സ്വാലിഹ് കടമേരി

മാപ്പിളപഠനങ്ങളുടെ വിപണിയില്‍ പുത്തന്‍ രചനകള്‍ കൂടുതല്‍ കടന്നുവരുന്ന കാലമാണിത്. നിരവധി ജീവചരിത്ര കൃതികളാണ് അടുത്തകാലത്തായി പ്രസിദ്ധീകരിക്കപ്പെട്ടത്. ചരിത്ര ലോകത്തെ നിത്യ അവതാരങ്ങളെ മറ്റൊരു ഭാഷയില്‍ പുനരവതരിപ്പിക്കുന്നതില്‍ കവിഞ്ഞ് സമൂഹം മറന്നു തുടങ്ങിയ നവോത്ഥാന നായകന്‍മാരെ ഏറ്റെടുക്കാന്‍ എഴുത്തുകാര്‍ മുന്നോട്ടു വരാത്ത സാഹചര്യമാണുള്ളത്. പരിഷ്‌ക്കാരങ്ങളെ പുല്‍കിയവരെ വാഴ്ത്താനും പുകഴ്ത്താനും എഴുത്തുകാര്‍ ഏറെ താല്‍പര്യം കാണിക്കുന്നു. പാരമ്പര്യത്തെയും പൈതൃകത്തെയും സംരക്ഷിച്ചു നിര്‍ത്തിയവരെ വായിക്കുന്നത് തങ്ങളുടെ പുരോഗമന പട്ടത്തിന് കളങ്കമാവുമോ എന്ന് പലരും സംശയിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളീയ മുസ്‌ലിം പുരോഗതിയുടെ ദിശ നിര്‍ണ്ണയിച്ച യുഗപ്രഭാവന്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെക്കുറിച്ച് ഏഴുപതിറ്റാണ്ടുകളായി ഒരുപഠനവും കടന്നുവരാതിരുന്ന സാഹചര്യവും ഇതാണ്. എന്നാല്‍ മഹാനെക്കുറിച്ചുള്ള വിശദമായ വായനക്ക് അവസരമൊരുക്കുകയാണ് യുവ എഴുത്തുകരാന്‍ സി.പി ബാസിത് ഹുദവി തയാറാക്കിയ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്മാരക ഗ്രന്ഥം.

    കേരളത്തിലെ ഇസ്‌ലാമിക പ്രബോധനത്തിനായി അറേബ്യയില്‍ നിന്നെത്തിയ ഹബീബ് ബ്‌നു മാലിക് എന്നവരുടെ പരമ്പരയില്‍ മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തില്‍ പാങ്ങ് പ്രദേശത്ത് 1888-ലാണ് അഹ്മദ് കുട്ടി മുസ്‌ലിയാരുടെ ജനനം. കരിമ്പനക്കല്‍ അഹ്മദ് മുസ്‌ലിയാര്‍, കട്ടിലശ്ശേരി അലി മുസ്‌ലിയാര്‍, മടത്തൊടിയില്‍ കാപ്പാട് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവരുടെ കീഴില്‍ വിവിധ ദര്‍സുകളില്‍ പഠിച്ച ശേഷം വെല്ലൂര്‍ ബാഖിയാത്തിലും ലത്വീഫിയ്യയിലും ഉപരിപഠനം നടത്തി. തുടര്‍ന്ന് പാങ്ങ് വലിയ ജുമുഅത്ത് പള്ളി, മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം മദ്‌റസ, താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം മദ്‌റസ, പടന്ന ജുമുഅത്ത് പള്ളി എന്നിവിടങ്ങളില്‍ അധ്യാപനം നടത്തി. മലബാര്‍ സമരം കരുത്താര്‍ജ്ജിക്കുമ്പോള്‍ അദ്ദേഹം മണ്ണാര്‍ക്കാടിയരുന്നു. സമരത്തിന്റെ ഭാഗമായതിനാല്‍ സേവനം മതിയാക്കേണ്ടി വന്നു. ആധ്യാപനം മതിയാക്കി നാടുതോറും സമരാവേശം പടര്‍ത്താന്‍ അദ്ദേഹം പരിശ്രമിച്ചു. ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറക്കി. കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേഹം പോലീസിന് പിടികൊടുക്കാതെ രംഗം ശാന്തമാക്കാന്‍ മുന്നിട്ടിറങ്ങി. ഒടുവില്‍ രോഗം ബാധിച്ച് വിശ്രമജീവിതത്തിലക്ക് ഉള്‍വലിഞ്ഞു. പിന്നീട് 1924-ല്‍ താനൂരില്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബി മദ്‌റസ സ്ഥാപിച്ചു. 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകരണത്തിന് നേതൃത്വം നല്‍കുകയും 1932-ല്‍ പ്രസിഡണ്ടാവുകയും ചെയ്തു. 1946 നവംബര്‍ 20-നായിരുന്നു വിയോഗം.
    പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ വിയോഗ കാലത്ത് കേരളത്തില്‍ വിശിഷ്യാ മുസ്‌ലിം സമൂഹത്തിനിടയില്‍ ജിവചരിത്ര ഗ്രന്ഥങ്ങള്‍ അത്ര സജീവമല്ല. പിന്നീട് നടന്ന പഠനങ്ങളില്‍ അദ്ദേഹം നിരന്തരം പരാമര്‍ശത്തിന് വിധേയമായിട്ടുണ്ട്. എന്നാല്‍ അര്‍ഹമായ പരിഗണന പലരും നല്‍കിയില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും അടയാളപ്പെടുത്താനില്ല എന്ന ധാരണ വേണ്ടപ്പെട്ടവര്‍ക്കിടയില്‍ പിന്നീടുന്ന കാലങ്ങളില്‍ നിലിന്നിന്നിട്ടുണ്ടാകണം. അതിനിടെ പാങ്ങിലിന്റെ സഹോദരപുത്രന്‍ എ.പി അബ്ദുറഹ്മാന്‍ ഖാസിമി കുടുംബ ചരിത്രം പ്രസിദ്ധീകരിച്ചു. ഇതായിരുന്നു അദ്ദേഹത്തെക്കുറിച്ചറിയറിയാനുള്ള ഏക അവലംബം. എന്നാല്‍ 2019-ല്‍ പുറത്തിറങ്ങിയ സി.പി ബാസിത് ഹുദവിയുടെ പുസ്തകം ആ വലിയ ജീവിതത്തിനുള്ള അംഗീകാരം തന്നെയായിരുന്നു. ഒരു സമാഹാരം ഗ്രന്ഥം എന്നതിലുപരിയായി വിശദമായ ജീവചരിത്രമാണ് കാലം തേടുന്നതെങ്കിലും വലിയൊരു ശൂന്യത നികത്താന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ട്. പുസ്തക പ്രധാധനത്തിന് ശേഷം ഗ്രന്ഥകാരന്‍ കൂടുതല്‍ ഗവേഷണത്തില്‍ മുഴുകി മികച്ച പുസ്തകം തയാറാക്കുന്നു എന്നറിയുന്നത് ഏറെ പ്രതീക്ഷാവഹമാണ്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്ഥാപിച്ച താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജിലെ ഇഹ്‌സാന്‍ ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് അവതാരിക നല്‍കിയിട്ടുള്ളത്.

    നാലു ഭാഗങ്ങളായാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗത്തില്‍ എ.പി അബ്ദുറഹ്മാന്‍ ഖാസിമി, ആരിഫ് ഹുദവി പുതുപ്പള്ളി, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, യൂനുസ് അഹ്മദ് ഹുദവി, അനസ് ഹുദവി പോലപ്പുറം, ശിഹാബുദ്ദീന്‍ ഹുദവി പള്ളിപ്പുറം, സി.പി ബാസിത് ഹുദവി തിരൂര്‍ എന്നിവരുടെ പഠനങ്ങളാണുള്ളത്. മലബാര്‍ സമരത്തിലെ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ സ്വീകരിച്ച നിലപാടുകളെ അക്കാമികമായി സമീപിക്കുന്ന അനസ് ഹുദവിയുടെ പഠനം ശ്രദ്ധേയമാണ്. രണ്ടാം ഭാഗത്തില്‍ കെ.എം മുഹമ്മദ് കോയ, എ.കെ കോടൂര്‍, പി.പി മുഹമ്മദ് ഫൈസി, എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, നജീബ് മൗലവി എന്നിവര്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയ കുറിപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അതില്‍ പാങ്ങിലിന്റെ സാന്നിധ്യം പോലും അടയാളപ്പെടുത്താന്‍ മടികാണിക്കുന്നവരെ കണ്ണു തുടപ്പിക്കുന്നതാണ് എ.കെ കോടൂരിന്റെ എഴുത്ത്. മൂലസ്രോതസ്സായ ആംഗ്ലോ മാപ്പിള യുദ്ധം 2020-ല്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുമായി അടുത്തിടപഴകിയ വ്യക്തിയാണ്. മൂന്നാം ഭാഗത്തില്‍ അദ്ദേഹത്തിന്റെ അന്നഹ്ജുല്‍ ഖവീം, തുഹ്ഫതു അഹ്ബാബി തളിപ്പറമ്പ്, തുഹ്ഫതുറബീഇയ്യ, ഖസ്വീദത്തുല്‍ ഖുതുബിയ്യ, താജുല്‍ വസാഇല്‍ എന്നീ അഞ്ച് അറബി രചനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാലാം ഭാഗത്തില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള രേഖകളും ചിത്രങ്ങളും നല്‍കിയിരിക്കുന്നു.

    പാങ്ങില്‍ എന്ന മഹാനുഭാവന്റെ ജീവിതവും സംഭാവനകളും ഈ പുസ്തകത്തേക്കാള്‍ വിശാലമാണെന്ന് എഡിറ്റര്‍ തുറന്നുപറയുന്നുണ്ട്. പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ജീവചരിത്രവും മലയാളത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ തൂലികക്ക് കഴിഞ്ഞിട്ടുണ്ട്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ എട്ട് അറബി രചനകള്‍ കൂടി വൈകാതെ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. കൈയെഴുത്തുപ്രതികള്‍ മാത്രം അവശേഷിച്ചിരുന്ന തുഹ്ഫത്തുറബീഇയ്യ, ഇബ്‌റാസുല്‍ മുഹ്മല്‍, ഖസ്വീദത്തുത്തഹാനി എന്നിവ ആദ്യമായാണ് സി.പി ബാസിത് ഹുദവിയിലൂടെ വെളിച്ചം കാണാനിരിക്കുന്നത്. മജ്മൂഅത്തുറസാഇലില്‍ മുല്ലവിയ്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന പ്രസ്തുത ഗ്രന്ഥത്തില്‍ അല്‍ബയാന്‍ അറബി-മലയാള മാസികയുടെ പ്രഥമ അഞ്ച് ലക്കങ്ങളുമുണ്ട്. 26 രചനകള്‍ അദ്ദേഹത്തിന്റേതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും 15 എണ്ണം മാത്രമാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവ അന്വേഷണയാത്രയുടെ വഴിലെവിടെയെങ്കിലും കണ്ടുമുട്ടുമെന്നാണ് ബാസിത് ഹുദവിയുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post