തമീം വി.പി കരീറ്റിപ്പറമ്പ്
    വംശീയമായ ഉന്മൂലന ലക്ഷ്യങ്ങളോടെയും വിഭവ മോഹങ്ങളോടെയും കടന്ന് വന്ന യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ആദ്യമായി ചെറുത്തുനില്‍പ്പിന്റെ അങ്കിയണഞ്ഞ് രംഗത്ത് വന്നത് മുസ്‌ലിംകളായിരുന്നു. രക്തവും ജീവനും സമ്പത്തും നല്‍കി സ്ഥൈര്യത്തോടെ അതിജീവന സമരം നടത്തിയ മാപ്പിള മുസ്ലിംകളുടെ പോരാട്ട ചരിത്രം പലതും മറക്കുള്ളില്‍ ആവൃതമായിക്കിടക്കുകയാണ്. ഏറനാട്ടിലും വള്ളുവനാട്ടിലും നടന്ന അധിനിവേശ വിരുദ്ധ കലാപങ്ങള്‍ക്ക് സമാനമായ ഒട്ടേറെ സംഭവങ്ങള്‍ക്ക് സാക്ഷിയായ മണ്ണാണ് കൊടുവളളിയും പരിസര പ്രദേശങ്ങളും. പക്ഷെ അവയെല്ലാം ബോധപൂര്‍വ്വം തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. ബ്രിട്ടീഷുകാര്‍ നാടുനീളെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുകയും മാപ്പിളമാരെ തെരെഞ്ഞു പിടിച്ച് അറുകൊല ചെയ്യുകയും നാടുകടത്തുകയും ചെയ്ത ഒട്ടേറെ സംഭവങ്ങള്‍ ഇന്നും അതിന്റെ തീക്ഷ്ണതയോടെ എണ്ണിപ്പറയാനുണ്ട് ഇവിടുത്തെ പരദേശികള്‍ക്ക്.
    
    അധിനിവേശ ശക്തികള്‍ക്കെതിരെ മലബാറിലെ മുസ്‌ലിംകള്‍ക്ക് ആത്മീയവും ധാര്‍മികവുകമായ സമര നൈരന്തര്യത്തിന്് പ്രചോദനം നല്‍കിയ മമ്പുറം തങ്ങള്‍, മരക്കാര്‍മാര്‍, ഉമര്‍ഖാസി, ആലിമുസ്‌ലിയാര്‍, വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവരുടെ കൂടെ ചേര്‍ത്ത് വായിക്കാന്‍ അനുയോജ്യനായിരുന്നു പാലക്കാം തൊടിക അബൂബക്കര്‍ മുസ്‌ലിയാര്‍.
    ഹിജ്രാബ്ദം 1291 ശഅ്ബാന്‍ 22ന് കൊടുവള്ളിക്കടുത്ത ചുളളിയാട്ടായിരുന്നു സ്മര്യ പുരുഷന്റെ ജനനം. മതപഠന സൗകര്യം നന്നെ കുറവായിരുന്ന അന്ന് പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മലപ്പുറം ജില്ലയിലെ ആലത്തൂര്‍പടി പൊടിയാട് പള്ളി ദര്‍സില്‍ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനുമായ ആലി മുസ്‌ലിയാരില്‍ നിന്നും അധ്യയനം നടത്തുകയും ശേഷം നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുതിയോത്ത് പള്ളി കേന്ദ്രീകരിച്ച് ദര്‍സ് ആരംഭിക്കുകയും ചെയ്തു. പില്‍ക്കാലത്ത് കേരളം കണ്ട പ്രഗത്ഭരായ പണ്ഡിത വ്യൂഹത്തെ വാര്‍ത്തെടുക്കാന്‍ ഉസ്താദിന്റെ ദര്‍സ് നിമിത്തമായി. മടവൂര്‍ സി.എം വലിയുള്ളാഹിയുടെ പിതാവ് കുഞ്ഞിമാഹിന്‍ മുസ്ലിയാര്‍, ശംസുല്‍ ഉലമായുടെ പിതാവ് വെള്ളിമാട്കുന്ന് കോയക്കുട്ടി മുസ്‌ലിയാര്‍, അണ്ടോണ അബ്ദുള്ള മുസ്‌ലിയാരുടെ പിതാവ് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വാവാട് കുന്നുമ്മല്‍ ഉസ്താദുമാരുടെ പിതാവ് തുടങ്ങിയ നൂറ് കണക്കിന് പ്രഗത്ഭരായ ശിഷ്യന്മാര്‍ മഹാനവര്‍കളുടെ ദര്‍സില്‍ പഠിക്കാനെത്തിയിരുന്നു. പുതിയോത്ത് മഹല്ലിലും പരിസര പ്രദേശങ്ങളിലും മുസ്‌ലിം സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മഹാന്‍ നേതൃത്വം നല്കി. വെണ്ണക്കോട്, കരുവമ്പൊയില്‍, തലപ്പെരുമണ്ണ, കളരാന്തിരി, കൊടുവളളി, ഓമശ്ശേരി, കൊടിയത്തൂര്‍, ആലുംതറ, പുതുപ്പാടി, താമരശ്ശേരി, കൂടത്തായി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഷങ്ങളോളം ഖാസിയായി സേവനം ചെയ്തു.
    തികഞ്ഞ സൂഫിവര്യനും പണ്ഡിതനുമായ അദ്ദേഹം ആത്മീയവും വൈജ്ഞാനികവുമായി സൃഷ്ടിച്ച മാസ്മരികത ഇന്നും ഈ പ്രദേശ വാസികള്‍ക്കിടയില്‍ ഹരിതമായി ശേഷിക്കുന്നു. നാടിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഒരു അത്താണിയും ആശാകേന്ദ്രവുമായിരുന്നു അദ്ദേഹം. ഒരിക്കല്‍ നാടു മുഴുവന്‍ ഒരു ക്ഷാമമനുഭവപ്പെട്ടു. കാലികളും കൃഷിയിടങ്ങളും നശിച്ചു തുടങ്ങി. നാടിന്റെ ദുരവസ്ഥ ചില പ്രധാനികള്‍ ഉസ്താദിനെ അറിയിച്ചു. ജനങ്ങളുടെ ആവശ്യം മാനിച്ച് ഒരു ദിവസം മഴയെ തേടിയുളള പ്രാര്‍ത്ഥനക്ക് നിശ്ചയിക്കുകയും അതു വരെ നോമ്പനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. നിശ്ചിത ദിവസം ജനങ്ങളെല്ലാം മാതോലത്ത് കടവ് വയലില്‍ ഒരുമിച്ച് കൂടി. ഉസ്താദിന്റെ നേതൃത്വത്തില്‍ മഴയെ തേടിയുളള നിസ്‌കാരവും ഖുതുബയും നടന്നു. കാര്‍മേഘം നിഴലിക്കാത്ത ആകാശത്തേക്ക് കൈകളുയര്‍ത്തി ജനങ്ങളുടെ പരിതാവസ്ഥ എണ്ണിപ്പറഞ്ഞു പ്രാര്‍ത്ഥന ആരംഭിച്ചു. അല്പസമയത്തിനുളളില്‍ മഴമേഘം കുന്നുകൂടി. ശക്തമായ മഴ വര്‍ഷിച്ചു. നനഞ്ഞ് കുതിര്‍ന്നവരായാണ് ജനങ്ങള്‍ മടങ്ങിയത്.
   ബ്രിട്ടീഷുകാര്‍ക്കെതിരെ
    1800കള്‍ക്ക് മുമ്പ് തന്നെ സാമ്രാജ്യത്വ ശക്തികളുടെ ചവിട്ടേറ്റ മണ്ണാണ് താമരശ്ശേരിയും കൊടുവള്ളിയുമെല്ലാം. ടിപ്പുവിന്റെയും പഴശ്ശിയുടെയും പ്രധാന കേന്ദ്രമായ വയനാടിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ അന്ന് മുതല്‍ക്കെ ഇവിടെ ബ്രിട്ടീഷ് ആധിപത്യം നിലയുറപ്പിച്ചിരുന്നു. ഫ്രാന്‍സിസ് ബുക്കാന  മലബാറിനെക്കുറിച്ച് വിവരിക്കുന്നിടത്ത് കാണാം: താമരശ്ശേരിയില്‍ പഴശ്ശിയുടെ ഒരു വീട് നിലനിന്നിരുന്നു. ശേഷം അത്  ബ്രിട്ടീഷ് കമ്പനിയുടെ അധീനതയില്‍ വന്നു. അത് പോലെ കൊടുവള്ളിയിലും ഒരു ഇംഗ്ലീഷ് ഓഫീസര്‍ പണികഴിപ്പിച്ച വീടുണ്ടായിരുന്നു. ഇതെല്ലാം ഇവിടെ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ബ്രിട്ടീഷ് ശക്തിയുടെ പാദപതനമേറ്റതിലേക്ക് സൂചിപ്പിക്കുന്നു.
    മലബാര്‍ കലാപകാലം. ബ്രിട്ടീഷുകാര്‍ മാപ്പിളമാര്‍ക്കെതിരെ ആക്രമണം ശക്തമാക്കിയതിന്റെ പ്രതിധ്വനി കൊടുവള്ളിയിലും മുഴങ്ങിക്കേട്ടു. ഒരുപാട് മാപ്പിള വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കാലങ്ങളോളം സൂക്ഷിച്ച് പോന്ന ഹിന്ദു-മുസ്‌ലിം ഐക്യത്തിന് വിളളല്‍ വരുത്താന്‍ ഇവിടത്തെ സമരനേതാക്കള്‍ തയ്യാറായിരുന്നില്ല. പക്ഷേ, വിദേശ ശക്തികളോട് അനുരജ്ഞനമുണ്ടാക്കി മുസ്‌ലിംകളെ ഒറ്റു കൊടുക്കുന്നത് നിസ്സംഗരായി നോക്കി നില്‍ക്കാന്‍ മുസ്‌ലിംകള്‍ക്ക്് കഴിഞ്ഞില്ല. തുടര്‍ന്ന് ഈ പ്രദേശത്ത് നടന്ന കലാപങ്ങള്‍ക്ക് പിന്നിലെ കാരണക്കാരന്‍ പുത്തൂര്‍ ഖിലാഫത്ത് കമ്മിറ്റി പ്രസിഡന്റും കോഴിക്കോട് താലൂക്കിലെ സമരനായകനുമായ അബൂബക്കര്‍ മുസ്‌ലിയാരാണെന്ന് വിധിയെഴുതുകയും അദ്ദേഹത്തെ നാട് കടത്തി തൂക്കിലേറ്റാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിടുകയുംചെയ്തു. വിവരമറിഞ്ഞ മുസ്‌ലിയാര്‍ പിന്നീട് ഒളിവില്‍ കഴിയുകയായിരുന്നു. ഒരു യാത്രാ മധ്യേ ആരോ ഒറ്റുകൊടുത്തതിനാല്‍ ഉസ്താദിനെ പിടികൂടി വെല്ലൂരിലേക്ക് നാട് കടത്തി. അല്‍പകാലത്തെ ജയില്‍ വാസത്തിന് ശേഷം അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധി വന്നു.
    തൂക്കിലേറ്റപ്പെടുന്നതിന്റെ ഒരാഴ്ച മുമ്പും തലേ ദിവസവും തന്റെ കുടുംബത്തിലേക്കയച്ച കത്തുകള്‍ വളരെ വികാരം നിറഞ്ഞതായിരുന്നു. മരണപ്പെടുന്ന തൊട്ട് മുമ്പത്തെ കത്തില്‍ ഇങ്ങനെ കാണാം: ഇന്ന് ഹിജ്‌റ 1341 റമളാന്‍ 3 യൗമുല്‍ ജുമുഅ. ഞങ്ങളുടെ നാലാമത്തെതും സ്ഥിരമായി ഇതാ വന്നിരിക്കുന്നു. അതുകൊണ്ട് ഇവന്റെ വിധി ഉടയവന്റെ കുറിയോടടുത്താല്‍ നാളെ നോമ്പ് മുറിക്കാന്‍ അവന്റെ ഹള്‌റത്തില്‍ ആവണമെന്ന് വിചാരിക്കുന്നു. അവന്റെ ശഹീദന്മാരുടെ കൂട്ടത്തില്‍ നമ്മളെ അവന്‍ ആക്കിത്തരട്ടെ. ആമീന്‍. ഹിജ്‌റ1341 റമളാനിലെ ഒരു ശനിയാഴ്ചയായിരുന്നു അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധിച്ച ദിവസം. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായ ശേഷം പട്ടാളം അദ്ദേഹത്തോട് ചോദിച്ചു നിങ്ങളുടെ അവസാന ആഗ്രഹമെന്താണ്. മഹാന്‍ പറഞ്ഞു രണ്ട് റക്അത്ത് നിസ്‌കരിക്കണം. പട്ടാളം അതിനുളള അവസരമൊരുക്കിക്കൊടുത്തു. അദ്ദേഹം അംഗശുദ്ധിവരുത്തി ഭക്തിനിര്‍ഭരമായ ആദ്യ റക്അത്ത് പൂര്‍ത്തീകരിച്ചു. രണ്ടാം റക്അത്തിലെ ആദ്യ സുജൂദും കഴിഞ്ഞു. നാഥന് മുമ്പിലെ അവസാന സുജൂദിന് വേണ്ടി നെറ്റി മണ്ണോട് ചേര്‍ത്തു. വളരെ വൈകാരികമായി കണ്ണീരില്‍ കുതിര്‍ന്ന സുജൂദില്‍ നിന്നും ഉയരാത്തത് കണ്ട സൈനികന്‍ അദ്ദേഹത്തെ തോക്ക് കൊണ്ട് തട്ടി നോക്കി. പക്ഷെ തന്റെ ശരീരത്തെ ബാക്കിയാക്കി ആത്മാവ് നാഥനിലേക്ക് നോമ്പ് തുറക്കാന്‍ അതിഥിയായി പോയിരുന്നു. കീഴടങ്ങാന്‍ അസന്നദ്ധനായ സമരമുഖത്തെ ആ ധീര പോരാളി ഒടുവില്‍ ആത്മീയത കൊണ്ട് വിജയം നേടുകയായിരുന്നു..Post a Comment

Previous Post Next Post