ഭൂനികുതി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കിയത് മൈസൂര്‍ ഭരണകാലത്താണ്. 1788 ല്‍ മലബാറില്‍ രണ്ടാം ഭൂസര്‍വ്വേ നടന്നപ്പോള്‍ ജന്മിമാര്‍ മുഴുവന്‍ ടിപ്പുസുല്‍ത്താനെതിരെ തിരിഞ്ഞു. മലബാറിലെ ജന്മിമാര്‍ അധികവും നമ്പൂതിരിമാരായിരുന്നുവെങ്കിലും ചിലയിടങ്ങളില്‍ മുസ്ലിംകളുമുണ്ടായിരുന്നു. അത്തന്‍ കുരിക്കളുടെ പിതാവിന്റെ നേതൃത്വത്തില്‍ മഞ്ചേരി കേന്ദ്രീകരിച്ച് ടിപ്പുവിനെതിരെ കലാപം നടന്നു. എന്നാല്‍ ടിപ്പുവിന്റെ സൈനിക നടപടികളെ തുടര്‍ന്ന് അത്തന്‍കുരിക്കളും കുടുംബവും ശ്രീരംഗപട്ടണത്തേക്ക് തടവുകാരായി കൊണ്ടുപോകപ്പെട്ടു. 1792 ല്‍ ടിപ്പുവിന്റെ പരാജയത്തെ തുടര്‍ന്ന്  തടവുകാരുടെ കൈമാറ്റം നടന്ന സമയത്ത് അത്തന്‍ കുരിക്കളും കുടുംബവും മലബാറിലെത്തി. ഇതോടെ ഇവര്‍ മോചിതരാവുകയും ചെയ്ത.
ടിപ്പുവിനെതിരെ കലാപം നടത്തി എന്നതിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ മുന്തിയ പരിഗണനയാണ് അത്തന്‍ കുരിക്കള്‍ക്ക് നല്‍കിയത്. ഏറനാട്ടിലെ പോലീസ് മേധാവി എന്ന നിലയില്‍ അദ്ദേഹം നിയമിതനായി. എന്നാല്‍, അധികം വൈകാതെ അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിയുന്നതാണ് കാണുന്നത്. ഉണ്ണിമൂസയും ചെമ്പന്‍ പോക്കറും അദ്ദേഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു. ഇവരുടെ നീക്കങ്ങളില്‍ മലബാര്‍ കലക്ടര്‍ ബേബറുടെ സൈന്യം പരാജയമടഞ്ഞതും ചെമ്പന്‍ പോക്കര്‍ പാലക്കാട് കോട്ട ചാടിയതുമാണ് അദ്ദേഹത്തേ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലേക്ക് പ്രേരിപ്പിച്ചത്. പോലീസ് സൂപ്രണ്ടായിരുന്ന ക്യാപ്റ്റന്‍ വാഡലിനെ വധിക്കുന്നതിനുള്ള ഗൂഡാലോചനയിലാണ് ആദ്യമായി അത്തന്‍ കുരിക്കളും ഉണ്ണിമൂസയും ചെമ്പന്‍ പോക്കറും സന്ധിക്കുന്നത്. ഏറനാട്ടിലെ പോലീസ് മേധാവിയെന്ന സ്ഥാനം ഉപേക്ഷിച്ച് സമരരംഗത്ത് അദ്ദേഹം സജീവമായി. ഇതോടെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കപ്പെടുകയും   പിടിച്ച്‌കൊടുക്കുന്നവര്‍ക്ക് 5000 ഉറുപ്പിക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
ജനറല്‍ വാട്‌സന്റെ സേനാവിഭാഗങ്ങളുമായി ഏറ്റുമുട്ടി നിരവധി പേരെ വധിക്കുകയും ആയുധങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മലബാര്‍ കലക്ടര്‍ ബേബറും പോലീസ് മേധാവികളായ വാട്‌സണും, ബേണ്‍സും സംയുക്തമായി അത്തന്‍ കുരിക്കള്‍ക്കെതിരായി നീങ്ങി. തുടര്‍ച്ചയായ തുറന്ന യുദ്ധങ്ങളില്‍ ഇരുപക്ഷത്തിനും കനത്ത നഷ്ടം വനന്നു എന്നല്ലാതെ ശത്രുവിനെ പെട്ടെന്ന് ഒതുക്കാമെന്ന ബ്രിട്ടീഷ് കണക്ക് കൂട്ടലുകള്‍ തെറ്റി. ഒളിപ്പോരുകളും പെട്ടെന്നുള്ള അക്രമണങ്ങളും ബ്രിട്ടീഷുകാര്‍ക്ക് കനത്ത ആള്‍നാശം വരുത്തിവെച്ചു. 1801 ഡിസംബറില്‍ വാട്‌സന്റെയും സാമൂതിരിയുടെയും പട്ടാളം സംയുക്തമായി അത്തന്‍ കുരിക്കളെ നേരിട്ടുവെങ്കിലും കനത്ത നാശനഷ്ടങ്ങളുമായി പിന്‍വലിയേണ്ടിവന്നു.
ഇതോടെ അത്തന്‍ കുരിക്കളെ ഏറനാട്ടിലെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാമെന്നും വര്‍ഷംതോറും പെന്‍ഷന്‍ നല്‍കാമെന്നും ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ സമരരംഗത്തു നിന്നും പിന്തിരിയാന്‍ അദ്ദേഹം ഒരുക്കമായില്ല. ഇതേതുടര്‍ന്ന് അത്തന്‍ കുരിക്കളുടെയും കുടുംബത്തിന്റെയും മുഴുവുന്‍ സ്വത്തും കണ്ടുകെട്ടപ്പെടുകയും ഇവരെയും കലാപകാരികളെയും ഒരിക്കലും സഹായിക്കരുതെന്ന് വിളംബരമിറക്കപ്പെടുകയും ചെയ്തു. ബോംബെ ഗവര്‍ണര്‍ നിശ്ചയിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കലാപനേതാക്കള്‍ക്ക് വലിയ ഓഫറുകള്‍ വന്നുവെങ്കിലും അദ്ദേഹം ഒരു ഒത്തുതീര്‍പ്പിനും തയാറായില്ല.
പഴശ്ശിയുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ ശക്തിയാര്‍ജിക്കുന്ന കാലമായിരുന്നു ഇത്. ഉണ്ണിമൂസയോടും ചെമ്പന്‍ പോക്കറിനോടുമൊത്ത് അത്തന്‍ കുരിക്കളും പഴശ്ശിരാജക്ക് ശക്തി പകരാനെത്തി. 1802 ല്‍ ഉണ്ണിമൂസയും, 1805 ല്‍ ചെമ്പന്‍ പോക്കറും രക്തസാക്ഷികളായി. അത്തന്‍ കുരിക്കള്‍ക്കും പഴശ്ശിരാജക്കും പിന്നീട് പിടിച്ച് നില്‍ക്കുക പ്രയാസമായി. നേതാക്കളിലും അണികളിലും നിരാശ പ്രകടമായിരുന്നു. അവസരം മുതലെടുത്ത് ബ്രിട്ടീഷുകാര്‍ നിരന്തരമായി അക്രമണങ്ങള്‍ നടത്തി. അത്തന്‍ കുരിക്കളും കൂട്ടാളികളും പിടികൊടുക്കാതെ മരണം വരെ പോരാടുകയാണുണ്ടായത്. ഇതിന് ശേഷം പഴശ്ശിരാജയും വിടപറഞ്ഞതോടെ വലിയൊരധ്യായത്തിന് തിരശ്ശീല വീണു.

Post a Comment

Previous Post Next Post