുകളില്‍ വിളിക്കപ്പെട്ട 1921-ലെ സംഭവവികാസങ്ങള്‍ക്ക് നിമിത്തമായത്.
മാപ്പിള നാടിന്റെ മിടിപ്പറിയാതെയുള്ള ഗാന്ധിജിയുടെ കോഴിക്കോട് പ്രസംഗം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ എം.പി. നാരായണ മെനോന്‍ മപ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹത്തെ തിരുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എല്ലാം കൈവിട്ടു പോയപ്പോള്‍ മലക്കം മറിയുന്ന ഗാന്ധിയെയാണ് പിന്നീട് നമുക്ക് ചരിത്രത്തില്‍ വായിക്കാന്‍ കഴിയുന്നത്.

Post a Comment

Previous Post Next Post