ബ്രിട്ടീഷ് കമ്പനി ഭരണത്തിന്റെ ആരംഭകാലത്ത് തന്നെ നാട്ടുപ്രമാണിമാരെയും മാടമ്പകളെയും മറ്റും തങ്ങളുടെ കൈകളിലാക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇത്തരത്തില്‍ വെള്ളുവനാട്ടെ പോലീസ് മേധാവിയുടെ കീഴിയില്‍ നിയമിതനായ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു ചെമ്പന്‍ പോക്കര്‍. എന്നാല്‍ ടിപ്പു സുല്‍ത്താനില്‍ ആകൃഷ്ടനായിരുന്ന അദ്ദേഹം വിദേശകമ്പനിക്ക് കീഴില്‍ സേവനമനുഷ്ഠിക്കുന്നത് നല്ലതല്ല എന്ന് മനസ്സിലാക്കി സര്‍വ്വീസില്‍ നിന്നും പുറത്തുചാടുകയായിരുന്നു. ഉണ്ണിമൂസ, അത്തന്‍ കുരിക്കള്‍ എന്നിവരോട് ചേര്‍ന്ന് സായുധപോരാട്ടത്തിലേക്ക് കടന്നുവരികയായിരുന്നു അദ്ദേഹം.
ഉണ്ണിമൂസ നടത്തിയിട്ടുള്ള എല്ലാ ബ്രിട്ടീഷ് വിരുദ്ധ യുദ്ധങ്ങളിലും അദ്ദേഹം ഭാഗഭാക്കായിരിന്നിട്ടുണ്ട്. അതോടെ അദ്ദേഹത്തെയും രാജ്യദ്രോഹിയായി പ്രഖ്യാപിച്ച് കീഴടക്കുവാന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പൊന്നാനിയില്‍ നടന്ന യുദ്ധത്തില്‍ തന്റെ ഉറ്റമിത്രമായിരുന്ന ഹൈദ്രോസ് പിടിയിലായെങ്കിലും ചെമ്പന്‍ പോക്കര്‍ സുരക്ഷിത സങ്കേതങ്ങളില്‍ അഭയംകണ്ടെത്തി. മലബാറിലെ കലക്ടറായിരുന്ന ബൈബറുടെ കീഴില്‍ നടന്ന സൈനിക നീക്കത്തില്‍ ഏറെ നേരത്തെ ചെറുത്ത് നില്‍പ്പിന് ശേഷം ചെമ്പന്‍ പോക്കറെ കീഴ്‌പ്പെടുത്തി.
പാലക്കാട് കോട്ടയിലായിരുന്നു ചെമ്പന്‍ പോക്കര്‍ തടവില്‍വെക്കപ്പെട്ടത്. എന്നാല്‍ അവിടെനിന്നും ജയില്‍ചാടി അണികളെ ശക്തിപ്പെടുത്താന്‍ അദ്ദേഹം ധൈര്യം കാണിച്ചു. ബ്രിട്ടീഷ് സൈന്യത്തെ വെല്ലുവിളിച്ച് രംഗത്തിറങ്ങിയ അദ്ദേഹത്തിന്റെ സൈന്യം ബേബറുടെ കീഴിലുണ്ടായിരുന്ന സൈന്യത്തെ തോല്‍പ്പിച്ചു. ഈ വിജയം പോരാളികളുടെ ആവേശം വര്‍ധിപ്പിച്ചതോടെ ബ്രിട്ടീഷുകാര്‍ ആകെ ഭീതിയിലായി. ഇതെ തുടര്‍ന്ന് ബോംബെ ഗവര്‍ണര്‍ മേജര്‍ വാക്കറെ അന്വേഷണ കമ്മീഷനായി മലബാറിലേക്കയച്ചു.
എന്നാല്‍, കലക്ടര്‍ ബേബറിന്റെയും സൂപ്രണ്ട് ജി.ഹഡലിന്റെയും ക്രൂരപ്രവര്‍ത്തികളില്‍ അവഹേളിച്ചുകൊണ്ടായിരുന്നു വാക്കര്‍ റിപ്പോര്‍ട്ട്. പോരാളികള്‍ക്ക് മാപ്പ് നല്‍കി ബ്രിട്ടീഷ് അനുകൂലമാക്കി മാറ്റണം എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെമ്പന്‍ പോക്കര്‍ക്കും അനുയായികള്‍ക്കും മാപ്പുനല്‍കാന്‍ തീരുമാനിച്ചു. നല്ലനടപ്പ് ഉറപ്പുവരുത്തുവാന്‍ 6 വ്യവസ്ഥകളുമായി മൂന്ന് ജാമ്യക്കാരെ നല്‍കണമെന്ന് നിബന്ധനവെച്ചു. ഇതോടെ 1800 ഓഗസ്റ്റ് 1ന് ചെമ്പന്‍ പോക്കര്‍ക്ക് മാപ്പുനല്‍കി മലബാര്‍ കലക്ടര്‍ വിജ്ഞാപനമിറക്കി.
എന്നാല്‍, ഡിസംബര്‍ ആയപ്പോഴേക്കും പ്രശ്‌നങ്ങള്‍ വീണ്ടും മൂര്‍ചിഛു. ഒരു മാപ്പിളയെ ചെമ്പന്‍ പോക്കറുടെ അനുയായികള്‍ അകാരണമായി കൊലപ്പെടുത്തിയെന്നും സേനാപോഷണവും ആയുധ സംഭരണവും നടത്തുന്നുണ്ടെന്നും അധികൃതര്‍ ആരോപിച്ചു. എന്നാല്‍ സത്യാവസ്ഥ ബോധ്യപ്പെടുത്തി അദ്ദേഹം കലക്ടര്‍ക്ക് കത്തയച്ചു. കൊല്ലപ്പെട്ടയാള്‍ കൊള്ള സംഘത്തില്‍ പെട്ടയാളാണെന്നും പിടികൂടുവാനുള്ള ശ്രമത്തില്‍ പുഴയില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നായിരുന്നു ഉള്ളടക്കം.
ഈ വിശദീകരണത്തില്‍ തൃപ്തരല്ലാതിരുന്ന കമ്മീഷണര്‍ ചെമ്പന്‍ പോക്കറോട് നേരിട്ട് കച്ചേരിയില്‍ ഹാജരാകുവാന്‍ ഉത്തരവിട്ടു. എന്നാല്‍, ഇതിനെ അവജ്ഞയോടെ തള്ളിയ അദ്ദേഹം പുതിയ പോരാട്ടങ്ങള്‍ക്ക് തയാറായി. ഇതോടെ ജാമ്യക്കാരും ബന്ധുക്കളും തടവിലാവുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ബ്രിട്ടീഷ് പട്ടാളം ഏറെ അഴിഞ്ഞാടിയ സമയമായിരുന്നു ഇത്. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിടയിലും ശക്തമായ ചെറുത്ത് നില്‍പ്പിന് അദ്ദേഹം മുന്നോട്ട് വന്നു. അതേ സമയം പഴശ്ശിരാജയുടെ ഒളിപ്പോരാട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഉണ്ണിമൂസയോടൊപ്പം ചെമ്പന്‍ പോക്കരും കൂട്ടാളികളും പഴശ്ശിയുടെ സഹാടത്തിനെത്തി. 1802 ല്‍ ഉണ്ണിമൂസ മൂപ്പന്‍ രക്തസാക്ഷിയായി. 1805 ല്‍ പഴശ്ശി മരണമടയുന്നതിന്റെ മാസങ്ങള്‍ക്കുമുമ്പാണ് ചെമ്പന്‍ പോക്കര്‍ വിടവാങ്ങിയത്. പട്ടാമ്പിയിലെ തന്റെ വീട് ക്യാപ്റ്റന്‍ വാട്‌സണ്‍ കമ്പനി സൈന്യവുമായി വളയുകയും തുറന്ന സംഘട്ടനത്തില്‍ വെടിയുണ്ടകള്‍ ഏറ്റ് മരിക്കുകയാണുണ്ടായത്.
Post a comment