- സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്
ചുരുക്കത്തില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് അലിഗഡ് മൂവ്‌മെന്റ്, ദേശീയ തലത്തില്‍ ചെലുത്തിയ സ്വാധീനത്തിലേറെ മതരംഗത്ത് മുസ്‌ലിം കേരളത്തെ ജാമിഅഃ സ്വാധീനിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ ജാമിഅഃ എന്ന് പറഞ്ഞാല്‍ ജാമിഅഃമില്ലിയ്യയെങ്കില്‍ കേരളത്തില്‍ ജാമിഅഃഎന്നുപറഞ്ഞാല്‍ ജാമിഅഃനൂരിയ്യഃഅറബിയ്യഃതന്നെയാണ്.
ജാമിഅ നൂരിയ്യ അഭിമാന സന്തതികള്‍:അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി,ഡോ.ബഹാഉദ്ദീന്‍ നദ്‌വി,പ്രഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍,സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ |
അനന്തമായ കാലപ്രവാഹത്തിനിടയില്‍ ചരിത്ര ത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന രംഗ മുഹൂര്‍ത്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. അവയില്‍ ചിലത് നവോത്ഥാനത്തിന്റെ സൂര്യശോഭ പകര്‍ന്ന് നൂറ്റാണ്ടുകളോളം ജനപഥങ്ങള്‍ക്ക് നേരിന്റെ ദിശാബോധം നല്‍കുന്നു. കേരളമുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അത്തരമൊരു ചരിത്രത്തിന്റെ നാഴികക്കല്ലും നവോത്ഥാനത്തിന്റെ പ്രഭവ കേന്ദ്രവുമായിരുന്നു പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക് കോളജ്.
ഹിജ്‌റ 1382 റമസാന്‍ 8ന് (1963 ഫെബ്രുവരി) അക്കാലത്തെ ഏറ്റവും വലിയ സൂഫീ പണ്ഡിതനും സയ്യിദുമായിരുന്ന കോഴിക്കോട് കോയവീട്ടില്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ തറക്കല്ലിടുകയും 1382 ശവ്വാല്‍ 22ന് (1963 മാര്‍ച്ച് 18) ലോകോത്തര ഇസ്‌ലാമിക പണ്ഡിതന്‍ ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്ത ജാമിഅഃ സേവന വീഥിയില്‍ അമ്പതാണ്ട് പിന്നിട്ടിരിക്കുകയാണ്.
ദേശാന്തര പ്രശസ്തി നേടിയ ജാമിഅഃ നൂരിയ്യഃ ഒരു മതകലാലയം എന്നതിനേക്കാളുപരി കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ നവോത്ഥാന പാതയിലെ അതിനിര്‍ണ്ണായകമായൊരു നാഴികകല്ലായിരുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ മുസ്‌ലിം കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും വലിയ ചാലക ശക്തികളിലൊന്ന് ഈ വിദ്യാഭ്യാസ നവോത്ഥാന സ്ഥാപനമാണ്.
കഴിഞ്ഞ 55 വര്‍ഷത്തിനകം കേരളത്തിലുണ്ടായ പള്ളികള്‍, സംസ്ഥാനത്ത് പ്രചുര പ്രചാരം നേടിയ മദ്രസ്സാ പ്രസ്ഥാനം, അനാഥ അഗതി കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍ തുടങ്ങിയ സമുദായം നേടിയ പുരോഗതികളിലെല്ലാം ജാമിഅഃയുടെ മുദ്രചാര്‍ത്താന്‍ സന്തതികളിലൂടെയും നേതാക്കളിലൂടെയും ജാമിഅഃക്ക് സാധിച്ചിട്ടുണ്ട്. സുന്നത്ത് ജമാഅത്തിന്റെ ആശയ പ്രചാരണ രംഗത്ത് നാം കാണുന്ന പ്രഭാഷകര്‍, എഴുത്തുകാര്‍, സംഘാടകര്‍ തുടങ്ങിയവരില്‍ ഫൈസിമാരോ അവരുടെ ശിഷ്യന്‍മാരോ അല്ലാത്തവര്‍ വളരെ വിരളമാണ്. ചുരുക്കത്തില്‍ ഭൗതിക വിദ്യാഭ്യാസ രംഗത്ത് അലിഗഡ് മൂവ്‌മെന്റ്, ദേശീയ തലത്തില്‍ ചെലുത്തിയ സ്വാധീനത്തിലേറെ മതരംഗത്ത് മുസ്‌ലിം കേരളത്തെ ജാമിഅഃ സ്വാധീനിച്ചിട്ടുണ്ട്.ഡല്‍ഹിയില്‍ ജാമിഅഃ എന്ന് പറഞ്ഞാല്‍ ജാമിഅഃമില്ലിയ്യയെങ്കില്‍ കേരളത്തില്‍ ജാമിഅഃഎന്നുപറഞ്ഞാല്‍ ജാമിഅഃനൂരിയ്യഃഅറബിയ്യഃതന്നെയാണ്.
വിശുദ്ധ പ്രവാചകരുടെ കാലം തൊട്ട് തന്നെ ഇസ്‌ലാമിക സാന്നിധ്യം കൊണ്ടനുഗൃഹീതമായ കേരളം മത വിജ്ഞാന പ്രചാരണ രംഗത്തും ഏറെ മുന്നേറിയിരുന്നു. പ്രവാചക നൂറ്റാണ്ടില്‍ തന്നെ സ്ഥാപിതമായ പള്ളികളും തുടര്‍ന്ന് സ്ഥാപിതമായ പള്ളി ദര്‍സുകളും ഈ നാടിന്റെ സുകൃതമായിരുന്നു. അഞ്ച് നൂറ്റാണ്ടു മുമ്പ് മഖ്ദൂമുമാര്‍ പൊന്നാനിയിലെത്തിയതോടെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ അന്തര്‍ദേശീയ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ മക്കയെന്ന് ജനം പൊന്നാനിയെ വിളിച്ചു. ഇന്ത്യന്‍ പ്രദേശങ്ങള്‍ക്ക് പുറമേ പല ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നും മതപഠനത്തിന് വിദ്യാര്‍ത്ഥികള്‍ പൊന്നാനിയിലെത്തി. അറബ് ലോകത്ത് നിന്ന് വിശിഷ്യ യമനിലെ ഹളര്‍മൗത്തില്‍ നിന്ന് സയ്യിദ് കുടുംബങ്ങളും പണ്ഡിത കുടുംബങ്ങളും തുടരേ കേരളത്തിലെത്തിയതോടെ ഈ നാട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സഹസ്രാബ്ദങ്ങളുടെ അറബ്-കേരള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടു.
പാശ്ചാത്യ അധിനിവേശങ്ങള്‍ ഇവയെല്ലാം തകര്‍ത്തു. പൊന്നാനിയുടെ യശസ്സ് മങ്ങി. കേരളത്തിലെ മത പണ്ഡിതന്മാര്‍ക്ക് പോലും ഉന്നത മതപഠനത്തിന് വിദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വന്നു. 1921ലെ ഖിലാഫത്ത് പ്രക്ഷോഭം മലബാറിലെ മുസ്‌ലിംകളെ കൂടുതല്‍ പിറകിലാക്കി. ഇസ്‌ലാമിക ഉന്നത പഠനത്തിന് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തിനെയോ ഉത്തര്‍പ്രദേശിലെ ദയൂബന്ത് ദാറുല്‍ ഉലൂമിനെയോ ആശ്രയിക്കേണ്ടി വന്ന കേരളത്തിലെ മിക്ക പണ്ഡിതന്മാര്‍ക്കും ഉപരിപഠനം ഒരു മരീചികയായി അവശേഷിച്ചു. കടുത്ത കാലാവസ്ഥയും യാത്രാക്ലേശങ്ങളും അതിലേറെ ക്ഷയിച്ച സാമ്പത്തിക സ്ഥിതിയും കാരണം വളരെ ചെറിയൊരു വിഭാഗത്തിന് മാത്രമാണ് മത ബിരുദം നേടാന്‍ സാധ്യമായത്.
മത വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള പണ്ഡിത നിരയുടെ അഭാവം സമുദായത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഗുരുതരമായ വിപത്തുകളെകുറിച്ച് മുസ്‌ലിം കേരളത്തിന്റെ അഭിവന്ദ്യനായ നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ദീര്‍ഘമായി ചിന്തിച്ചു. വിഷയം സമസ്തയുടെ ആദരണീയ പണ്ഡിതന്മാര്‍ മുമ്പാകെ സമര്‍പ്പിച്ചു. സമസ്ത കേരളത്തില്‍ തന്നെ മികച്ചൊരു മതകലാലയം പണിയാന്‍ തീരുമാനിച്ചു. കൊടുവായക്കല്‍ ബാപ്പു ഹാജിയുടെയും മറ്റു പൗര പ്രമുഖരുടെയും സഹായ ഹസ്തങ്ങള്‍ ഈ പദ്ധതിയുടെ വേഗത വര്‍ദ്ധിപ്പിച്ചു. ജാമിഅഃ നൂരിയ്യഃ എന്ന ഈ ജ്ഞാന ഗോപുരത്തെ മനസ്സാ വാചാ കര്‍മ്മണാ സമുദായം ഏറ്റെടുത്തു.
സമുദായത്തിന്റെ എക്കാലത്തെയും ഉന്നത ശീര്‍ഷരായ നേതാക്കളും പണ്ഡിതന്മാരുമാണ് ജാമിഅഃ നൂരിയ്യക്ക് നേതൃത്വം നല്‍കിയിട്ടുള്ളത്. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, എന്റെ വന്ദ്യ പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, പി.വി.എസ്. മുസ്തഫ പൂക്കോയ തങ്ങള്‍,ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍,കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍,ഹാജി കെ. മമ്മദ് ഫൈസി തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്.
ഈ വര്‍ഷം സനദ് നല്‍കപ്പെടുന്ന 204 പണ്ഡിതരടക്കം 6734 ഫൈസിമാരാണ് ഇതിനകം പഠനം പൂര്‍ത്തിയാക്കി ഫൈസി ബിരുദം നേടിയിട്ടുള്ളത്.മുസ്‌ലിം സമുദായത്തിന്റെ മുന്നണിപ്പോരാളികളാണിവര്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തന രംഗത്ത് സേവനം ചെയ്തു വരുന്ന മാനവ മൈത്രിയുടെ പ്രചാരകരായ ഫൈസിമാര്‍ക്ക് രാജ്യത്തിന്റെ അഖണ്ഡതക്കും ദേശീയോദ്ഗ്രഥനത്തിനും മികച്ച സംഭാവനകളര്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒട്ടേറെ അത്യുന്നത വ്യക്തിത്വങ്ങളെ സമുദായത്തിന് സമര്‍പ്പിക്കാന്‍ ജാമിഅഃ നൂരിയ്യഃക്ക് സാധിച്ചു. സമുദായ നവോത്ഥാന രംഗത്ത് അനിഷേധ്യമായ സംഭാവനകളര്‍പ്പിച്ച മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സംസ്ഥാന മുസ്‌ലിംലീഗ് അദ്ധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും ജാമിഅഃ നൂരിയ്യഃ പ്രസിഡണ്ടുമായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പലും സമസ്ത: സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറിയായിരുന്ന ടി.എം. ബാപ്പു മുസ്‌ലിയാര്‍,പ്രസിഡണ്ടായിരുന്ന എ.പി. മുഹമ്മദ് മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ ഫൈസി നദ്‌വി,വാഫി സി.ഐ.സി കോര്‍ഡിനേറ്റര്‍ ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടേയും ഉന്നത ഇസ്‌ലാമിക കലാലയങ്ങളുടേയും നേതൃത്വപദവി അലങ്കരിക്കുന്ന ധാരാളം വിശിഷ്ട വ്യക്തിത്വങ്ങള്‍ ജാമിഅഃയുടെ സന്തതികളായുണ്ട്. കേരളത്തിലെ ബഹുഭൂരിഭാഗം ഇസ്‌ലാമിക സ്ഥാപനങ്ങളും ജാമിഅഃയുമായി ബന്ധപ്പെട്ടതാണ്.
Post a Comment