• സി.പി. ബാസിത് ഹുദവി തിരൂര്‍  

പ്രാദേശിക ഭാഷയെന്ന് വിളിക്കപ്പെടുന്ന അറബി മലയാളം സര്‍വ്വ വിഭവങ്ങളാലും സമ്പുഷ്ടമാണ്. മതപരമായ രചനകള്‍ക്ക് ഉപയോഗിക്കപ്പെട്ട ഭാഷ എന്ന് പുറമെ വിലയിരുത്തി സ്വയം നശിപ്പിച്ചു കളഞ്ഞ രേഖകള്‍ പുനര്‍വായനക്കു വിധേയമാക്കുമ്പോഴാണ് ഈ ഭാഷയുടെ വൈപുല്യം നമുക്ക് തിരിച്ചറിയാനാവുന്നത്. അറബി മലയാളത്തില്‍ നോവലുകള്‍ മുതല്‍ പത്രങ്ങള്‍ വരെ പുറത്തിറങ്ങിയിരുന്ന കാലത്ത് ചരിത്രത്തിനും വേണ്ട പരിഗണ ലഭിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പദ്യരൂപത്തിലായിരുന്നു മിക്ക ചരിത്രങ്ങളും. എല്ലാം ചില പ്രത്യേക വിഷയങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു. ലോക സൃഷ്ടിപ്പു മുതല്‍ ആരംഭിക്കുന്ന ഇസ്‌ലാമിക ചരിത്ര രീതി അറബി മലയാളത്തില്‍ കൊണ്ടു വന്ന മഹാനാണ് ശുജായി മൊയ്തു മുസ്‌ലിയാര്‍. തന്റെ ഫത്ഹുല്‍ ഫത്താഹ് എന്ന മൂന്നു വാള്യങ്ങളുള്ള കൃതി ഇന്നത്തെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമാണ്.
അറബി മലയാളത്തിലെ ഗദ്യ സാഹിത്യങ്ങള്‍ മിക്കതും തര്‍ജ്ജമകള്‍ എന്നാണ് അറിയപ്പെടുന്നത്. അറബി കൃതികളുടെ ആശയാനുവാദമോ സ്വതന്ത്ര പരിഭാഷയോ ആയിരിക്കും ഇവ. വിവിധ ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്ത് തയാറാക്കിയവയാണെങ്കില്‍ പോലും തര്‍ജ്ജമ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. കേരളത്തിലെ പഴയകാല പണ്ഡിതരുടെ മിക്ക കൃതികളും കുറഞ്ഞ പേജുകളിലൊതുങ്ങുന്നവയാണെന്ന് നമുക്ക് മനസ്സിലാക്കാം. ഈ മുന്‍വിധിയോടെയാണ് ഗവേഷകര്‍ പോലും ഇത്തരം കൃതികളെ അന്വേഷിക്കുന്നത്. എന്നാല്‍ ശുജായി മൊയ്തു മുസ്‌ലിയാരുടെ ഫത്ഹുല്‍ ഫത്താഹ് മൂന്നു വാള്യങ്ങളിലായി ആയിരത്തോളം പേജുകള്‍ വരുന്നു എന്ന് ശ്രദ്ധേയമാണ്. പേജുകളുടെ വലിപ്പവും താരതമ്യേന വലുതാണ്. അറബി മലയാള സാഹിത്യകാരന്മാര്‍ക്കിടയില്‍ ശുജായിയെ വ്യതിരിക്തനാക്കുന്നതും രചനകളുടെ മഹത്വയും വലിപ്പവും കാരണത്താലാണ്.
ശുജായി മൊയ്തു മുസ്‌ലിയാര്‍
പൊന്നാന്നിക്കടുത്ത അണ്ടത്തോട് കുളങ്ങരവീട്ടില്‍ മൊയ്തു മുസ്‌ലിയാര്‍ 1861 ലാണ് ജനിച്ചത്. പിതാവ് അബ്ദുല്‍ ഖാദിര്‍ എന്നവരില്‍ നിന്ന് പ്രാഥമിക പഠനം നേടിയ ശേഷം എരമംഗലം, വെളിയങ്കോട്,പൊന്നാനി ദര്‍സുകളിലും വിദ്യാര്‍ത്ഥിയായി. തുന്നന്‍വീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ (മ.1343/1924), സിയാമു മുസ്‌ലിയാര്‍, ചെറിയ കുഞ്ഞന്‍ബാവ മുസ്‌ലിയാര്‍ (മ.1341/1922)എന്നിവരാണ് പ്രധാന അദ്ധ്യാപകര്‍. പഠനകാലത്തു തന്നെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പിന്നീട് പൊന്നാനിയുടെ പ്രതീകമായി അദ്ദേഹം മാറി. കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം രൂക്ഷമായപ്പോള്‍ കൊണ്ടോട്ടി പഴയങ്ങാടി ജുമുഅത്ത് പള്ളിയില്‍ നടന്ന വാദപ്രതിവാദത്തില്‍ കൊണ്ടോട്ടി കൈക്കാരെ തോല്‍പ്പിച്ചത് ശുജായി മൊയ്തു മുസ്ലിയാരായിരുന്നു.
ശുജായി എന്നാല്‍ ശുജാഅ് എന്നതിന്റെ മാപ്പിളഭാഷയാണ്. ധീരന്‍ എന്നാണിതിന്റെ അര്‍ത്ഥം. പൊന്നാനിയില്‍ പഠിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരിക്കള്‍ എണ്ണതീര്‍ന്ന് വിളക്കണഞ്ഞുപോയി. സഹപാഠികള്‍ നിസ്സഹായരായി നോക്കി നില്‍ക്കെ മൊയ്തു മുസ്‌ലിയാര്‍ വിളക്കില്‍ അത്തര്‍ നിറച്ച് കത്തിച്ചു. വെളിച്ചത്തോടൊപ്പം സുഗന്ധവും പള്ളിയിലാകെ പരന്നു. തന്റെ റൂമിലും മണമെത്തിയപ്പോള്‍ ഉസ്താദ് ചോദിച്ചു: ''ഏത് ശുജായി ആണെടാ വിളക്ക് കത്തിച്ചത് ?'' അന്നു മുതല്‍ മൊയ്തു മുസ്‌ലിയാര്‍ ശുജായിയായി.
ശുജായിയുടെ സാരവത്തായ എട്ടു കൃതികളാണ് ശുജാഇയുടേതായി ഇന്നു നമ്മുടെ മുന്‍പിലുള്ളതെന്ന് ഇദ്ദേഹത്തെ കൂടുതല്‍ പഠനവിധേയമാക്കിയ ഡോ. പി. സക്കീര്‍ ഹുസൈന്‍ (ശുജായി മൊയ്തു മുസ്ലിയാര്‍: ധിഷണ സമരം അതി ജീവനം, ഐ.പി.ബി, 2016) രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈളുല്‍ ഫയ്യാള് (1887), നഹ്ജു ദഖാഇഖ് (1983), ഫത്ഹുല്‍ ഫത്താഹ് (1909), തജ്‌വീദുല്‍ ഖുര്‍ആന്‍ എന്ന ബൈത്ത് (1906), മന്‍ഫഉല്‍മൗത്ത്, മഅ്ദനുല്‍ ജവാഹിര്‍ രത്‌നമാല (1887),്‌സഫലമാല (1899), ഗുരുസ്ഥാന്‍ ഹിന്ദുസ്ഥാന്‍ പഠനസഹായി (1891) എന്നിവയാണവ. അനന്തരാവകാശ തര്‍ജമയാണ് അവസാന കൃതി.
1919ല്‍ ഒരു ഹജ്ജ് യാത്രയിലാണ് ശുജായി മൊയ്തു മുസ്‌ലിയാര്‍ വിടപറയുന്നത്. കപ്പലിലായിരുന്നു യാത്ര. യാത്രയുടെ തുടക്കത്തില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ''ധാന്യം താഴ്ന്നു പോകും പതിര് പൊന്തി വരും'' എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാവുകയായിരുന്നു. ഹജ്ജ് കഴിഞ്ഞ ശേഷം ജിദ്ദയില്‍ വെച്ചായിരുന്നു സംഭവം. അവിടെ തന്നെ ഖബറടക്കി.
ആവിഷ്‌ക്കാരം
കൊളോണിയല്‍ വിരുദ്ധ സമരം പുരോഗമിക്കുന്ന ഘട്ടത്തിലാണ് ഗ്രന്ഥത്തിന്റെ രചന. മുസ്‌ലിം ലോകത്തിന്റെ ചലനത്തോട് എന്നും കേരളത്തിലെ മുസ്‌ലിംകള്‍ തുടര്‍ന്നുപോന്നിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനം പോലുള്ള വിഷയങ്ങള്‍ കേരളത്തില്‍ പെട്ടെന്ന് പ്രതിഫലിച്ചതിന്റെ കാരണവും ഇതാണ്. 1904 എപ്രില്‍ 13 നാണ് ഗ്രന്ഥത്തിന്റെ എഴുത്ത് പൂര്‍ത്തിയാവുന്നത്. ഇത് വായിക്കുന്ന ഏതൊരാള്‍ക്കും ഇസ്‌ലാമിക ചരിത്രം ഉള്‍ക്കൊള്ളാനും ഖിലാഫത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും സാധിക്കും എന്നത് വസ്തുതയാണ്. സമര സാഹിത്യം എന്ന് വിളിക്കൊനൊക്കില്ലെങ്കിലും അന്നത്തെ പണ്ഡിതസമൂഹത്തില്‍ ഈ ഗ്രന്ഥത്തിന് ലഭിച്ച സ്വീകാര്യത പ്രകടമാണ്. ചരിത്രബോധമുള്ള സമൂഹത്തിനെ നിലനില്‍പ്പൊള്ളൂ. ഇതായിരിക്കാം സാധാരണക്കാരന്റെ ഭാഷയില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിച്ച ഘടകം.
ശുജായി മൊയ്തു മുസ്‌ലിയാരുടെ ഫൈളുല്‍ ഫയ്യാള് എന്ന ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്. 1887 ലാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്. ഫത്ഹുല്‍ ഫത്താഹ് ഫൈളുല്‍ ഫയ്യാളിന്റെ പൂര്‍ത്തീകരണമാണെന്ന് മനസ്സിലാക്കാം. അബ്ബാസി ഖലീഫ മുതവക്കില്‍ വരെയുള്ള ചരിത്രമാണ് ഫൈളുല്‍ ഫയ്യാളിലുള്ളതെങ്കില്‍ ഫത്ഹുല്‍ ഫത്താഹില്‍ ഉസ്മാനിയ്യ ഖലീഫ അബ്ദുല്‍ ഹമീദ് രണ്ടാമന്‍ വരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഫത്ഹുല്‍ ഫത്താഹ് ഫീ സീറത്തി മന്‍ ബിഹില്‍ ഫലാഹ് എന്നാണ് ഗ്രന്ഥത്തിന്റെ നാമം. സീറ വിസ്തീര്‍ണം എന്ന് ഗ്രന്ഥകാരന്‍ തന്നെ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇന്നാ ഫതഹ്്‌നാ ലക ഫത്ഹന്‍ മുബീനാ എന്ന ഖുര്‍ആന്‍ വാക്യം കവര്‍ പേജില്‍ തന്നെ ചേര്‍ത്തിരിക്കുന്നു. ഓരോ വാള്യങ്ങളും ജില്‍ദ് ഒന്ന്, രണ്ട്, മൂന്ന് എന്ന രീതിയിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആകെ 352 വകുപ്പുകളായാണ് ഗ്രന്ഥത്തിന്റെ അവതരണ ശൈലി. ഓരോ വകുപ്പുകളുടെയും വിഷയം തലക്കെട്ടായി ചേര്‍ത്തിരിക്കുന്നു.
അറബി മലയാളത്തിന്റെ തനതായ ശൈലിയാണ് ശുജായി മൊയ്തു മുസ്‌ലിയാര്‍ സ്വീകരിച്ചിരിക്കുന്നത്. അക്ഷരങ്ങളുടെ വിന്യാസവും പ്രയോഗങ്ങളുടെ ഉപയോഗവും മറ്റൊരു കാലഘട്ടത്തിലേക്ക് നമ്മെ തിരിച്ചു വിളിക്കും. തന്റെ കാലത്തിനനുയോജ്യമായ ഏറ്റവും സാഹിത്യ സമ്പുഷ്ടമായ ശൈലിയായിരിക്കാം അത്. ഹിജ്‌റ വര്‍ഷങ്ങളാണ് ഓരോ സംഭവത്തിനും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ഖുലാസത്തു സിയര്‍, ശവാഹിദു നുബുവ്വ, ബഹ്ജത്തുല്‍ മഹാഫില്‍, മവാഹിബു ലദുന്നിയ്യ, സുര്‍ഖാനി, റൗളത്തുല്‍ അഹ്ബാബ്, അരിയാളു നുള്‌റ, ഇസ്തീആബ്, യഅ്മരീ, സഹ്‌രി, ദിംയാഥി, മുസീലുല്‍ ഖഫാ, മുഗ്ലത്വായ്, തക്മില, മിനഹുല്‍ ബാരീ, സീറതു ഇബ്‌നി ഹിശാം, സീറത്തു നബവിയ്യ, സീറത്തുല്‍ ഹലബിയ്യ, ഇക്തിഫാഉല്‍ കലാഈ, താരീഖുല്‍ ഖമീസ്, അല്‍ഗുററു വദുറര്‍ എന്നിവയാണ് അവലംബമായി ചേര്‍ത്തിട്ടുള്ള ഗ്രന്ഥങ്ങള്‍. ഉസ്മാനിയ്യ കാലത്തെ ചരിത്രത്തില്‍ ആനുകാലികങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തിയതായി വ്യക്തമാവും.
പ്രവാചകന്റെ പ്രകാശത്തിന്റെ ഉത്ഭവം മുതലാണ് ചരിത്രം ആരംഭിക്കുന്നത്. ഖുര്‍ആനില്‍ പറഞ്ഞ പ്രവാചകന്‍മാരെയും സംഭവങ്ങളും അടിസ്ഥാനമാക്കിയാണ് വിവരണം. മുഹമ്മദ് (സ)നബിയുടെ ചരിത്രം വിവരിക്കാനാണ് കൂടുതല്‍ പേജുകള്‍ ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ശേഷമുള്ള ഓരോ ഭരണാധികാരികളുടെയും ക്രമപ്രകാരം വിശദീകരിക്കുന്നു. ഫത്ഹുല്‍ ഫത്താഹിനെ സീറ ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താം. യുദ്ധങ്ങളും കൃത്യമായി വിവരിക്കുന്നുണ്ട്. ആ കാലഘട്ടത്തിന്റെ പരിമികളെ ഉള്‍ക്കൊണ്ട് വിലയിരുത്തുമ്പോള്‍ ശുജായിയുടെ രചന അറബി മലയാള പാരമ്പര്യത്തിന്റെ പ്രതീകമാണെന്ന് പറയാം.
ദർശനം
പ്രകൃതിയിലെ ഓരോന്നും അള്ളാഹുവിന്റെ സൃഷ്ടികളാണെന്നും അവന്റെ ക്രമീകരണങ്ങളെ ലോകത്ത് സംഭവിക്കുകയൊള്ളൂ എന്ന ഇസ്ലാമിക ചരിത്ര വീക്ഷണത്തില്‍ നിന്നു തന്നെയാണ് ശുജായിയും രചന നടത്തിയിട്ടുള്ളത്. ആമുഖത്തില്‍ പറയുന്ന കാര്യങ്ങളില്‍ നിന്നും ദൈവ പ്രീതി കാംക്ഷിച്ചു മാത്രമാണ് ഗ്രന്ഥം എഴുതിയിട്ടുള്ളതെന്നും എഴുതേണ്ടതെന്നും വ്യക്തമാക്കുന്നു. ശുജായി ഒരു സൂഫിയും ദാര്‍ശനികനുമാണ്. ആമുഖമായി പറയുന്ന മിസ്റ്റിക് വാക്യങ്ങള്‍ ആദ്ധ്യാത്മികതയുടെ ആദ്യപാഠങ്ങളായി നമുക്ക് വിലയിരുത്താം. ചരിത്ര രചന ഉള്‍പ്പെടെ ഏതൊരു പഠനത്തിലും ആത്മശുദ്ധിയും ദൈവ പ്രീതിയും ആത്യന്തിക വിജയവും കൈമുതലാക്കണമെന്നാണ് അദ്ദേഹം ഓര്‍മപ്പെടുത്തുന്നത്.
പ്രവാചകന്റെ ഒളിയുല്‍ഭവം മുതലാണ് എഴുതിത്തുടങ്ങുന്നത്. ആദം നബി മുതല്‍ ഈസാ നബി വരെ 5000 വര്‍ഷങ്ങളാണുള്ളത്. ഈസാ നബിയുടെയും മുഹമ്മദ് നബിയുടെയും ഇടയില്‍ 600 വര്‍ഷങ്ങള്‍. ഇതിനിടയില്‍ പ്രവാചകന്‍മാര്‍ വന്നിട്ടില്ല. പ്രവാചകനു മുമ്പുള്ള കാലഘട്ടത്തെത്തുറിച്ച് ഫത്ഹുല്‍ ഫത്താഹില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. പ്രവാചകന്റെ കുടുംബത്തെ വിശദമായി പ്രതിപാദിച്ച് വഫാത്ത് വരെയുള്ള സംഭവങ്ങളെത്തുമ്പോള്‍ രണ്ടാം ഭാഗവും കഴിഞ്ഞ് മൂന്നിലെത്തും. നബിയുടെ ഖബ്‌റിന്റെ കിടപ്പും ചിത്രീകരിച്ചിരിക്കുന്നു. പ്രവാചകന്റെ ഖബ്‌റ് സന്ദര്‍ശിക്കുന്നതിന്റെ മഹത്വവും അഞ്ചു പേജുകളിലായി വിവരിച്ചിട്ടുണ്ട്.
നാലു ഖലീഫമാര്‍, ഹസന്‍ (റ), അമവീ ഭരണാധികാരികള്‍, അബ്ദുള്ളാഹി ബ്‌നു സുബൈര്‍(റ), അബ്ബാസി ഭരണാധികാരികള്‍ എന്നിങ്ങനെയാണ് ക്രമം. അമവി ഖിലാഫത്ത്, അബ്ബാസി ഖിലാഫത്ത് എന്ന പ്രയോഗത്തിന് പകരം ഭരണാധികാരിയുടെ പേര് പറഞ്ഞ് അവരുടെ ഖിലാഫത്ത് എന്ന രീതിയിലാണ് തലക്കെട്ടുകള്‍ നല്‍കിയിട്ടുള്ളത്. ബഗ്ദാദിന്റെ തകര്‍ച്ചക്കു ശേഷം മംലൂകികളുടെ തണലില്‍ കഴിഞ്ഞ അബ്ബാസികളെ ഖലീഫമാരായി എണ്ണിയിട്ടുണ്ട്. അവസാനത്തെ അബ്ബാസി ഖലീഫ മുതവക്കിലിനു ശേഷം ഉസ്മാനികളുടെ ഖിലാഫത്ത് ആരംഭിക്കുന്നു.
അല്‍ ഖുലഫാഉ റാശിദുന്‍ കഴിഞ്ഞാല്‍ ഖിലാഫത്ത് ഏറ്റവും ഗുണപ്രദമായി വിനിയോഗിച്ചവര്‍ ഉഥ്മാനികളാണെന്നാണ് ശുജാഇയുടെ പക്ഷം. മുഹമ്മദ് ബ്‌നു അബ്ദില്‍ വഹാബിന്റെ വരവും ക്രൂരതകളും ഉഥ്മാനികള്‍ വഹാബികളെ തുടച്ചു നീക്കിയ സംഭവവും വിവരിക്കുന്നുണ്ട്. ഖബീസ് (നീചന്‍) എന്നാണ് ഈ പ്രസ്ഥാനത്തിന്റെ തലവനെ ശുജായി പരിചയപ്പെടുത്തുന്നത്. ഗ്രന്ഥ രചന പൂര്‍ത്തിയാക്കുന്ന കാലത്തെ വിവരങ്ങളും ചേര്‍ത്താണ് രചന പൂര്‍ത്തീകരിച്ചിരുന്നത്. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന് ലോക മുസ്ലിംകള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനവും ഉസ്മാനിയ്യ ഖിലാഫത്തിന്റെ പ്രഭാവവും അദ്ദേഹത്തിന്റെ വരികളില്‍ തെളിഞ്ഞു കാണുന്നുണ്ട്.
കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ ചരിത്രപരമായ രചനകള്‍ ഇന്നും കുറവാണ്. ഈ പശ്ചാത്തലത്തില്‍ ശുജായി മൊയ്തു മുസ്‌ലിയാര്‍ രചിച്ച ഫത്ഹുല്‍ ഫത്താഹ് ഒരു മാതൃകയും പ്രചോദനവുമാണ്. താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂമിനോട് ചേര്‍ന്നുള്ള വലിയ കുളങ്ങര പള്ളിയിലെ കുതുബ്ഖാനയില്‍ നിന്നാണ് മൂന്നു ഭാഗങ്ങളും ലേഖകന് ലഭ്യമായത്. ശുജായിയുടെ നിരവധി രചനകള്‍ അക്കാദമിക ലോകത്തു തന്നെ ശ്രദ്ധേയമായിട്ടുണ്ട്. മറ്റുള്ളവകൂടി കണ്ടെത്തി സമൂഹത്തിന് പരിചയപ്പെടുത്തുന്നത് ചരിത്ര വിദ്യാര്‍ത്ഥികള്‍ ഗൗരവമായി കാണേണ്ട ദൗത്യമാണ്.

1 Comments

Post a Comment

Previous Post Next Post