കോഴിക്കോട്: കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് പ്രമുഖ വിദ്യാഭ്യാസ ചിന്തകനും 69 വാഫി, വഫിയ്യ കോളേജുകളുടെ കൂട്ടായ്മയായ കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസിന്റെ (സി.ഐ.സി) കോര്‍ഡിനേറ്ററുമായ പ്രഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി തെരഞ്ഞെടുക്കപ്പെട്ടു.
അറബ് ലോകത്തും യൂറോപ്പിലും ഏഷ്യയിലുമായി ലോകത്തെ ഇരുന്നൂറിലധികം സര്‍വ്വകലാശാലകള്‍ ഉള്‍ക്കൊള്ളുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിസ് ലീഗിന്റെ 21 പേരടങ്ങുന്ന നിര്‍വാഹക സമിതിയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രതിനിധിക്ക് അംഗത്വം ലഭിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ 25 മുതല്‍ 27 വരെ ഈജിപ്തിലെ അലക്‌സാണ്ട്രിയയില്‍ നടക്കുന്ന നാലാമത് നിര്‍വഹണ സമിതി, പത്താമത് പൊതുസഭ സംയുക്ത സമ്മേളനത്തില്‍ അദ്ദേഹവും പങ്കെടുക്കും.
യൂണിവേഴ്‌സിറ്റിസ് ലീഗിന്റെ ഭരണ നേതൃത്വത്തെ തെരഞ്ഞെടുക്കല്‍, പുതിയ യൂണിവേഴ്‌സിറ്റികള്‍ക്ക് അംഗത്വം നല്‍കല്‍, അംഗങ്ങള്‍ക്കിടയില്‍ അക്കാദമിക ധാരണകള്‍ ഉണ്ടാക്കല്‍, വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റികളുടെയും കൈമാറ്റം, അന്താരാഷ്ട്ര തലത്തില്‍ അക്കാദമിക് സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പരമോന്നത സഭയായ നിര്‍വാഹക സമിതി തീരുമാനങ്ങളെടുക്കുന്നു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വാഫി, വഫിയ്യ കോഴ്‌സുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) 2014ലാണ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിസ് ലീഗില്‍ അംഗത്വം നേടിയത്. സി.ഐ.സിയെക്കൂടാതെ കേരളത്തില്‍ നിന്ന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റിസ് ലീഗില്‍ അംഗത്വം നേടിയിട്ടുണ്ട്.
ലോകത്തെ പ്രമുഖ ഇസ്‌ലാമിക സര്‍വകലാശലായ ഈജിപ്തിലെ അല്‍ അസ്ഹര്‍, കൈറോ തുടങ്ങിയ വ്യഖ്യാത വിദ്യാപീഠങ്ങളുമായും അകാദമി ഓഫ് ദി അറബിക് ലാംഗ്വേജ് ഉള്‍പ്പെടെ പതിനൊന്ന് ദേശീയ അന്തര്‍ദേശീയ വിദ്യാഭ്യാസ ഏജന്‍സികളുമായും സി.ഐ.സി ഇതിനകം അക്കാദമിക സഹകരണ ധാരണകളില്‍ ഒപ്പ് വച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ആദൃശ്ശേരി സ്വദേശിയായ അബ്ദുല്‍ ഹകീം ഫൈസി ഇന്ത്യയിലും വിദേശത്തുമായി നടന്ന ഒട്ടേറെ വിദ്യാഭ്യാസ സെമിനാറുകളിലും സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാം ഡോട്ട് നെറ്റ് ഏര്‍പ്പെടുത്തിയ 2011ലെ മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള സ്റ്റാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും 2009 ല്‍ ഇസ്‌ലാം ഓണ്‍ ലൈനിന്റെ ആഗോള പുരസ്‌കാരവും നേടിയിട്ടുണ്ട്. ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തിന് അംഗത്വം ലഭിക്കുന്നത് കേരള മോഡല്‍ സമന്വയ വിദ്യാഭ്യാസത്തിനുള്ള ആഗോള അംഗീകാരം കൂടിയായാണ് കണക്കാക്കപ്പെടുന്നത്.

Post a Comment

Previous Post Next Post