അറക്കല്‍ രാജവംശവും ചരിത്രവും, കേരള മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കേരള പ്രദേശത്ത് മുസ്ലിമായ അപ്പു സൈഫുദ്ദീന്‍ മുഹമ്മദാലുയുടെ സേവകനായി. അവരുടെ കുടുംബപ്പേരാണ് അറക്കല്‍. പിന്നീടുള്ള പരമ്പരയാണ് അറക്കല്‍ രാജവംശം. കേരളത്തിലെ നിരവധി രാജവംശങ്ങളിലെ ഒന്നായി അറക്കല്‍ രാജവംശവും നിലകൊണ്ടു. യുദ്ധവും വെട്ടിപ്പിടിക്കലും അവരുടെ ലക്ഷ്യമായിരുന്നില്ല. ഇസ്ലാമിക പ്രചാരണവും വ്യാപനവുമായിരുന്നു പ്രധാന ലക്ഷ്യം. അറക്കല്‍ രാജാക്കന്മാരെ ആലി രാജയെന്നും രാജ്ഞിമാരെ ബീവിയെന്നുമാണ് അഭിസംബോധന ചെയ്തിരുന്നത്. 
 അറക്കല്‍ രാജാക്കന്മാരുടെ വംശാവലി

1. മുഹമ്മദ് അലി ആദിരാജ
2. ഹുസൈന്‍ അലി ആദിരാജ ഹിജ്‌റ 64.
3. അലി മൂസ ആദിരാജ
4. കുഞ്ഞിമൂസ ആദിരാജ കൊല്ല വര്‍ഷം 359-380(1184-1205)
5. ആലി ബപ്പന്‍ ആദിരാജ 380-459 (1205-1284)
6. ഈസാ അബുബക്കര്‍ ആദിരാജ 459-540 (1284-1365)
7. മുഹമ്മദ് അലി ആദിരാജ 540-627 (1365-1452)
8. അബൂബക്കര്‍ അലി ആദിരാജ 627-720(1452-1545)
9. ആലി ആദിരാജ 720-766 (1545-1591)
10. അബൂബക്കര്‍ ആദിരാജ 766-782 (1591-1607)
11. അബൂബക്കര്‍ ആദിരാജ 782-785 (1607-1610)
12. മുഹമ്മദലി ആദിരാജ 785-822 (1610-1647)
13. മുഹമ്മദലി ആദിരാജ 822-830 (1647-1655)
14. കമാല്‍ ആദിരാജ 830-831 (1655-1656)
15. മുഹമ്മദാലി 831-866 (1656-1691)
16. ആലി ആദിരാജ 866-879 (1691-1704)
17. കുഞ്ഞി ഹംസ ആദിരാജ 879-895(1704-1720)
18. മുഹമ്മദലി ആദിരാജ 895-903 (1720-1728)
19. ഹമ്പിക്രി കടവൂബി ആദിരാജ 903-907 (1728-1732)
20. ജുനുമാബി ആദിരാജാബീവി 907-920 (1732-1745)
21. കുഞ്ഞിഹംസ ആദിരാജ 920-952 (1745-1777)
22. ജുനുമാബി ആദി രാജാബി 952-994 (1777-1819)
23. മറിയംബീ ആദി രാജാബി 994-1013 (1819-1838)
24. ഐഷാബി ആദിരാജാബി 1013-1037 (1838-1862)
25. അബ്ദുറഹിമാന്‍ ആലി ആദിരാജ 1037-1045 (1862-1870)
26. മൂസ അലി ആദിരാജ 1045-1074  (1870-1899)
27. മുഹമ്മദ് അലി ആദിരാജ 1074-1082(1899-1907)
28. സുല്‍ത്താന്‍ ഇമ്പിച്ചി ബീബി ആദിരാജ 1082-1086 (1907-1911)
29. സുല്‍ത്താന്‍ അഹമ്മദ് ആലി ആദിരാജ 1086-1096 (1911-1921)
30. സുല്‍ത്താന്‍ ആയിഷ ബീബി ആദിരാജ 1096-1106 (1921-1931)
31. സുല്‍ത്താന്‍ അബ്ദുര്‍ റഹ്മാന്‍ അലി 1106-1121 (1931-1946)
32. സുല്‍ത്താന്‍ മറിയുമ്മ ബീബി ആദിരാജ 1121-1132 (1946-1957)
33. സുല്‍ത്താന്‍ ആമിനാ ബീബി ആദിരാജ 1132-(1957)
34. സുല്‍ത്താന്‍ ഹംസ അലി രാജ 1957 മുതല്‍
      (കേരളാ മുസ്ലിം ഡയറക്ടറി, സി.കെ കരീം)
ഒരു കാലത്ത് മലബാറിലെ മുസ്ലിംകളുടെ മുഴുവന്‍ നേതൃത്വവും ഇവര്‍ക്കായിരുന്നു. ഖാസിമാരെ നിയമിക്കാനുള്ള അധികാരം മുതല്‍ സാധാരണക്കാരുടെ സകല പ്രശ്‌നങ്ങളുടെയും അഭയസ്ഥാനവും കണ്ണൂര്‍ സ്വരൂപമായിരുന്നു. പറങ്കികള്‍ക്കെതിരായുള്ള യുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് ഈ രാജകുടുംബം. 
1766 ഫെബ്രുവരിയില്‍ മലബാറിലെത്തിയ ഹൈദരലി ഖാനെ ആലി രാജാവ് സ്വീകരിക്കുകയുണ്ടായി. വടക്കന്‍ മലബാറില്‍ തന്റെ മുന്നേറ്റങ്ങള്‍ക്ക് വിശ്വസ്തനായ ചങ്ങാതിയായി ഹൈദരലി ആലി രാജയെ കണ്ടെത്തി. 
രണ്ടാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തില്‍ മൈസൂര്‍ പടക്ക് സഹായമായി സൈന്യത്തെ ആലി രാജവ് അയച്ചുകൊടുത്തു. 
ജാതിമതഭേദമന്യേ അറക്കല്‍ സ്വരൂപത്തെ ആദരവോടെയാണ് കണ്ടിരുന്നത്. വിഭാഗീയ ചിന്താഗതിയില്ലാതെ സൈന്യത്തിലും ഉദ്യോഗസ്ഥ വൃന്ദങ്ങളിലും മറ്റു മതക്കാരെ ഉള്‍പ്പെടുത്തുന്നതില്‍ അവര്‍ ഉത്സാഹം കാട്ടി. 
നീതിന്യായ നടത്തിപ്പിലും മതപരമായ കാര്യങ്ങളിലും യോഗ്യരെയും മതപണ്ഡിതരെയും ഉള്‍പ്പെടുത്തിയിരുന്നു.  ഈ കുടുംബത്തിലെ അംഗങ്ങളും മതപരമായും ഭൗതികമായും അറിവു നേടുന്നതില്‍ ഒട്ടും ലോപം കാണിച്ചില്ല. ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ മായിന്‍കുട്ടി ഇളയ ഈ രാജവംശാംഗമാണ്.
നീണ്ട നൂറ്റാണ്ടുകള്‍ മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഈ മുസ്ലിം രാജവംശം 1790 ഡിസംബര്‍ പതിനേഴാം തീയ്യതി മൈസൂര്‍ സൈന്യം ഇംഗ്ലീഷുകാര്‍ക്ക് കീഴടങ്ങിയതോട് കൂടി ശക്തിക്ഷയത്തിനടിമപ്പെട്ടു.
തങ്ങളോട് വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ നടത്തിയ ഈ രാജവംശത്തോട് ഇംഗ്ലീഷുകാര്‍ പ്രതികാര നടപടികള്‍ തുടങ്ങി. ഭീമമായ സംഖ്യ നികുതിയിനത്തില്‍ പിരിവും സാമ്പത്തികമായി തകര്‍ക്കുകയും കച്ചവട സാധ്യതകള്‍ക്ക് തടയിടുകയും വഴി ഉത്പന്നങ്ങളുടെ കുത്തകാവകാശം കമ്പനിയുടെ കീഴിലാക്കുകയും ചെയ്തു. അതോടെ ഈ രാജവംശത്തിന്റെ അധികാരം ഇംഗ്ലീഷുകാര്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി. 
ഇന്നും ഈ രാജവംശത്തിന്റെ കണ്ണികള്‍ കണ്ണൂരില്‍ നിലനില്‍ക്കുന്നുണ്ട്.

Post a Comment

Previous Post Next Post