ഹി.1166 ദുല്‍ഹിജ്ജ 23 ന് ഹളര്‍മൗത്തിലെ തരീമില്‍ മുഹമ്മദ്ബ്‌നു സഹ്‌ലിന്റെയും സയ്യിദ ഫാത്വിമയുടെയും മകനായി ജനിച്ചു. ചെറുപ്രായത്തില്‍ തന്നെ പിതാവും മാതാവും മരണപ്പെട്ടതിനാല്‍ മാതൃസഹോദരി ഹാമിദ ബീവിയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ തങ്ങള്‍ വിവിധ വിജ്ഞാനീയങ്ങളും കരസ്ഥമാക്കി. വളരെ ചെറുപ്പത്തിലെ ആത്മീയതയുടെ വഴി തെരഞെടുത്തു.
ജിഫ്രി കുടുംബത്തില്‍ നിന്നും കേരളത്തിലെത്തിയ പ്രഥമപണ്ഡിതന്‍ സയ്യിദ് ശൈഖ് ജിഫ്രി സയ്യിദ് അലവി തങ്ങളുടെ അമ്മാവനും പിന്നീട് കടന്നുവന്ന സയ്യിദ് ഹസന്‍ ജിഫ്രി തങ്ങള്‍ മാതുലനുമായിരുന്നു. ഇതറിഞ്ഞ അദ്ദേഹം മലബാറലേക്ക് യാത്രതിരിച്ചു. 17ാം വയസ്സില്‍ 1183 റമളാന്‍ 19ന് അദ്ദേഹം കോഴിക്കോട് കപ്പലിറങ്ങി. സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങള്‍ അപ്പോഴേക്കും മമ്പുറത്ത് മരണപ്പെട്ടിരുന്നു. ശൈഖ് ജിഫ്രി സയ്യിദ് അലവി തങ്ങളെ മമ്പുറത്തേക്ക് കൊണ്ടുപോയി. നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തി ഹസന്‍ ജിഫ്രി തങ്ങളുടെ പിന്‍ഗാമിയായി പ്രതിഷ്ഠിച്ചു.
സയ്യിദ് അലവി തങ്ങള്‍ മമ്പുറത്ത് സ്ഥിരതാമസമാക്കി. സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങളുടെ പുത്രി സയ്യിദ ഫാത്വിമയെ വിവാഹം കഴിച്ചു. ഇവരുടെ മരണശേഷം കൊയിലാണ്ടിയില്‍ നിന്നും മറ്റൊരു വിവാഹം കഴിച്ചു. ഫാത്തിമ എന്നായിരുന്നു ഭാര്യയുടെ പേര്. ഈ ബന്ധത്തിലാണ് സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. അമ്പതാം വയസ്സില്‍ ചെറിയമുണ്ടത്ത് നിന്നും മറ്റൊരുവിവാഹം നടത്തി. ആഇശയായിരുന്നു ഭാര്യയുടെ പേര്. ഇന്ത്യനേഷ്യക്കാരിയായ സ്വാലിഹയായിരുന്നു അവസാന ഭാര്യ.
മലബാര്‍ മുസ്ലിംകളുടെ ആത്മീയ നേതാവായി അറിയപ്പെട്ട മമ്പുറം തങ്ങള്‍ മതകീയ-സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധപതിപ്പിച്ചു. വെളിയങ്കോട് ഉമര്‍ഖാളി, അവുക്കോയ മുസ്ലിയാര്‍, ബൈത്താന്‍ മുഹമ്മദ് മുസ്ലിയാര്‍, ചാലിലകത്ത് ഖുസയ്യ് ഹാജി, ഖാളി മഖ്ദൂമി, മുഹമ്മദ് ഹാരിസ് തുറാബ് തങ്ങള്‍, ഖാളി മുഹ്‌യുദ്ദീനുബ്‌നു അബ്ദിസ്സലാം തുടങ്ങി അക്കാലത്ത് കേരളത്തിലെ ആത്മീയ രംഗത്ത് ജ്വലിച്ചുനിന്നവരെല്ലാം മമ്പുറം തങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചവരായിരുന്നു. പള്ളികളില്ലാത്ത സ്ഥലങ്ങളില്‍ നേരിട്ട് ചെന്ന് പള്ളികള്‍ സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു.
ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രതീകമായാണ് മമ്പുറം തങ്ങള്‍ അറിയപ്പെട്ടത്. തന്റെ സന്തത സഹചാരിയായിരുന്നു കോന്തുനായര്‍. ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് മമ്പുറം തങ്ങള്‍ പ്രചോദനം നല്‍കിയതായി ചരിത്രത്തില്‍ കാണാം. മുട്ടിച്ചിറ, ചേറൂര്‍, കലാപങ്ങളില്‍ തങ്ങളുടെ പങ്ക്  വളരെ പ്രകടമാണ്. ഇതോടൊപ്പം, പോരാട്ടങ്ങളേക്കാള്‍ ആത്മീയമുന്നേറ്റങ്ങള്‍ക്കാണ് മമ്പുറം തങ്ങള്‍ പ്രാമുഖ്യം നല്‍കിയത്. ബ്രിട്ടീഷുകാര്‍ നാടുവിട്ടുപോയാല്‍  നാട്ടിലുണ്ടാകുന്ന ജീര്‍ണ്ണതകള്‍  വ്യക്തമാക്കി അവുക്കോയ മുസ്ലിയാര്‍ക്ക് തങ്ങള്‍ എഴുതിയ പ്രവചന കവിത പ്രശസ്തമാണ്. നിരവധി കറാമത്തുകളുടെ ഉടമയായ മമ്പുറം തങ്ങളെക്കുറിച്ചുള്ള കഥകള്‍ മലബാറിലെ ചെറിയ കുട്ടികള്‍ക്ക് പോലും മന:പാഠമാണ്.
ചേറൂര്‍ പടയില്‍ ഏറ്റ മുറിവ് ആരോഗ്യം ക്ഷയിപ്പിച്ചു. ഹി.1260 (1845) മുഹറം 7ന് ബുധനാഴ്ച 94ാം വയസ്സില്‍ ഈലോകത്തോട് വിടപറഞ്ഞു. തങ്ങളും ബന്ധുക്കളും അന്ത്യവിശ്രമം കൊള്ളുന്ന മഖാമില്‍ അവിടുത്തെ ആത്മീയ സാമീപ്യംതേടി നിരവധിപേര്‍ എത്താറുണ്ട്.

Post a Comment

Previous Post Next Post