മാപ്പിള കാവ്യശാഖയെ മലയാളികള്‍ക്കിടയില്‍ ജനകീയമാക്കിയ മഹാപ്രതിഭയാണ് മഹാനായ മോയന്‍കുട്ടി വൈദ്യര്‍. കൊല്ലവര്‍ഷം 1027ല്‍ കൊണ്ടോട്ടിയില്‍ സമ്പന്നമായ ഒട്ടുപാറയില്‍ ആലുങ്ങല്‍ കണ്ടി തറവാട്ടില്‍ ജനിച്ചു. തന്റെ പിതാവ് ഉണ്ണിമമ്മദ് വൈദ്യര്‍ അറിയപ്പെട്ട മാപ്പിള കവിയുംവിദഗ്ധനായ വൈദ്യനുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസാനന്തരം മുസ്ലിയാരകത്ത് കുഞ്ഞമ്മദ് കുട്ടിമുസ്ലിയാരുടെ കീഴില്‍ അറബിഭാഷയും മതപഠനവും പൂര്‍ത്തിയാക്കി. നാട്ടാശാന്മാരില്‍ നിന്നും സംസ്‌കൃതം, തമിഴ് ഭാഷകളിലും പ്രാവീണ്യം നേടി.
പിതാവിനെപ്പോലെ കൈമിടുക്കുള്ള വൈദ്യനായി അദ്ദേഹം മാറി. പാരമ്പര്യം കൈവിടാതെ മാപ്പിളപ്പാട്ടിനെയും കൂടെക്കൂട്ടി. മാപ്പിളക്കാവ്യ ശാഖയില്‍ പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയായിരുന്നു അദ്ദഹം. ഇന്ന് മാപ്പിളപ്പാട്ടിനോട് ചേര്‍ത്ത് വായിക്കപ്പെടുന്ന നാമമായി മോയിന്‍കുട്ടി വൈദ്യര്‍ മാറിക്കഴിഞ്ഞു. 41 വര്‍ഷം മാത്രം തിളങ്ങിനിന്ന ആ മഹാന്‍ ഇപ്പോഴും ഏവര്‍ക്കും സുപരിചിതനാണ്.
ബാല്യകാലത്ത് തന്നെ മാപ്പിളപ്പാട്ടുകള്‍ എഴുതാന്‍ തുടങ്ങി. 20ാം വയസ്സിലാണ് 'ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍' എന്ന മാപ്പിള സാഹിത്യത്തിലെ ആദ്യ പ്രണയകാവ്യം രചിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ പ്രചാരത്തിലുണ്ടായിരുന്ന കഥ സമകാലിക പണ്ഡിതനായിരുന്ന ശൈഖ് നിസാമുദ്ദീന്‍ വൈദ്യര്‍ക്ക് പരിഭാഷപ്പെടുത്തിക്കൊടുക്കുകയായിരുന്നു.  ഈ കൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് രചനകളെല്ലാം ആത്മീയ മേഖലയിലേക്ക് തിരിക്കുന്നതാണ് നമുക്ക് കാണാനാവുന്നത്.
മോയിന്‍കുട്ടി വൈദ്യരുടെ മറ്റൊരു പ്രധാന കൃതിയാണ് 'ബദറുല്‍ കുബ്‌റ' കൊല്ലവര്‍ഷം 1051ല്‍ തന്റെ 24ാം വയസ്സിലാണ് ഇത് രചിക്കുന്നത്. ഇസ്ലാമിക ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയ ബദ്ര്‍ യുദ്ധത്തിന്റെ ആവിഷ്‌കരണമാണ് അദ്ദേഹം ഇതിലൂടെ നടത്തിയത്. ഇന്നും ബദര്‍പടപ്പാട്ട് മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.
തന്റെ 27ാം വയസ്സിലാണ് 'ഉഹ്ദ് പട' എന്ന മഹാകാവ്യം രചിക്കുന്നത്. കൊല്ലവര്‍ഷം 1054 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഇത് ഹിജ്‌റ മൂന്നാം വര്‍ഷം നടന്ന ഉഹ്ദ് യുദ്ധത്തെ ആസ്പദിച്ചുള്ളതാണ്. ഇതിനുള്ള ചരിത്രം അറബി ഗ്രന്ഥങ്ങളില്‍ നിന്നും ശേഖരിച്ചു നല്‍കിയത് കോഴിക്കോട് ഖാസിയായിരുന്ന അബൂബക്കര്‍ കുഞ്ഞി അവര്‍കളായിരുന്നു.
മലപ്പുറം പടപ്പാട്ട്, ഏറനാട്ടില്‍ നടന്ന വീരോചിതമായ ജന്മികുടിയാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ളതാണ്. താന്‍ ഇടപെടുന്ന മേഖലകളെല്ലാം മാപ്പിളകാവ്യമായി അവതരിപ്പിക്കുന്നത് പതിവായിരുന്നു. കവിതകള്‍ക്കൊണ്ടായിരുന്നു അദ്ദേഹം പലപ്പോഴും സംസാരിച്ചിരുന്നത്. സലീഖത്ത്, വെറ്റിലപ്പാട്ട്, ഒട്ടകത്തിന്റെയും മാനിന്റെയും കഥ, ആദിപുരാണം, തീവണ്ടിച്ചീന്ത്, തീവണ്ടി ബൈത്ത്, കളിക്കാരത്തിയുടെ പാട്ട്, കിഴവിപ്പാട്ട് തുടങ്ങിയ ഖണ്ഡകാവ്യങ്ങള്‍ക്ക് പുറമെ കല്ല്യാണപ്പാട്ടുകളും എഴുതി. ഓട്ടം തുള്ളല്‍ രീതിയില്‍ 'എലിപ്പട' എന്ന കാവ്യം എഴുതി.
വിനോദെങ്ങളെക്കാള്‍ കൂടുതല്‍ അദ്ധ്യാത്മക രചനകള്‍ക്കാണ് അദ്ദേഹം പ്രാമുഖ്യം നല്കിയത്. ജീവിതത്തന്റെ അവസാന കാലങ്ങളില്‍ ഭക്തികാവ്യങ്ങള്‍ മാത്രമാണ് രചിച്ചത്. ഹിജ്‌റ എന്ന പേരില്‍ കൊല്ലവര്‍ഷം 1066ല്‍ തന്റെ 39ാം  വയസ്സില്‍ ചരിത്രകാവ്യം തുടങ്ങിവച്ചിരുന്നു. ഇത് പൂര്‍ത്തിയാക്കുന്നതിനിടയില്‍ പെട്ടെന്ന് രോഗബാധിതനാവുകയും കൊല്ലവര്‍ഷം 1067 ചിങ്ങം 8ന് വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയും ചെയ്ത. ഉമര്‍ (റ)ന്റെ ഇസ്ലാം ആശ്ലേഷം വരെ അദ്ദേഹം എഴുതിയിരുന്നു. മരണ ശേഷം പിതാവ് മുന്‍കൈ എടുത്ത് പുസ്തകം പുറത്തിറക്കി.

Post a Comment

Previous Post Next Post