ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി: ഒരു വിഹഗ വീക്ഷണം.
  • ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി                                                                         ( വൈസ് ചാന്‍സലര്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല)
കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസരംഗം രൂപപ്പെട്ടുവന്നതു സമയോചിതമായ പരിഷ്‌കരണപ്രവര്‍ത്തനങ്ങളിലൂടെയും നിരന്തരമായ നവീകരണങ്ങളിലൂടെയുമാണ്. ഓത്തുപള്ളി മുതല്‍ പള്ളി ദര്‍സ്, മദ്‌റസ, അറബിക് കോളജ്, ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി എന്നിങ്ങനെ വ്യത്യസ്തഘട്ടങ്ങളിലൂടെയാണു കേരളത്തിലെ മുസ്‌ലിം വിദ്യാഭ്യാസശാക്തീകരണത്തിന്റെ വഴികള്‍ കടന്നുപോയത്. 
അതുകൊണ്ടുതന്നെ വിരസമായ സ്തംഭനാവസ്ഥകളും അതീവ ചടുലതയിലുള്ള മുന്നേറ്റങ്ങളും പലയിടങ്ങളിലായി കാണാന്‍ സാധിക്കും. ഇസ്‌ലാമികാധ്യാപനങ്ങളിലെ മൂല്യസംഹിതയെ നെഞ്ചോടു ചേര്‍ത്തുവയ്ക്കുന്ന, അതനുസരിച്ചു ജീവിക്കുന്ന വലിയൊരു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചത് നിലനില്‍ക്കുന്ന അസംഖ്യം വൈജ്ഞാനികസംരംഭങ്ങള്‍ കൊണ്ടാണെന്നതില്‍ സംശയമില്ല.
കാമ്പസിനകത്തുള്ള സയ്യിദ് ഉമറലി തങ്ങൾ സ്‌മാരക അഡ്മിനിസ്റ്ററേറ്റിവ് ബ്ലോക്കും ബാപ്പുട്ടി ഹാജി ലൈബ്രറിയും 

 കേരളീയ മുസ്‌ലിം വിദ്യാഭ്യാസരംഗത്തു ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാലുണ്ടായ ശോചനീയാവസ്ഥയുടെ പാശ്ചാത്തലത്തിലാണു ദാറുല്‍ഹുദാ എന്ന ആശയം പിറവികൊണ്ടത്. നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങളെ അതിസാഹസികമായി മറികടക്കാനുള്ള ആത്മവിശ്വാസവും കാതങ്ങള്‍ക്കപ്പുറത്തേയ്ക്ക് ആലോചിക്കാനുള്ള അപാരമായ ധിഷണയും സര്‍വോപരി ദൈവികമായ വഴികാട്ടലുകളുമായിരുന്നു ഈ ചിന്തയുടെ പ്രാഥമിക സ്രോതസ്. ബഹുനില കെട്ടിടങ്ങളോ സാമ്പ്രദായികമായി സ്വീകരിച്ചുവരുന്ന പാഠ്യരീതികളോ ആയിരുന്നില്ല ദാറുല്‍ഹുദായുടെ പ്രാരംഭനിര്‍മിതി. മറിച്ച് ആലോചനകളിലൂടെയും സുദീര്‍ഘമായ ചര്‍ച്ചകളിലൂടെയും രൂപപ്പെടുത്തിയ വിദ്യാഭ്യാസദര്‍ശനവും ആ ദര്‍ശനത്തെ പ്രയോഗവഴിയിലെത്തിക്കാനുള്ള പദ്ധതികളുമായിരുന്നു.
മുപ്പത്തിരണ്ടു വര്‍ഷത്തിനിപ്പുറം ആലോചിക്കുമ്പോള്‍, എഴുപത് -എണ്‍പതുകളില്‍ നിലനിന്നിരുന്ന മുസ്‌ലിം വിദ്യാഭ്യാസഭാവനകളെ ഗുണപരമായി പുനര്‍നിര്‍ണയിക്കാന്‍ സാധിച്ചുവെന്നതാണു ദാറുല്‍ഹുദായ്ക്കു ചരിത്രത്തില്‍ ഇടംനല്‍കിയത്. ഘടനയിലും ഉള്ളടക്കത്തിലും ദാറുല്‍ഹുദാ മുന്നോട്ടുവച്ച മാറ്റങ്ങള്‍ മുസ്‌ലിം വൈജ്ഞാനികരീതികളെ സ്വാധീനിക്കുന്ന തരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്നത് ഈ യാഥാര്‍ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ദാറുൽ ഹുദാ പിജി ബ്ലോക് 
 വിദ്യാഭ്യാസത്തെ, വിശിഷ്യ മതപഠനത്തെക്കുറിച്ചു സമുദായത്തിനകത്തു നിലനിന്നിരുന്ന ബോധ്യങ്ങള്‍ക്ക് അതിശക്തമായി ഇളക്കംതട്ടുന്നതു നാം കാണുന്നു. ദാറുല്‍ഹുദായും അതിന്റെ സഹസ്ഥാപനങ്ങളും ഇതര വിദ്യാപീഠങ്ങളും തുറന്നുനല്‍കുന്ന വിസ്തൃതമായ സാധ്യതകള്‍ സാക്ഷാത്കൃതമായിത്തുടങ്ങിയതോടെയാണ് ഈ മാറ്റങ്ങള്‍ സമുദായം ശ്രദ്ധിച്ചുതുടങ്ങിയത്.
മൂന്നു പതിറ്റാണ്ടു മുമ്പു ദാറുല്‍ഹുദാ ആരംഭിച്ചപ്പോള്‍ പലരും സംശയഗ്രസ്തരായിരുന്നു. മതകീയ ഭൗതിക വിഷയങ്ങള്‍, അറബിക് ,ഉര്‍ദു ,ഇംഗ്ലീഷ് ഭാഷകള്‍, മറ്റ് എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് എന്നിവ ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതി വിജയിക്കുമോ എന്നതായിരുന്നു അവരുടെ സംശയം. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ദാറുല്‍ഹുദാ അത് അനുഭവത്തിലൂടെ ദൂരീകരിച്ചിരിക്കുന്നു. കേരളത്തിലെ മതവിദ്യാഭ്യാസം സമന്വിതമായി രൂപാന്തരപ്പെട്ടതു ദാറുല്‍ഹുദായുടെ പിറവിയിലൂടെയാണെന്നതു നഗ്നസത്യമാണ്.
ദാറുൽ ഹുദാ ഗ്രാൻഡ് മസ്ജിദ് 
2009-ലാണു ദാറുല്‍ഹുദാ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്ത്. മതകീയവും ഭൗതികവുമായ ആധുനികവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന രൂപത്തിലാണു പാഠ്യപദ്ധതി. ഒരു കൊല്ലത്തിനകം തന്നെ ആഗോള ഇസ്‌ലാമിക സര്‍വകലാശാലകളുടെ പൊതുവേദിയായ റാബിത്വതുല്‍ ജാമിആത്തില്‍ ഇസ്‌ലാമിയ്യയില്‍ (ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ) ദാറുല്‍ ഹുദായ്ക്ക് അംഗത്വം ലഭിച്ചു. താമസിയാതെ തന്നെ, മൊറോക്കോ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ‘ദ ഫെഡറേഷന്‍ ഓഫ് ദ യൂനിവേഴ്‌സിറ്റീസ് ഓഫ് ദ ഇസ്‌ലാമിക് വേള്‍ഡ് ‘(എഫ്.യു.ഐ.ഡബ്ലു) ലും അംഗമായി. 
കേരളീയ മുസ്‌ലിമിന്റെ ജീവിതത്തില്‍ പ്രധാന ഇടപെടലുകള്‍ നടത്തുന്ന മഹല്ലുകളില്‍, വിവിധങ്ങളായ വൈജ്ഞാനികസംരംഭങ്ങളില്‍, അധ്യാപനരംഗങ്ങളില്‍, പ്രഭാഷണമേഖലകളില്‍, സാമൂഹികപരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍, അക്കാദമികതലങ്ങളില്‍, മാധ്യമരംഗങ്ങളില്‍ തുടങ്ങി വിപുലമായ മേഖലകളില്‍ ദാറുല്‍ഹുദായുടെ സന്തതികള്‍ ഇടപെട്ടുകൊണ്ടിരിക്കുന്നു. അറിവിന്റെ വിപുലീകരണവും പ്രസരണവുമെന്ന പ്രസ്തുത ദര്‍ശനത്തിന്റെ പല കൈവഴികളാണിവയെല്ലാം.
ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാരും ഡോ . ബഹാഉദ്ധീൻ നദ്‌വിയും 
ദാറുല്‍ഹുദാ കേരളേതര സംസ്ഥാനങ്ങളില്‍ വൈജ്ഞാനികവും സാമൂഹികവും രാഷ്ട്രീയപരവുമായ ശാക്തീകരണ പ്രവര്‍ത്തന വഴികളിലാണ് ഇന്നു കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നത്. മതകീയമായും സാമൂഹികമായും നിലനില്‍ക്കുന്ന വിഭാഗീയതകളുടെയും വൈജ്ഞാനിക പിന്നോക്കാവസ്ഥകളും മൂലം അരക്ഷിതരായിത്തീര്‍ന്ന ജനകോടികള്‍ കേരളത്തിനു പുറത്തുണ്ട്. അറിഞ്ഞവര്‍ അറിയാത്തവര്‍ക്കു പകര്‍ന്നു നല്‍കുകയെന്നത് ഇസ്‌ലാം ഏല്‍പ്പിച്ച ദൗത്യമാണ്. സ്വായത്തമാക്കിയ അറിവുകള്‍ ഇതരര്‍ക്ക് അഭ്യസിപ്പിച്ചു നല്‍കണമെന്നതു പ്രവാചകന്റെ കര്‍ശന നിര്‍ദേശമാണ്. ആ വഴിയില്‍ത്തന്നെയാണു ദാറുല്‍ഹുദാ മുന്നോട്ടു പോകുന്നത്. 
നാമമാത്രമെങ്കിലും അവിടങ്ങളില്‍ നിലനില്‍ക്കുന്ന മതവിദ്യാഭ്യാസരീതികളില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി പ്രായോഗികവും കാര്യക്ഷമവുമാക്കി ദാറുല്‍ഹുദായുടേതിനു സമാനമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങുകയെന്നതാണു ലക്ഷ്യം. വെസ്റ്റ് ബംഗാളിലെ ബീര്‍ഭൂം ജില്ലയിലും ആസാമിലെ ബൈശയിലും ആന്ധ്രയിലെ പുങ്കനൂരിലും കര്‍ണാടകയിലെ ഹാംഗലിലും ദാറുല്‍ഹുദായുടെ കാംപസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലുമായി മൂന്നു യു.ജി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കാംപസുകള്‍ കേന്ദ്രീകരിച്ചുകൊണ്ടു പ്രാദേശികമായി അവിടങ്ങളിലെ പ്രാഥമികവിദ്യാഭ്യാസ സംവിധാനങ്ങളായ മക്തബുകളെ വിപുലപ്പെടുത്തി, ക്രമീകരണങ്ങള്‍ നടത്തി പരിഷ്‌കരിക്കാനുള്ള മക്തബ് പ്രൊജക്ടും നടത്തി വരുന്നു. 
രാജ്യത്തു മുസ്‌ലിംസമുദായത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ ദാറുല്‍ഹുദാ മുന്നോട്ടുവയ്ക്കുന്ന മക്തബ് മദ്‌റസാ പ്രൊജക്ടുകള്‍ക്കു സാധിക്കും. അടിത്തട്ടില്‍ നിന്നാരംഭിക്കുന്ന മാറ്റം അടരുകളില്‍നിന്ന് അടരുകളിലേയ്ക്കു വ്യാപിക്കാന്‍ ഏറെസമയം വേണ്ടിവരില്ല. ചരിത്രപരമായി അവിടങ്ങളില്‍ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സ്വത്വപരവും മതപരവും സാമുദായികവുമായ പ്രശ്‌നങ്ങളെ യഥോചിതം നേരിടാന്‍ കഴിയുന്ന, ഭാവിയെക്കുറിച്ച് ആലോചനകളിലേര്‍പ്പെടാന്‍ കഴിയുന്ന തലമുറയാണു പ്രസ്തുത പദ്ധതികളിലൂടെ രൂപപ്പെട്ടുവരുന്നത്. 
വിവിധ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ ഉഷ്ണവും ശൈത്യവും വകവയ്ക്കാതെ, പരിമിതമായ സൗകര്യങ്ങളില്‍ സംതൃപ്തരായി, വലിയൊരു മുന്നേറ്റത്തിന് അവരെ പ്രാപ്തരാക്കാന്‍ മുന്നില്‍നില്‍ക്കുന്നതു ദാറുല്‍ഹുദായുടെ സന്തതികളാണ്. മക്തബ് പ്രൊജക്റ്റ് നടപ്പിലാക്കുന്നതും ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്വന്തമായി അടിച്ചു സൗജന്യമായി വിതരണം ചെയ്യുന്നതുമെല്ലാം പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ ഹാദിയക്കു കീഴിലാണ്. രാജ്യത്തെ മുസ്‌ലിംസമുദായത്തിന്റെ നനോന്മുഖ പുരോഗതിക്കായി ഹാദിയ സാമൂഹിക ഉത്തരവാദിത്വത്തോടെ ഏറ്റെടുത്തു നടത്തുന്ന പദ്ധതിയാണു ഹാദിയ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സ്. പ്രാദേശിക-ദേശീയ- അന്തര്‍ദേശീയ തലത്തില്‍ നടക്കുന്ന ഹാദിയയുടെ പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കലാണു സെന്ററിന്റെ ലക്ഷ്യം. 

 
മൺമറഞ്ഞ മഹാ മനീഷികൾ 
എം.എം. ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഐദ്രൂസ് മുസ്‌ലിയാര്‍, യു. ബാപ്പുട്ടി ഹാജി എന്നിവര്‍ ഇല്ലായ്മയില്‍ നിന്നു നെയ്‌തെടുത്ത സ്വപ്‌നങ്ങള്‍, അതിനു കരുത്തു പകര്‍ന്ന പ്രൊ. ഇ. മുഹമ്മദ് സാഹിബ്, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയ നിസ്വാര്‍ഥസാരഥികളുടെ സ്വപ്‌നങ്ങള്‍ വിളയിച്ചെടുക്കാനുള്ള സമുദായത്തിന്റെ കര്‍മനിരതമായ നാളുകളും മനമുരുകിയുള്ള പ്രാര്‍ഥനകളും ഇന്നു വെളിച്ചം കണ്ടു തുടങ്ങിയിട്ടുണ്ട്. ആ വെളിച്ചം പരിധികള്‍ക്കപ്പുറത്തേയ്ക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഊണും ഉറക്കവുമൊഴിച്ച്, അവര്‍ കൈമാറിയ വൈജ്ഞാനികദര്‍ശനത്തെ നിരന്തരം ശക്തിപ്പെടുത്തി, പ്രയാണവഴികളില്‍ കരുത്തു പകരുകയാണു നമ്മുടെ ദൗത്യം.
വാഴ്‌സിറ്റിയില്‍ നിന്നു പന്ത്രണ്ടുവര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ കേരളത്തിനകത്തും പുറത്തുമുള്ള 708 ഹുദവികള്‍ക്കു സനദ് നല്‍കുന്ന സുപ്രധാനസമ്മേളനമാണ് ഇന്നു മുതല്‍ മൂന്നുദിനം ഹിദായ നഗരിയില്‍ നടക്കുന്നത്. പൊതുസമൂഹത്തിനു ഉപകാരപ്രദവും ദാറുല്‍ഹുദായുടെ തുടര്‍പ്രയാണത്തിനു സഹായകവുമാകും വിധം വിജയകരമായിത്തീരാന്‍ സര്‍വരുടെയും പ്രാര്‍ഥനയും പിന്തുണയുമുണ്ടായിരിക്കണമെന്ന് അപേക്ഷിക്കുന്നു.
പ്രഥമ സനദ് സമ്മേളനത്തിൽ നിന്നും 

Post a Comment

Previous Post Next Post