മലയാളത്തിലെ ആദ്യ ഖുര്‍ആന്‍ പരിഭാഷയുടെ രചയിതാവാണ് മായിന്‍ കുട്ടി എളയ. പ്രശസ്തമായ കേയി കുടുംബത്തില്‍ അബ്ദുല്‍ ഖാദിര്‍ കേയിയുടെ പപുത്രനായി ജനിച്ചു. സമ്പന്ന കുടുംബമായത് കൊണ്ട് തന്നെ എല്ലാ വിധ വിദ്യകളും അഭ്യസിച്ചു. തലശ്ശേരി ഖാസി മുഹമ്മദ്, അഹ്മദ് മുസ്ലിയാര്‍ എന്നിവരാണ് മതവിജ്ഞാനം പകര്‍ന്ന് നല്‍കിയത്. മാതൃഭാഷ കൃത്യമായി പഠിച്ച അദ്ദേഹം അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഭാഷകളിലും പ്രാവീണ്യം നേടി.
ചെറുപ്പുകാലത്തു തന്നെ മാപ്പിളപ്പാട്ടുകളോട് ആഭിമുഖ്യമുണ്ടായിരുന്നു. വീരാന്‍കുട്ടി ഇബ്‌നു മമ്മദ് കുട്ടിയെന്ന മാപ്പിളക്കവിയാണ്  കാവ്യരചനയില്‍ പരിശീലനം നല്കിയത്. ഇതിനു പുറമെ ഗുസ്തിയും, കരളിപ്പയറ്റും സമര്‍ത്ഥമായി അഭ്യസിച്ചു. ചങ്ങമ്പള്ളി അലവിക്കുട്ടി ഗുരുക്കള്‍ പ്രധാന ഗുരുനാഥനായിരുന്നു. കണ്ണൂര്‍ മര്‍യം ബീവി സുല്‍ത്താനയുടെ പുത്രിയെയാണ് വിവാഹം കഴിച്ചത്. മുഹ്‌യുദ്ദീന്‍ ഇബ്‌നു അബ്ദുല്‍ ഖാദിര്‍ എന്ന പേര് മായിന്‍കുട്ടി  എളയയായിത്തീര്‍ന്നത് ഇതിനുശേഷമാണ്. അന്ത്യനാളിന്റെ സൂചനകളെക്കുറിച്ചുള്ള 'ആഖിബത്ത് മാല'യാണ് ആദ്യ കൃതി. 'ലിഖാ മാല' 'ദബീഹ് മാല', 'ഖിസ്ത്തു സുലൈമാന്‍ ഇബ്‌നു ദാവൂദ്' എന്ന അറബി മലയാള കാവ്യങ്ങളും രചിച്ചു. ഖുര്‍ആന്റെ മാഹാത്മ്യത്തെക്കുറിച്ച് 'തശറഖുല്‍ ഖുര്‍ആന്‍' എന്ന പാട്ടും രചിച്ചു. ഖുര്‍ആന്‍ പരിഭാഷക്കുള്ള പാശ്ചാത്തലം ഒരുക്കുകയായിരുന്നു ഈ കൃതിയിലൂടെ. ഖുര്‍ആന്‍ പരിഭാഷ പരിചിതമല്ലാത്ത കാലമായിരുന്നു എന്ത് ശ്രദ്ധേയമാണ്.
ഹി 1272 ല്‍ ഖുര്‍ആന്‍ പരിഭാഷ ആരംഭിച്ചു. ചിലപണ്ഡിതന്‍മാര്‍ സ്വാഭാവികമായും എതിര്‍ത്തിരുന്നുവെങ്കിലും എല്ലാം സദുദ്ദേശ്യപരമായിരുന്നു. ജലാലുദ്ദീന്‍ മഹല്ലി, ജലാലുദ്ദീന്‍ സുയൂഥി എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ തഫ്‌സീര്‍ ജലാലൈന്‍ ആണ് അദ്ദേഹം ഇതിന് ആധാരമാക്കിയത്. ആദ്യം കയ്യെഴുത്ത് പ്രതികളാണ് തയ്യാറാക്കിയത്.  ഹി.1286 ല്‍ തലശ്ശേരിയില്‍ സ്വന്തമായി ലിത്തോ പ്രസ്സ് സ്ഥാപിച്ചു. ഹി.1294 ല്‍ പരിഭാഷയുടെ ആറ് പ്രതിയും അച്ചടിച്ചു. 'തര്‍ജുമത്തു തഫ്‌സീരില്‍ ഖുര്‍ആന്‍' എന്നാണ് നാമകരണം ചെയ്തത്.
ഹി. 1292 ല്‍ ഭാര്യസമേതം ഹിജ്ജിന് പോയ അദ്ദേഹം മക്കയില്‍ 'കേയിറുബാഥ' എന്ന പേരില്‍ കേരള ഹാജിമാരുടെ സൗകര്യത്തിന് വേണ്ടി പണികഴിപ്പിച്ചു. ഹി.1302ല്‍ ആയിരുന്നു വിയോഗം. കണ്ണൂര്‍ അറക്കല്‍ രാജകുടുംബങ്ങളുടെ ഖബറിടത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

Post a Comment

Previous Post Next Post