- പ്രൊഫ.കെ.വി. അബ്ദുറഹിമാന്‍
ദക്ഷിണേന്ത്യയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന കേരളം ഇന്ത്യയിലെ ഇരുപത്തഞ്ച് സംസ്ഥാനങ്ങളില്‍ താരതമ്യേന വളരെ ചെറുതും ജനസംഖ്യ കുറഞ്ഞതുമായ ഒന്നാണ്. മിക്കവാറും ഈ ഭൂപ്രദേശമാണ് പുരാതന അറബി സഞ്ചാരികളും ഗ്രന്ഥകാരന്മാരും 'മലബാര്‍ ' എന്ന് വിളിച്ചിരുന്നത്. -ഇന്ന് സ്റ്റെയിറ്റിന്റെ വടക്കന്‍ പ്രദേശമാണ് ഈ സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും അറബി പണ്ഡിതന്മാര്‍ യഥാര്‍ത്ഥത്തില്‍ ദക്ഷിണേന്ത്യയുടെ പശ്ചിമതീരപ്രദേശത്തെയും പൂര്‍വ്വതീരപ്രദേശത്തെയും വേര്‍തിരിച്ച് 'മലബാര്‍' എന്നും 'മഅ്ബര്‍' എന്നും പേരുകള്‍ നല്‍കിയിരുന്നു.
ഇന്ത്യയിലെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് മലബാറിലാണ് ഇസ്ലാം ആദ്യം പ്രത്യക്ഷപ്പെട്ടത് എന്ന വസ്തുത പരക്കെ അറിയപ്പെടുന്ന ഒന്നല്ലായിരിക്കാം. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിന് എത്രയോ മുമ്പ് തന്നെ അറബികള്‍ ഈ പ്രദേശവുമായി വാണിജ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. അതിനാല്‍ ഈ പുതിയമതം അറേബ്യയില്‍ പ്രത്യക്ഷപ്പെട്ട കാലത്തുതന്നെ മലബാറില്‍ എത്തി എന്നതില്‍ ആശ്ചര്യകരമായി ഒന്നുമില്ല. ഖലീഫ ഉമറിന്റെ കാലത്താണ് (ക്രി 711-715)ഉത്തരേന്ത്യയിലെ സിന്ധ് അറബിമുസ്ലിംകള്‍ പിടിച്ചടക്കിയത്. സയ്യിദ് സുലൈമാന്‍ നദ്‌വി പറയും പോലെ മുസ്ലിംകള്‍ ഉത്തരേന്ത്യയില്‍ കുടിയിരിക്കുന്നതിന് എത്രയോ മുമ്പ് തന്നെ ദക്ഷിണേന്ത്യയില്‍ മുസ്ലിം കോളനികള്‍ ഉണ്ടായിരുന്നു. (''ഇസ്ലാമിക് കള്‍ച്ചര്‍'', വാള്യം 8, 48ാം ഭാഗം. റൊളാന്റ് മില്ലര്‍ തന്റെ ''കേരളത്തിലെ മാപ്പിള മുസ്ലിംകള്‍,'' എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തില്‍ പറയുംപോലെ (39ാം ഭാഗം:1976) '' ഇന്ത്യയില്‍ ഇസ്ലാം മിക്കവാറും കേരളത്തിലായിരിക്കണം ആരംഭിച്ചത്. മാപ്പിളമാര്‍ ആദ്യത്തെ ഇന്ത്യന്‍ മുസ്ലിംകളുടെ സന്തതികളുമാണ്.''കേരളത്തിലെ തദ്ദേശീയരായ മുസ്ലിംകള്‍, വിശിഷ്യ മലബാര്‍ പ്രദേശത്തുള്ളവര്‍ ''മാപ്പിളമാര്‍'' എന്നപേരിലാണ് അറിയപ്പെടുന്നത്. ഈ പേരിന്റെ ഉത്ഭവത്തെക്കുറിച്ച് കടുത്ത വാഗ്വാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആദ്യകാല ഗ്രന്ഥകാരന്മാര്‍ നല്‍കിയ വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് നാട്ടുകാരായ സ്ത്രീകളുമായി അറബിവ്യാപാരികള്‍ക്കുണ്ടായിരുന്ന വിവാഹബന്ധങ്ങളും അവരുടെ മതപ്രചരണവും ആയിരിക്കണം മാപ്പിള സമുദായത്തിന്റെ ഉത്ഭവത്തിന് കാരണമായത് എന്നാണ്. പില്‍ക്കാലങ്ങളില്‍, നായര്‍, നമ്പൂതിരി വര്‍ഗ്ഗങ്ങളില്‍ നിന്നെന്ന പോലെ താണജാതി ഹിന്ദുക്കളില്‍ നിന്നും ഉണ്ടായ മതപരിവര്‍ത്തനം കാരണമായി മാപ്പിള സമൂഹം ഗണ്യമായി വളരുകയുണ്ടായി.
ചേരമാന്‍ പെരുമാള്‍
മലയാളക്കരയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള വിവരണം ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനവുമായി ബന്ധപ്പെടുത്തുക പതിവാണ്. കേരളചക്രവര്‍ത്തിമാരില്‍ അവസാനത്തെ ആളായ ചേരമാന്‍ ഇസ്ലാം മതം സ്വീകരിക്കുകയും രാജ്യം തന്റെ ബന്ധുക്കള്‍ക്ക് ഭഗിച്ചുകൊടുത്തശേഷം തലസ്ഥാനമായ കൊടുങ്ങല്ലൂരില്‍ നിന്ന് കപ്പല്‍കയറി അറേബ്യയിലേക്ക് പോവുകയും അവിടെ വച്ച് മരണപ്പെടുകയും ചെയ്തതായി പറയപ്പെടുന്നു. മരണത്തിന് മുമ്പായി അദ്ദേഹം തന്റെ നാട്ടില്‍ ഇസ്ലാം മതപ്രചരണത്തിനായി മാലിക്ബ്‌നുദീനാറി(റ)ന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ അയച്ചു. നാടുവാഴികളോട് ഇവര്‍ക്ക് മതപ്രചരണത്തിനായി വേണ്ട സഹായ് അഭ്യര്‍ഥിച്ചുകൊണ്ടുള്ള കത്തകളും പെരുമാള്‍ അവര്‍ക്ക നല്‍കിയിരുന്നു. പെരുമാളിന്റെ കത്തുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ സഹായമായി. മലബാര്‍ തീരത്തെ ആദ്യത്തെ മുസ്ലിംപള്ളി മാലിക്ദീനാറും സംഘവും കൊടുങ്ങല്ലൂരിലും, പിന്നീട് ചാലിയം, കാസര്‍ഗോഡ്, ഏഴിമല, ധര്‍മ്മടം, പന്തലായിനി, കൊല്ലം എന്നീ സ്ഥലങ്ങളിലും നിര്‍മ്മക്കുകയുണ്ടായി. മലയാളക്കരയിലെ ആദ്യത്തെ മുസ്ലിം അധിവാസകേന്ദ്രങ്ങളും (കോളനികള്‍) ഇവതന്നെയായിരുന്നു. കാസര്‍ക്കോട്ടു നിര്‍മ്മിച്ച പള്ളിക്കടുത്ത് തന്നെയാണ് മാലിക്ദീനാറുടെ ഖബര്‍ എന്ന് കരുതപ്പെടുന്നു.
ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനകഥ അല്‍പാല്‍പം വ്യത്യാസങ്ങളോടെ പലരൂപത്തിലും പ്രചരിച്ചിട്ടുണ്ട്. മുഹമ്മദ് നബിയുടെ കാലത്തു തന്നെയാണ് ഇത് നടന്നതെന്ന് ചലര്‍ ദൃഢമായി വിശ്വസിക്കുന്നുണ്ടെങ്കിലും ശൈഖ് സൈനുദ്ദീന്‍ ഇബ്‌നുഗസ്സാലി (ക്രി: പതിനാറാം നൂറ്റാണ്ട്) തന്റെ വിഖ്യാതമായ '' തുഹ്ഫത്തുല്‍ മുജാഹിദീന്‍'' എന്ന ചരിത്രഗ്രന്ഥത്തില്‍ അഭിപ്രായപ്പെടുന്നത് പ്രസ്തുത സംഭവം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന് ശേഷമായിരിക്കാനാണ് സാധ്യത എന്നാണ്.
കഥയുടെ ഒരു രൂപം ഇങ്ങനെയാണ്:
'' ചില മുസ്ലിം അറബികള്‍ രാജാവായ ചേരമാന്‍ പെരുമാളുടെ ആസ്ഥാനമായ കൊടുങ്ങല്ലൂരില്‍ എത്തിച്ചേര്‍ന്നു. അവരില്‍ നിന്ന് പെരുമാള്‍ ചക്രവര്‍ത്തിക്ക് മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും അറിയാന്‍ കഴിഞ്ഞു. ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി പെരുമാള്‍ ഇസ്ലം മതം ആശ്ലേഷിച്ചു. രാജ്യം ബന്ധുക്കള്‍ക്ക് പങ്കുവെച്ച് നല്‍കിയ ശേഷം അറേബ്യയിലേക്ക് കപ്പല്‍ കയറി. പോകുന്ന വഴിക്ക് അവര്‍ പന്തലായിനി കൊല്ലത്ത് ഒരു ദിവസവും ധര്‍മ്മപട്ടണത്ത് മൂന്നുദിവസവും തങ്ങിയ ശേഷം അറേബ്യയിലെ സഫാര്‍ എന്ന സ്ഥലത്ത് കപ്പലിറങ്ങി. കാല്‍നടയായി മക്കയിലേക്ക് പോയി മുഹമ്മദ് നബിയെ കണ്ടു. ചിലപ്രധാന അനുയായികളോടൊന്നിച്ച് മതപ്രചരണത്തിനായി മലബാറിലേക്ക് മടങ്ങുന്ന വഴിക്ക് സഫാറില്‍വെച്ച് രോഗബാധിതനായി മരണമടഞ്ഞു. മരണത്തിന് മുമ്പായി അദ്ദേഹം തന്റെ നാട്ടിലെ നാടുവഴികള്‍ക്ക് മതപ്രചരണത്തില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകള്‍ അനുയായികളെ ഏല്‍പ്പിച്ചിരുന്നു. (പൊന്നാനി മഖ്ദൂം സൈനുദ്ദീന്‍-ക്രി.1812. മെക്കന്‍സീ ഹസ്തലിഖിത ശേഖരത്തില്‍നിന്ന്).
പെരുമാള്‍കഥയുടെ മറ്റൊരു രൂപമാണ് കോഴിക്കോട് ഖാസിയായിരുന്ന സയ്യിദ് ഹുസൈന്‍ ബാഅലവി മുല്ലക്കോയ തങ്ങളുടെ കയ്യിലുണ്ടായിരുന്ന അറബിഗ്രന്ഥത്തില്‍ കാണുന്നത്. ചന്ദ്രന്‍ പിളര്‍ന്ന സംഭവം ചേരമാന്‍ പെരുമാള്‍ സ്വപ്നത്തില്‍ ദര്‍ശിക്കുകയും ഇതിനെ സംബന്ധിച്ച് കൊടുങ്ങല്ലൂരില്‍ വന്നിരുന്ന ജൂതരും ക്രിസ്ത്യാനികളും ആയവരില്‍ നിന്ന്, അവര്‍ ഇസ്ലാം മത വിരോധികളായിരുന്നുവെങ്കിലും, ആ സംഭവത്തിന് മുഹമ്മദ് നബിയുമായുള്ള ബന്ധത്തെക്കുറിച്ചു മനസ്സിലാക്കുകയും ചെയ്തു. പിന്നീട് വന്ന മുസ്ലിം അറബികളില്‍ നിന്ന് പരുമാള്‍ കൂടുതല്‍ സംഗതികള്‍ മനസ്സിലാക്കി. അവര്‍ ആദമിന്റെ കാലടി കാണാന്‍ സിലോണിലേക്ക് പോകുകയാണെന്നറിഞ്ഞപ്പോള്‍ അവരുടെ മടക്കായത്രയില്‍ കൊടുങ്ങല്ലൂരിലേക്ക് വരാന്‍ പെരുമാള്‍ ക്ഷണിച്ചു. അദ്ദേഹം തന്റെ രാജ്യം ബന്ധുക്കള്‍ക്കായി ഭാഗിച്ചുനല്‍കി. അവര്‍ (വിദേശികള്‍)മടങ്ങിവന്നപ്പോള്‍ അവരുടെ കൂടെ പന്തലായിനി, ധര്‍മ്മടം എന്നീ സ്ഥലങ്ങള്‍ വഴിയായി അറേബ്യയിലേക്ക് യാത്രയായി. അവര്‍ ശഹര്‍മുഖല്ലയില്‍ ഇറങ്ങി അവടെനിന്ന് ജിദ്ദയിലേക്ക് ചെന്നു മുഹമ്മദ് നബിയെ കണ്ടു ഇസ്ലാം മതം സ്വീകരിച്ചു. നബി അദ്ദേഹത്തിന് താജുദ്ദീന്‍ എന്ന പേര് നല്‍കി. അന്ന് നബിക്ക് നാല്‍പത്തി ഏഴ് വയസ്സ് പ്രായമായിരുന്നു. നാട്ടിലേക്ക് മടങ്ങി ഇസ്ലാം മതം പ്രചരിപ്പിക്കാനും പള്ളികള്‍ പണിയാനും അദ്ദേഹം തീരുമാനിച്ചു. മടക്കയാത്രയില്‍ ശഹര്‍മുഖല്ലയില്‍വെച്ച് അദ്ദേഹം രോഗബാധിതനായി. മുഹറമാസം ഒന്നാം തീയ്യതി തിങ്കളാഴ്ച രാത്രി പരലോകം പ്രാപിച്ചു. അതിനുമുമ്പായി അദ്ദേഹം തന്റെ നാട്ടിലേക്ക് പോയി ഇസ്ലാം മതപ്രചരണം നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് നാടുവാഴികള്‍ക്കുള്ള തന്റെ കത്തുകളോടുകൂടി ഒരു സംഘത്തെ നിയോഗിച്ചിരുന്നു. വളരെ വിശദമായൊരു വിവരണമാണ് പ്രസ്തുത ഗ്രന്ഥത്തിലുള്ളത് (''മലയാളത്തിലെ മപ്പിളമാര്‍''-സി. ഗോപാലന്‍ നായര്‍-1917)
ചോമ്പാല്‍ കുഞ്ഞിപ്പള്ളിയില്‍ അന്ത്യവിശ്രമംകൊള്ളുന്ന ഉമര്‍ബിന്‍ മുഹമ്മദ് സുഹ്‌റ വര്‍ദി രചിച്ച ''രിഹ്‌ലത്തുല്‍ മുലൂക്'' എന്ന ലഘുഗ്രന്ഥത്തില്‍ ചേരമാന്‍ പെരുമാള്‍ കഥയുടെ മറ്റൊരു വിശദരൂപം കാണാം. ഹിജ്‌റ 82ാം കൊല്ലത്തിലാണ് പെരുമാളുടെ അറേബ്യന്‍ യാത്ര നടന്നതെന്നും 94 റബീഉല്‍ അവ്വല്‍ 11നാണ് പെരുമാള്‍ മരണപ്പെട്ടതെന്നും അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പ്രസ്തുത ഗ്രന്ഥം ഏത് കാലത്ത് രചിക്കപ്പെട്ടതാണെന്നറിയുന്നില്ല. ഗ്രന്ഥകര്‍ത്താവിന്റെ ജീവിതചരിത്രവും വ്യക്തമയി അറിയപ്പെടുന്നില്ല.
അന്യോനം പൊരുത്തപ്പെടാനാവാത്ത പ്രസ്താവനകള്‍ അടങ്ങിയ ഈ വ്യത്യസ്ത വിവരണങ്ങള്‍ ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനകഥയുടെ അടിസ്ഥാനം തന്നെ ചോദ്യംചെയ്യപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
പുരാതന മുസ്ലിം കേന്ദ്രങ്ങള്‍:കേരളത്തിലെ പുരാതന മുസ്ലിം അധിവാസകേന്ദ്രങ്ങളില്‍ (കോളനികള്‍) കൊടുങ്ങല്ലൂര്‍, ചാലിയം, കൊല്ലം എന്നിവ പ്രത്യേകം പ്രാധാന്യം അര്‍ഹിക്കുന്നു. ചേരമാന്‍ പെരുമാളിന്റെ തലസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില്‍ നിന്നാണ് അദ്ദേഹം അറേബ്യയിലേക്ക് യാത്രപുറപ്പെട്ടത്. പിന്നീട് മുസ്ലിം മിഷനറിമാരായ മാലിക്ബ്‌നു ദീനാറും സംഘവും, കേരളക്കരയില്‍ ആദ്യമായി കാല്‍കുത്തുകയും കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടതും അവിടത്തന്നെ. അറബികള്‍ കൊടുങ്ങല്ലൂരിനെ ''മുസിരിസ്'' എന്നാണ് വിളിച്ചിരുന്നത്.
ചേരമാന്‍ പെരുമാളുടെ മന്ത്രിയായിരുന്ന കൃഷ്മുന്‍ജാദ് എന്ന ഹുസൈന്‍ഖാജയുടെ ചാലിയത്തുകാരായ നാലുബന്ധുക്കള്‍ ഇസ്ലാം മതം സ്വീകരിച്ചു മക്കയിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തെ അനുഗമിച്ചു. ആ പ്രദേശത്ത് ഒന്നാമതായി ഇസ്ലാം മതം സ്വീകരിച്ചവരും അവരായിരുന്നു.
മലബാറില്‍ ആദ്യമായി ഇസ്ലാം മതം ആശ്ലേഷിച്ചവര്‍ ചാലിയത്തെ നാലു നമ്പൂതിരി ഇല്ലക്കാരും എട്ട് നായര്‍ വീട്ടുകാരുമാണെന്നാണ് ഐതിഹ്യം. മമ്മത്തരായന്‍ ഇല്ലം, ഏറമസറായന്‍ ഇല്ലം, പോക്കാക്കാ ഇല്ലം, പുഴക്കര ഇല്ലം, എന്നീ നാലു ഇല്ലക്കാരുടെ പേര്‍ പറയപ്പെട്ടുവരുന്നുണ്ട്. അടുത്തകാലം വരെ മാപ്പിള തറവാട്ടുകാരില്‍ പോലും തങ്ങളുടെ തറവാട് ഈ നാലില്‍ ഏതെങ്കിലും ഒരു ഇല്ലത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്ന് അവകാശപ്പെടുകയും പ്രമാണങ്ങളില്‍ ആ പേര്‍ ചേര്‍ക്കുന്നത് വലിയ കാര്യമായി കാണക്കാക്കുകയും ചെയ്തിരുന്നു. (ഉദാഹരണം: ചാലിയത്തെ മമ്മത്തരായന്‍ ഇല്ലത്തെ പൊന്നാനികൊങ്ങണം വീട്ടില്‍ കമ്മാലി സാറാഉമ്മ).
അറക്കല്‍ രാജവംശം:മലയാളക്കരയിലെ ഏക മുസ്ലിം രാജവംശമായ അറക്കല്‍ ആദിരാജാക്കന്മാരുടെ ഉല്‍ഭവത്തെക്കുറിച്ചും വിവിധകഥകള്‍ നിലവിലുണ്ട്. ഈ രാജകുടുംബത്തിന്റെ സ്ഥാപകന്‍ ചേരമാന്‍ പെരുമാളുടെ കൂടെ അറേബ്യയിലേക്കു പോയ അദ്ദേഹത്തിന്റെ ഒരു മരുമകനായ കോഹിനൂര്‍ രാജകുമാരനാണെന്ന് ''രിഹ്‌ലത്തുല്‍ മുലൂക്'' ല്‍ സുഹ്‌റവര്‍ദി രേഖപ്പെടുത്തിയിരിക്കുന്നു. രാജകുമാരന്‍ സൈഫുദ്ദീന്‍ മുഹമ്മദലി എന്നപേര്‍ സ്വീകരിക്കുകയും ആ പ്രദേശത്തെ ചിറക്കല്‍ രാജകുടുംബത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തുവത്രെ.
അറക്കല്‍ രാജകുടുംബത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് മറ്റുപല ഐതിഹ്യങ്ങളും നിലവിലുണ്ട്. കോലത്തിരിയുടെ പ്രധാനമന്ത്രിയായിരുന്ന അരയന്‍ കുളങ്ങരനായര്‍ ഇസ്ലാം മതം സ്വീകരിച്ച രാജകുടുംബത്തിലെ ഒരു സ്ത്രീയെ വിവാഹം ചെയ്തതിലുണ്ടായ വംശമാണ് അറക്കല്‍ രാജകുടുംബമെന്നു വിശ്വസിക്കുന്നവരുമുണ്ട്.
ആചാരങ്ങള്‍:
അറബികളുമായുള്ള സമ്പര്‍ക്കം കൂടുതലുണ്ടായിരുന്ന തീരപ്രദേശങ്ങളിലെ മാപ്പിളമാരുടെ സിരകളില്‍ അറബിരക്തത്തിന്റെ അനുപാതം തുലോം കൂടുതലാവുകയെന്നതില്‍ ആശ്ചര്യമൊന്നുമില്ല. പ്രത്യേകിച്ച് സാമൂതിരി രാജാവിന്റെ രാജധാനിയില്‍ ഏറെക്കാലം വലിയ സ്വാധീനം ചെലുത്തിയ അനേകം അറബി വ്യാപാരികളുണ്ടായിരുന്നു കോഴിക്കോട് പ്രദേശത്ത്. എന്നാല്‍ തദ്ദേശവാസികളായ നായന്മാരുടെ ആചാരസമ്പ്രദായങ്ങള്‍ക്ക് ഈ പ്രദേശങ്ങളിലെ മാപ്പിളമാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചുവെന്നതാണ് വാസ്തവം. മരുമക്കത്തായത്തെ അടിസ്ഥാനമാക്കിയുള്ള കുടുംബ സംവിധാനവും സ്വത്ത് ദയാക്രമം പോലും അല്‍പസ്വല്‍പ വ്യത്യാസങ്ങളോടുകൂടി വടക്കേ മലബാറിലെയും തെക്കെ മലബാറിലെ തീരദേശനഗരങ്ങളായ കോഴിക്കോട്, പൊന്നാനി, എന്നിവിടങ്ങളിലെയും മാപ്പിളമാര്‍ മിക്കവാറും സ്വീകരിക്കുകയുണ്ടായി. പൊന്നാനി വലിയപള്ളിയുടെയും അതിനോടനുബന്ധിച്ച ദര്‍സിന്റെയും രക്ഷകര്‍ത്താക്കളായ മഖ്ദൂം കുടുംബംപോലും മരുമക്കത്തായാചാരങ്ങളോട് സാമ്യമുള്ള പിന്‍തുടര്‍ച്ചാസമ്പ്രദായം അവലംബിച്ചിരുന്നു. ദക്ഷിണേന്ത്യയിലെ മഅ്ബര്‍ പ്രദേശത്ത് നിന്ന് മലബാറിലേക്ക് വന്ന മഖ്ദൂം കുടുംബത്തിന്റെ ആദി പൂര്‍വ്വികന്മാര്‍ അറേബ്യയില്‍ നിന്നു വന്നവരാണെന്നാണ് പറയപ്പെടുന്നത്. ആദ്യകാലത്തെ മലബാറിലെ അറബിക്കുടിയേറ്റക്കാര്‍ മരുമക്കത്തായം ആചരിച്ചിരുന്ന ഹൈന്ദവകുടുംബങ്ങളുമായി വിവാഹബന്ധത്തിലേര്‍പ്പെടുമ്പോള്‍ തങ്ങളുടെ സംസ്‌കാരത്തിന്റെ ചില ഘടകങ്ങള്‍ പകര്‍ന്നുകൊടുത്തപോലെ തന്നെ അവരുടെ ആചാരങ്ങളില്‍ ചിലവ സ്വീകരിക്കുകയും ചെയ്തതില്‍ അസാധാരണമായൊന്നുമില്ല. കൂടാതെ, കുടംബങ്ങള്‍ ഒന്നിച്ച് മതപരിവര്‍ത്തനം ചെയ്തപ്പോള്‍ ഇത്തരം സമ്പ്രദായങ്ങള്‍ തുടര്‍ന്നുവന്നിരിക്കാം.
മലബാറിലെ മുസ്ലിം പണ്ഡിതന്മാര്‍:
ക്രി: പതിനാറാം നൂറ്റാണ്ടില്‍ മലബാറിലെ പോര്‍ത്തുഗീസ് ആക്രമണകാലത്ത് അവരുടെ ഉദ്ദേശ്യം അറബിമുസ്ലിംകളുടെ വ്യാപാരപ്രവര്‍ത്തനങ്ങള്‍ കയ്യടക്കുകയെന്നതില്‍ ഉപരിയായി ഇസ്ലാമിനെയും മുസ്ലിംകളെയും നശിപ്പിക്കുക എന്ന കുരിശുയുദ്ധലക്ഷ്യം നേടുകയായിരുന്നു. അക്കാലത്ത് അവര്‍ നടത്തിയ മനുഷ്യത്വരഹിതമായ പേക്കൂത്തുകള്‍ ശൈഖ് അഹ്മദ് സൈനുദ്ദീന്‍ ഇബ്‌നു മുഹമ്മദ് ഗസ്സാലി രചിച്ച ''തുഹ്ഫത്തുല്‍ മുജാഹിദീന്‍'' എന്ന സുപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. പൊന്നാനി സ്വദേശിയായ ഇദ്ദേഹത്തിന്റെ ഈ കൃതി മലബാറിനെ സംബന്ധിച്ച ആദ്യത്തെ ചരിത്രഗ്രന്ഥമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഫത്ഹുല്‍ മുഈന്‍ അടക്കം മറ്റനേകം കര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ട്.
അഹ്മദ് സൈനുദ്ദീന്റെ പിതാമഹനും പൊന്നാനിയിലെ ആദ്യത്തെ മഖ്ദൂമുമായ ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു അലി നിരവധി ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. '' മുര്‍ശിദുത്തുല്ലാബ്'' , '' ഇര്‍ശാദുല്‍ ഖാസിദീന്‍ '' എന്നീ വിഖ്യാത ഗ്രന്ഥങ്ങള്‍ ഇവയില്‍പെടുന്നു.
ക്രി: പതിനാലാം നൂറ്റാണ്ടില്‍ കോഴിക്കോട്ടെ ഖാസി റമളാന്‍ ഇബ്‌നുമൂസ ക്രിസ്താബ്ദം പതിനഞ്ചാം നൂറ്റാണ്ടില്‍ ഖാസി അബൂബക്കര്‍ ഇബ്‌നു റമളാന്‍ എന്നിവര്‍ രചിച്ച ഗ്രന്ഥങ്ങള്‍ എടുത്തുപറയത്തക്കവയാണ്. ഈ രംഗത്ത് മലബാറിലെ മുസ്ലിംകള്‍ അര്‍പ്പിച്ച സേവനത്തിന്റെ ചില ഉദാഹരണങ്ങള്‍ മത്രമാണ് ഇവ.
ഐശ്വര്യവും വളര്‍ച്ചയും:
ആദ്യകാലങ്ങളില്‍ മലബാറിലെ മുസ്ലിം സമൂഹത്തിന്റെ ത്വരിത വളര്‍ച്ചക്കും ഐശ്വര്യത്തിനും കാരണമായ മറ്റുപല ഘടകങ്ങള്‍ക്ക് പുറമെ കോഴിക്കോട്ടെ സാമൂതിരി രാജാവിന്റെ അനുകൂല ഭാവവും ശക്തമായ പിന്തുണയും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. സാമൂതിരിയുടെ രാജ്യത്തെ വിദേശവ്യാപാരം ഏറെക്കാലം മുസ്ലിംകളും അറബികളുമാണ് നടത്തിയിരുന്നത്. ക്രിസ്താബ്ദം പതിനഞ്ചാം ശതകത്തിന്റെ അന്ത്യത്തില്‍ ഇന്ത്യയുടെ പശ്ചിമതീരത്ത് പോര്‍ത്തുഗീസുകാര്‍ പ്രത്യക്ഷപ്പെട്ടത് അവര്‍ക്കൊരു ഭീഷണിയായി ഭവിച്ചു. എങ്കിലും തന്റെ നാവികസേനയെ നയിക്കുകയും തദ്വാര രാജ്യത്തിന്റെ രക്ഷക്കും വിപുലീകരണത്തിനും ഗണ്യമായ സഹായം അര്‍പ്പിക്കുകയും ചെയ്ത തന്റെ മുസ്ലിം പ്രജകളെ കയ്യൊഴിക്കുവാന്‍ രാജാവ് തയ്യാറല്ലായിരുന്നു. തന്റെ രാജ്യത്തിന്റെ ഐശ്വര്യവും അഭിവൃദ്ധിയും മുസ്ലിംകളും അറബികളും നടത്തിയിരുന്ന വ്യാപാരപ്രവര്‍ത്തനങ്ങള്‍ മൂലമാണെന്ന് സാമൂതിരിക്ക് നന്നായി അറിയാമായിരുന്നു. സാമൂതിരിയുടെ പിന്തുണയും പ്രോത്സാഹനവും മാപ്പിളസമുദായത്തിന്റെ ശ്രീഘ്രവളര്‍ച്ചക്കും ഉന്നമനത്തിനും കാരണമായി.
സാമൂതിരിയുടെ രാജ്യം രക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും കുഞ്ഞാലിമരക്കാര്‍ കുടുംബം വഹിച്ച പങ്ക് വിസ്മരിക്കുക സാധ്യമല്ല. വടകരക്കടുത്ത് ഇരിങ്ങലില്‍ ഒരു കോട്ടകെട്ടി കുഞ്ഞാലിമരക്കാര്‍ പോര്‍ത്തുഗീസുകാര്‍ക്കെതിരെയുള്ള യുദ്ധത്തില്‍ ഗണ്യമായൊരു പങ്ക് വഹിച്ചു. മരക്കാര്‍ കോട്ട നിന്ന പ്രദേശം കോട്ടക്കല്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഒരു നൂറ്റാണ്ട് കാലം നീണ്ടുനിന്ന പോര്‍ത്തുഗീസുകാര്‍ക്കെതിരെയുള്ള യുദ്ധം മാപ്പിളമാരെ ഒട്ടേറെ ക്ഷീണിപ്പിച്ചിരുന്നു. പോര്‍ത്തുഗീസുകാരുമായി കൂട്ടൂചേര്‍ന്ന അക്കാലത്തെ സാമൂതിരിയുടെ സഹായത്തോടെ അവര്‍ കുഞ്ഞാലി നാലാമനെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും കോട്ടതകര്‍ക്കുകയും ക്രി: 1600ല്‍ ഗോവയില്‍ വെച്ചു ശിരഛേദം ചെയ്യുകയും ചെയ്തത് മാപ്പിളസമൂഹത്തിന് കടുത്ത ഒരു പ്രഹരമായി.
ഇക്കാലമത്രയും മാപ്പിളമാരുടെ ജനസംഖ്യ ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടേ ഇരുന്നു. ബ്രിട്ടീഷ് ഭരണം സ്ഥാപിതമായതിനുശേഷം ക്രി: 1807ല്‍ മാപ്പിള ജനസംഖ്യ 172600 ആയിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടത്. 1901 ലെ സെന്‍സസ് അനുസരിച്ച് മലബാറിലെ മാപ്പിളമാര്‍ ജില്ലയുടെ ജനസംഖ്യയില്‍ മുപ്പത് ശതമാനമായി ഉയര്‍ന്നതായികണ്ടു. 1956ല്‍ മലബാറും കൊച്ചിയും തിരുവിതാംകൂറും ഉള്‍പ്പെടുത്തിക്കൊണ്ട് രൂപീകൃതമായ കേരളസംസ്ഥാനത്തില്‍ ബഹുഭൂരിപക്ഷം മുസ്ലിംകളും വടക്കന്‍ ജില്ലകളില്‍ അധിവസിക്കുന്നു. മുസ്ലിംകള്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ പതിനൊന്ന് ശതമാനമാണെങ്കില്‍ കേരളത്തില്‍ അവര്‍ ഇരുപത് ശതമാനമാണ്. കേരളത്തില്‍ തന്നെ ഒരു ജില്ലയില്‍-മലപ്പുറം-അവര്‍ അറുപത്തിയാറ് ശതമാനമാണ്.
Post a Comment