മര്‍ഹും എം. ആലിക്കുഞ്ഞി സാഹിബ് എഴുതിയ '' 1921 ലെ മലബാര്‍ കലാപം: ഒരു പഠനം '' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ' വാഗണ്‍ ട്രാജഡി' എന്ന 55ാം അദ്ധ്യായം പുനപ്രസിദ്ധീകരിക്കുകയാണിവിടെ.
ലഹളയില്‍ കഷ്ടപ്പെടുന്ന അനാഥക്കുട്ടികളെ സംരക്ഷിക്കുന്നതിന്നു പഞ്ചാബില്‍ നിന്നു കേരളത്തിലെത്തിയ ജംഇയ്യത്തെ ദഅ്‌വത്തെ തബ്‌ലീഗെ ഇസ്ലാമിന്റെ വെള്ളിമാട് കുന്നിന്‍മേലുള്ള അഭയകേന്ദ്രത്തിലെത്തിയ ലഹളബാധിത പ്രദേശത്തെ യതീമുകളുടെ ചരിത്രമാണിത്.
'' ലഹളയുടെ ആരംഭകാലത്ത് തുറന്ന വണ്ടികളില്‍ മാപ്പിളത്തടവുകാരെ ലഹളപ്രദേശങ്ങളില്‍ കൂടി കൊണ്ടുപോകുന്നത് ശരിയല്ലെന്നു എനിക്കുതോന്നി. എന്തെന്നാല്‍ അവരെ മറ്റുള്ളവര്‍ കാണാനും അവരെ രക്ഷപ്പെടുത്താനും ഇടയുണ്ട്. ഒരിക്കല്‍ കോഴിക്കോട് നിന്ന് കണ്ണൂര്‍ക്ക് തടവുകാരെ കൊണ്ടുപോകുമ്പോള്‍ വണ്ടിയുടെ ജനലുകള്‍ അടക്കുവാന്‍ ഞാന്‍ കല്‍പന കൊടുത്തു ''-മാപ്പിള മര്‍ദ്ദകനെന്നു കുപ്രസിദ്ധി നേടിയ ഡി. എസ്. പി. ഹിച്ച് കോക്ക്  വാഗണ്‍ ട്രാജഡി അന്വേഷണകമ്മീഷന്‍ മുമ്പാകെ നല്‍കിയ തെളിവാണ് മേലുദ്ധരിച്ചത്. ഹിച്ച് കോക്കിന്റെ ഈ ഉത്തരവ് നടപ്പില്‍ വരുത്തിയത് എഴുപത് മാപ്പിള ജീവനുകള്‍ കുരുതികൊടുത്തിട്ടായിരുന്നു. 
മനുഷ്യത്വത്തിനു നിരക്കാത്തതും ഭൂതദയ തൊട്ടു തെറിപ്പിച്ചിട്ടു പോലുമില്ലാത്തതുമായ ഈ ദുരന്ത സംഭവമാണ് ഇവിടെ വിവരിക്കുന്നത്.  മാപ്പിളമാരുടെ നേരെ എത്ര നീചവും നിന്ദ്യവും ക്രൂരവുമായി പെരുമാറുന്നുവോ അതാണ് തങ്ങളുടെ ഉദ്യോഗക്കയറ്റത്തിനുള്ള മാനദണ്ഡമെന്നു കരുതുന്ന വെള്ളക്കാര്‍ മാത്രമല്ല നാട്ടുകാരായ ഉദ്യോഗസ്ഥരും അന്നുണ്ടായിരുന്നു. നീതി ബോധവുമായോ സത്യസന്ധതയുമായോ പുലബന്ധം പോലുമില്ലാത്ത  ഈ ഇരുകാലി ജീവികള്‍ കാട്ടിക്കൂട്ടിയ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും കയ്യുംകണക്കുമുണ്ടായിരുന്നില്ല.  അതില്‍ ഒന്നാണ് വാഗണിലിട്ടടച്ചു കൊന്ന ദയനീയമായ സംഭവം. 
തടവുകാരെ അങ്ങോട്ടുമിങ്ങോട്ടും തീവണ്ടിക്ക് കൊണ്ടുപോകുമ്പോള്‍ അടച്ചിട്ട വാഗനുകളായിരുന്നു ഉപയോഗിച്ചിരുന്നത്. കോയമ്പത്തൂര്‍, ബല്ലാരി, ജയിലുകളിലേക്ക് ഈ ഇരുട്ടറയാത്ര തുടര്‍ന്നുനടന്നിരുന്നു. 32 തവണകളിലായി രണ്ടായിരത്തോളം തടവുകാരെ ഇങ്ങനെ വാഗനില്‍ കടത്തിക്കൊണ്ടുപോയിരുന്നു. കേണല്‍ ഹംഫ്രീബ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഇവാന്‍സ്, ഡിസ്ത്രിക്റ്റ് പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് എന്നിവരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലുമായിരുന്നു ഈ ഇരുട്ടറകളുടെ നീക്കവും പോക്കും. ലഹളയുടെ ആരംഭകാലത്ത പട്ടാളവും പോലീസും വേണ്ടത്ര ഉണ്ടായിരുന്നില്ല. ഒരു കൂട്ടം തടവുകാരെ വാഗനിലിട്ടു അടച്ചുപൂട്ടി ഏതെങ്കിലും ഒരു ഹെഡ്‌കോണ്‍സ്റ്റബിളോ സര്‍ജ്ജനോ ആ വണ്ടിയില്‍ മറ്റേതെങ്കിലും മുറിയില്‍ സഞ്ചരിക്കുകയായിരുന്നു പതിവ്. അടച്ചുപൂട്ടാവുന്ന വാഗന്‍ തന്നെ ലഭിക്കണമെന്നു ഉദ്യോഗസ്ഥന്മാര്‍ റെയില്‍വേ അധികൃതരെ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. 
1921 നവംബര്‍ 20-നായിരുന്നു 100 റിമാണ്ട് തടവുകാരെ തിരൂരില്‍ നിന്ന് വാഗനില്‍ കയറ്റി വാതിലടച്ചത്.  അതില്‍ 97 മുസ്ലിംകളും 3 ഹിന്ദുക്കളുമായിരുന്നു. എം.എസ്. ആന്റ് എം. റെയില്‍വെയുടെ 1711ാം നമ്പര്‍ വാഗനിലായിരുന്നു കയറ്റിയത്. കോഴിക്കോട്ടുനിന്ന് വൈകുന്നേരം പുറപ്പെടുന്ന 71ാം നമ്പര്‍ തീവണ്ടിയോട് ഈ വാഗണ്‍ കൊളത്തി കോയമ്പത്തൂര്‍ക്ക് പുറപ്പെട്ടു. ആന്‍ഡ്രൂസ്സ് എന്ന സര്‍ജ്ജനും ഒരു ഹെഡ്‌കോണ്‍സ്റ്റബിളും ആകെ വണ്ടിയില്‍ മറ്റു മുറികളില്‍ യാത്രചെയ്തിരുന്നു.  പോത്തനൂരിലെത്തിയപ്പോഴും വാഗനിലുണ്ടായിരുന്നവരെല്ലാം പരിപൂര്‍ണ്ണമായോ ഭാഗികമായോ മരിച്ചുകഴിഞ്ഞിരുന്നു.  ഹിന്ദുക്കളായ 3 പേര്‍ അടക്കം 55 പേര്‍ മരണപ്പെട്ടിരുന്നു. ബാക്കിയുള്ള 44 പേരെ കോയമ്പത്തൂരിലേക്കെടുത്തു. സ്റ്റേഷനില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോള്‍ 6 പേര്‍ മരണമടഞ്ഞു. പിന്നെ അവശേഷിച്ച 13 പേരെ കോയമ്പത്തൂര്‍ സിവില്‍ ആശുപത്രിയിലേക്കയച്ചു. 25 പേരെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലോക്കപ്പ് ചെയ്യുകയും ചെയ്തു. ആശുപത്രിയിലെത്തിയതോടെ രണ്ടുപേരുടെ ജീവനും കൂടി പോയി. അന്നുച്ചക്കു ശേഷം 4 പേരും പിറ്റേ ദിവസം 2 പേരും മരിച്ചു.  ഇങ്ങനെ ഒട്ടാകെ മൃതിയടഞ്ഞവരുടെ എണ്ണം 70 ആയി. 
വാഗനില്‍ നിന്നു ശ്വാസം കഴിക്കാനാവാതെ ശ്വാസം മുട്ടിയായിരുന്നു ഈ 70 പേരും മരിച്ചത്.  അതില്‍ വാഗനിന്നടിച്ച ആണിയെടെ ദ്വാരത്തില്‍ മൂക്ക് വെച്ചു ശ്വാസം കഴിച്ചുകൊണ്ട് ജീവന്‍ നിലനിര്‍ത്തി ചിലര്‍.  ശ്വസിപ്പാന്‍ വായുവോ കുടിക്കാന്‍ വെള്ളമോ ലഭിക്കാതെ ആ ഇരുട്ടറയില്‍ നിന്നു മരണത്തോട് മല്ലിട്ടുകൊണ്ട് കഴിഞ്ഞവര്‍ പരസ്പരം മൂത്രം കുടിച്ചും വിയര്‍പ്പ് നക്കിയും ജീവന്‍ നിലനിര്‍ത്താന്‍ മുതിര്‍ന്നെങ്കിലും ഭൂരിപക്ഷം പേര്‍ക്കും രക്ഷകിട്ടിയില്ല. ഈ ദാരുണസംഭവം ഇന്ത്യയിലങ്ങോളമിങ്ങോളം മാത്രമല്ല ഇംഗ്ലണ്ടിലെ ജനങ്ങളേയും രോഷാകുലരാക്കി. ഈ സംഭവത്തിന് ഉത്തരവാദികളായവരെ തൂക്കിക്കൊല്ലണമെന്നു പോലും ബ്രിട്ടീഷ് മുഖപത്രങ്ങള്‍ മുഖപ്രസംഗം എഴുതി. 
വാഗണ്‍ ട്രാജഡിയില്‍ നിന്നു രക്ഷപ്പെട്ട അഹമ്മദ് എന്നാല്‍ മലപ്പുറത്ത് വെച്ച് പറഞ്ഞത് ഇപ്രകാരമാണ്: ഞങ്ങളെയെല്ലാം വഗണില്‍ കയറ്റി വാതിലടച്ചു. കുറേകഴിഞ്ഞപ്പോള്‍ നിലവിളിയും മരണവെപ്രാളവുമായി എനിക്ക് ബോധം നഷ്ടപ്പെടു. ബോധം തെളിഞ്ഞ് നോക്കുമ്പോള്‍ എന്റെ ദേഹത്തില്‍ ഒന്നിന്റെ മേല്‍ ഒന്നായി രണ്ടും മൂന്നും മയ്യിത്തുകള്‍ കിടക്കുന്നതായി കണ്ടു. എന്റെ അടുത്തുണ്ടായിരുന്ന മമ്മദ് വാഗണിന്റെ ഒരരുകില്‍ മുഖം അമര്‍ത്തിപ്പിടിച്ചുകിടന്നു. ഞാന്‍ തൊട്ടുവിളിച്ചു. അപ്പോഴാണ് ഞാന്‍ കണ്ടത് ഒരു ആണിയുടെ ദ്വാരത്തില്‍ മൂക്ക് വെച്ച് ശ്വാസം വിടുന്നത്. മറ്റുള്ളവര്‍ മരിച്ചുകഴിഞ്ഞതോടു കൂടി  ശ്വാസം കഴിക്കാനുള്ള വായു അതില്‍ നിന്നു ലഭിച്ചു. അങ്ങനെയാണ് ഞാന്‍ ജീവിച്ചത്. 
ഇന്ത്യാ ഗവണ്‍മെന്റിനു പൊറുതിമുട്ടി താഴെ കാണുന്ന ഉത്തരവ് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ചു. 
'' മലബാര്‍ സ്‌പെഷ്യല്‍ കമ്മീഷണറായ എ.ആര്‍.നാപ്പ് ചെയര്‍മാനായിക്കൊണ്ടൊരു  പരസ്യാന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. മി. നാപ്പിനെ സഹായിക്കുവാന്‍ മൂന്നു അനുദ്യോഗസ്ഥന്മാരേയും നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് പ്രതീക്ഷിച്ചിരിക്കുകയാണ്.  ഈ നിര്‍ഭാഗ്യകരമായ സംഭവത്തെക്കുറിച്ചു പത്രങ്ങളില്‍ വന്ന അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകള്‍ മദിരാശി ഗവണ്‍മെന്റ് നിഷേധിച്ചിട്ടുണ്ട്. (മാപ്പിള റിബല്യന്‍ പേജ്-210, ടോട്ടന്‍ഹാം). 
അന്വേഷണ കമ്മീഷനിലെ അംഗങ്ങള്‍ 1. എ. ആര്‍, നേപ്പ് 2. അബ്ബാസ് അലി (റിട്ടയര്‍ഡ് പ്രസിഡന്‍സി മജിസ്‌ട്രേറ്റ്, മദിരാശി) 3. മഞ്ചേരി എസ്സ്.രാമയ്യര്‍, (അഡ്വക്കറ്റ് കോഴിക്കോട്) 4. ഖാന്‍ബഹദൂര്‍ കല്ലടി മൊയ്തൂട്ടി സാഹിബ് (ജന്മി, ഒലവക്കോട്).
കമ്മറ്റിയിലെ അനുദ്യോഗസ്ഥ അംഗങ്ങള്‍ ചെയര്‍മാന്‍ നേപ്പിനെ-സഹായിക്കുന്നതിനാണ് ഗവണ്‍മെന്റ് നിയോഗിച്ചത്. കമ്മീഷനെ നിയമിച്ചിട്ടുള്ള ഉത്തരവില്‍  ഇങ്ങനെയാണ് പറയുന്നത്. (ാൃ സിമുു ശ െയലശിഴ മശൈേെലറ യ്യ ിീിീളളശരശമഹ)െ(മാപ്പിള റിബല്യന്‍ പേജ്-210-ടോട്ടന്‍ഹാം)സഹായിക്കുന്ന കാര്യം ഈ അനുദ്യേഗസ്ഥന്മാര്‍ കുറോടെ നിര്‍വഹിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട് വെളിവാക്കുന്നുണ്ട്. 
തിരൂരില്‍ നിന്ന് കോയമ്പത്തൂര്‍ എത്തുന്നത് വരെ വാഗണ്‍ മുറി തുറന്നുനോക്കുകയോ അതിലുള്ളവരെ പറ്റി വല്ല അന്വേഷണവും നടത്തുകയോ, അവരുടെ ദീനരോദനം ശ്രവിക്കുവാന്‍ ശ്രമിക്കുകയോ പൊലീസ് ചെയ്തിട്ടില്ലെന്നു അന്വേഷണ വേളയില്‍ വെളിവായിരിക്കുന്നു. അടച്ചുപൂട്ടാവുന്ന വഗനാണ് തടവുകാരെ കൊണ്ടുപോരുവാന്‍ ആവശ്യപ്പെട്ടതെന്നു റെയില്‍വേ അധികൃതന്മാര്‍ അന്വേഷണ കമ്മീഷനു നല്‍കിയ തെളിവില്‍ വ്യക്തമാക്കിയിരിക്കുന്നു. തടവുകാരുടെ മരണവെപ്രാളത്തില്‍ അവര്‍ ഭയങ്കരമായി  പരസ്പരം മാന്തുകയും കടിക്കുകയും തലയിട്ടു വണ്ടിയോട് അടിക്കുകയും മറ്റും ചെയ്തിരുന്നു. പരസ്പരം മാന്തിയിട്ടേ ഉള്ളൂ കടിച്ചിട്ടില്ലെന്നാണ് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത്. ശ്വാസം മുട്ടിയല്ല അവര്‍ മരിച്ചതെന്നു വരുത്തുവാന്‍ നടത്തിയ ശ്രമം നീതിബോധവും ദീനദയാലുവുമായ കോയമ്പത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാം പൊളിച്ചുകളഞ്ഞു. തടവുകാര്‍ ശ്വാസം മുട്ടി തന്നെയാണ് മരിച്ചതെന്നും അവരെ കയറ്റിയ വാഗനാവട്ടെ മനുഷ്യനെയെന്നല്ല ജീവനുള്ള ഒന്നിനെയും കയറ്റുവാന്‍ പറ്റിയതായിരുന്നില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ തെളിവ്‌കൊടുത്തു. വാഗണു വായുപോകുന്നതിനുള്ള ദ്വാരങ്ങളുണ്ടായിരുന്നുവെന്നും അവ പെയിന്റിട്ടപ്പോള്‍ അടഞ്ഞുപോയതാണെന്നും തെളിവു കൊടുക്കുവാന്‍ ചിലര്‍ മുന്നോട്ടു വന്നിരുന്നു. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തടവുകാര്‍ വെള്ളത്തിനു വേണ്ടി വിളിച്ചു ചോദിച്ചിരുന്നുവെന്നും വണ്ടി വിടാന്‍ സമയമായതിനാല്‍ വെള്ളം കൊടുക്കാന്‍ സാധിച്ചില്ലെന്നും തടവുകാരെ എസ്‌കോര്‍ട്ട് ചെയ്ത സര്‍ജന്റ് ആന്‍ഡ്രൂസ്സ് അന്വേഷണകമ്മീഷണ്‍ മുമ്പാകെ തെളിവ് നല്‍കിയിരുന്നു. 
പോത്തന്നൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ 56 പേരുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കിയില്ല. അവ തിരിച്ചു തിരൂരിലേക്ക് കൊണ്ടുവരികയാണുണ്ടായതെന്നു കോയക്കുട്ടി മൗലവി '' മലബാര്‍ ലഹള '' എന്ന പുസ്തകത്തില്‍ പ്രസ്താവിക്കുന്നെണ്ടെങ്കിലും എന്റെ ദൃഷ്ടിയില്‍പെട്ട ഔദ്യോഗിക രേഖകളില്‍ ആ വിവരം കാണുന്നില്ല. 
കേന്ദ്ര നിയമസഭയില്‍ മഹ്മൂദ്ഷംനാട് സാഹിബും മറ്റും ശക്തമായി ശബ്ദമുയര്‍ത്തുകയും വൈസ്രോയിയുടെ അടിയന്തര ശ്രദ്ധ പതിപ്പിക്കുകയും ചെയ്തതിനാലാണ് അന്വേഷണം നടത്താന്‍ ഗവണ്‍മെന്റ് മുതിര്‍ന്നത്.  അന്വേഷണ കമ്മീഷനിലെ അനുദ്യോഗസ്ഥ അംഗങ്ങളാണെങ്കില്‍  ചെയര്‍മാന്‍ മി നേപ്പ് എഴിതിക്കൊടുത്തതിന്റെ ചുവട്ടില്‍ ഒപ്പിടുന്നവര്‍ മാത്രമായിരുന്നു. അബ്ബാസ് അലിയാണെങ്കില്‍ മദിരാശിയില്‍ ഉയര്‍ന്ന ഉദ്യോഗത്തിലായിരുന്ന ശേഷം റിട്ടയര്‍ ചെയ്ത ആളാണ്. സഹകരണ ത്യാഗ പ്രസ്ഥാനമാണിതിനൊക്കെ കാരണമെന്നു പ്രചാരവേല ചെയ്യുകയും മഞ്ചേരി സമ്മേളനത്തില്‍ തനിക്കു പറ്റിയ പരാജയത്തിനു പകരം വീട്ടാന്‍ കിട്ടുന്ന അവസരം ഉപയോഗപ്പെടുത്താന്‍ കൊതിക്കുകയും ചെയ്തിരുന്ന ഒരു അഭിഭാഷക പ്രമാണിയായ മഞ്ചേരി രാമയ്യരായിരുന്നു മറ്റൊരംഗം. ഈ കമ്മീഷന്‍ ഗവണ്‍മെന്റിന്റെ ഹിതത്തിനു വിപരീതമായി പ്രവര്‍ത്തിക്കുകയില്ലെന്നും അവിടെ ഒരുതരം പ്രഹസനമാണെന്നും ഉള്ള ആക്ഷേപങ്ങള്‍ നിയമനിര്‍മ്മാണ സഭകളിലും മറ്റും തൊടുത്തുവിട്ടെങ്കിലും അതൊക്കെ ഗവണ്‍മെന്റ് അവജ്ഞയോടെ അവഗണിക്കുകയാണുണ്ടായത്.
റെയില്‍വെക്കാരോ പോലീസോ പട്ടാളക്കാരോ കുറ്റക്കാരല്ലെന്ന നിഗമനത്തിലാണ് അന്വേഷണ കമ്മീഷന്‍ എത്തിച്ചേര്‍ന്നത്. അതനുസരിച്ചുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേണല്‍ ഹംഫ്രിഡേയോ, സ്‌പെഷ്യല്‍ ഓഫീസര്‍ ഇവാന്‍വോ, ഡി.എസ്.പി ഹിച്ച് കോക്കോ അപരാധിളല്ലെന്നും ഒരു യാദൃശ്ചിക സംഭവം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരിക്കുന്നു. വല്ല അലംഭാവവും ഉണ്ടായിട്ടുണ്ടെങ്കില്‍ തന്നെ അവ റയില്‍വെ കമ്പനിക്കാരും, ട്രാഫിക് ഇന്‍സ്‌പെക്ടറും, പോലീസ് സര്‍ജന്റുമാണ് ഉത്തരവാദിയെന്നു റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ നീതിനിഷ്ഠക്ക് ഇതില്‍ കൂടുതല്‍ തെളിവ് വേണമോ? ബ്രിട്ടീഷുകാര്‍ അവകാശപ്പെട്ടിരുന്നത് അന്വേഷണ കമ്മീഷനില്‍ രണ്ടു മുസ്ലിംകളടക്കം മൂന്നുപേരും ഇന്ത്യക്കാരും ഒരു യൂറോപ്യനും മാത്രമേയുള്ളൂവെന്നായിരുന്നു. പക്ഷേ, ആ യൂറോപ്യന്റെ ചാട്ടവാറിന്റെ ചലനമനുസരിച്ചിരിക്കുമല്ലൊ കമ്മറ്റിയിലെ മറ്റുള്ളവരുടെ മനോഗതി. 
പ്രസ്തുത റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി 1922 ആഗസ്ത് 30-നു താഴെ പറയുന്ന ഉത്തരവ് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ചു:
'' അടിയന്തര ഘട്ടത്തില്‍ ചരക്കു കയറ്റുന്ന വാന്‍ തടവുകാരെ കൊണ്ടുപോകുന്നതില്‍ അസാംഗത്യമോ മനുഷ്യത്വരഹിതമോ ഇല്ലെന്ന കമ്മറ്റിയുടെ അഭിപ്രായത്തോട് ഗവണ്‍മെന്റ് യോജിക്കുന്നു. തടവുകാര്‍ തങ്ങളുടെ ദുരിതങ്ങളറിയിക്കുന്ന വിധത്തില്‍ ശബ്ദങ്ങളുണ്ടാക്കിയിരുന്നില്ലെന്ന് സ്വതന്ത്രമായ തെളിവുകള്‍ കമ്മറ്റിക്ക് ലഭിച്ചിരിക്കുന്നു. പരിപൂര്‍ണ്ണ ഉത്തരവാദിത്വം ആരുടെ മേല്‍ ചുമത്തണമെന്ന് ഖണ്ഡിതമായി പറയുവാന്‍ സാധ്യമല്ലെന്ന് കമ്മറ്റി അഭിപ്രായപ്പെടുന്നു. വെള്ളത്തിന്നും വായുവിന്നും വേണ്ടിയുള്ള മുറവിളി സര്‍ജന്റെ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കേണ്ടതുണ്ടായിരുന്നു. സര്‍ജന്റ് ആന്‍ഡ്രൂസ്സ് കുറ്റക്കാരനല്ലെന്നു പറയുവാന്‍ കമ്മറ്റി ആഗ്രഹിക്കുന്നില്ലെങ്കിലും ബോധപൂര്‍വ്വം ചെയ്തതാണെന്ന അഭിപ്രായം കമ്മറ്റിക്കില്ല. പക്ഷേ, ഈ അസാധാരണ സംഭവത്തിന്റെ സ്വഭാവവും പരിധിയും പരിഗണിക്കുമ്പോള്‍ സര്‍ജന്റ് ഔദ്യോഗികമായി കൃത്യവിലോപം വരുത്തിയിട്ടുണ്ടെന്നാണ് കമ്മറ്റിയുടെ അഭിപ്രായം. സര്‍ജന്റിന്റെ കൂടെയുണ്ടായിരുന്ന ഹെഡ്‌കോണ്‍സ്റ്റബിള്‍ സര്‍ജന്റിനെ വിവരം ധരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. വിശിഷ്യ തടവുകാരുടെ ഭാഷ അറിയുന്ന ആളെന്ന നിലക്ക് സംഗതികള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഹെഡ്‌കോണ്‍സ്റ്റബിളും ഈ കൃത്യവിലോപത്തില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് കമ്മറ്റിയുടെ വീക്ഷണം. 
സര്‍ജന്റ് ആന്‍ഡ്രൂസ്സിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നു മദിരാശി ഗവണ്‍മെന്റിനു ഇന്ത്യാ ഗവണ്‍മെന്റ് നിര്‍ദ്ദേശം നല്‍കുന്നു. ഹെഡ്‌കോണ്‍സ്റ്റബിളിന്റെ പേരില്‍ എന്തു നടപടിയെടുക്കണമെന്ന കാര്യം മദിരാശി ഗവണ്‍മെന്റിനു വിട്ടുകൊടുക്കുകയാണ്. 
സര്‍ജന്റിന്റെയും ഹെഡ്‌കോണ്‍സ്റ്റബിളിന്റെയും പേരില്‍ മദിരാശി ഗവണ്‍മെന്റ് കേസ്സെടുക്കുകയും കോടതിയില്‍ നിന്നു അവര്‍ നിരപരാധികളാണെന്നു കണ്ട് വിട്ടയക്കുകയും ചെയ്തു. 
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 300 ക. വീതം നഷ്ടപരിഹാരം നല്‍കുവാന്‍ 1-4-1922ാം മത്തെ 29ാം കല്‍പന പ്രകാരം മദിരാശി ഗവണ്‍മെന്റ് ഉത്തരവിട്ടു. ലോകത്തെ ഞെട്ടിച്ച ഈ ഭയങ്കര സംഭവത്തെക്കുറിച്ചുണ്ടായ ഒച്ചപ്പാട് അതോടുകൂടി അവസാനിച്ചു.

Post a Comment

Previous Post Next Post