കേരളീയ മുസ്ലിം പണ്ഡിതരില്‍ എല്ലാം കൊണ്ടും വ്യത്യസ്തനായ പണ്ഡിതനാണ് ശുജായി മൊയ്തു മുസ്ലിയാര്‍. പൊന്നാനിക്കടുത്ത് അണ്ടത്തോട് കുളങ്ങരവീട്ടില്‍ അബ്ദുല്‍ ഖാദിര്‍ സാഹിബിന്റെ പുത്രനായി ഹി1278 ലാണ് ജനനം. സമ്പന്ന കുടുംബാംഗമായ അദ്ദേഹം സ്വദേശത്തെ പ്രാഥമിക പഠനത്തിനു ശേഷം എരമംഗലം, വെളിയങ്കോട്, പൊന്നാനി ദര്‍സുകളില്‍ ഉപരിപഠനം നടത്തി. സിയാമു മുസ്ലിയാര്‍, ചെറിയ കുഞ്ഞന്‍ബാവ മുസ്ലിയാര്‍, തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാതന്മാര്‍.
ബഹുഭാഷാ പണ്ഡിതനായിരുന്ന അദ്ദേഹം ഹിന്ദുസ്ഥാനി ഭാഷ പ്രചരിപ്പിക്കുന്നതിനായി 'ഗുരുഹിന്ദുസ്ഥാനി' എന്ന ഭാഷാ പഠന ഗ്രന്ഥം ഹി 1307 ല്‍ അറബിമലയാളത്തില്‍ പുറത്തിറക്കി. ഈ പുസ്തകം നിരവധി ദര്‍സുകളില്‍ പാഠപുസ്തകമായി ഒരുപാട് കാലം ഉപയോഗിച്ചിരുന്നു.
കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം രൂക്ഷമായപ്പോള്‍ കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിയില്‍ നടന്ന വാദപ്രതിവാദത്തില്‍ കൊണ്ടോട്ടി കൈക്കാരെ തോല്‍പ്പിച്ചത് ശുജായി മൊയ്തു മുസ്ലിയാരായിരുന്നു. അറിവിന് ഏറെ പ്രാധാന്യം നല്കിയ അദ്ദേഹത്തിന് അപൂര്‍വ ശേഖരങ്ങളടങ്ങിയ ലൈബ്രറി സ്വന്തമായുണ്ടായിരുന്നു.
1305 ല്‍ പൊന്നാനിയില്‍ നിന്നും പ്രസിദ്ധീകരിച്ച 'മഅ്ദനുല്‍ ജവാഹിര്‍' മഹാരത്‌നമാലയാണ് അദ്ദേഹത്തിന്റെ ആദ്യ മലയാള കൃതി. 'മനാഫിഉല്‍ മൗത്' അദ്ധ്യാത്മിക ചിന്തകളടങ്ങുന്ന അമൂല്യ രചനയാണ്.1311ല്‍ പ്രസിദ്ധീകരിച്ച 'നഹ്ജു ദഖാഇഖ്' താത്വിക കൃതിയാണ്.
മിസ്റ്റിക് കൃതിയായ 'സഫലമാല' എന്ന അറബിമലയാള സാഹിത്യ കൃതിയാണ് ശുജായി മൊയ്തു മുസ്ലിയാരെ ഇപ്പോഴും സ്മരണീയനാക്കുന്നത്. അറബിമലയാള കാവ്യ പ്രപഞ്ചത്തില്‍ തുല്യതയില്ലാത്ത നിഗൂഢ കാവ്യമായി ഇന്നും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കൃതിയാണ്. 1317 ലാണ് ഇത് പ്രസിദ്ധീകരിച്ചത്.
ചരിത്ര പഠനത്തിലും രചനയിലും അതീവതല്‍പരനായിരുന്നു അദ്ദേഹം.1887 ല്‍ പ്രസിദ്ധീകരിച്ച 'ഫൈളുല്‍ ഫയ്യാള്' ലോകോല്‍പ്പത്തി മുതല്‍ അബ്ബാസിയ്യ ഖലീഫമാരിലെ നാസര്‍ വരെയാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിച്ച' ഫത്ഹുല്‍ ഫത്താഹ്' ലോകോല്‍പ്പത്തി മുതല്‍ തുര്‍ക്കി ഖലീഫ അബ്ദുല്‍ ഹമീദ് വരെയുള്ള ചരിത്രം പ്രതിപാദിക്കുന്നു.
അനന്തരാവകാശ തര്‍ജമയാണ് അവസാന കൃതി.1333 ല്‍ ജിദ്ദയില്‍ രോഗബാധിതനായാണ് മരിച്ചത്. പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ച്‌വരുമ്പോഴായിരുന്നു രോഗം ബാധിച്ചത്. ഇവിടെ തന്നെ അന്ത്യവിശ്രമംകൊള്ളുന്നു.
Post a Comment