ഡോ. കെ.എം. അബൂബക്കര്‍ |
എറണാകുളം:മുംബൈയിലെ ബാര്‍ക്കില്‍ സീനിയര്‍ സയന്‍റിഫിക് ഓഫിസറും, മലബാറിന്റെ എഡ്യുക്കേഷന്‍ കരിയര്‍ സ്വപ്നങ്ങള്‍ക്കു നിറം പകര്‍ന്നു മുന്നില്‍ നടന്ന സിജി (Centre for Information and Guidance India) യുടെ സ്ഥാപകനും ആയിരുന്ന ഡോ. കെ.എം. അബൂബക്കര്‍ അന്തരിച്ചു.
1928ല്‍ ഡിസംബര്‍ 30ന് ഞാറക്കലിനടുത്ത് നായരമ്പലത്ത് ഒരു സാധാരണ കുടുംബത്തില്‍ ജനനം. ഞാറക്കല്‍ ഗവ. ഹൈസ്കൂളില്‍നിന്ന് ഫസ്റ്റ്ക്ളാസോടെ പത്താംതരം വിജയിച്ചു. എറണാകുളം മഹാരാജാസിലായിരുന്നു പ്രീഡിഗ്രി. തുടര്‍ന്ന് സ്കോളര്‍ഷിപ്പോടെ കെമിസ്ട്രിയില്‍ ബിരുദപഠനം. കോഴ്സ് കഴിഞ്ഞയുടന്‍ ഫാറൂഖ് കോളജില്‍ ലെക്ചററായി. പിന്നെ അലീഗഢ് സര്‍വകലാശാലയില്‍ എം.എസ്.സി ഫിസിക്കല്‍ ആന്‍ഡ് ഇനോര്‍ഗാനിക് കെമിസ്ട്രിയിലെ ആദ്യബാച്ച് വിദ്യാര്‍ഥിയായി. അവിടത്തെന്നെ പിഎച്ച്.ഡി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഡോക്ടറേറ്റ് നേടി. കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെയാളായി ഡോ. അബൂബക്കര്‍.
അലീഗഢില്‍ ലെക്ചററായിരിക്കെയാണ് ബാര്‍ക്കിലെ ജൂനിയര്‍ റിസര്‍ച് ഓഫിസര്‍ നിയമനം, 1955 ജൂലൈ 15ന്. പുതിയ ട്രെയ്നി ബാച്ചിനെ പരിശീലിപ്പിക്കുന്ന ജോലിയും ഒപ്പമുണ്ടായിരുന്നു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരുള്‍പ്പെടെ 1000ത്തിലേറെ പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 1988ല്‍ ബാര്‍ക്കില്‍നിന്ന് ഒൗദ്യോഗികമായി പടിയിറങ്ങി. ശേഷം റൗദത്തുല്‍ ഉലൂം ട്രസ്റ്റിനുകീഴില്‍ അല്‍ ഫാറൂഖ് എജുക്കേഷനല്‍ സെന്‍ററനിന്റെ സ്ഥാപക ഡയറക്ടറായിരുന്നു.
1997ല്‍ വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് നൽകാൻ സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) സ്ഥാപിച്ചു. അന്നത്തെ ജാമിഅ ഹംദര്‍ദ് സര്‍വകലാശാല വി.സി ഡോ.സയ്യിദ് ഹാമിദ് ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.
ഒരു ജീവിതം മുഴുവന്‍ കര്‍മ്മ നിരതനായി, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വഴി വെളിച്ചം നല്‍കിയ ഒരു മഹല്‍ വ്യക്തിയാണ് വിട പറഞ്ഞത്.
Post a Comment