ടി. അബൂബക്കര്‍ ഹുദവി.
പുലിവരുന്നേ എന്നു പറഞ്ഞ് പേടിപ്പിച്ചു നിര്‍ത്തി കാര്യം നേടുന്നവരും കൂരിരുട്ടില്‍ കരിമ്പൂച്ചയെ തിരയുന്നവരുമാണ് മുസ്‌ലിം കേരളത്തിന്റെ ബൗദ്ധിക സ്രോതസ്സുകളെ വിലക്കെടുത്തതും ക്രിയാത്മകമായി വിനിയോഗിക്കേണ്ട ധിഷണയെ നശിപ്പിച്ചതും. ഇവിടെയാണ് ശീഇസമെന്ന ഇസ്്‌ലാം വിരുദ്ധ ആശയത്തിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ചിലര്‍ രംഗത്തുവന്നിരിക്കുന്നത്. സഊദി ഭരണകൂടത്തെ പിന്തുണക്കുകയും തുടര്‍ന്ന് നിയന്ത്രിക്കുകയും മറ്റു മുസ്‌ലിം സമൂഹങ്ങളിലേക്ക് പണവും അധികാരവുമുപയോഗിച്ച് കടന്നുകയറി പാരമ്പര്യ ഇസ്‌ലാമിന്റെ അവശേഷിക്കുന്ന അടയാളങ്ങള്‍ ഓരോന്നായി തകര്‍ത്തുകളയുകയും മുന്‍കാല ഇമാമുമാരുടെ കൃതികളില്‍ കൈകടത്തലുകള്‍ വരുത്തുകയും ചെയ്തുകൊണ്ട് സലഫികള്‍ ഉണ്ടാക്കിയെടുത്ത ആശയപരിസരത്താണ് ആധുനിക ലോകത്തെ ഒട്ടു മിക്ക മുസ്‌ലിം കൂട്ടായ്മകളും നിര്‍ഭാഗ്യവശാല്‍ അകപ്പെട്ടു പോയത്. ശീഇസം എതിര്‍ക്കപ്പെടേണ്ട പ്രത്യയശാസ്ത്രമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ശിയാ വിരുദ്ധ പ്രചാരണങ്ങളുടെ ആധികാരികത, ഉദ്ദേശ്യ ശുദ്ധി, നിഷ്പക്ഷത എന്നിവയില്‍ ന്യായമായും സംശയിക്കാവുന്ന വശങ്ങള്‍ ഉണ്ട്.
ശീഇസമാണ് മുസ്്‌ലിം കേരളം നേരിടുന്ന ഏറ്റവും കടുത്ത ആദര്‍ശ ഭീഷണി എന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ വ്യക്തിപരമായ ആരോപണങ്ങളിലേക്ക് ചുരുങ്ങിപ്പോവുന്നത് കാണാതിരുന്നുകൂടാ. വളരെ വ്യത്യസ്തമായ ആശയതലങ്ങളിലുള്ളവര്‍ ഒന്നിച്ചിട്ടുള്ള ശിയാ വിരുദ്ധ കൂട്ടായ്മയുടെ ലക്ഷ്യമെന്താണെന്ന് പഠന വിധേയമാക്കണം. ഇവരുടെ നേതൃത്വത്തില്‍ തുറന്നിട്ടുള്ള വെബ്‌സൈറ്റിന്റെ സ്വഭാവം പരിശോധിച്ചാല്‍ ചില സംശയങ്ങള്‍ ബലപ്പെടുകയും ചെയ്യും.
ഒരു തരത്തിലുള്ള മത വിരുദ്ധമായ ആശയങ്ങളും വ്യക്തികളെയോ പ്രസ്ഥാനങ്ങളയോ ബാധിച്ചു കൂടാ എന്നതു തന്നെയാണ് ശരിയായ നിലപാട.് ഏതാണ് മത വിരുദ്ധമെന്നിടത്താണ് പ്രശ്‌നത്തിന്റെ മര്‍മം. ഇറാന്‍ വിപ്ലവത്തില്‍ ആകൃഷ്ടരായ ഒരു വിഭാഗം കേരളത്തില്‍ ശിയാ അനുകൂല ചിന്താധാര രൂപപ്പെടുത്തുകയും ഇവര്‍ വിവിധ സംഘടനകളില്‍ നുഴഞ്ഞു കയറി വിശ്വാസം നശിപ്പിക്കുന്നുവെന്നതാണ് ഒരു പരാതി. സുന്നീ സംഘടനകളെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അവരുടെ ഏതു വിശ്വാസമാണ് നുഴഞ്ഞു കയറ്റക്കാര്‍ നശിപ്പിക്കുന്നതെന്നുകൂടി വിശദീകരിക്കണം. സുന്നികള്‍ ആദ്യമേ വിശ്വാസ വൈകല്യം സംഭവിച്ചവരാണെന്നാണല്ലോ ആരോപണങ്ങളുന്നയിക്കുന്നവരുടെ പക്ഷം.
എഴുപതുകളും എണ്‍പതുകളും ലോകമാസകലം തീവ്ര ഇടതു ചിന്തകള്‍ക്ക് ചൂടുപിടിച്ച കാലമായിരുന്നു. ഒരര്‍ഥത്തില്‍ കമ്യൂണിസ്റ്റുകളുടെ പിന്തുണയോടെ തന്നെയാണ് ഇറാനില്‍ രാഷ്ട്രീയ വിപ്ലവം നടക്കുന്നത്. ഇറാനിലെ വിപ്ലവം സാമ്രാജ്യത്വത്തിനെതിരെയുള്ളതു കൂടിയായിരുന്നതിനാല്‍ അതില്‍ ആകൃഷ്ടരായ ഒരു കൂട്ടം ആളുകള്‍ തീവ്ര ചിന്താഗതിയിലേക്ക് പോയിട്ടുണ്ടാവാം. ഇടതുപക്ഷ രാഷ്ട്രീയത്തിലും ഇതുകാണാം. എങ്കിലും വസ്തുതകള്‍ തിരിച്ചറിഞ്ഞപ്പോള്‍ നിലപാടുകള്‍ തിരുത്താന്‍ തയ്യാറായാവരാണ് ഏറെയും. എന്നാല്‍ ചില അവശിഷ്ടങ്ങള്‍ കൊണ്ടുനടക്കുന്നവരാണ് തൊണ്ണൂറുകളില്‍ ഒരു സംഘം യുവജനങ്ങളെ തീവ്രവാദത്തിലേക്ക് തള്ളിയിട്ടത്. അന്ന് ഇതിനെതിരെ ശക്തമായ നിലപാടെടുത്ത മത-രാഷ്ട്രീയ നേതൃത്വത്തെയാണ് ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്.
പിടിച്ചു നില്‍ക്കാന്‍ മുസ്‌ലിം ലോകത്ത് ഒരു രാഷ്ട്രീയ ധ്രുവീകരണം അനിവാര്യമാണെന്ന ബോധ്യമാവണം പുതിയ തന്ത്രങ്ങള്‍ മെനയാന്‍ ഇത്തരം സലഫികളെ പ്രേരിപ്പിക്കുന്നത്. തങ്ങളെ എതിര്‍ക്കുന്നവരയൊക്കെ ശിയാ മുദ്രകുത്തി ഒറ്റപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യഥാര്‍ഥ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ നല്ലൊരു ആയുധമായി ഇതിനെ കണക്കാക്കാവുന്നതാണ്. തീവ്ര ശിയാ ചിന്താധാരയില്‍ വാര്‍ത്തെടുത്ത ഇറാന്‍ ഒരു വശത്ത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മതത്തെ ദുരുപയോഗപ്പെടുത്തുമ്പോള്‍ പ്രത്യേകിച്ചും.
ശിയാ വിരുദ്ധ പോരാട്ടത്തിന്റെ ലക്ഷ്യം എന്തെന്ന് കൃത്യമായി നിര്‍ണയിക്കുന്ന ഒരു വാദമാണ് രചയിതാക്കള്‍ ആരെന്നറിയാത്ത മന്‍ഖൂസ് മൗലിദ്, മുഹ്‌യുദ്ദീന്‍ മാല അടക്കമുള്ള മാല, മൗലിദുകള്‍ ശിയാ സൃഷ്ടിയാണെന്നത്. കേരളത്തില്‍ വഹാബി പ്രസ്ഥാനം സുന്നീ സമൂഹത്തിനെതിരെ ഉയര്‍ത്തിയ ആദ്യ വാദങ്ങളില്‍ ഒന്നാണിത്. തസവ്വുഫ് എന്നത് ഒരു ശിയ ആശയമാണെന്നും മാല, മൗലിദുകള്‍ ശിര്‍ക്കും ബിദ്്അത്തുമാണെന്നും മുഹ്‌യുദ്ദീന്‍ ശൈഖ് ശങ്കരാചാര്യര്‍ക്ക് സമാനമാണെന്നും ആദ്യകാല വഹാബികള്‍ ആരോപിച്ചിരുന്നു. ഇതുവരെ തിരുത്തുകളൊന്നും വന്നിട്ടില്ലാത്തതിനാല്‍ അവരിന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നു കരുതാം. ഇക്കാര്യത്തിലുള്ള സുന്നി നിലപാടുകള്‍ കാലാകാലങ്ങളില്‍ വിശദീകരിക്കുകയും വ്യക്തമാക്കുകയും ചെയ്തതാണ്. മന്‍ഖൂസ് മൗലിദിന്റെയും മുഹ്്‌യുദ്ദീന്‍ മാലയുടെയും രചയിതാക്കള്‍ അജ്ഞാതരാണെന്ന വാദം തന്നെ ശരിയല്ല. ഇനി രചയിതാക്കള്‍ അറിയപ്പെടാത്ത കൃതികളൊക്കെ ശിയാ സൃഷ്ടികളാണെങ്കില്‍ ഇവ മാത്രമല്ലല്ലോ അങ്ങനെയുള്ളത്.
സുന്നി ആദര്‍ശങ്ങള്‍ക്ക് ഇസ്‌ലാമിക പാരമ്പര്യത്തിന്റെ യാതൊരു പിന്തുണയുമില്ലെന്നും ഏതാനും മതപുരോഹിതരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള ദുരാചാരങ്ങളാണ് മാലയും മൗലിദുമെന്നുമൊക്കെ പറഞ്ഞിരിക്കുന്നവര്‍ക്കു തന്നെ തങ്ങളുടെ പ്രസിദ്ധീകരണങ്ങളില്‍ മമ്പുറം തങ്ങളുടെയും ഉമര്‍ ഖാസിയുടെയും അപദാനങ്ങള്‍ എഴുതേണ്ടി വന്നു. അന്ധമായ മദ്ഹബ് നിഷേധം ഉപേക്ഷിച്ചുവെന്നു മാത്രമല്ല ഇമാമുമാരുടെ ജീവചരിത്രത്തെ അച്ചടിച്ചു പണമുണ്ടാക്കുകയും ചെയ്തു പലരും. അഭ്യസ്ത വിദ്യരും ചിന്താശീലരുമടങ്ങുന്ന വലിയൊരു തലമുറ പാരമ്പര്യ ഇസ്്‌ലാമിന്റെ പക്ഷത്തേക്ക് വരാനും ഇതു കാരണമായി. ഇവരില്‍ എത്രപേര്‍ ശിയ ചിന്താഗതിക്കാരായി ഉണ്ടെന്നത് വ്യക്തമാക്കേണ്ടത് ആരോപണമുന്നയിക്കുന്നവരാണ്.
നേര്‍ച്ചയും ജാറവുമാണ് മറ്റൊരു പ്രശ്‌നം. ഇത് കേരളത്തിനകത്ത് മാത്രം നിലനില്‍ക്കുന്ന കാര്യങ്ങളാണോ? കേരളത്തിനു പുറത്തു നിന്ന് പ്രസിദ്ധീകരിക്കുന്ന കര്‍മശാസ്ത്ര കൃതികളില്‍ ജാറങ്ങളില്‍ എത്തുന്ന വരുമാനത്തിന്റെ വിനിയോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. അന്ധമായ വഹാബിസം തലക്കു പിടിച്ചവരാണ് ജാറങ്ങള്‍ക്കെതിരെ ആരോപണമുന്നയിക്കുന്നത്. മദീനയിലെ പ്രവാചകരുടെ ജാറം നിര്‍മിച്ച ശിയാ ഭരണാധികാരിയാരാണ്? എല്ലാ അധികാരങ്ങളും കയ്യിലുണ്ടായിട്ടും ആ ജാറം പൊളിച്ചു തൗഹീദ് സ്ഥാപിക്കാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണ്?
ഹള് റമീ സാദാത്തുമാര്‍ ശിയാ വിരുദ്ധ പോരാട്ടത്തിനുമുന്നില്‍ നിന്നു പ്രവര്‍ത്തിച്ചവരാണെന്നും അവരുടെ പിന്‍മുറക്കാര്‍ ഈ പോരാട്ടത്തിന്റെ പിന്തുടര്‍ച്ച ഏറ്റെടുക്കണമെന്നുമാണ് ഒരാവശ്യം. സാദാത്തുമാര്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍ കൊണ്ടോട്ടി കൈക്കാരുടെ ശിയാ ആശയങ്ങളെ സുന്നിസത്തിന്റെ പേരില്‍ പ്രചരിപ്പിക്കുകയാണത്രേ. കൊണ്ടോട്ടി-പൊന്നാനി കൈത്തര്‍ക്കം ഉടലെടുത്തതും അവസാനിച്ചതും അക്കാലത്തെ ഉലമാക്കളുടെ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിലധിഷ്ടിതമായ നിലപാടുകള്‍ കൊണ്ടാണ്. അന്ന് കൊണ്ടോട്ടിക്കൈക്കാര്‍ക്കെതിരെ പോരാടിയത് കോഴിക്കോട് ജിഫ്രി തങ്ങളും പൊന്നാനിയിലെ പണ്ഡിതരുമായിരുന്നു. കാലക്രമത്തില്‍ കൊണ്ടോട്ടിക്കാരെ വസ്തുതകള്‍ ബോധ്യപ്പെടുത്തി ശരിയായ വഴിയിലേക്ക് കൊണ്ടുവന്നതിലും അക്കാലത്തെ പണ്ഡിതര്‍ക്ക് ഗണ്യമായ പങ്കുണ്ട്. ശിയാക്കള്‍ ഒരാചാരം കൊണ്ടു നടക്കുന്നുവെന്നതു കൊണ്ട് മാത്രം അത് അവരുടെ മാത്രം ആചാരവും വര്‍ജ്യവുമാവണമെന്നില്ല. അതുകൊണ്ടുതന്നെ കൊണ്ടോട്ടിക്കൈക്കാരുടെ ശിയാ ആശയങ്ങളെ പണ്ഡിതന്മാര്‍ പ്രചരിപ്പിച്ചുവെന്ന സാമാന്യവത്കരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.
സമസ്തയുടെ ഏത് സമ്മേളനത്തിലെ ഏതു തീരുമാനമാണ് കൊണ്ടോട്ടിക്കാരെ ന്യായീകരിച്ചത് എന്നു കൂടി വ്യക്തമാക്കേണ്ടതുണ്ട്. ശിയാ അനാചാരങ്ങള്‍ മാത്രമല്ല മറ്റു പലതും അതതു സമയങ്ങളില്‍ ഇടപെട്ട് തിരുത്തിയ പാരമ്പര്യമാണ് സുന്നികള്‍ക്കുള്ളത്. കൊണ്ടോട്ടി, മലപ്പുറം, പട്ടാമ്പി, പുതിയങ്ങാടി നേര്‍ച്ചകളൊക്കെ നിറം മങ്ങിയതും നാടു നീങ്ങിയതും ഒരു നവോഥാന പ്രസ്ഥാനക്കാരുടെയും ജിഹാദു കൊണ്ടല്ല എന്നത് ആര്‍ക്കാണറിയാത്തത്. മഹല്ല് തലങ്ങളില്‍ നടന്ന ശക്തമായ ബോധവല്‍ക്കരണമാണ് ചില കച്ചവട താല്‍പര്യക്കാരുടെ മതവിരുദ്ധ നീക്കങ്ങള്‍ക്ക് തടയിട്ടതെന്നു ചരിത്രം.
വിവിധ ത്വരീഖത്തുകള്‍ സൂഫീധാരയുടെ ഭാഗമാണ്. അവയിലെ കള്ളനാണയങ്ങളെ പ്രതിരോധിക്കാന്‍ മുസ്‌ലിം സംഘടനകള്‍ രംഗത്തുവന്നില്ല എന്നതാണ് മറ്റൊരു പരാതി. സമസ്ത കേരള ജംഇയത്തുല്‍ ഉലമയെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെങ്കില്‍ ഇത് വസ്തുതാ വിരുദ്ധമാണ്. സമസ്ത രൂപീകരണ കാലം മുതല്‍ ഇന്നു വരെ ശരീഅത്തു വിരുദ്ധ ത്വരീഖത്തുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. കൊരൂര്‍ ത്വരീഖത്ത്, നൂരിഷ ത്വരീഖത്ത്, ആലുവ ത്വരീഖത്ത് തുടങ്ങിയവ ഉദാഹരണം. ഇതിനു പുറമെ ആത്മീയ ചൂഷണം നടത്തിയ വ്യക്തികള്‍ക്കെതിരെ ഉലമാക്കള്‍ രംഗത്തിറങ്ങുകയും ആളുകളെ അത്തരക്കാരുടെ വഞ്ചനയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
വിവിധ സംഘടനകള്‍ വലിയ തോതില്‍ ശിയാ ആചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നുവെന്നു ഇവര്‍ തട്ടിവിടുന്നു. ഇത് അങ്ങനെ പറഞ്ഞു പോയതുകൊണ്ടായില്ല, ഏതെല്ലാം കാര്യങ്ങളിലാണ് എന്നു കൂടി വ്യക്തമാക്കണം. ശിയാക്കള്‍ ചെയ്യുന്നുവെന്നതു കൊണ്ട് മാത്രം ഒരാചാരം അനിസ്ലാമികമാവുന്നില്ല. ഈ ആരോപണത്തിനു പിന്നിലെ വഹാബി അജണ്ട തിരിച്ചറിയേണ്ടതുണ്ട്.
ഇറാന്‍ തെക്കേ ഇന്ത്യയില്‍ മലബാറിനെ ലക്ഷ്യമിട്ട് അവരുടെ ആശയ പ്രചാരണത്തിന് പദ്ധതിയിട്ടുണ്ട് എന്നതാണ് മറ്റൊരു വാദം. ഒരു ഭരണകൂടമെന്ന നിലയില്‍ ഇങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവരുടേതായ അജണ്ടകള്‍ ഉണ്ടാകാം. ഇത് സ്വാഭാവികമാണ്. എന്നാല്‍ മലബാറിനെ ലക്ഷ്യമാക്കി ഇറാന് പ്രത്യേക പദ്ധതിയുള്ളതായി ഔദ്യോഗികമായ ഏതെങ്കിലും രേഖയില്ലാതെ എങ്ങനെയാണ് ആരോപണം ഉന്നയിക്കുക.
തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന തന്റെ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്ന സുല്‍ത്താന്‍ ആദില്‍ ഷാ ശിയാ ആശയക്കാരനാണെന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന് അറിയില്ലായിരുന്നുവെന്ന വാദം അദ്ദേഹത്തെ മാത്രമല്ല ഒരു സമുദായത്തിന്റെ നവോഥാന പാരമ്പര്യത്തെ ഇകഴ്ത്തല്‍ കൂടിയാണ്.
സി. ഹംസ സാഹിബ് ശിയാ ബുദ്ധി ജീവിയാണ്. ഇദ്ദേഹമാണ് സുന്നികള്‍ക്ക് തന്ത്രം മെനഞ്ഞുകൊടുക്കുന്നത് എന്നും ആരോപണവും ഉയര്‍ന്നുവന്നിട്ടുണ്ട്. താന്‍ ശിയ ആണോ അല്ലെയോ എന്നു പറയാന്‍ ജീവിച്ചിരിക്കുന്ന ഹംസ സാഹിബിനോ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്കോ അവകാശമില്ല!. ‘ഞാന്‍ ആരാണെന്നു തീരുമാനിക്കാന്‍ അധികാരവും എനിക്കാണ്. ഞാന്‍ ആരാണെന്നു മറ്റൊരാള്‍ക്ക് അറിയില്ലെങ്കില്‍ അതെന്നോടുതന്നെ ചോദിക്കണം. അല്ലാതെ അവരുടെ മനസില്‍ തോന്നിയ നിരൂപണങ്ങള്‍ രേഖപ്പെടുത്തുകയല്ല വേണ്ടത്. ഞാന്‍ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ അഖീദയെ സമ്പൂര്‍ണമായി വിശ്വസിച്ച് ആദരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന, അഹ്‌ലു ബൈത്തിനെ അഗാധമായി സ്‌നേഹിക്കുന്ന ഒരാളാണ്.’ എന്നു ഹംസ സാഹിബ് പറഞ്ഞിട്ടുമുണ്ട്. ജീവിക്കുന്ന ഒരു വ്യക്തിക്കെതിരെ ആരോപണങ്ങളുയര്‍മ്പോള്‍ അദ്ദേഹത്തിനു പറയാനുള്ളതു കൂടി കേള്‍ക്കുകയെന്നത് സാമാന്യ മാന്യതയാണ്.
നഹ്ജുല്‍ ബലാഗ ഗവേഷണ വിഷയമാക്കിയതും ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഇറാനില്‍ പോയതുമെല്ലാം ശിയാ സ്വാധീനത്തിന്റെ തെളിവായി എഴുന്നള്ളിക്കുമ്പോള്‍ വസ്തുതയറിയുന്നവര്‍ ഈ ഗവേഷണങ്ങളുടെ പിന്നാമ്പുറ താല്‍പര്യങ്ങളെ സംശയിക്കുന്നുവെങ്കില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല.
എന്താണ് ഇപ്പോള്‍ ഇങ്ങനെ ഒരു ശിയാ വിരുദ്ധ മുന്നേറ്റത്തിന്റെ പ്രേരണയെന്ന് ആലോചിക്കുമ്പോള്‍ രണ്ടുത്തരമാണ് കിട്ടുന്നത്. ഒന്ന്, വഹാബിസം ഭീകരവാദത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെടുകയും മുസ്്‌ലിം ലോകത്ത് വിചാരണ ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും പ്രതിരോധിക്കാനും പിടിച്ചു നില്‍ക്കാനും ശിയാ ആരോപണം ആയുധമാക്കുകയാണ് ഒരു കൂട്ടര്‍. ലാഇലാഹ ഇല്ലല്ല-യില്‍ വിശ്വസിക്കുന്നവരെ കൊല്ലാനും കൊളള ചെയ്യാനും വഹാബിസം എന്നും പ്രയോഗിച്ചിട്ടുള്ള തക്ഫീറിന്റെ തത്വശാസ്ത്രം തന്നെയാണ് ഇവിടെയും അരങ്ങു തകര്‍ക്കുന്നത്.
സത്യത്തില്‍ ശിയാക്കള്‍ ചെയ്ത സര്‍വ്വ അപരാധവും പതിന്മടങ്ങ് ശക്തിയില്‍ പ്രയോഗിച്ചവരാണ് വഹാബികള്‍. സ്വഹാബത്തിന്റെ അപ്രമാദിത്വം ചോദ്യം ചെയ്യുക മാത്രമല്ല പ്രവാചകരുടെ വിശുദ്ധ വ്യക്തിത്വത്തെ പോലും സംശയത്തിന്റെ നിഴലില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട് വഹാബിസം. തങ്ങളെ എതിര്‍ക്കുന്നവരെയൊക്കെ ശിയാക്കളും മുശ്രിക്കുകളുമായി ചിത്രീകരിച്ച് മുസ്്‌ലിം ലോകത്ത് ധ്രുവീകരണം സൃഷ്ടിക്കുന്നതിനാണ് വഹാബി ശ്രമം.
രണ്ട്, ഇതോടൊപ്പം തന്നെ വ്യക്തമായ ചില സംഘടനാ രാഷ്ട്രീയ ലക്ഷ്യം കൂടി പ്രസ്തുത ശിയാ വിരുദ്ധ പോരാട്ടത്തിനുണ്ട്. കേരളത്തിലെ മുസ്്‌ലിംകളുടെ മത രാഷ്ട്രീയ നേതൃത്വം പ്രവാചക കുടുംബത്തിന്റെ നിയന്ത്രണത്തിലാണ് വളരെക്കാലമായി നിലകൊള്ളുന്നത്. മമ്പുറം തങ്ങള്‍ ശിയാക്കള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മഹാനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ കാലത്ത് മുസ്്‌ലിം സമൂഹം സ്വീകാര്യനായ നേതാവായി അദ്ദേഹത്തെ സ്വീകരിച്ചു. മരണാനന്തരവും ആ മഹത്വം തലമുറകളായി അംഗീകരിച്ചു പോരുന്നു.
നബി കുടുംബത്തോടുള്ള സ്‌നേഹം എന്ന അടിസ്ഥാന വിശ്വാസത്തെ കാപട്യമെന്നു ചിത്രീകരിക്കുന്നതിലൂടെ ചിലരുടെ ലക്ഷ്യം സമുദായത്തിന്റെ മത രാഷ്ട്രീയ ഐക്യം തകര്‍ക്കലാണ്. പ്രവാചകരുടെ സന്താന പരമ്പരക്ക് പ്രത്യേക പദവി നല്‍കേണ്ടതില്ലെന്ന് പറയാതെ പറയുന്നതിലൂടെ ഈ രാഷ്ട്രീയ ലക്ഷ്യമാണ് അവര്‍ക്കുള്ളത്. ഹുസൈന്‍(റ)വിനെ വിമര്‍ശിക്കാന്‍ യസീദിനെ ന്യായീകരിക്കുന്ന അപടകരമായ പ്രവണത പ്രോത്സാഹിക്കപ്പെടാന്‍ പാടില്ല. പ്രവാചക കുടുംബത്തോടുള്ള സ്നേഹം പ്രവാചക സ്നേഹത്തിന്റെ ഭാഗമാണെന്നത് അഹ്‌ലു
സുന്നയുടെ വിശ്വാസമാണ്. സുന്നികളുടെ പ്രവാചക സ്‌നേഹം കപടമല്ല; അഹ്‌ലു ബൈത്തിനോടുള്ള അവരുടെ ആദരവും സ്‌നേഹവും പാരമ്പര്യത്തില്‍ ഊന്നിയുള്ളതാണ്. അതിന്റെ ശക്തിയില്‍ തന്നെയാണ് കേരളത്തിലെ മുസ്‌ലിംകള്‍ രാഷ്ട്രീയമായും മതപരമായും ഒരു ഏക സമൂഹമായി നിലകൊള്ളുന്നതും. ഇത് ശരിയായ ഇസ്‌ലാമിക അടിത്തറയില്‍ രൂപപ്പെടുത്തിയെടുത്ത ആശയം തന്നെ. ഇതിനെ നിരാകരിക്കാന്‍ വിഘടനവാദികള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. തങ്ങന്‍മാരുടെ നേതൃത്വത്തെ അവമതിക്കാനുള്ള ശ്രമമാണ് ശിയാ ആരോപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ആദ്യം പരോക്ഷമായും പിന്നീട് പ്രത്യക്ഷമായും ഇത് പ്രകടിപ്പിച്ചുവെന്നു മാത്രം.
സമസ്തയടക്കമുള്ള പ്രസ്ഥാനങ്ങള്‍ ശിയ സ്വാധീനത്തില്‍ പെട്ടിരിക്കുന്നുവെന്ന പഴയ വഹാബി വീഞ്ഞ് പുതിയ കുപ്പിയില്‍ അവതരിപ്പിച്ച് മിശിഹ ചമയുന്നവരുടെ കൂട്ടത്തില്‍ കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളില്‍ നിന്നുള്ളവരുണ്ട്. വഹാബിസം മനസ്സില്‍ ഒളിപ്പിച്ച് വേഷവും സംസാരവും നന്നാക്കി തരാതരം കളവുകള്‍ പറഞ്ഞും പ്രചരിപ്പിച്ചുമാണ് ഇവരുടെ നീക്കങ്ങള്‍. തങ്ങള്‍ക്കിടയിലെ ആദര്‍ശപരമായ ഭിന്നതകള്‍ക്ക് അതീതമായി ശിയ വിരുദ്ധ മുന്നണിയില്‍ അണിനിരക്കാന്‍ ഇക്കൂട്ടര്‍ക്ക് എളുപ്പം സാധ്യമാവുന്നതിന്റെ രസതന്ത്രം അന്വേഷിക്കേണ്ടതുണ്ട്. പ്രസ്തുത ശിയ വിരുദ്ധ മുന്നണിയുടെ വെബ്‌സൈറ്റിലെ ഉള്ളടക്കം മിക്കവാറും കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ചുള്ളതാണെന്നു കാണാം എന്നിരിക്കെ പല ലേഖനങ്ങള്‍ക്കും അറബി ഭാഷയില്‍ ആമുഖക്കുറിപ്പ് ചേര്‍ത്തിരിക്കുന്നത് സംശയാസ്പദമാണ്.
വഹാബിസം മുസ്‌ലിം ലോകത്തിനു വരുത്തിവെച്ച നഷ്ടങ്ങള്‍ ഈ ‘ശിയ ചികിത്സ’ കൊണ്ടൊന്നും പരിഹരിക്കപ്പെടുന്നതല്ല. ഇസ്‌ലാമിന്റെ സര്‍ഗാത്മകതയും സൗന്ദര്യവും അനന്തമായ സാധ്യതകളും തകര്‍ത്തു കളഞ്ഞതിലൂടെ മുസ്‌ലിംകളെ ലോകത്തെ വേറിട്ടൊരു സമൂഹമാക്കി നിലനിര്‍ത്താനും മറ്റുള്ളവരില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും മാത്രമേ സഹായിച്ചുള്ളൂ. ഇത് ചെറുപ്പക്കാരില്‍ തീവ്ര ചിന്താഗതി ശക്തിപ്പെടുത്തുകയും അതിനനുകൂലമായ ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ഇതിന്റെ ഉപോല്‍പന്നങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. എല്ലാം പാരമ്പര്യത്തിന്റെ കണ്ണികളെ അറുത്തുമാറ്റാന്‍ ആഹ്വാനം ചെയ്യുന്ന പാന്‍ ഇസ്‌ലാമിക് പ്രസ്ഥാനങ്ങള്‍.
കേരള മുസ്്‌ലിംകള്‍ എക്കാലവും ആദര്‍ശങ്ങളില്‍ മധ്യമ നിലപാട് സ്വീകരിച്ചവരായിരുന്നു. ശാഫിഈ, അശ്്അരീ പാത പിന്തുടരുന്നതോടൊപ്പം പ്രവാചക കുടുംബത്തോടുള്ള സ്  കള്‍ ഉള്ളില്‍ സൂക്ഷിച്ച് അതിന്റെ പവിത്രത ഉള്‍കൊണ്ട് ജീവിക്കുന്നവരാണ്. അവരെ വഴി തെറ്റിക്കാന്‍ അത്രയെളുപ്പം സാധ്യമല്ലെന്ന് ഉണര്‍ത്തട്ടെ.

Post a Comment

Previous Post Next Post