സി.പി. ബാസിത് തിരൂര്‍

നൂറ്റാണ്ടുകളായി ദര്‍സ് നിലനില്‍ക്കുന്ന ചരിത്രപ്രാധ്യാന്യമുള്ള പള്ളിയാണ് വടകര ജുമുഅത്ത് പള്ളി. പ്രഗത്ഭരായ മുദരിസുമാരായിരുന്നു ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഈ ശൃംഖലയില്‍ പൊലിഞ്ഞുപോയ വസന്തമായിരുന്നു ടി.കെ. ഇബ്‌റാഹിം മുസ്‌ലിയാര്‍. 

കോഴിക്കോട് ജില്ലയിലെ വള്ള്യാട് എന്ന പ്രദേശത്ത് തച്ചര്‍കണ്ടിയില്‍ അഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകനായി 1942 ഒക്ടോബര്‍ 4-ന് ജനിച്ചു.ചെറുപ്രായത്തില്‍ പിതാവ് മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉമ്മയുടെയും ജ്യേഷ്ഠന്മാരുടെയും ശിക്ഷണത്തിലാണ് വളര്‍ന്നത്. അച്ഛന്‍വീട്ടില്‍ സ്രാമ്പിയില്‍ നിന്നും തണ്ടങ്കണ്ടി മൊയ്തു മുസ്‌ലിയാരില്‍ നിന്നാണ് മതപഠനത്തിന്റെ തുടക്കം. അഞ്ചാം ക്ലാസില്‍ സ്‌ക്കൂള്‍ പഠനം ഉപേക്ഷിച്ച് ദര്‍സ്പഠനത്തിലേക്കു നീങ്ങി. 

പടിഞ്ഞാറയില്‍ അമ്മത് മുസ്‌ലിയാര്‍, ഏറാമല പി.കെ. കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, അമ്മ്യാറമ്പത്ത് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, അണ്ടിക്കോട്ട് ഖാദര്‍ മുസ്‌ലിയാര്‍, കൊടുവായൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ മാട്ടൂല്‍, കിഴക്കയില്‍ മുഹമ്മദ് മുസ്‌ലിയാര്‍, പടിഞ്ഞാറങ്ങാടി മമ്മിക്കുട്ടി മുസ്‌ലിയാര്‍, ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍,   കോട്ട അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്നീ പ്രഗത്ഭ പണ്ഡിതര്‍ ദര്‍സ് പഠനകാലത്തെ ഉസ്താദുമാരാണ്. 1966-67 കാലയളവില്‍ വെല്ലൂര്‍ ബാഖിയാത്തില്‍ പഠിച്ച് ബാഖവി ബിരുദവും കരസ്ഥമാക്കി. ഹസന്‍ ഹസ്‌റത്ത്, കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ വെല്ലൂരിലെ പ്രധാന ഉസ്താദുമാരാണ്. എന്‍.വി. ഖാലിദ് മുസ്‌ലിയാര്‍, വി.പി. സെയ്ത് മുഹമ്മദ് നിസാമി, അമ്മിനിക്കാട് ഹംസ മുസ്‌ലിയാര്‍, വല്ലപ്പുഴ സ്വദഖത്തുള്ള മുസ്‌ലിയാര്‍, കൊയ്യോട് മുദരിസായിരുന്ന ഹാശിം തങ്ങള്‍ പ്രധാന സഹപാഠികളുമാണ്.

1968-ല്‍ മംഗലാട് ഒരു വര്‍ഷം ദര്‍സ് നടത്തി. ശേഷം എട്ടുവര്‍ഷത്തിലധികം പാറക്കടവ് പൊയിലൂരില്‍ സേവനം ചെയ്തു. 1977-ലാണ് വടകര ജുമുഅത്ത് പള്ളിയില്‍ ദര്‍സ് ഏറ്റെടുക്കുന്നത്. 32-വര്‍ഷത്തോളം ഇവിടെ മുദരിസായി തുടര്‍ന്നു. ഇക്കാലയളവില്‍ നിരവധി പണ്ഡിതരെ സമുദായത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചു.

സമസ്ത കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, കടമേരി റഹ് മാനിയ്യ വൈസ് പ്രസിഡണ്ട്, എസ്.എം.എഫ്. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്, സമസ്ത വടകര താലൂക്ക് ജനറല്‍ സെക്രട്ടറി, എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകരയിലെ നിരവധി മഹല്ലുകളില്‍ ഖാസിയും അറുപതോളം മഹല്ലുകളില്‍ ശിഹാബ് തങ്ങളുടെ നാഇബ് ഖാസിയുമായിരുന്നു. 2009 ഡിസംബര്‍ 6-നായിരുന്നു(1430 ദുല്‍ ഹജ്ജ് 20)വിയോഗം. മംഗലാടായിരുന്നു താമസം. കടമേരി പള്ളിയുടെ തൊട്ടടുത്താണ് അന്ത്യവിശ്രമം.


Post a Comment

Previous Post Next Post