• സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയതങ്ങള്‍
കേരള മുസ്ലിംകളും അറബികളുമായുള്ള ബന്ധം  ഇസ്ലാമിന്റെ ആരംഭം മുതല്‍ ഉണ്ടായിരുന്നു.  കേരളവും അറേബ്യയും തമ്മിലുള്ള ബന്ധമാണെങ്കില് അത് വളരെ പുരാതനമാണ്. സൂലൈമാന്‍ നബി (അ) ന്റെ കാലത്തിന് മുമ്പ് തന്നെ അതുണ്ട് എന്ന് സമര്‍ത്ഥിച്ചവരുണ്ട്. പായക്കപ്പലില്‍ യാത്രചെയ്യാന്‍ തുടങ്ങിയതുമുതല്‍ ഈ ബന്ധം തുടങ്ങിയിട്ടുണ്ടാകുമെന്ന് കരുതുന്നത് തെറ്റല്ല. ഇന്ത്യയിലേക്ക് ഇസ്ലാമിക സന്ദേശമെത്തിക്കാന്‍ സമരം ചെയ്യേണ്ടിവന്നാല്‍ പോലും ഞങ്ങളോട് നബി (സ) വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അബൂ ഹുറൈറ (റ) പറയുന്നത് നസാഇ ഇമാം ഉദ്ധരിച്ചിട്ടുണ്ട്. ഇന്ത്യയിലെ രാജാവ് റസൂല്‍ (സ)നിന്ന് ഇഞ്ചിയിലുള്ള ഭരണ തിരുമുല്‍ക്കാഴ്ച അയച്ചതായി അബു സഈദുല്‍ ഖുദ് രി പറഞ്ഞതും അത് സ്വഹാബികള്‍ക്ക് ഭക്ഷിപ്പിച്ചതായും  അദ്ദേഹത്തിനും ഒരു കഷ്ണം കൊടുത്തതായും  അദ്ദേഹം പറഞ്ഞത് ഇമാം ഹാകിം തന്റെ  മുസ്തദ്‌റകില്‍ പ്രസ്താവിച്ചിട്ടുണ്ട്.
    മുഹമ്മദ് നബി(സ) യുടെ കാലത്ത കേരളം ഭരിച്ചിരുന്ന പള്ളിബാണ പെരുമാള്‍ ചന്ദ്രന്‍ പിളര്‍ന്ന അത്ഭുതം കണ്ട് അതിനെ സംബന്ധിച്ച് ചോദിച്ച് മനസ്സിലാക്കി മുഹമ്മദ് നബിയില്‍ വിശ്വസിച്ചതായി രേഖപ്പെടുത്തിക്കാണുന്നത് അറേബ്യയും കേരള മുസ്ലിംകളും തമ്മിലുള്ള  ബന്ധത്തിന്റെ പ്രാചീനതയെ കുറിക്കുന്നു. തിരുമേനി (സ) യുടെ കാലത്ത് കേരളം വാണരുളിയിരുന്ന പെരുമാള്‍ ഇസ്ലാം മതം വിശ്വസിച്ച് മക്കത്തേക്ക് പോയിട്ടുണ്ടെന്ന് കോഴിക്കോട് ഖാസിയായിരുന്ന ഖാസി മുഹമ്മദ് (1616) തന്റെ ഫത്ഹുല്‍മുബീന്‍ എന്ന അറബിക്കവിതയില്‍ പറഞ്ഞിട്ടുണ്ട്. അബൂബക്കര്‍ കുഞ്ഞി ഖാസി (1868) യുടെ തന്റെ ശറഹു മുഖമ്മസില്‍ വിത് രിയ്യ എന്ന കിതാബില്‍ പറഞ്ഞിട്ടുള്ളതും ഇവിടെ സ്മരണീയമാണ്. ഇദ്ദേഹത്തിന്റെ പേര് താജുദ്ദീന്‍ എന്നാണ് അറിയപ്പെടുന്നത്.
    ചേരമാന്‍ പെരുമാളുടെ ഖബര്‍ ഹളര്‍മൗത്തില്‍പ്പെട്ട സഫര്‍ എന്ന സ്ഥലത്തുണ്ടെന്നും അതിന്മേല്‍ ഹിജ്‌റ 212 (ക്രി:827)  അദ്ദേഹം അവിടെ എത്തി ഹിജ്‌റ 218 (ക്രി: 831) ല്‍ മരിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ശംസുല്ലാകാദിരീ പറഞ്ഞിരിക്കുന്നു.
    ഹസ്രത്ത് ഉസ്മാന്‍ (റ) ന്റെ ഭരണകാലത്ത് ഒരു കൂട്ടം ആളുകളെ ഇന്ത്യയിലേക്ക് മൂഈറത്തിബ്‌നുശുഅ്ബത്തിന്റെ നേതൃത്വത്തില്‍ അയച്ചു എന്നും അത് ഹിജ്‌റ 27ലാണെന്നും അവര്‍ മലബാറില്‍ കോഴിക്കോടും അതില്‍പ്പെട്ടിരുന്നു, എത്തി അവിടത്തെ രാജാവായിരുന്ന 'സമുദരന്‍' അവരോട് നബിയെക്കുറിച്ച് ചോദിച്ചുവെന്നും  നബിയുടെ ചന്ദ്രന്‍ പിളര്‍ന്ന അത്ഭുത കൃത്യം കേള്‍ക്കുകയും കാണുകയും  ചെയ്തിരുന്ന അദ്ദേഹം അവയെക്കുറിച്ച് അന്വേഷിച്ചു വെന്നും അവര്‍ പറഞ്ഞ ഉത്തരവും രാജാവ് കണ്ടതും ഒത്തു വന്നതിനാല്‍ രാജാവും നാട്ടുകാരും ഇസ്ലാംമതം വിശ്വസിച്ചുവെന്നും ഞാന്‍ എഴുതിക്കണ്ടിട്ടുണ്ടെന്ന് ചാലിയത്ത് അഹ്മദ് കോയ മുസ്ലിയാര്‍ 'ഹല്ല്  ജാലിയതുല്‍ അറബ് ഹീനള്മിജാലിയതില്‍ കുറുബ്' എന്ന തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്.
    അവസാനത്തെ പെരുമാളുടെ മക്ക യാത്രക്ക് കാരണം സഹീറുദ്ദീന്‍ സഖിയുദ്ദീന്‍ മദനി എന്ന ഒരു മദീനക്കാരന്‍ അറബിയാണ.് സിലോണിലെ ആദം കാലടിപ്പാടുകള്‍ കാണാനായി പുറപ്പെട്ട അദ്ദേഹം സംഗതിവശാല്‍ കൊടുങ്ങല്ലൂരില്‍ ഇറങ്ങി. അദ്ദേഹം മൂലമാണ് രാജാവ് ഇസ്ലാം മതം വിശ്വസിച്ചത്. അദ്ദേഹത്തിന്റെ കൂടെ തന്നെയാണ് അറേബ്യയിലേക്ക് പോയതും. രാജാവിന്റെ മരണാനന്തരം മാലിക്ദീനാറും പന്ത്രണ്ടാളുകളും കേരളത്തില്‍ വന്ന്ത് ക്രിസ്താബ്ദം 819 ലാണെന്ന് (ഹിജ്‌റ 219)പ്രസ്താവിക്കപ്പെടുന്നുണ്ട്.
    കണ്ണൂര്‍ അറക്കല്‍ കുടുംബത്തില്‍ അറക്കല്‍ എന്ന വീട് ധര്‍മ്മടത്തായിരുന്നു ആദ്യം പണിതിരുന്നത്. അത് പൊളിച്ചുകളയുകയും തല്‍സ്ഥാനത്ത് ചെറിയ വീടുണ്ടാക്കുകയും ചെയ്തപ്പോള്‍ ഒരു മരക്കഷ്ണം കിട്ടിയെന്നും അത് പൊളിച്ച്കളയുകയും ആ സ്ഥാനത്ത് ഒരു ചെറിയ വീടുണ്ടുക്കുകയും ചെയ്തപ്പോള്‍ ഒരു മരക്കഷ്ണം കിട്ടിയെന്നും അതിന്മേല്‍ അറബിയില്‍ ഒരു പദ്യം കൊത്തിയിരുന്നുവെന്നും അതിന്റെ സാരം ഇങ്ങനെ ഗ്രഹിക്കാമെന്നും പറയപ്പെടുന്നു.
'അറേബ്യയിലേക്ക് രാജാവൊന്നിച്ച് അറബിയില്‍ നിന്ന് വന്നവര്‍ക്ക് പുറമെ പെരുമാളുടെ സ്വന്തത്തില്‍പ്പെട്ട ഏതാനും കേരളീയരും പോയിരുന്നു. അവരില്‍ ഒരാളാണ് അറക്കല്‍ രാജകുടുംബത്തിന്റെ സ്ഥാപകനായ ഈ വീടു എടുപ്പിച്ച സുല്‍ത്താന്‍ മഹമ്മദ്ബ്‌നു അലി. പോര്‍ച്ചുഗീസുകാര്‍ 1448ല്‍ സാമൂതിരിയുടെ വീട് തകര്‍ക്കുകയും അദ്ദേഹത്തിന്റെ ഭരണം താറുമാറാക്കുകയും ചെയ്തപ്പോള്‍ നായന്മാരും മുസ്ലിംകളും അടങ്ങുന്ന ഒരു സൈനികവ്യൂഹം അവരോടെതിര്‍ത്ത് അവരെ തുരത്തി. ഈ യുദ്ധത്തില്‍ സാമൂതിരിക്കും പ്രജകള്‍ക്കും വമ്പിച്ച സാമ്പത്തിക നഷ്ടം നേരിട്ടു. സഹായത്തിന് സാമൂതിരി മുസ്ലിം സുല്‍ത്താന്‍മാര്‍ക്ക് എഴുതി. ഈജിപ്തിലെ സുല്‍ത്താനായിരുന്ന മാലിക് അശ്‌റഫ്ഖാന്‍ സുഗൗരി (1500...1618)അമീര്‍ ഹുസൈനെ 13 കപ്പല്‍ പട്ടാളവുമായി സാമൂതിരിയെ സഹായിക്കാന്‍ അയച്ചു. ഈ വിവരം തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥത്തില്‍ സൈനുദ്ദീന്‍ മഖ്ദൂം പറഞ്ഞിട്ടുണ്ട്.
വളര്‍പട്ടണം വാണിരുന്ന ഒരു രാജാവും ഇസ്ലാം മതം വിശ്വസിച്ചതായി ചില മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഈ രാജാവ് കോലത്തിരി രാജവംശത്തില്‍പ്പെട്ട ഒരാളായിരുന്നു. ഇദ്ദേഹം ഇസ്ലാം മതം അവലംബിച്ചതിനെ കുറിച്ച് പറയപ്പെടുന്നത് ഒരു ഹിന്ദു ചരിത്രകാരന്റെ തൂലികയില്‍ നിന്നും നമുക്ക് എടുക്കാം. അദ്ദേഹം പറയുന്നു: ' വളര്‍പട്ടണത്തില്‍ അതിശയകരമായ ഒരു വടവൃക്ഷമുണ്ടായിരുന്നു. അതിന്റെ ഇലകളെല്ലാം എല്ലാ സമയവും പച്ച നിറത്തിലായിരിക്കും. ഒരു ഇല മാത്രം നിറം മാറി പഴുത്ത് പഴുത്ത് വീഴുകയും ചെയ്യും. ഇത് കാണാന്‍ അനവധി ജനങ്ങള്‍ വരാറുണ്ടായിരുന്നു. ഇങ്ങനെയിരിക്കെ ഒരു ദിവസം പ്രസ്തുത കോലത്തിരി രാജാവ് അത് കാണാനായി അവിടെ എഴുന്നള്ളുകയും ഇലവീണയുടനെ അതെടുത്ത് നോക്കുകയും ചെയ്തു. അതിന്മേല്‍ ഈശ്വരന്‍ ഏകന്‍ മാത്രമാണ് മുഹമ്മദ് നബി ദൈവദുതനാണ് എന്ന് അറബിയില്‍ എഴുതപ്പെട്ടതായി അറബി പഠിച്ചിരുന്ന രാജാവ് കണ്ടു. അദ്ദഹം ഉടനെ മുഹമ്മദ് മതം വിശ്വസിച്ചു. ഈ വിവരം മലബാര്‍ ചരിത്രത്തില്‍ നിന്നാണ് ഞാനിവിടെ എടുത്ത് ഉദ്ധരിച്ചത്.
      ഹിജ്‌റ 704 ല്‍ (ക്രി1324) ല്‍ ലോക സഞ്ചാരത്തിനിറങ്ങിയ വിശ്വവിശ്രുതനായ  ഇബ്‌നു ബത്തൂത്ത മുഹമ്മദ് തുഗ്ലക്കിന്റെ ഭരണകാലത്ത് ഇന്ത്യയില്‍ വരികയുണ്ടായി.
     അദ്ദേഹം കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയ തുഹ്ഫത്തുനുള്ളാര്‍ എന്ന യാത്രാക്കുറിപ്പില്‍ സുല്‍ത്താന്‍ കുവൈല് (കോലത്തിരി രാജാവ്) ഈ മരത്തിന്റെ ഇലയിന്മേലുള്ള അറബി ലിഖിതം കണ്ടിട്ട് മുസ്ലിമായ വിവരം ചേര്‍ത്തിട്ടുണ്ട്.(14/2)
    ജോണ്‍പൂര്‍ രാജാവായിരുന്നു സുല്‍ത്താന്‍ ശംസുദ്ദീന്‍ ഇബ്രാഹീം (1400...40) ബംഗാള്‍ ആക്രമിച്ചു. ബംഗാളിലെ ഭരണാധികാരികളെ ഇത് വല്ലാതെ വ്യാകുലപ്പെടുത്തി. അവര്‍ ഖുറാസാന്‍ ഭരിച്ചിരുന്ന സുല്‍ത്താന്‍ ശാഹ്‌റൂഖമീസായോട് ആവലാതിപ്പെട്ടു. സുല്‍ത്താന്‍ ബംഗാളിലെ ഭരണാധികാരികളെയും ശംസുദ്ദീന്‍ ഇബ്രാഹീമിനെയും ഇണക്കുവാന്‍ വേണ്ടി ശൈഖുല്‍ ഇസ്ലാം ഖാജാ കരീമുദ്ദീന്‍ അബുല്‍ കോറിംജാമിയെ  ജോണ്‍പൂരിലേക്കയച്ചു. അവരിരുപരെയും യോജിപ്പിച്ച ശേഷം ശൈഖ് ജോണ്‍പൂരില്‍ നിന്ന് ബംഗളിലെത്തുകയും അവിടെനിന്ന് സമുദ്രം വഴി ഇറാനിലേക്ക് മടങ്ങുകയും ചെയ്തു. സിലോണില്‍ നിന്ന് പുറപ്പെട്ട ശേഷം കപ്പല്‍ കോളില്‍പ്പെടുകയാല്‍ അദ്ദേഹത്തിന് കോഴിക്കോട്ടിറങ്ങേണ്ടി വന്നു. കുറച്ചവിടെ താമസിച്ച് സാമൂതിരിയെ കണ്ട് വിവരം അറിയിച്ചു. സാമൂതിരി ശാഹ്‌റൂഖുമായി തന്ത്രബന്ധത്തിലേര്‍പ്പെടാന്‍ ആശിച്ചു. ഒരു വലിയ പണ്ഡിതനും മഹാനുമായ ഖാജാമാസ്ഊദിയേറെ കാഴ്ചകളോടും സമ്മാനങ്ങളോടും കൂടി ശൈഖുല്‍ ഇസ്ലാമില്‍ ഖുറാസാനിലേക്ക് അയക്കാന്‍ തീരുമാനിച്ചു. കോഴിക്കോട്ട് മുസ്ലിംകള്‍ ധാരാളമുണ്ടെന്നും അവര്‍ ജുമുഅക്കും പെരുന്നാള്‍ക്കും പള്ളികളില്‍ വെച്ച് ഖുതുബ ഓതാറുണ്ടെന്നും  ശാഹ്‌റൂഖ് അനുവദിക്കയാണെങ്കില്‍ ഖുതുബയില്‍ അദ്ദേഹത്തിന്റെ പേര് ചേര്‍പ്പിക്കാമെന്നും കാജാമസാഊദും ശൈഖുല്‍ ഇസ്ലാമും പുറപ്പെടുമ്പോള്‍ പറഞ്ഞയുക്കകയും ചെയ്തു.അതനുസരിച്ച് ഖുറാസാന്റെ തലസ്ഥാനമായ ഫുരാത്ഥില്‍ അവര്‍ ചെന്ന് സാമൂതിരിയുടെ സന്ദേശം ശാഹ്‌റൂഖിയെ ധരിപ്പിച്ചു. ശാഹ്‌റൂഖ് കാജാ കമാലുദ്ദീന്‍ അബ്ദുറസാഖ് അമര്‍ഖാസിയെ അംബാസിഡറായി അയച്ചു. 1442ല്‍ ഖുറാസാനില്‍ നിന്ന് പുറപ്പെട്ടു. 11 മാസത്തിനു ശേഷം കോഴിക്കോട്ടെത്തി. ഒരു അറബിക്കുതിരയും മറ്റു അമൂല്യ വസ്തുക്കളും സാമൂതിരിക്ക് കാഴ്ചയായി അദ്ദേഹം കൊണ്ടുവന്നിരുന്നു. 5മാസത്തോളം കോഴിക്കോട്ട് താമസിച്ച ശേഷം അദ്ദേഹത്തെ ബീജ നഗരത്തിലെ രാജാവായ ദേവറായി സാമൂതിരി മുഖേന തന്റെ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം കടല്‍ വഴിയായി മംഗലാപുരത്തേക്ക് പോകുകയും അവടെനിന്ന് 15 ദിവസത്തെ യാത്രക്ക് ശേഷം ബീജാ നഗരത്തിലെത്തുകയും ചെയ്തു. 8 മാസങ്ങള്‍ക്കു ശേഷം അദ്ദേഹം 847 ശഅ്ബാന്‍ 12ന് (1443)ബധോനഗരത്തില്‍ നിന്ന് പുറപ്പെടുന്ന തന്റെ കുടെ ബീജാനഗര്‍ രാജാവയച്ച രണ്ടു തന്ത്രപ്രതിനിധികളും ഉണ്ടായിരുന്നു.  അവര്‍ പാക്കനൂര്‍ (വടകര)യില്‍ നിന്നും കപ്പല്‍ പുറപ്പെട്ടു. ഒരു കൊല്ലത്തിനു ശേഷം ഹിജ്‌റ 848 റംസാന്‍ 15ന് (1444)ഹറാത്തില്‍ എത്തുകയും ചെയ്തു. മക്ക, ഹിജാസ്, മുതലായ നാട്ടുകാരായ അനവധി കച്ചവടക്കാരിവിടെയുണ്ട്. ലോകത്തുള്ള എല്ലാവില പിടിച്ച സാധനങ്ങളും അവിടെ കിട്ടും. പട്ടണത്തില്‍ വളരെ മുസ്ലിംകളുണ്ട്. അവര്‍ രാജാവിന്റെ അനുമതിയോടെ രണ്ടു ജുമുഅത്തു പള്ളികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ക്രമപ്രകാരം ബാങ്കും നമസ്‌കാരവും അവയില്‍ നടന്നു വരുന്നു. രാജാവ് മുസ്ലിംകള്‍ക്ക് ഒരു ഖാസിയെയും നിയമിച്ച്‌കൊടുത്തിട്ടുണ്ട്. മുസ്ലിംകള്‍ അധികവും ശാഫീ മദ്ഹബുകാരാണ്. പട്ടണത്തില്‍ സമാധാനം കളിയാടുന്നു. കച്ചവടക്കാര്‍ക്ക് തങ്ങളുടെ ചരക്കുകള്‍ ബസാറില്‍ എവിടെയും ഇട്ടേച്ച് പോകാം. ഗവണ്‍മെന്റ് അത് സംരക്ഷിച്ച്‌കൊള്ളും. ഇതാണ് അബ്ദുറസ്സാഖ് കോഴിക്കോട്ടെ അനുഭവത്തെക്കുറിച്ച് തന്റെ മത്‌ലുസ്സഅ്‌ദൈന്‍ എന്ന ഗ്രന്ഥത്തില്‍ എഴുതിയിട്ടുള്ളത്.
    ഇങ്ങനെ പഴയ കേരളവുമായുള്ള അറബികളുടെയും മുസ്ലിംകളുടെയും സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധം വളരെ പഴയതാണ്. ശൈഖ് അലിയ്യുല്‍ ഖൂഫി ഹിജ്‌റ 209 ല്‍ കേരളത്തില്‍ വന്നതും കനകമലക്കടുത്ത പള്ളി എടുപ്പിച്ചതും, കോഴിക്കോട് ഹസന്‍ ജിഫ്‌രി തങ്ങളും, ശൈഖ് ജിഫ്‌രി തങ്ങളും വന്നതും, മമ്പുറം സയ്യിദ് തങ്ങള്‍ മലബാറില്‍ എത്തിയതും അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ മലബാര്‍ വിട്ടതും അദ്ദേഹം സഹാറിലെ അമീറായി നിയമിക്കപ്പെട്ടതും അങ്ങനെ കേരളത്തില്‍ പെറ്റുണ്ടായ ഒരാള്‍ ആദ്യമായി വിദേശത്ത് ഭരണം നടത്തിയതും ചേരമാന്‍ പെരുമാളുടെ മന്ത്രി ഇസ്ലാം മതം വിശ്വസിച്ചതും മറ്റും കേരള ചരിത്രത്തിലെ എടുത്തുപറയത്തക്ക സംഭവങ്ങളാണ്. കേരാളാ അറബി ബന്ധം പറയുമ്പോള്‍ ഇവയ്ക്ക് നല്ലൊരു സ്ഥാനം കൊടുക്കേണ്ടതാണ്.


Post a Comment

Previous Post Next Post