ഡോ. ടി. അബ്ദുല്‍ മജീദ് കൊടക്കാട്
കേരളത്തില്‍ അറബി ഭാഷ പ്രചാരം നേടുന്നത് ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തോടുകൂടിയാണ്. വര്‍ത്തമാന കാലത്ത് കേരളത്തിന്റെ മൂന്നാം ഭാഷയും മുസ്‌ലിംകള്‍ക്കിടയിലെ രണ്ടാം ഭാഷയും അറബിയാണ്. പ്രവാചക കാലഘട്ടത്തില്‍ തന്നെ ഇസ്‌ലാം കേരളത്തില്‍ എത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന് ശേഷമാണെന്നാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ നിരീക്ഷണം. എന്നാല്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുന്‍പ് തന്നെ അറബ് രാജ്യങ്ങളും കേരളവും തമ്മില്‍ സാംസ്‌കാരികബന്ധം ഉണ്ടായിരുന്നു. കേരളത്തിലെ പല രാജാക്കന്മാര്‍ക്കും അറബി ഭാഷ ജ്ഞാനമുണ്ടായിരുന്നു. അല്ലാത്തവര്‍ അറബി അറിയുന്ന ദ്വിഭാഷികളെ നിയമിച്ചിരുന്നു.

കണ്ണൂരിലെ നിലാമുറ്റം കബറിടത്തിലെ സ്മാരകശിലകളിലും എ.ഡി.849 ല്‍ കൊല്ലത്ത് നിര്‍മിച്ച തരിസാ പള്ളിയുടെ പട്ടയത്തിലും പുരാതന അറബി ക് ലിപി ഉപയോഗിച്ചത് കണ്ടെത്തിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ ലോകസഞ്ചാരി ഇബ്‌നു ബത്തൂത്തയും തന്റെ യാത്രാവിവരണത്തില്‍ കേരളത്തിലെ അറബി സാന്നിധ്യത്തെക്കുറിച്ച് പരമാര്‍ശിച്ചിട്ടുണ്ട്.
ധര്‍മ്മടത്തുകാരനായ പണ്ഡിതന്‍ ഹുസൈന്‍ബിന്‍ വാസാന്‍ രചിച്ച ‘അല്‍ ഖൈദുല്‍ ജാമിഅ്’ എന്ന ഗ്രന്ഥമാണ് കേരളത്തില്‍ ആദ്യമായി പിറവിയെടുത്ത അറബി കൃതി. അറബിയില്‍ സാഹിത്യ രചന നടത്തിയ ആദ്യകാല പണ്ഡിതമാരില്‍ പ്രധാനികളായിരുന്നു സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍, സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍, അഹമ്മദ് കോയ ശാലിയാത്തി, പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ്, പള്ളിപ്പുറം അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, ശൈഖ് ജിഫ്‌രി, ഉമര്‍ ഖാസി, മമ്പുറം സയ്യിദ് അലവി തങ്ങള്‍, അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫദല്‍ തങ്ങള്‍, താനൂര്‍ പരീക്കുട്ടി മുസ്‌ലിയാര്‍, ഡോ. മുഹ്‌യിദ്ദീന്‍ ആലുവായ് തുടങ്ങിയവര്‍.
പ്രഗത്ഭ അറബികവിയും ഗ്രന്ഥകാരനുമായിരുന്ന ശൈഖ് അഹമ്മദ് കോയ ശാലിയാത്തി വിഷയ വൈവിധ്യവും സമഗ്രതയുമുളള 40 ലധികം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഹൈദബാദ് നൈസാമിനെക്കുറിച്ച് അദ്ദേഹം അറബിയില്‍ കവിത എഴുതിയിരുന്നു. അതിന്റെ പേരില്‍ അദ്ദേഹത്തിന് 150 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കിയിരുന്നു.
പൊന്നാനിയിലെ മഖ്ദൂമുകളുടെ വരവോടെ അറബി ഭാഷയ്ക്കും സാഹിത്യത്തിനും വലിയ വളര്‍ച്ചയുണ്ടായി.വിപുലമായ തോതില്‍ ആദ്യമായി അറബി സാഹിത്യ രചന നടത്തിയത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനായിരുന്നു. സുന്ദരമായ സാരോപദേശങ്ങളും തത്വചിന്തകളും അടങ്ങിയ അദ്ദേഹത്തിന്റെ കാവ്യ ഗ്രന്ഥമാണ് ‘അദ്കിയ’. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരേ പോരാടാന്‍ ആഹ്വാനം ചെയ്ത് കൊണ്ട് അദ്ദേഹം രചിച്ച ‘തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ അബദത്തിസുല്‍ബാന്‍’ എന്ന കാവ്യം പ്രത്യേകം എടുത്ത് പറയേണ്ടതാണ്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പൗത്രന്‍ ശൈഖ് സൈനുദീന്‍ മഖ്ദൂം രണ്ടാമനാണ് പാണ്ഡിത്യം കൊണ്ടും രചന കൊണ്ടും ലോക പ്രശസ്തനായത്. വിശുദ്ധ മക്കയില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പൊന്നാനിയിലെത്തി മതവൈജ്ഞാനിക രംഗത്ത് നവോത്ഥാനത്തിന് തുടക്കം കുറിച്ചു. അതിന്റെ അലയൊലികള്‍ അറബിക്കടലും കടന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലും എത്തി. പ്രശസ്തമായ രണ്ടു കൃതികള്‍; കര്‍മ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍, ചരിത്ര ഗ്രന്ഥമായ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’ എന്നിവ അദ്ദേഹത്തിന്റെ സ്മരണകള്‍ ഇന്നും നിലനിര്‍ത്തുന്നു. ഫത്ഹുല്‍ മുഈന്‍ ഇന്ന് ലോകത്ത് വിവിധ യൂനിവേഴ്‌സിറ്റികളില്‍ പാഠ്യവിഷയമാണ്. ഒരു കേരളീയന്‍ തയാറാക്കിയ ആദ്യത്തെ കേരള ചരിത്ര ഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ ആണ്. 1832 ല്‍ ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇന്ന് വിവിധ യൂറോപ്യന്‍, ഇന്ത്യന്‍ ഭാഷകളില്‍ ഈ ഗ്രന്ഥത്തിന്റെ പരിഭാഷ ലഭ്യമാണ്.
20 ല്‍ അധികം ഗ്രന്ഥരചനകള്‍ നടത്തിയ കവിയും പണ്ഡിതനുമാണ് കോഴിക്കോട് ജനിച്ച ഖാസി മുഹമ്മദ്. ‘ഇലാ കം അയ്യുഹല്‍ ഇന്‍സാന്‍’ എന്ന കാവ്യം അദ്ദേഹത്തിന്റേതാണ്. പ്രശസ്തമായ ‘മുഹ്‌യിദ്ദീന്‍ മാല’ എന്ന അറബി മലയാള കാവ്യവും പോര്‍ച്ചുഗീസ് അധിനിവേശ ക്രൂരതകള്‍ വിവരിക്കുന്ന ‘ഫത്ഹുല്‍ മുബീന്‍’ എന്ന അറബി കാവ്യവും ഖാസി മുഹമ്മദിന്റെ മാസ്റ്റര്‍ പീസ് രചനകളില്‍ പെട്ടതാണ്. പോര്‍ച്ചുഗീസുകാരോട് യുദ്ധത്തിന് തയാറായ സാമൂതിരി രാജാവിനെ വാനോളം വാഴ്ത്തുന്ന അദ്ദേഹം, സാമൂതിരിയുടെ കീഴില്‍ ഉറച്ച് നിന്ന് വൈദേശിക ശക്തികള്‍ക്കെതിരേ പോരാടാന്‍ മുസ്‌ലിംകളോട് ആഹ്വാനം ചെയ്യുന്നു.
മമ്പുറം തങ്ങള്‍ രചിച്ച ‘അസ്സൈഫുല്‍ ബത്താര്‍’ ഉള്‍പ്പെടെ ആധികാരികവും ആഴവുമുള്ള സാഹിത്യ ഗ്രന്ഥങ്ങളാണ് ആദ്യകാല പണ്ഡിതര്‍ സമൂഹത്തിന് സമര്‍പ്പിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് ശ്രദ്ധേയമായ അറബി രചനകളൊന്നും കേരളത്തിലുണ്ടായില്ല എന്നത് ദുഃഖകരമാണ്.

1956 ല്‍ ഐക്യകേരളം രൂപീകരിക്കപ്പെട്ടതോടെയാണ് കേരളത്തിലെ സ്‌കൂളുകളില്‍ അറബി ഭാഷാ സജീവമായിത്തുടങ്ങിയത്. കേന്ദ്രീകൃത സിലബസ്സോടെ ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലേക്ക് പാഠപുസ്തകം തയാറാക്കാന്‍ ഒരു കമ്മിറ്റിയെ ഗവണ്‍മെന്റ് നിയോഗിച്ചു. 1957 ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ഇടതുപക്ഷമന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിലാണ് ചരിത്രപരമായ ഈ തീരുമാനമുണ്ടായത്. തുടര്‍ന്നങ്ങോട്ടുള്ള മാറ്റങ്ങള്‍ സ്‌കൂളുകളിലെ അറബിഭാഷാ പഠനം കൂടുതല്‍ മികവുറ്റതാക്കി.
ഇന്ന് ഏറ്റവും ആധുനികവും പ്രായോഗികവും വിദ്യാര്‍ഥികേന്ദ്രീകൃതവുമായ പഠനപ്രവര്‍ത്തനങ്ങളും ബോധനരീതിയും കൊണ്ട് പ്രൈമറിതലം മുതല്‍ യൂനിവേഴ്‌സിറ്റി തലത്തിലെ ഗവേഷണരംഗം വരെ അറബിഭാഷാപഠനം ശ്രദ്ധേയമാണ്. കൂടാതെ മദ്‌റസകള്‍, സ്‌കൂളുകള്‍, ദര്‍സുകള്‍, അറബിക്കോളജുകള്‍, കോളജുകള്‍, യൂനിവേഴ്‌സിറ്റികള്‍ അറബി ഭാഷയുടെ വികാസത്തില്‍ വലിയ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. വിവിധ സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാഥികള്‍ ഈ മേഖലയില്‍ നല്‍കുന്ന സേവനങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്.
ഉത്തരാധുനിക കാലം മുതല്‍ അറബ് മലയാള വിവര്‍ത്തന ഗ്രന്ഥങ്ങളാണ് കൂടുതലും പ്രകാശിതമായത്. മലയാളത്തില്‍ നിന്ന് ആദ്യമായി അറബിയിലേക്ക് സാഹിത്യ വിവര്‍ത്തനം നടത്തിയത് മുഹ്‌യിദ്ദീന്‍ ആലുവായ് ആണ്. തകഴിയുടെ ചെമ്മീന്‍ മൂല കൃതിയുടെ സൗന്ദര്യം നഷ്ടപ്പെടാതെ അറബിഭാഷയില്‍ അദ്ദേഹം വിവര്‍ത്തനം പൂര്‍ത്തിയാക്കി.
ഇതിനകം ഖുര്‍ആന്‍, ഹദീസ്, ചരിത്രം, കര്‍മശാസ്ത്രം, തസവ്വുഫ്, നോവല്‍, കഥ, കവിത, നാടകം തുടങ്ങി അനേകം കൃതികള്‍ അറബിയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് അറബിയിലേക്കും വിവര്‍ത്തിതമായിട്ടുണ്ട്.
2014 ഓഗസ്റ്റില്‍ കേരള സാഹിത്യ അക്കാദമി തൃശൂരില്‍ സംഘടിപ്പിച്ച മലയാളം അറബിക് അന്തര്‍ ദേശീയ സാഹിത്യോത്സവം ഈ രംഗത്ത് വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ 26 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിലിറ്റ് നല്‍കി ആദരിച്ച ഷാര്‍ജ അമീര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് സമ്മാനിച്ച സ്‌പെഷല്‍ സെന്റര്‍ യാഥാര്‍ഥ്യമാവുന്നതോടെ അറബ് മലയാള സാഹിത്യ സാംസ്‌കാരിക കൈമാറ്റത്തിന് പുതിയ അധ്യായം രചിക്കപ്പെടും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

Post a Comment

Previous Post Next Post