• കെ.അബൂബക്കര്‍ മാസ്റ്റര്‍

 '' വ്യക്തിത്വമുള്ളതും പൊതുഭാഷാ ധാരയില്‍ മുങ്ങിപൊങ്ങാന്‍ ഇഷ്ടപ്പെടാത്തതുമായ ഒരു മത ന്യൂനപക്ഷത്തിന്റെ ആത്മാവിഷ്‌കാരത്തിനുതകുന്ന ഒരു ഭാഷയെന്ന നിലക്കാണ് അറബി മലയാളം ചരിത്ര ഗതിയില്‍ രൂപപ്പെട്ടിട്ടുള്ളതെന്ന്'' ഡോ. കെ.എന്‍ എഴുത്തച്ഛന്‍ നിരീക്ഷിച്ചിട്ടുണ്ട്. സുറിയാനി കൃസ്ത്യാനികള്‍ മലങ്കര എന്നും അറബിമലയാളികള്‍ മലബാര്‍ എന്നും വിളിക്കുന്ന, കേരളത്തിലെ മുസ്ലിംകളാണ്  ''വ്യക്തിത്വമുള്ളതും പൊതുഭാഷാ ധാരയില്‍ മുങ്ങിപൊങ്ങാന്‍ ഇഷ്ടപ്പെടാത്തതുമായ മതന്യൂനപക്ഷംക്ഷം. അവരുടെ ആത്മാവിഷ്‌കാരത്തിന്റെ ഭാഷയായിരുന്നു അറബി മലയാളം. 
തിരുവിതാംകൂറും തിരുകൊച്ചിയും കഴിച്ചുള്ള പ്രദേശത്തെയല്ല അറബികള്‍  'മലബാര്‍' എന്ന് വിളിച്ചത് കേരളത്തെ മുഴുവനുമാണ്. പക്ഷേ, പൊന്നാനി മുതല്‍ കാസര്‍ഗോഡ് വരെയുള്ള പ്രദേശങ്ങളാണ് അറബിമലയാളത്തിന്റെ വിളനിലമായിരുന്നത്. കൊടുങ്ങല്ലൂര്‍, ആലുവ, കൊച്ചി തുടങ്ങി ആലപ്പുഴ വരെയുള്ള ജനസാമാന്യം അറബിമലയാളത്തിന്റെ സ്വാധീനത്തിന് വിധേയരായിരുന്നു. 
അറബി മലയാളം എന്ന് കേള്‍ക്കുന്നത് പോലും അഹിതകരമായി തോന്നുന്ന ഒരു മാനസികാവസ്ഥയാണ് ഇപ്പോഴുള്ളത്. എന്നാല്‍, ഒരു സഹസ്രാബ്ദകാലം മുഴുവന്‍ കേരളമുസ്ലിംകളുടെയും ആത്മാവിഷ്‌കാരം സാധിച്ച ഒരു ഭാഷയാണത്. തങ്ങളുടെ ഭക്തിയും പ്രേമവും ഭീതിയും അമര്‍ഷവും ശോകവുമെല്ലാം യഥാവിധം ആവിഷ്‌കരിക്കാന്‍ ഈ ഭാഷക്ക് കഴിഞ്ഞിട്ടുണ്ട്. 
ഇസ്ലാമും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ സന്തതിയാണ് അറബി മലയാളം. അറബികള്‍ ഇസ്ലാമിന് മുമ്പ് തന്നെ കേരളവുമായി വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി പറയപ്പെടുന്നു. ചില തെളിവുകളും ഉന്നയിക്കപ്പെടുന്നുണ്ട്. എങ്കിലും അറബി മലയാളത്തിന്റെ പിറവിക്ക് ഹേതുവായിത്തീരുമാറ് ഉണ്ടായിരുന്നില്ല. നബി തങ്ങളുടെ കാലത്തു തന്നെ ഇസ്ലാം കേരളത്തില്‍ പ്രചരിച്ചതായി വശ്വസിക്കുന്ന ചരിത്രകാരന്മാരുണ്ട്. ക്രിസ്തു വര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ ഇസ്ലാം ഇവിടെ ഉണ്ടായിരുന്നതിന് ചരിത്രം സാക്ഷിനില്‍ക്കുന്നുണ്ട്. അത്രയെങ്കിലും പഴക്കം അറബി മലയാളത്തിനും കല്‍പ്പിക്കാവുന്നതാണ്. അറബികളുമായുണ്ടായ സാംസ്‌കാരിക വാണിജ്യ വൈവാഹിക ബന്ധങ്ങളിലൂടെ അറബി മലയാളം രൂപപ്പെടുകയും ശക്തി പ്രാപിക്കുകയും ചെയ്തു. 
അറേബ്യന്‍ ഉപദ്വീപിന്റെ വടക്കുഭാഗത്ത് രൂപപ്പെട്ട അറബി ഭാഷ സെമിറ്റിക് ഭാഷാ ഗോത്രത്തിലെ പ്രമുഖ ഭാഷയാണ്. ഹിബ്രൂ, ഹിംയറത്ത്, സിറിയന്‍, അറ്മായ, എത്യോപ്യന്‍, ഫിനീഷ്യന്‍, അക്കേദിയന്‍ ഭാഷകളാണ് ഈ ഗോത്രത്തിലെ മറ്റു ഭാഷകള്‍. കൂഫി, നസ്ഖി എന്നിങ്ങനെ രണ്ടിനം ലിപികളില്‍ അറബി എഴുതുന്നുണ്ട്. രണ്ടും അറ്മായ്ക് ഇനത്തില്‍പ്പെട്ട ' നബാത്തിയന്‍' ലിപിയില്‍ നിന്നുണ്ടായവയാണ്. കൂഫി ലിപി കൂഫയില്‍ രൂപപ്പെട്ടതാണ്. ഏകദേശം ചതരാകൃതിയിലുള്ളത് ഇത് അലങ്കാര ലിഖിതങ്ങള്‍ക്കുമാത്രമെ ഇപ്പോള്‍ ഉപയോഗിക്കാറുള്ളൂ. 'നസ്ഖി' യാണ് സാധാരണ ഗ്രന്ഥങ്ങളില്‍ കാണുന്നത്. അതില്‍ നിന്ന് അല്‍പം വ്യത്യാസമുള്ള കേരള വടിവ് ' മലബാറി' എന്ന് അറിയപ്പെടുന്നു. ഇതാണ് അറബി മലയാളം എഴുതാനുപയോഗിക്കുന്ന ലിപി. 
റോമന്‍ ലിപി കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് 'നസ്‌കി' ലിപിയാണ്. ആ ലിപിയാണ് അറബി മലയാളം ലിപിക്കും ആധാരം.  ഇവ വലത്തുനിന്ന് ഇടത്തോട്ട് ചേര്‍ത്തെഴുതുന്ന രീതിയാണ് നിലവിലുള്ളത്.  ബ്ധ ബ്ദ ച്ഛ ഹ്മ കു എന്നിവ ശേഷം വരുന്ന അക്ഷരങ്ങളോടും ചേരുകയില്ല. സ്വരചിഹ്നങ്ങള്‍ താഴേയും മുകളിലുമായി ചേര്‍ക്കുന്നു.
അറബിയില്‍ ഇരുപത്തിയെട്ട് വര്‍ണ്ണങ്ങളാണുള്ളത്. എന്നാല്‍ അവ എഴുതിക്കാണിക്കാന്‍ ഇരുപത് രേഖകളെ ഉപയോഗിക്കുന്നുള്ളൂ. ഇവയില്‍ ചിലതിന് മുകളിലോ താഴെയോ ആയി ഒന്നോ, രണ്ടോ, മൂന്നോ ബിന്ദുക്കള്‍ ചേര്‍ത്ത് ഭിന്ന വര്‍ണ്ണങ്ങള്‍ എഴുതിക്കാണിക്കുന്നു.  ഇതാണ് നസ്ഖിയിലെ രീതി.  ഈ രീതി അല്‍പം വിപുലപ്പെടുത്തിയാല്‍ ഏതു ഭാഷക്കും നസ്ഖി രീതിയില്‍ ലിപിയുണ്ടാക്കാന്‍ കഴിയും. പേര്‍ഷ്യന്‍, ഉറുദു, പഞ്ചാബി, സിന്ധി, കശ്മീരി, മലായി ഭാഷകളുടെ ലിപികള്‍ ഇങ്ങനെ സംവിധാനിച്ചവയാണ്. അറബി മലയാളത്തിന്റെയും ഹി: 60ാം ആണ്ടില്‍ ഭരണതലവനായിരുന്ന ഹജ്ജാജ്ബ്‌നു യൂസുഫ് ആണത്രേ ഈ സങ്കേതം നടപ്പില്‍ വരുത്തിയത്.
മരുഭൂമിയില്‍ അലഞ്ഞ് നടന്നിരുന്ന  ഗോത്രവരഗക്കാരുടെ ഭാഷയായിരുന്നു അറബി. മരഭൂമിയുടെ സംസ്‌കാരമായിരുന്നു ആ ഭാഷയുടെ ആത്മാവ്.  അലച്ചിലിന്റെ വൈരസ്യമകറ്റാന്‍ ആദിമ അറബികള്‍ ആടിയും പാടിയും പറഞ്ഞും നടന്ന പാട്ടുകളും കഥകളുമാണ് പ്രാചീന രചനകള്‍.  ജാഹിലിയ്യാ കാലത്ത് കവികള്‍ക്കും, കവിതകള്‍ക്കും സമൂഹത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. 'ഗീതക' ത്തിന്റെ സ്വഭാവ വിശേഷണങ്ങള്‍ കാണിക്കുന്ന 'ഖസ്വീദ'കളായിരുന്നു  പ്രധാനം. വിരഹാര്‍ത്തനായ കാമുകന്റെ വ്യാകുലതകളെ കാല്‍പ്പനികമായി വര്‍ണ്ണിക്കുന്ന പ്രണയഗീതങ്ങളായിരുന്നു ഇവ. 

ഖുര്‍ആന്‍ അവതരിച്ചതോടു കൂടി അറബി ഭാഷയുടെ ആത്മാവ് ഇസ്ലാമിക സംസ്‌കാരമായിത്തീര്‍ന്നു. പഴയകാല ബദുവിയന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു ഖുര്‍ആന്‍ അവതരിപ്പിച്ച  ആശയങ്ങളും വസ്തുതകളും. അറബികളുടെ ആത്മീയവും, ഭൗതികവും, വൈകാരീകവും, പൈശാചികവുമായ പ്രവണതകളെല്ലാം അതിനനുസരിച്ച് തുടച്ചുവാര്‍ക്കപ്പെട്ടു.  ഇതിനിടയില്‍ അറബി ഭാഷാ പദങ്ങള്‍ പഴയകാല അര്‍ഥങ്ങളും ധ്വനികളുമെല്ലാം പൊഴിച്ചുകളയുകയും ഇസ്ലാമിക പരികല്‍പ്പനക്കനുസൃതമായി അര്‍ത്ഥങ്ങളും ധ്വനികളും സ്വീകരിക്കുകയുമുണ്ടായി. അറബി പദങ്ങളുടെ രൂഢമായ അര്‍ത്ഥധ്വനികള്‍ അവയാണ്. 
പ്രബോധന പ്രവര്‍ത്തനം ബാധ്യതയായി ഏറ്റെടുത്തവരാണ് മുസ്ലിംകള്‍. പുതുസംസ്‌കൃതിയുടെ പ്രബോധനവുമായി അവര്‍ ദേശങ്ങള്‍ താണ്ടി ഏതെങ്കിലും തരത്തിലുള്ള മതവിഭാനവകളെ താലോലിക്കുന്ന ജനതകളോടായിരുന്നു അവര്‍ക്ക്‌സംവദിക്കേണ്ടിയിരുന്നത്. സംബോധിതരാകട്ടെ തങ്ങള്‍ ആത്മാവില്‍ പ്രതിഷ്ഠിച്ചിരുന്ന പരമ്പരാഗത വിശ്വാസങ്ങളുടെ പരികല്‍പ്പനകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഭാഷകളില്‍ വ്യവഹരിക്കുന്നവരായിരുന്നു. അവര്‍ക്കുമുന്നില്‍ തങ്ങളുടെ വ്യതിരക്തമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിന് അറബി സംജ്ഞകള്‍ തന്നെ ഉപയോഗിക്കാന്‍ മുസ്ലിംകള്‍ നിര്‍ബന്ധിതരായി. ഖുര്‍ആനെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് ഒരു ദിവസം പോലും ഇസ്ലാം മതവിശ്വാസിക്ക് തള്ളിനീക്കാനാവുകയുമില്ലല്ലോ. അറബി പദങ്ങളിലെ വര്‍ണ്ണങ്ങളെ പ്രതിനിധീകരിക്കാന്‍ അന്യഭാഷാ ലിപികള്‍ സമര്‍ഥവുമല്ല. ഈ വക കാരണങ്ങളാല്‍ അറബി ഭാഷാ ലിപികള്‍ കൂടി അന്യഭാഷാ ദേശങ്ങളിലേക്ക് കൂടെ കൊണ്ടുപോകാന്‍ പ്രബോധക സംഘങ്ങള്‍ നിര്‍ബന്ധിതരായി.
മുസ്ലിംകള്‍ കടന്നുചെന്ന അറബി നാടുകളിലെല്ലാം ഈ പ്രതിഭാസം കാണാം. ചിലേടത്ത് അറബിയുടെ സാംസ്‌കാരികവും ഭാഷാപരവുമായ സമ്മര്‍ദ്ധത്താല്‍ സ്വന്തം ലിപി പോലും ഉപേക്ഷിച്ചതായി കാണാം. പേര്‍ഷ്യന്‍ ഭാഷ നോക്കുക. ഹി: എണ്‍പതാം വര്‍ഷത്തിലാണ് ആ ഭാഷ അറബി ലിപിയില്‍ എഴുതി തുടങ്ങിയത്. അതുവരെ പഹ്‌ലി ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്. പേര്ഷയ്ക്കാര്‍ അഗ്നിയാരാധനയും പഹ്‌ലി ലിപിയും ഏതാണ്ട് ഒന്നിച്ചാണ് ഉപേക്ഷിച്ചത്. സ്വന്തമായി ലിപിയില്ലാതിരുന്ന ഒരു ഭാഷയായിരുന്നു തുര്‍ക്കി, അതിന് അറബി ഭാഷാ സ്വന്തം ലിപി സമ്മാനിക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്ഥഫാ കമാല്‍ പാഷാ ലാറ്റിന്‍ ഭാഷ കുടിയിരുത്തുന്നതു വരെ ആ രീതി തുടര്‍ന്നിരുന്നു.  ആഫ്രിക്കയിലെ ചില ഭാഷകളും മലയന്‍ ഭാഷയും ഇങ്ങനെ അറബിവത്കരിക്കപ്പെട്ടവയാണ്. മാലി ഭാഷക്കും അറബി ലിപിയാണുള്ളത്. ചേര്‍ത്തെഴുതാത്ത മട്ടിലായിരുന്നെന്നു മാത്രം. 
പരമ്പരാഗത ലിപി നിലനിര്‍ത്തിയപ്പോള്‍ തന്നെ മുസ്ലിംകള്‍ അറബി ലിപിയുപയോഗിച്ച് സജീവമായി സമാന്തരഭാഷാ ധാര സൃഷ്ടിച്ച അനുഭവവുംഉണ്ട്. പരമ്പരാഗത ലിപി ഉപയോഗിക്കുന്നത് അമുസ്ലിം ജനവിഭാഗങ്ങളാണ്. സിന്ധി, പഞ്ചാബി തുടങ്ങിയ ദേവനാഗരി ലിപിയിലും അറബി ലിപിയിലും എഴുതപ്പെടുന്നു. ഹിന്ദി, ഉറുദു ഭാഷകളുടെ ലിപിയും സംസ്‌കാരങ്ങളും തമ്മിലുള്ള അടുപ്പവും അകല്‍ച്ചയും ശ്രദ്ധാര്‍ഹമാണ്. 
കാലന്തരത്തില്‍ സ്വാധീനം കുറഞ്ഞുപോകയാല്‍ ഒരു സ്വതന്ത്രഭാഷയായി വികസിക്കനോ, സമാന്തരഭാഷാ ധാരയായി നിലനില്‍ക്കാനോ കഴിയാതെ ദുര്‍ബലമായി പോയവയും കുറെയുണ്ട്. ഇന്ത്യയില്‍ തന്നെ ഗുജറാത്തി, മറാഠി, തമിഴ്, തെലുങ്ക് തുടങ്ങിയവയില്‍ അറബി മലയാളം രീതി എഴുതിയും അച്ചടിച്ചും പ്രചരിപ്പിച്ചു വിന്നിരുന്നു. കാലന്തരത്തില്‍ അവ ദുര്‍ബലമായി പോവുകയാണുണ്ടായത്. 
ക്രിസ്തുവര്‍ഷം ഒമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഇസ്ലാം പ്രചരിച്ചിരുന്നു എന്ന വസ്തുത അനിഷേധ്യമാണല്ലോ. അത്രയും കാലത്തെ പഴക്കം അറബി മലയാളത്തിനും കല്‍പിക്കാം. പഴം തമിഴില്‍നിന്നും സംസ്‌കൃതത്തില്‍ നിന്നും വ്യതിരക്തമായി മലയാളം രൂപപ്പെട്ടതിന് മുമ്പാണ് 'അറബി മലയാളം' രൂപപ്പെടുന്നത്. സംസ്‌കൃത പ്രഭാവം ശക്തമായിരുന്നെങ്കിലും തമിഴ് പൂര്‍ണ്ണമായും കീഴടങ്ങി കഴിഞ്ഞിരുന്നില്ല. അറബി ഭാഷാ സഖ്യം ചെയ്തതാകട്ടെ സംസ്‌കൃതം തീണ്ടിയിട്ടില്ലാത്ത ആ പഴം തമിഴ് ഭാഷയോടാണ്. മലയാളം, ആധുനിക തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകള്‍ പിരിഞ്ഞ് വന്നത് പ്രസ്തുത ഭാഷയില്‍ നിന്നാണല്ലോ.  അതിനാല്‍ ആ ഭാഷകളിലെല്ലാം കാണുന്ന പദങ്ങള്‍ ഈ തറവാട്ടു ഭാഷയിലുണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയാണ് അറബി മലയാളത്തില്‍ തമിഴ്, കന്നട തുടങ്ങിയ ഭാഷയിലെ പദങ്ങള്‍ എത്തിപ്പെടുന്നത്. ഈ ലളിതമായ വസ്തുത ഉള്‍ക്കൊള്ളാതെ തമിഴ്, കന്നട തുടങ്ങിയ ഭാഷാപദങ്ങളും അറബി മലയാളത്തില്‍ പ്രചാരത്തിലുണ്ട് എന്ന് എഴുന്നള്ളിക്കുകയാണ് അറബി മലയാളത്തെക്കുറിച്ച് എഴുതുന്നവര്‍ ചെയ്യുന്നത്. അനുനാസികാതി പ്രസരാദി വ്യാകരണ കാര്യങ്ങളിലും ഇശലുകളുടെ കാര്യത്തിലും അറബി മലയാളം ആ പഴയ പാരമ്പര്യം തുടരുന്നത്  കാണാന്‍ ഒട്ടും വിയര്‍ക്കേണ്ട കാര്യമില്ലല്ലോ? തമിഴ് കലാകാരന്മാരായ പുലപന്മാര്‍ക്ക് മാപ്പിളമാരുടെ ഇടയിലുണ്ടായിരുന്ന സ്വാധീനവും ഈ തമിഴ് പാരമ്പര്യത്തെ ഉന്മിഷത്താക്കി നിറുത്തിയ കാര്യമാണ്. ഭാഷാ പരിണാമത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ അറബി മലയാളത്തെ വിശദമായി പഠിക്കുന്നത് ഏറെ ഗുണകരമായിരിക്കുമെന്ന് തോന്നുന്നു.
അറബി മലയാളത്തിലെ പേര്‍ഷ്യന്‍ പദങ്ങളെക്കുറിച്ച് ആലോചിക്കുമ്പോഴും കണ്ടെത്താവുന്ന കാര്യം ആ പദങ്ങള്‍ മാപ്പിളമാരുടെ നിത്യജീവിത വ്യവഹാരങ്ങളില്‍ സജീവമായി നലനിന്നിരുന്നവയാണ് എന്നതാണ്. മാപ്പിളമാരുടെ ആത്മീയഭിനിവേശം ശ്രദ്ധേയമാണല്ലോ. ഇവിടെയുണ്ടായിരുന്ന ആത്മീയസരണികള്‍ മിക്കവയും പേര്‍ഷ്യന്‍ ഗുരുക്കന്മാരുടേതായിരുന്നു. പ്രചിരിച്ച കഥകളുടെ സ്ഥിതിയും അതുതന്നെ. ഹുസ്‌നുല്‍ ജമാലിന്റെ മൂലരചന ഒരു പേര്‍ഷ്യന്‍ കൃതിയാണല്ലോ. നാലു ദര്‍വേശുമാര്‍ എന്ന പേരുള്ള ഒരു പേര്‍ഷ്യന്‍ നോവലും അറബി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പേര്യഷ്യകാരുടെ വ്യാകരണ ഗ്രന്ഥങ്ങള്‍ ധാരളമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ചുരക്കത്തില്‍ അറബി മലയാളത്തില്‍ കാണുന്ന പേര്‍ഷ്യന്‍, തമിഴ്, കന്നട തുടങ്ങിയ ഭാഷാ പദങ്ങള്‍ കൃത്യമായി കൂട്ടിച്ചേര്‍ത്തതല്ല, മറിച്ച് അവ, മാപ്പിള ജീവിതത്തിലെ നിത്യവ്യവഹാര ഭാഷയുടെ ഭാഗമായിരുന്നു. 
കേരള ഭാഷയേയും സംസ്‌കാരത്തെയും സംസ്‌കൃതത്തിന്റെ മൂശയില്‍ ഉരുക്കി വാര്‍ക്കുകയായിരുന്നു ആര്യവത്കരണത്തിന്റെ സ്വഭാവം. സംസ്‌കൃത കൃതികളിലെ ആശയങ്ങളും ഘടനയും പ്രതിപാദന രീതിയും കാവ്യ സമ്പ്രദായങ്ങളുമാണ് മണിപ്രവാളം ഇഞ്ചോടിഞ്ച് പിന്തുടര്‍ന്നത്. എന്നാല്‍ അറബി മലയാളത്തെ മാധ്യമമാക്കിയവരാകട്ടെ അനാര്യ പാരമ്പര്യങ്ങളില്‍ നിന്നാണ് ഊര്‍ജ്ജം സ്വീകരിച്ചത്.  തനത് കേരളീയ സംസ്‌കാരത്തിന്റെ അറബ് പേര്‍ഷ്യന്‍ പാരമ്പര്യങ്ങളുടേയും രത്‌നഖനികളില്‍നിന്ന് ഈ അറബി മലയാളവും സുറിയാനി കൃസ്ത്യാനികളിലൂടെ വ്യവഹാര ഭാഷയായിരുന്ന 'കൊറസോന്‍'(കര്‍സോനി)യുമാണ് സംസ്‌കൃത പാരമ്പര്യത്തിനപ്പുറത്തേക്ക് മലയാളത്തിന് വികസിക്കാന്‍ വഴിയൊരുക്കിയത്. ഉച്ചാരണം വരെ സംസ്‌കൃത മാനദണ്ഢത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്നില്ലെന്നതുകൊണ്ട് അറബി മലയാളത്തെ നീചമായി കാണാനും വികൃത മലയാളമായി ചിത്രീകരിക്കാനും കൂറ്റബോധത്തോടെ അതിനെ സംസ്‌കൃത വത്കരിക്കാനും വെമ്പല്‍കൊള്ളുകയായിരുന്നു നമ്മുടെ പണ്ഡിത സമൂഹം.
നിശിതമായ ജാതിഭേദവും ഭൂമിശാസ്ത്ര വിശേഷങ്ങളും കാരണം ഭാഷാഭേദങ്ങള്‍ കേരളത്തില്‍ ശക്തമായിരുന്നു. കടല്‍ വഴിയാണ് അറബികള്‍ ഇവിടെ വരുന്നത്. അവരുടെ ആവാസകേന്ദ്രങ്ങള്‍  കടലോരത്തോ പുഴയോരത്തോ ആയത് തികച്ചും സ്വാഭാവികം. വൈവാഹിക വാണിജ്യ സാംസ്‌കാരിക ബന്ധം സ്ഥാപിച്ചതും തീരദേശ ജനതയുമായിട്ടാവണം. ഇസ്ലാം സ്വീകരിച്ച സ്ത്രീകളെ വിവാഹം ചെയ്ത് അവരുടെ വീടുകളില്‍ പുതിയാപ്ലമാരായി താമസിക്കുകയാണല്ലോ അറബികള്‍ ചെയ്തത്.അതിനാല്‍ തീരദേശ ജനതയുടെ ഭാഷയും അറബിയും ഉദ്ഗ്രഥിച്ചാണ് അറബി മലയാളമുണ്ടായത്.അവയില്‍ പോലും തെക്ക് വടക്ക് ഭേദം പ്രകടമാണ്.
ഇരുപത്തെട്ട് വര്‍ണ്ണങ്ങളാണ് അറബിയിലുള്ളത്. ആദ്യത്തേതൊഴിച്ചുള്ളതെല്ലാം വ്യജ്ഞനങ്ങള്‍ തന്നെ.  അവയില്‍ പതിനഞ്ചെണ്ണം മാത്രമെ മലയാള ലിപിയുപയോഗിച്ച് എഴുതിക്കാണിക്കാനാവൂ. ബാക്കിയുള്ളവ മലയാളം ലിപിയില്‍ ആലേഖനം സാധ്യമല്ല. മലയാളത്തിലെ പോലെ അതി ഖരഘോഷരങ്ങള്‍ അറബിയിലില്ല. മുഴുവന്‍ സ്വരങ്ങളുമില്ല. അ, ആ, ഇ, ഈ, ഉ, ഊ എന്നീ ആറു സ്വരങ്ങള്‍ മാത്രമെയുള്ളൂ. എ, ഏ, ഐ, ഒ, ഓ, ഔ തുടങ്ങിയവയില്ല. ചിഹ്നം വഴിയാണ് സ്വരങ്ങള്‍ ചേര്‍ക്കുന്നത്. ചില്ല്, ദ്വിത്വം എന്നിവക്കും ചിഹ്നം തന്നെ രീതി. 
മേലെക്കൊടുത്ത അറബി മലയാളത്തോട് തദ്ദേശീയ പദങ്ങള്‍ക്ക് അനിവാര്യമായ ഏതാനും അക്ഷരങ്ങള്‍ കൂടി ചേര്‍ന്നതാണ് ആദ്യത്തെ അറബി മലയാളം അക്ഷരമാല. ക്രിസ്തുവര്‍ഷം, 1607 ല്‍ രിചിച്ചതെന്നു തീര്‍പ്പ് പറയാവുന്ന 'മുഹ് യുദ്ദീന്‍ മാല'യില്‍ ക,ങ, ച, ജ, ഞ,ട, ണ, ത, ദ, ന, ഥ, ബ, മ, യ, ര, ല,  വ, ശ, സ, ഹ, ള എന്നീ വ്യജ്ഞനക്ഷരങ്ങളാണ്  ഉപയോഗിച്ചിട്ടുള്ളത്. അറബിയിലെ സ്വരങ്ങള്‍ക്ക് പുറമെ    എ, ഐ, ഒ, ഓ എന്നീ സ്വരങ്ങളും ഉപയോഗിച്ചിരുന്നു. പൊതുവെ അറബി, തമിഴ് ഭാഷകളിലെ അക്ഷരങ്ങള്‍ മാത്രമായിരുന്നു ആദ്യകാലത്തുണ്ടായിരുന്നത്.
പൊതു സമൂഹത്തില്‍ മലയാളം വഴി വന്ന സംസ്‌കൃത പദങ്ങളുടെ സമ്മര്‍ദ്ദമാണ് പില്‍ക്കാലത്ത് അതിഖരഘോഷാദി അക്ഷരങ്ങള്‍ കൂടി കടന്നുവരാന്‍ കാരണമായത്. അറബി മലയാളം മലയാളത്തിന്റെ വികൃത രൂപമാണെന്ന ധാരണയില്‍ അതിനെ സംസ്‌കൃതീകരിച്ച് ശുദ്ധീകരിക്കാന്‍ പരിഷ്‌കര്‍ത്താക്കള്‍ നടത്തിയ ശ്രമവും ഒരു കാരണമാണ്. ഇപ്പോള്‍ ഏത് സംസ്‌കൃത പദവും എഴുതി കാണിക്കാവുന്ന വിധത്തില്‍ പരിനിഷ്ഠ മലയാളത്തിന്റെ ദുര്‍ബ്ബലമായ ഒരു സമാന്തര ലിപിയായി മാത്രമെ അറബി മലയാളം അക്ഷരമാല  നിലനില്‍ക്കുന്നുള്ളൂ. 'പ' കാരത്തെ കുറിക്കാന്‍  ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്  എന്ന് ബദര്‍ കിസ്സപ്പാട്ട് പരിശോധിച്ചാല്‍ കാണാം.  ഫത്ഹുല്‍ ഫത്താഹിലെത്തുമ്പോള്‍  ഇതേ രൂപം തന്നെ പുള്ളിചേര്‍ക്കാതെ ഉപയോഗിച്ചിരിക്കുന്നു. ഇപ്പോള്‍ പേര്‍ഷ്യന്‍ ലിപിയാണ് ഉപയോഗിക്കുന്നത്. 
കയ്യെഴുത്ത് പ്രിതികളായും അച്ചടിച്ച കോപ്പികളായും ആയിരക്കണക്കിന് അറബി മലയാള ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു.  ആത്മായതയും ദര്‍ശനവും ശാസ്ത്രവും വ്യാകരണവും വൈദ്യവുമെല്ലാം കൈകാര്യം ചെയ്യുന്നതായി കുറെ ആനുകാലികങ്ങളും. ഈ ലിപി പഠിക്കാത്തവരും  അത്തരം ഗ്രന്ഥം വായിക്കാനറിയാത്തവരുമായി മലബാറിലെ മാപ്പിളമാരില്‍ ഒരാണും പെണ്ണും ഉണ്ടായിരുന്നില്ല. നമ്മുടെ പൊതു സാക്ഷരത്വം പത്തുശതമാനത്തില്‍ കുറവായിരുന്ന കാലത്ത് പോലും പത്തുവയസ്സെങ്കിലുമെത്തിയ മുഴുവന്‍ മാപ്പിളമാരും സാക്ഷരരായിരുന്നു. പക്ഷേ അതാരും സാക്ഷരതയായി ഗണിച്ചേക്കില്ല. ഇന്നിപ്പോള്‍ മദ്രസാ പാഠ പുസ്തകങ്ങളൊഴികെ മറ്റൊന്നും ഈ ലിപിയില്‍ രചിക്കപ്പെടുന്നില്ല. മദ്രസാദ്ധ്യാപകരുടെ പ്രസിദ്ധീകരണമായ അല്‍ മുഅല്ലിമിന്റെ ഒരു ഭാഗവും അറബി മലയാളത്തില്‍ അച്ചടിക്കുന്നുണ്ട്. അങ്ങനെ അറബി മലയാളം പതുക്കെ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.

അറബി മലയാള സാഹിത്യം
മാലകള്‍
മാപ്പിള ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിച്ച നിര്‍ണായക ശക്തികള്‍ ' ആത്മീയ മാര്‍ഗ്ഗ'ങ്ങളും വിദേശികള്‍ക്കെതിരായ പോരാട്ടങ്ങളുമാണ്. അറബ് പേര്‍ഷ്യന്‍ നാടുകളില്‍ നിന്നുള്ള ആത്മീയ വഴികളും അതിന്റെ ആചാരന്മാരും വളരെ മുമ്പു തന്നെ മാപ്പിള ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. മാപ്പിളമാരുടെ സര്‍ഗ്ഗാത്മക ജീവിതത്തിലെ  അതിപ്രധാന പ്രസ്ഥാനമായി, ആത്മീയ ഗുരുക്കന്മാരുടെ അപദാന വര്‍ണ്ണന, മാറുന്നത് അവരുമായുള്ള അടുപ്പം കൊണ്ടാണ്. മാലകള്‍ അഥവാ നേര്‍ച്ചപ്പാട്ടുകള്‍ എന്നാണ് ഈ ഭക്തികാവ്യ പ്രസ്ഥാനം വിളിക്കപ്പെട്ടത്. അവ ആലപിച്ചാലുണ്ടാകാവുന്ന ഗുണഗണങ്ങളെക്കുറിച്ചും ഫലശ്രുതിയും കാവ്യങ്ങളില്‍ തന്നെ കാണാം. മൊളിയൊന്നും ഫിളയാദെ മണിമാടം സുവര്‍ക്കത്തിന്‍ നായന്‍ കൊടുക്കും (മുഹ്‌യുദ്ദീന്‍ മാല).
രോഗം, ആപത്ത്, പ്രയാസങ്ങള്‍ എന്നിവ നീങ്ങിക്കിട്ടാനായി നേര്‍ച്ചയാക്കി മാലപ്പാട്ടുകള്‍ പാടിയിരുന്നു. കാവ്യാസ്വാദന മനോഭാവമായിരുന്നില്ല, മറിച്ച്, ഒരു പ്രവര്‍ത്തി ചെയ്യുന്ന മനോഭാവമായിരുന്നു അവ ആലപിക്കുന്നവര്‍ക്കുണ്ടായിരുന്നത്. എങ്കിലും ഭക്തി ഭാവം പ്രോജ്ജ്വലിപ്പിക്കുന്നതില്‍ അവയുടെ കാവ്യ ഗുണം വലിയ പങ്കു വഹിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ടുകളില്‍ നിഗൂഢാര്‍ത്ഥ പ്രധാനങ്ങളായ ആത്മീയ കാവ്യങ്ങള്‍ വേറെയുണ്ട്.  തലശ്ശേരിക്കാരനായ ഇച്ച മസ്താന്‍ (അബ്ദുല്‍ ഖാദിര്‍ മസ്താന്‍) പ്രവാചക പ്രദേശത്തെ പ്രതി എഴുതിയ കവിതയിതാ:

''മുന്നമെ മുന്നം ഒരു നഖ്തക്ഷരം
 മുന്നിലെ വെച്ച വെടീ-അത്
 മിന്നി മിന്നിക്കളിച്ചെണ്ടബൂ ആദമില്‍
 മീമ് മുളച്ചതെടീ

 കന്നില്ലാ സിഫതെണ്ട ജബ്ഹിലെ
 കത്തി മറിഞ്ഞെ കൊടി-അത്
 കാരുണ നൂറ് മുഹമ്മദിയ എന്ന്
 പേര് വിളിച്ചതെടീ

 കത്തന്‍ തിരിത്തെ ഹയാത്തിട ഒക്കെയും
 കത്തി മറിന്തെ തിരി-അത്
 കത്തും ഹയാത്തുല്‍ മഖാമല്‍
 മഹ്മൂദില്‍
 കത്തിച്ചുവെച്ച് തിരി

 പുത്തി മരത്തില്‍ മുളച്ച അര്‍ശിന്റെ
 മുന്‍ കയറിട്ടെ കൊടീ- അത്
 പൂമദം പേശി മുഹമ്മദെ കൊണ്ടന്റെ
 പൂതി മറന്നതെടീ.
സംഗീതം തുളുമ്പുന്ന വരികളെങ്കിലും കവിത ദുര്‍ഗ്രഹം തന്നെയാണ്. ആത്മീയ വിഷയങ്ങളായ രചനകള്‍ ഈ വിധമാകാവുന്നതാണ്. ഖാളി മുഹമ്മദിന്റെ സമകാലീകനായ എഴുത്തച്ഛന്റെ കാവ്യങ്ങളും ഭക്തിമയങ്ങളെങ്കിലും ദുര്‍ഗ്രഹ ഭാഗങ്ങള്‍ ഏറെയുണ്ടല്ലോ.  എന്നാല്‍ മാലപ്പാട്ടുകള്‍ സരള മനോഹരങ്ങളാണ്. ഏതു സാധാരണക്കാരനും ശ്രവണ മാത്രയില്‍ ഗ്രഹിക്കാവുന്ന വിധം ലളിതമാണവ. ഭക്ത് പ്രസ്ഥാനങ്ങളുടെ ജനകീയതക്കൊരു കാരണം ഈ ലാളിത്യമാണല്ലോ. അത് മാലപ്പാട്ടുകള്‍ കൃത്യമായി പാലിക്കുന്നുണ്ട്. പില്‍ക്കാല മാപ്പിളപ്പാട്ടുകളില്‍ ദുര്‍ഗ്രഹ പദങ്ങള്‍ ധാരളമായി കാണുന്നുണ്ട്. വിശേഷിച്ചും വൈദ്യരുടെ രചനകളില്‍. എന്നാല്‍ മാലകള്‍ ലളിത കോമള പദങ്ങളില്‍ കോര്‍ത്തവയാണ്. 
''പാലിലെ വെണ്ണപോല്‍ ബൈത്താക്കി
 ചൊല്ലുന്നെ
 പാക്കിയ മുള്ളോവര്‍ ഇതി പിടിച്ചോവര്‍''
 (മുഹ്‌യുദ്ദീന്‍ മാല)
കാവ്യ കല്‍പനകളും മധുരതരങ്ങളും പ്രയാസ ലേശമന്യേ ആസ്വാദക മനസ്സില്‍ പ്രതിഷ്ഠ നേടുന്നവയുമാണ്. 
''നോക്കിച്ചെറുതേന കാടന്‍ എടുത്താലും
 നോടി മദുരക്കുറവതിനില്ലാ കേള്‍''
 (ബദര്‍ മാല)
ഈ വിധ ഗുണങ്ങളാല്‍ മാപ്പിള മനസ്സിനെ  കീഴടക്കിയ കാവ്യ പ്രസ്ഥാനങ്ങളാണ് മാലകള്‍.
ഈ രണ്ടു വരികള്‍ പൂര്‍ണ്ണമാകുന്ന ഇശലുകളിലാണ് മാലകള്‍ നിബ്ബന്ധിച്ചിട്ടുള്ളത്. ഒരൊറ്റ ഇശലാണ് ഒരു കാവ്യത്തില്‍ ആദ്യന്തം ഉപയോഗിച്ചു കാണുന്നത്.  മുന്നൂറ് മുതല്‍ അറുനൂറ് വരെ വരികളാണ് പൊതുവെ മാലപ്പാട്ടുകള്‍ക്കുള്ളത്. എല്ലാ മാലകളിലും അല്ലാഹുവിനെ സ്തുതിക്കുകയും നബിയുടെയും സഹചരന്മാരുടെയും പേരില്‍ പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടാണ് കാവ്യ വിഷയത്തില്‍ പ്രവേശിക്കുന്നത്.  എല്ലാ മാലപ്പാട്ടുകളുടെയും ഒടുക്കം പ്രാര്‍ഥന കാണും. ഇരവ് എന്നാണ് ഇവ വ്യവഹരിക്കപ്പെടുന്നത്. ചില മാലകളില്‍ ഇത് രണ്ടെണ്ണം കാണാം. മാലയില്‍ വാഴ്ത്തിപ്പറഞ്ഞ പുണ്യാത്മാവിന്റെ മഹത്വത്തെ  മുന്‍ നിര്‍ത്തി ദൈവത്തോട് നടത്തുന്ന പ്രാര്‍ഥനയാണിത്. ഇരവുകള്‍ നിബന്ധിക്കുമ്പോള്‍ അതുവരെ തുടര്‍ന്നു വന്ന ഇശലില്‍ ചെറുഭേദങ്ങള്‍ വരുത്തുന്നത് കാണാം. 

മുഹ്‌യുദ്ദീന്‍ മാല
കൊല്ലം 'എഴുനൂറ്റി എമ്പത്തിരണ്ടില്‍' കോര്‍ത്തതെന്ന് കവി തന്നെ വിശ്വാസയോഗ്യമാം വിധം രചനാകാലം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ കാലഗണന സാമാന്യോന എളുപ്പമായ കൃതിയാണ് മുഹ്‌യുദ്ദീന്‍ മാല. ക്രിസ്തു വര്‍ഷം പരിഗണിച്ചാല്‍ 1607 ല്‍ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട്ട് അതിക്രമങ്ങള്‍ കാണിച്ച്‌കൊണ്ടിരിക്കുന്ന കാലമാണത്. 1582 ല്‍ അബ്ദുല്‍ അസീസ് ഖാളിയുടെ കാലത്താണ് സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ ചാലിയം കോട്ടക്കുവേണ്ടി യുദ്ധം നടന്നത്. ചാലിയം കോട്ട പിടിക്കാന്‍ സാമൂതിരിയെ ഗണ്യമായി സഹായിച്ച മുസ്ലിം സൈന്യത്തിന്റെ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് ഖാളിയായിരുന്നു. ധീരനും പണ്ഡിതനും യുദ്ധമുറ അഭ്യസിച്ചവനുമായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ഖാളിമാര്‍ മുസ്ലിംകള്‍ക്ക് ആത്മീയവും ശാരീരികവുമായ നേതൃത്വം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. വിദേശികള്‍ക്കെതിരായി, സ്വതന്ത്യത്തിന് വേണ്ടി നടത്തിയ പോരാട്ടത്തില്‍ മുന്നണിപോരാളിയായിരുന്ന അബ്ദുല്‍ അസീസ് ഖാളിയുടെ മനോഭാവം തന്നെയായിരുന്നു അദ്ദേഹത്തിന്റെ മകനും. തന്റേയും സഹോദരന്റെയും ശേഷം ഖാളി സ്വസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത മുഹമ്മദിന്റേത് ക്രി 1608 ല്‍ മരണപ്പെടുകയും കുറ്റിച്ചിറപ്പളി ശ്മശാനത്തില്‍ ഖബറടുക്കുകയും ചെയ്ത ഖാളി മുഹമ്മദ് ജീവിതത്തിന്റെ സായാഹ്ന കാലത്തെഴുതിയ കവിതയാണിത്.
അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലേര്‍പ്പെട്ട  മുസ്ലിം സമൂഹങ്ങള്‍ ആത്മീയ മാര്‍ഗ്ഗങ്ങളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കാണാം.  പോരാളികളുടെ ജീവിതത്തിലെ പ്രയാസങ്ങള്‍ താങ്ങാനുള്ള മനോബലം അവര്‍ക്ക് ലഭിച്ചത് ആത്മീയാചാര്യന്മാരില്‍നിന്നാണ്. പറങ്കികള്‍ക്കെതിരായ പോരാട്ടത്തിന് മാപ്പിളമാര്‍ ആശ്രയിച്ചതും അതേ ആത്മീയ ശക്തീയെ തന്നെയായിരുന്നു. 
കേരളത്തില്‍ നല്ല വേരോട്ടമുണ്ടായിരുന്ന, ഇസ്ലാമിലെ ആത്മീയ മാര്‍ഗ്ഗമാണ് ഖാദിരിയ്യാ ത്വരീഖത്ത്. ബഗ്ദാദിയായിരുന്ന ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ  ആത്മീയ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ഖാദിരിയ്യാ ത്വരീഖത്ത് അറിയപ്പെടുന്നത്. ക്രി. 1092 -1183 കാലയളവിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഖാദിരിയ്യാ ത്വരീഖത്തിന്റെ വാക്താവും പ്രയോക്താവുമായിരുന്ന ഖാളിമുഹമ്മദ് ഒന്നാമന്‍. അറബി ഭാഷയില്‍ നല്ല പരിജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. പതിനഞ്ചോളം അറബി ഗ്രന്ഥങ്ങള്‍ തന്നെ ഖാളി മുഹമ്മദ് രചിച്ചിട്ടുണ്ട്. 
ഖാളി ജീലാനിയുടെ ജീവിതത്തിലെ അത്ഭുത കര്‍മ്മങ്ങളുടെ ആവിഷ്‌കാരമാണ് മുഹ്‌യുദ്ദീന്‍ മാല. ബാഗ്ദാദുകാരനായ ശത്‌നൂഫി എന്ന പണ്ഡിതന്‍ രചിച്ച 'ബഹ്ജു'തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്നാണ് ശൈഖിന്റെ ജീവ ചരിത്ര വസ്തുതകള്‍ കവി കണ്ടെത്തുന്നത് എന്ന് പാട്ടില്‍ പറയുന്നുണ്ട്.
ലളിത കോമളവും ഹൃദയ വര്‍ജ്ജകവും ആത്മാര്‍ത്ഥത മുറ്റി നില്‍ക്കുന്നതും ഭക്തിദ്യോതകവുമായ ഭാഷയില്‍ രചിച്ച മുഹ്‌യുദ്ദീന്‍ മാല , ഏതു ഭാവവും ആവിഷ്‌കരിക്കാന്‍ പാകമായ ഭാഷയാണ് അറബി മലയാളമെന്ന് വിളിച്ചോതുന്നു. സ്വാഭാവികമായും പ്രസ്തുത കൃതിക്ക് മുമ്പു തന്നെ ധാരാളം രചനകള്‍ അറബി മലയാളത്തില്‍ എഴുതപ്പെട്ടിരിക്കാം. അവയൊന്നും കാലാതിവര്‍ത്തികളായിലെന്നെയുള്ളൂ.   
  മുഹ് യുദ്ദീന്‍ മാലയെ തുടര്‍ന്ന് മാലപ്പാട്ടുകള്‍ ഏറെ രചിക്കപ്പെടുകയുണ്ടായി.
1. മമ്പാട്ട് കുഞ്ഞിരായീന്‍ രചിച്ച ബദര്‍ മാല
2. രിഫാഈ മാല
3. പൊന്നാനി നാലകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടി ഹാജി രചിച്ച നഫീസത്ത് മാല
4. മഞ്ഞക്കുളം മാല
5. മരക്കാം തൊടുകയില്‍ മരക്കാരുകുട്ടി എഴുതിയ മമ്പുറം മാല
6. മലപ്പുറം മാല
7. ഉസ്മാന്‍ വിരചിച്ച മഹ്മൂദ് മാല എന്നിവയാണ് പ്രചുരപ്രചാരം നേടിയവ.
8. അത്ഭുത രത്‌ന മാല(കെ.ടി മുഹമ്മദ്)
9. അയ്യൂബ് നബി മാല (വി.മുഹമ്മദ്)
10. ഒപ്പന ബദര്‍ മാല
11. ജങ്കല്‍ ഫീര്‍
12. തവസ്സുല്‍ ബദര്‍ മാല
13. പൊന്നാനി കില്‍കൊട്ടയാറത്തുമാല
14. പൊന്നാനി തോട്ടുങ്കല്‍ പള്ളി മാല.
15. മിന്നൂരി മാല (ഓലിയത്ത് ചൊക്രാന്‍ -തലശ്ശേരി)
16. മുഹ്‌യുദ്ദീന്‍ മാല (പുതിയത്)
17. മുറാദ് ഹാസില്‍ മാല
18. മുര്‍സല്‍ മാല
19. മൗജ്ജൂദ് മാല (കാരക്കല്‍ മമ്മദ്-തലശ്ശേരി)
20. വലിയനഹിഹതുമാല (മാനക്കന്‍ കത്തു കുഞ്ഞിക്കോയ തങ്ങള്‍-കൂട്ടായി)
21. വസീലതുമാല
22. സ്വിദ്ദീഖുല്‍ അക്ബര്‍ മാല
23. ഹുനയ്‌നി മാല
24. ശാദുലി മാല
തുടങ്ങിയ മാലപ്പാട്ടുകള്‍ മാപ്പിളമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന രചനകളാണ്. 
ആന്തരിക ഭാവങ്ങളില്‍ മാലപ്പാട്ടുകളുടെ സ്വഭാവം പുലര്‍ത്തുന്നതും ബാഹ്യഘടനയില്‍ അവയില്‍ നിന്നും വ്യത്യസ്തവുമായ രചനയാണ് നൂല്‍ മാല. കാലപ്പഴക്കം കൊണ്ട് മുഹ് യുദ്ദീന്‍ മാല കഴിഞ്ഞാല്‍ പരിഗണിക്കപ്പെടേണ്ട കൃതിയാണിത്. ഹി.ആയിരത്തി ഒരുനൂറ്റി അമ്പത്തി ഒന്നിലാണ് ഇത് രചിക്കപ്പെട്ടത്.  (ക്രി.1773ല്‍).
ബുദ്ധിപരമായ ഫലിതങ്ങളാല്‍ മലയാളി മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കുഞ്ഞായീന്‍ മുസ്ലിയാരാണ് കവി. തലശ്ശേരിയില്‍ സൈദാര്‍ പള്ളിക്കടുത്തുള്ള മക്കറയിലാണ് അദ്ദേഹം ജനിച്ചതെന്ന് കരുതപ്പെടുന്നു. പൊന്നാനിയില്‍ പഠിച്ചുവെന്നും തലശ്ശേരിയില്‍ പഴയ ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ ഖബറടക്കപ്പെട്ടുവെന്നും വാമൊഴി പാരമ്പര്യം പറയുന്നു. ജീവചരിത്രസംബന്ധമായി ഇതിലപ്പുറം വിവരങ്ങള്‍ ലഭ്യമല്ല. 
കുഞ്ഞായീന്‍ മുസ്ലിയാര്‍ ആത്മീയ മാര്‍ഗം സ്വീകരിച്ചിരുന്ന പണ്ഡിതനായിരുന്നുവെന്ന് തന്റെ രചനയില്‍ നിന്ന് അനുമാനിക്കാന്‍ കഴിയുന്നത്.
 '' കുടനല്‍ മഹ്‌യിദ്ദീന്‍
    കൊടിത്തണലില്‍
    കൂട് കുദുകുലം
    വിരിയും നാളില്‍''
  എന്ന് പ്രാര്‍ഥിക്കുന്ന കവി മനസ്സ് ഖാളി മുഹമ്മദിനാല്‍ മുഹ്‌യുദ്ദീന്‍ മാലയില്‍ പ്രകീര്‍ത്തനം ചെയ്ത ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ ആത്മീയ പരമ്പരയില്‍ സമര്‍പ്പിതമായിരുന്നുവെന്ന് അനുമാനിക്കാം. നബി മഹാത്മ്യത്തെ വാഴ്ത്തിപ്പാടുകയും അദ്ദേഹത്തെ കാണാനുള്ള തീവ്രമായ കൊതി പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ് നൂല്‍ മാലയിലെ പ്രതിപാദ്യം. പതിനാറ് ഇശലുകളിലായി അറുനൂറ്റി അറുപത്തിയാറ് വരികളിലാണ് നൂല്‍ മാല രചിക്കപ്പെട്ടത്. 
ആത്മീയ കാര്യങ്ങളാല്‍ പ്രചോദിത അറബി മലയാള കവികളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വ്യക്തിയാണ് ശുജായി മൊയ്തു മുസ്ലിയാര്‍. പൊന്നാനി നഗരത്തിന് തെക്കുവശത്തുള്ള അണ്ടത്തോടാണ് അദ്ദേഹത്തിന്റെ ജന്മദേശം. ഭക്തനും സമ്പന്നനും ആഭിജാതനുമായിരുന്നു മൊയ്തു മുസ്ലിയാര്‍. ചരിത്രകൃതികളും പാഠപുസ്തകങ്ങളും മറ്റുമായി ചെറുതും വലുതുമായ കുറേ കൃതികളുടെ കര്‍ത്താവുമാണദ്ദേഹം. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ രചനയാണ് സഫലമാല. 
ആത്മീയനുഭൂതിയുടെ മാസ്മര ലഹരിയില്‍ മതിമറന്നു പാടിയ വരികള്‍ സഫലമാലയില്‍ സുലഭമാണ്. 
''അല്ലാ തന്‍ ഫേര്‍ തുടങ്കി
 അടിമ ദില്‍ കിടുകിടുങ്കി
 ചൊല്ലലാം നിന്‍ ഫുകശ്ച്ച
 ചെയ്‌വദില്‍ തിടു തിടുങ്കി
 ദില്ലകം നിറയ് ഇരുള്‍ കണ്‍
 ദര്‍ശനം വെളി മുടങ്കി
 കുല്ലുഹം ദുടയ സുല്‍ത്വാന്‍
 കാഫ്ഫദില്‍ ഖ്വല്‍ബ് അടങ്കി''
  ഒരു മിസ്റ്റിക്കിന്റെ കാവ്യ ഗുണം ഈ വരികളില്‍ പ്രകടമാണ്. ചിലപ്പോള്‍ ദുര്‍ഗ്രഹമായിത്തീരുകയും ചെയ്യുന്നത് കാണാം. 
 '' അള്ളാ തന്‍ തനി തനിക്കായ്
   അഹ്ദിയ്യത്ത് അക മറക്കായ്
   അല്‍ അലിഫ് അക കടല്‍ക്കേ
   അലമറിന്ദു വഹ്ദത്തുക്കെ
   ബലിഫം വാഹിദിയ്യ
   ബക തിരുമുച്ചുടര്‍ക്കായ്
   ഇല്ലകം അഹ്മദ് മീമില്‍
   അഹ്മദാന്‍ ആദം ആകേ''
ആത്മാക്കളുടെ ആദി പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുത്ത് നബിയുടെ ഒളി പടക്കപ്പെട്ടതുമുതല്‍ക്കുള്ള സംഭവങ്ങള്‍ ഒരു ആത്മീയവാദിയുടെ സവിശേഷ ദര്‍ശനത്താല്‍ സ്വാധീനിക്കപ്പെട്ട ആവിഷ്‌കരാമാണ് സഫലമാലയില്‍ നാം കാണുക. സംഹീത മധുരവും സബ്ദാര്‍ത്ഥ സംയോഗവത്തിലുള്ള സൗഷ്ഠവും ആശയ ഗാംഭീര്യവും മുറ്റിനില്‍ക്കുന്ന രചനയാണിത്. 
മാനുഷിക ജീവിതത്തില്‍ ലഭിക്കുന്ന സുഖാനുഭൂതികള്‍ മിന്നല്‍ പിണറുകള്‍ പോലെ ക്ഷണികമാണെന്ന് ബോധ്യപ്പെടുത്തുകയും മാനസിക നിര്‍വൃതി ലഭിക്കുന്നതിനാവശ്യമായ ശക്തി നമ്മില്‍ തന്നെ അന്തര്‍ലീനമാണെന്നും അതിനെ ഉണര്‍ത്തി ഉയര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വിശ്വസിച്ചു.  ആ ദര്‍ശനമാണ് സഫലമാലയില്‍ ആവിഷ്‌കൃതമാകുന്നത്. 
മരണാസന്നമായ ഒരു വ്യക്തിയെ ചിത്രീകരിക്കാന്‍ ശുജായി സ്വീകരിച്ചിരിക്കുന്ന പദാവലിയും അതു നല്‍കുന്ന സംഗീതവും ആ രംഗത്തിന്റെ ഹൃദയ വര്‍ജ്ജകത്വം ഒന്നു പരിശോധിക്കുക.
''ഹര ഹര മാലിത വരുന്നെ
 അസ് റാല്‍ മലക്കമീറാമെന്നെ
 അമരര്‍ അമര്‍ക്കടി ചേരുന്നെ
 അജലാല്‍ അടുത്തോരടിയ നിലെ''
''മന മനം നൊന്ത് തായി ഉത്താരെ
 മകനേ കരിമിശി ഫുന്നാരെ
 മങ്ങിമുഖം മുറപൊന്നാരെ
 മൗതോടടുത്തോരടിയനിലേ''
ആദ്യമദ്യാവസാന ചരിത്രം എന്ന് ആമുഖക്കുറിപ്പില്‍ വിശേഷിപ്പിച്ച സഫലമാല ചരിത്രം, ആത്മീയത, മരണം, പുനരുത്ഥനാദി വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യുന്ന കാവ്യമാണ്. ഇത്തരമൊരു സ്വരൂപത്തോടു കൂടിയ മറ്റൊരു രചന അറബി മലയാള കാവ്യമണ്ഡലത്തില്‍ കാണുന്നില്ല. ലോകോല്‍പത്തി മുതല്‍ മുഹമ്മദ് നബി (സ) വരെയുള്ള ചരിത്ര സംക്ഷിപ്തവും അന്ത്യ നബിയുടെ ജീവിത ചര്യകളേയും ഉപദേശ രത്‌നങ്ങളേയും പിന്തുടരുവാനുള്ള ആഹ്വാനവുമാണ് സഫലമാലയുടെ പ്രതിപാദ്യം. 
1938 ല്‍ സഫലമാലയുടെ രചന ആരംഭിക്കുകയും ഒന്നര രണ്ട് മാസക്കാലം കൊണ്ട് പൂര്‍ത്തിയാവുകയും ചെയ്തു. 1939 ല്‍ പൊന്നാനിയില്‍ നിന്ന് അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തു.
മാപ്പിളപ്പാട്ടുകളുടെ ഗാനാത്മതക്ക് ആധാരം അവയില്‍ ദീക്ഷിക്കപ്പെടുന്ന താളവും പ്രാസവുമാണ്. മാപ്പിളപ്പാട്ടെഴുത്തുകാര്‍ അറബിപ്പദ്യങ്ങളുടെയും നാടന്‍ ശീലുകളുടെയും സഞ്ചയത്തില്‍ നിന്നാണ് മാപ്പിളപ്പാട്ടുകളുടെ താളങ്ങള്‍ ചിട്ടപ്പെടുത്തപ്പെടുത്തിയത്. കമ്പി, കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മല്‍ കമ്പി എന്നിവ പ്രാസങ്ങളാണ്.  അനുപേക്ഷണീയ നിയമങ്ങളായി പാലിക്കപ്പെട്ടുപോന്നിട്ടുള്ളവയാണ് ഇവ. ഒരു ഇശലിന്റെ സ്വരൂപം പൂര്‍ണമാവുന്നത് രണ്ടോ മൂന്നോ നാലോ ചിലപ്പോള്‍ അതിലധികമോ പദങ്ങളിലായിരിക്കും. അങ്ങനെ, ഇശലിനെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുനില്‍ക്കുന്ന പാദങ്ങള്‍ക്ക് ഒരു 'മൊഴി' എന്നു പറയുന്നു. ഒരു മൊഴിയിലെ പാദങ്ങളുടെ എണ്ണം എത്രയായാലും, ഓരോ പാദത്തിലെയും ആദ്യാക്ഷരം സമവര്‍ണ്ണമായിരിക്കണമെന്ന നിയമമാണ് കമ്പി. ഉദാഹരണം നോക്കൂ.
''മനം നല്ലെ വസീറാവല്‍
 വിവരങ്ങള്‍ വിശദമായ്
 മഹാരാജാവിനോടുത്തെ
 ങ്കിലുമാനെ-രാജന്‍
 മതിയിലൊന്നുമെ
 പതിയുകെ ന്നിയെ
 തിരിത്താനെ-മറുപടി
 മമതയൊടുമരുവിടുമെയവര്‍
 ചതിവരുത്താനെ''
ഇത് നാലു പാദങ്ങളില്‍ പൂര്‍ത്തിയാവുന്ന ഒരു മൊഴിയാണ്. ഓരോ വരിയും 'മ'യില്‍ തുടങ്ങി 'കമ്പി'ദീക്ഷിച്ചിരിക്കുന്നു.
തുടര്‍ച്ചയായ നാലുമൊഴികളില്‍ മാത്രം ചേര്‍ക്കാവുന്ന പ്രാസമാണ് കഴുത്ത്. ഓരോ മൊഴിയിലും ഓന്നാം പദത്തിലെ രണ്ടാമത്തക്ഷരം സമവര്‍ണമാകുന്നതാണ് ഇത്.
''നടകൊണ്ട് ശാഹുല്‍
 വുജ്ജൂദാനെ ശാഹാ
 നയ്‌നാര്‍ അരികര്‍ മഅന്നബീ
 ത്വാഹാ
 ഫിടികൊണ്ട് ളില്ലന്നബിക്ക്
 ഔലാഹാ
 ഫോരിശാ
 ഫൂണ്ടെശുന്നളളലായ് ജാഹാ
 ചൊടികൊണ്ടെ ഫോക്ക്
 നബിയും ബദ്‌റാ
 ചേലല്ല ചൊല്ലാന്‍
 സ്വഹാബുവതാറാ
 വിടകൊണ്ടു ബള്ളല്‍
 അരികോരും സാറാ
 ബലദന്ദെ താഇഫില്‍ എത്തി
 സൂറാറാ''
 രണ്ട് പാദങ്ങള്‍ കൊണ്ട് പൂര്‍ണ്ണമാവുന്ന നാലുമൊഴികളാണ് മുകളിലുദ്ധരിച്ചത്. തുടര്‍ച്ചയായ ഈ നാലുമൊഴികളിലെയും ആദ്യ പദങ്ങളിലെ രണ്ടാമതക്ഷരം (ട).
ഒരേ വര്‍ണമാക്കി 'കഴുത്ത്' ഒപ്പിച്ചിരിക്കുന്നു. ഒരേ ശ്ലോകത്തിലെ , അഥവാ അടിയിലെ  എല്ലാ പാദങ്ങളിലെയും ദ്വിതീയാക്ഷരങ്ങളില്‍ പാലിക്കുന്ന, ഭാഷയിലെ ദ്വീതീയാക്ഷരപ്രാസ സമ്പ്രദായത്തില്‍ നിന്ന് വിഭിന്നമാണ് കഴുത്ത് എന്ന് വ്യക്തമാണല്ലോ. 
നാലുമൊഴികളിലാണ് കഴുത്ത് നിബന്ധിക്കുന്നത്. നാലമത്തെ മൊഴി അവസാനിക്കുന്ന വക്ക് കൊണ്ട്, അഥവാ അതിന് തൊട്ടുമുമ്പത്തെ വാക്ക് കൊണ്ട്, അടുത്തമൊഴി തുടങ്ങുന്നതിനാണ് 'വാലുമ്മല്‍ കമ്പി' എന്നു പറയുന്നത്. മുകളില്‍ 'കഴുത്തിന് ഉദാഹരണമായി കൊടുത്ത നാലുമൊഴികളില്‍ ഒടുക്കത്തേത് അവസാനിക്കുന്നത് 'സുറൂറാ' പദം കൊണ്ടാലല്ലോ. തൊട്ടടുത്ത മൊഴി ആരംഭിക്കുന്നത് '' സൂറൂറന്നബിക്കങ്കദിത്ത് ഖ്വിയാമാ '' എന്ന പദം കൊണ്ടാണ്. ഇതാണ് വാലുമ്മല്‍ കമ്പി. 
രണ്ടോ അതിലധികമോ പദങ്ങളില്‍ അന്ത്യാക്ഷരങ്ങള്‍ തുല്യമായി വന്നാല്‍ അത് 'വാല്‍ക്കമ്പി' പൊതുവെ ഭാഷാ കവിതകളില്‍ കാണുന്ന അന്ത്യാക്ഷര പ്രാസം തന്നെയാണ് ഇത്. 
''പാലറും തേനാറും നീരാറും
 പോലെ
 പാട്ടില്‍ ഒശുകുന്ന കള്ളാറ്
 പോലെ
 ബാലത്തിമാര്‍ വന്നു നീരാടും
 പോലെ
 ബകനല്ലെ കട്ടില്‍ ബിരിപ്പുണ്ട്
 പോലെ''
 മാപ്പിളപ്പാട്ടിന്റെ സംഗീതം വളരെ പ്രധാനമാണ്. ഇശല്‍ എന്നാണ് താളക്രമം അറിയപ്പെടുന്നത്. തൊങ്കല്‍, കൊമ്പ്, ഒപ്പനച്ചായല്‍ , വിരുത്തം തുടങ്ങിയ പേരുകളില്‍ ഇത് അറിയപ്പെടുന്നു. തനതും സാമാനങ്ങളും സമാന്തരങ്ങളുമായ ഇശലുകള്‍ മൊത്തം അഞ്ഞൂറോളം ഉണ്ടത്രെ. സമാന്തരതാളങ്ങളില്‍ വൈവിധ്യം ഉണ്ടാക്കിത്തീര്‍ക്കുന്ന വൈചിത്രത്തിലാണ് സഫീനപ്പാട്ടുകളുടെ ആസ്വാദ്യതയും ആകര്‍ഷണീയതയും സ്ഥിതി ചെയ്യുന്നത്. 
വാസനാ സമ്പന്നരായ  കവികള്‍ പുതിയ ഇശലുകള്‍ സൃഷ്ടിക്കാറുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍ അക്കൂട്ടത്തില്‍ വളരെ പ്രസിദ്ധനാണ്. ഇശലുകള്‍ താളാധിഷ്ഠിതങ്ങളാകയാല്‍, താളഭേദങ്ങള്‍ വരുത്തിയും പ്രതിപാദ്യവിഷയത്തോട് പൊരുത്തപ്പെടുന്നതാക്കിയും മാപ്പിളപ്പാട്ടിന്റെ സുവര്‍ണ്ണകാലത്ത് പുതുപുതു ഇശലുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. അകബലിപ്പ്, തൊങ്കല്‍ കപ്പപ്പാട്ട്. 
ബിരുത്തം, ചായല്‍, ഒന്നാം വേല്‍, തിരിപ്പുകള്‍, പരളം, കവി, ഒന്നാംതുദി, കൊമ്പ്, താലോലം, പദം, ബമ്പ്, ചെറുചിന്ത്.. ചായിപ്പ്, ഒപ്പനച്ചായല്‍, ഒപ്പനമുറുക്കും, കുമ്മി, ചെമ്പക, കെസ്സ്, തുടങ്ങിയവ തനത് ഇശലുകളാണ്. ഇവയില്‍ ചിലതെല്ലാം ദ്രാവിഡ പാരമ്പര്യത്തില്‍ നിന്ന് കൈക്കൊണ്ടവയാണ്. അറബി വൃത്തങ്ങളെ ആധാരമാക്കിയവയുമാണ്. മുഹ്‌യുദ്ദീന്‍ മാല 'ഖഫീഫ്' വൃത്തത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 
ഒരു ഇശലിന്റെ സ്വരൂപം കത്യമായും ആവിഷ്‌കരിക്കപ്പെട്ട ഏതെങ്കിലും പാട്ട് തുടങ്ങുന്ന പദങ്ങളാല്‍ ആ ഇശല്‍ നാമകരണം ചെയ്യപ്പെടുന്ന പതിവും വ്യാപകമായിരുന്നു. ഒരു ഗാനം ജനകീയമാകുമ്പോള്‍ അതേ 'മട്ടില്‍' എഴുതുന്നവര്‍ ആ ജനകീയ കാവ്യത്തിന്റെ ഇശലനുകരണം എന്ന് വ്യക്തമാക്കാനാവണം ഈ രീതി സ്വീകരിച്ചത്. അഹദൊരുവന്‍, അര്‍ശേറും, അകന്ദാര്‍, ആകാശം, ബൂമി, ആദി, അരമപ്പൊരുള്‍, ഇമാം അലി, ചൊന്നാനെ അവള്‍ തുടങ്ങിയവ അങ്ങനെ പേര്‍ നിര്‍ണ്ണയിക്കപ്പെട്ട ഇശലുകളാണ്. സ്വാഭാവികമായും ഒരേ ഇശല്‍ തന്നെ ഒന്നിലധികം പേരുകളില്‍ വിളിക്കപ്പെടുന്നുണ്ട്. ചായിപ്പും, ചായലും പോലെ, ഒറ്റ ബിരുത്തം ആ ബിരുത്തം നാണം നമുക്കില്ലയോ-ചൊന്നാര്‍ നബികള്‍, കപ്പപ്പാട്ട്-സഫീന എന്നിവയും ഇതേ രീതിയിലുണ്ടായവയാണ്.
തനത് ഇശലുകളില്‍ ഒന്നോ രണ്ടോ താളാധിഷ്ഠിത ശബ്ദങ്ങള്‍ ചേര്‍ത്ത് ഇശല്‍ഭേദം വരുത്താറുണ്ട്. ഈ ശബ്ദങ്ങള്‍, തുണ്ടം, ചാട്ടം, ചരളം, എന്നെല്ലാം വിളിക്കപ്പെടുന്നു. ചായല്‍ എന്ന അടിസ്ഥാന ഇശലിന് ഇറക്കം, ചായല്‍ മുറുക്കം ചായല്‍ ഏറ്റത്താളമുറുക്കം, ഇരട്ടച്ചായല്‍ താളത്തുണ്ടം, താലോലച്ചായല്‍ തുടങ്ങിയ ഇശല്‍ ഭേദങ്ങളുണ്ട്, അവയെല്ലാം ഈ വിധത്തില്‍ രൂപപ്പെടുന്നതാണെന്ന് കാണാം. 
ബമ്പ്, കുതിരത്താളം എന്നിങ്ങനെ ഗദ്യപ്രധാനങ്ങളായ രണ്ടുതരം രചനകള്‍ വിശേഷ പരാമര്‍ശിക്കുന്നതായുണ്ട്. കാവ്യാത്മക പദങ്ങള്‍ ചേര്‍ത്തുണ്ടാകുന്ന താളാത്മക ഗദ്യങ്ങളാണവ. പടപ്പാട്ടുകളിലാണവ ഏറിയ കൂറും കാണുന്നത്. സഫലമാലയിലും കാണുന്നുണ്ട്. വിശേഷ പദങ്ങളുടെ ഘോഷയാത്രയാണിവകളില്‍ പൊതുവെ കാണുന്നത്. കവികളുടെ പദസമ്പത്ത് പ്രകടമാകുന്ന ഒരു തരം 'ഇളകിയാട്ടട്ടമാണത്..
  ഇത്രയൊക്കെയാണെങ്കിലും, അതിസമ്പന്നവും ആഹ്ലാദജനകവുമായ ഇശലുകള്‍ ശാസ്ത്രീയമായി അവതരിക്കപ്പെട്ടിട്ടില്ല. ദ്രാവിഡഹൃത്തങ്ങളോടുള്ള സാദൃശ്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വര്‍ണ്ണ സംഖ്യകള്‍ കൊണ്ടും മറ്റും ഭാഷാവൃത്തങ്ങളുമായി സാദൃശ്യം പുലര്‍ത്തുമ്പോള്‍ പോലും ആലാപനസംസ്‌കാരത്തില്‍ അവ വ്യത്യസ്തങ്ങളാണ്. ഈ ഗാന സംസ്‌കൃതിയോടുവല്ലതാല്‍പര്യവുമുള്ളവര്‍ നിര്‍വ്വഹിക്കേണ്ട പ്രധാന ബാധ്യത ഇശലുകളുടെ തനതു രൂപത്തിലുള്ള ശബ്ദലേഖനവും ശാസ്ത്രീയമായ പഠനവുമാണ്.


പടപ്പാട്ടുകള്‍

മാപ്പിളപ്പാട്ടുകളിലെ അതിസമ്പന്നമായ ശാഖയാണ് പടപ്പാട്ടുകള്‍. വര്‍ണ്യവിഷയം യുദ്ധം തന്നെ. മുസ്ലിംകള്‍ ശത്രുക്കളുമായി നടത്തിയ ഏറ്റുമുട്ടലുകള്‍ മാത്രമേ പാട്ടുകള്‍ക്ക് പരിഗണിക്കപ്പെട്ടിട്ടുള്ളൂ. മുത്ത് നബിയും സഹചരന്മാരും നടത്തിയ യുദ്ധങ്ങളെല്ലാം മാപ്പിളമാരുടെ കാവ്യഭാവനയെ പ്രചോദിപ്പിച്ചിട്ടുണ്ട്. ബദ്ര്‍, ഉഹ്ദ്, മക്കംഫത്ഹ്, ഫുതൂഹുശ്ശാം, ഹുനൈന്‍, ഖന്തഖ്, ഖൈബര്‍, തബൂക്ക്, തുടങ്ങിയ അമ്പതോളം യുദ്ധകാവ്യങ്ങള്‍ ഗവേഷകന്മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

മുഹമ്മദ് നബിയുടെ കാലം തൊട്ട തന്നെ ഇസ്ലാം പ്രചരിച്ചുവെന്ന് കരുതപ്പെടുന്ന മലബാറിലെ മുസ്ലിംകള്‍ കേരളത്തില്‍ നിന്നുള്ള സമുദ്രവ്യാപാരത്തിന്റെ കുത്തകക്കാരായിരുന്നു. ബ്രഹ്മസ്വ ദേവസ്വാദി സ്വത്തുക്കളില്‍ നിന്നും നികുതിയീടാക്കാന്‍ നിവൃത്തിയില്ലാതിരുന്ന സാമൂതിരി രാജാക്കന്മാരുടെ പ്രധാന വരുമാന സ്രോതസ്സ് സുഗന്ധവ്യജ്ഞനാദികളുടെ വിദേശവ്യാപാരമായിരുന്നല്ലോ. വിശ്വസ്തരും രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാത്തവരുമായ മുസ്ലിംകളാണ് വിദേശ നാടുകളുമായുള്ള വാണിജ്യത്തിന്റെ നിയന്ത്രണം നടത്തിയിരുന്നത്. സാമൂതിരിയുടെ രാജ്യം വിശാലമായ സമുദ്രാതിര്‍ത്തിയോട് കൂടിയതായിരുന്നല്ലോ. അതിനാല്‍ നാവികപ്പട നിര്‍ബന്ധമായിരുന്നു. എന്നാല്‍ ജാതിഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ നിലവിലുണ്ടായിരുന്നതിനാല്‍ ഹൈന്ദവര്‍ക്കിടയില്‍ നിന്ന് നാവികരെ കണ്ടെത്തുക സാധ്യമായിരുന്നില്ല. സ്വാഭാവികമായും മുസ്ലിംകളായിരുന്നു സാമൂതിരിയുടെ നാവികപ്പടയിലെ അംഗങ്ങള്‍.
ഈ വിധം പരസ്പരാശ്രിതത്വത്തിന്റെയും സൗഹൃദത്തിന്റെതുമായ ഒരു ബന്ധമായിരുന്നു മുസ്ലിംകളും സാമൂതിരിയും തമ്മിലുണ്ടായിരുന്നത്. സ്വാഭാവികമായും രാജകീയ പരിഗണന മുസ്ലിംകള്‍ക്ക് ലഭിച്ചിരുന്നു. സമാധാനപരവും സാമ്പത്തികപരമായി ഭദ്രവും  സാംസ്‌കാരികമായ സമ്പന്നരും മതപരമായി സ്വാതന്ത്യവും അനുഭവിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു മലബാറിലെ മുസ്ലിംകള്‍ അക്കാലത്ത് നയിച്ചിരുന്നത്. 
വാസ്‌കോഡഗാമയുടെ വരവോടെ ചിത്രം ആകെ മാറുന്നു. അതിക്രമത്തിന്റെയും ആഗോള മുസ്ലിം വിരോധത്തിന്റെയും അതിപരിഷ്‌കൃത ആയുധത്തിന്റെയും വക്താക്കളും ഉടമസ്ഥരുമായി വന്ന ഗാമാദി പാശ്ചാത്യര്‍ മുസ്ലിംകളെ നേര്‍ എതിരാളികളായി പ്രഖ്യാപിക്കുകയായിരുന്നു. 16ാം നൂറ്റാണ്ട് മുതല്‍ 20ാം നൂറ്റാണ്ടിന്റെ മധ്യം വരെ കടയിലോ കരയിലോ വെച്ച് വൈദേശിക ശക്തികളുമായി ഏതു നിമിഷവും ഏറ്റുമുട്ടേണ്ടി വരുമായിരുന്ന ഒരു ജനവിഭാഗമായിരുന്നു മാപ്പിളമാര്‍. അധിനിവേശ ശക്തികള്‍ക്ക് മുസ്ലിംകളോടുണ്ടായിരുന്ന എതിര്‍പ്പ് സാമ്പത്തികം മാത്രമായിരുന്നില്ല. മതപരവും സാംസ്‌കാരികവുമായ വിദ്വേഷം വളരെ പ്രധാനമായിരുന്നു. ആകയാല്‍ വിദേശികള്‍ക്കെതിരായ പോരാട്ടത്തെ മതപരമായ ബാധ്യതയായാണ് മാപ്പിളമാര്‍ പരിഗണിച്ചത്. ചെറുത്തുനില്‍പ്പിനുള്ള ഊര്‍ജ്ജം തേടിപ്പോയത് മുത്ത്‌നബിയുടെയും സഹചരന്മാരുടെയും പോര്‍ക്കളങ്ങളിലേക്കുമായിരുന്നു. നൂറുകണക്കിനു പടപ്പാട്ടുകള്‍ രചിക്കപ്പെടാനും അവയില്‍ ഗണ്യമായ സ്വാധീനം നേടിയവ ബ്രിട്ടീഷുകാരാല്‍ നിരോധിക്കപ്പെടാനും നശിപ്പിക്കപ്പെടാനുമൊക്കെ ഇടയായത് ഇക്കാരണങ്ങളാലാണ്. 
ബദ്‌റും ഉഹ്ദും പോലെ ചരിത്ര സംഭവങ്ങള്‍ മാത്രമല്ല പടപ്പാട്ടുകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. രണാങ്കളങ്ങളില്‍ വീരപരാക്രമണങ്ങള്‍ പ്രദര്‍ശിപ്പിച്ച അലി (റ) നെപ്പോലുള്ളവരുടെതെന്ന് ഭാവിച്ചുകൊണ്ട് സാങ്കല്‍പിക യുദ്ധകാര്യങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.  ഏറെപ്പഴയതെന്ന് ഗവേഷകര്‍ കരുതുന്ന 'പഴയ യസീദ് പട' ഈ ഗണത്തില്‍പ്പെടുന്നതാണ്. രചനാകാലമോ രചയിതാവിന്റെ പേരോ പരാമര്‍ശിക്കപ്പെടാത്ത കാവ്യമാണിത്.
ഇതേ വിഭാഗത്തില്‍പ്പെടുന്ന പാട്ടുകളില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ബൃഹദ് രചനയാണ് സഖൂം പടപ്പാട്ട്. പഴയ യസീദ് പടപ്പോലെ സഖൂം പടപ്പാട്ടിന്റെയും കര്‍ത്താവ് അജ്ഞാതനാണ് . എന്നാല്‍ ഹി.1265 (ക്രി.1887) ലാണെന്ന് കാവ്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സഖൂം പോര്‍ക്കഥ കവിക്ക് വിവരിച്ച് കൊടുത്തത് പൊന്നാനിയിലെ മഖ്ദൂം ആണെന്നും കാവ്യത്തില്‍ കാണാം. (ഇതിവൃത്തം).
വൈദ്യരടക്കമുള്ള മാപ്പിള കവികള്‍ക്ക് രചനയില്‍ മാതൃകയായിത്തീര്‍ന്ന കാവ്യമാണിതെന്ന് കരുതപ്പെടുന്നു. തന്തസഖൂം എന്ന് ഈ കാവ്യം വിശേഷിക്കപ്പെടുന്നത് അതുകൊണ്ടാണത്രേ.
മോയിന്‍കുട്ടി വൈദ്യരുടെ സലിഖത്ത് പടപ്പാട്ട് തിരുനബിയും സഹചരന്മാരും നടത്തിയതെന്ന് പറയപ്പെടുന്നതും കല്പിത കഥകള്‍ അടങ്ങിയതുമായ ഒരു പടപ്പാട്ടാണ്. ഒരു പാര്‍സി നോവലില്‍ നിന്ന് ശൈഖ് നിസാമുദ്ദീന്‍ വിവരിച്ചുകൊടുത്തതാണ്  ഇതിലെ കഥ. ഒരു തവണ മാത്രം മുദ്രണം ചെയ്യപ്പെട്ട കൃതിയാണിത്.  
പടപ്പാട്ടുകളില്‍ ഏറെ പ്രധാനമായവ ചരിത്രസാക്ഷ്യങ്ങളോടുകൂടിയ യുദ്ധങ്ങളുടെ ആവിഷ്‌കാരമാണ്. ഇവയില്‍ കല്‍പിത കഥകള്‍ കലരാതിരിക്കാനും വസ്തുതകള്‍ വാസ്തവവിരുദ്ധമാവാതിരിക്കാനും  ആവശ്യമായ സൂക്ഷ്മതകള്‍ കവികള്‍ കാണിച്ചിട്ടുണ്ട്.മാപ്പിളപ്പാട്ടുകളിലെ ബ്രഹദ് രചനകള്‍ പടപ്പാട്ടുകളാണ്. പടപ്പാട്ടുകളിലെ മുഖ്യരചനകള്‍ മോയിന്‍കുട്ടി വൈദ്യരുടേതാണ്. വിശേഷിച്ചും ബദ്‌റുല്‍ കുബ്‌റാ പടപ്പാട്ട്. വൈദ്യരുടെ തന്നെ മറ്റു കാവ്യ രചനകളേകക്കാള്‍ ദുര്‍ഗ്രഹമായ പദാവലിയോടു കൂടിയ രചനയാണിത്. സാരഗ്രഹണം അതീവദുഷ്‌കരമെങ്കിലും മാപ്പിള മനസ്സിലെ ഇത്രമേല്‍ ആവേശം കൊള്ളിച്ച മറ്റൊരു പടപ്പാട്ടുമില്ല. മാലപ്പാട്ടുകളില്‍ മുഹ്‌യുദ്ദീന്‍ മാലക്ക് ലഭിച്ച സ്വീകാര്യത ബദ്ര്‍ പടപ്പാട്ടിന് ലഭിച്ചിട്ടുണ്ട്. ഇശലുകള്‍ പാടിയും അര്‍ത്ഥം വിശദീകരിച്ചും ആഴ്ചകളോളം പാതിരാത്രി വരെ ആളുകളെ ആനന്ദിപ്പിക്കാന്‍ ഈ പടപ്പാട്ട് പാടി പറയുന്നവര്‍ക്ക് കഴിഞ്ഞിരുന്നു. ബദര്‍ പടയുടെ സംഗീതാത്മകത്വവും വീരത്വവും കാവ്യാത്മകതയുമൊക്കെയാവണം ആളുകളെ ഇത്രമേല്‍ ആകര്‍ഷിച്ചത്. ചരിത്ര വസ്തുതകളോട് നീതി പുലര്‍ത്താന്‍ വെമ്പല്‍ കാണിക്കുന്ന കവിമനസ്സ് വല്ലാത്തൊരു പതനത്തിലാണ് ചെന്ന് നില്‍ക്കുക. കാവ്യ ഭാവനയുടെ ഉത്തംഖലത്വവും ചരിത്രബോധത്തിന്റെ കണിശതയും തമ്മിലുള്ള മത്സരവേദിയായിരിക്കും ആ കവി മനസ്സ്.  ഭാഗ്യമെന്ന് പറയട്ടെ, ചരിത്രപരമായ ഏതാനും ന്യൂനതകള്‍ മാത്രമേ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളൂ. കാവ്യമെന്ന നിലയിലാകട്ടെ ഒരു വന്‍ വിജയവുമാണത്. 
ബദര്‍ സമര ചരിത്രം മുസ്ലിം മനസ്സിന് എക്കാലത്തും ഒരു അത്ഭുതമോ ആവേശമോ ആശ്രയമോ ഒക്കെയായിരുന്നു. നാല് മാപ്പിള കവികളെങ്കിലും ഇത് കാവ്യവിഷയമാക്കിയിട്ടുണ്ട്. വൈദ്യര്‍ക്ക് മുമ്പ് തന്നെ ഒരു ബദര്‍ കാവ്യം രചിക്കപ്പെട്ടിരുന്നു. ചാക്കീരി ബദര്‍ രചിക്കപ്പെട്ടത് അറബി മലയാള ലിപി പരിഷ്‌കരിച്ച് പരിനിഷ്ഠ മലയാളത്തിന് സമാനമാക്കിയ ഭാഷയിലാണ് മാലയായും മൗലിദായും കെസ്സുപാട്ടായുമൊക്കെ ബദര്‍ യുദ്ധം ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 
വൈദ്യരുടെ തന്നെ ഉഹ്ദ് പട, ചേറ്റുവായി പരിക്കുട്ടിയുടെ ഫുത്തൂഹിശ്ശാം കര്‍ബലായുദ്ധം, ഖൈബര്‍ പട, ഫുത്തൂഹു കിസ്‌റാ കൈസര്‍, ഫുതൂഹുശ്ശാം പഴയത്, ബനൂ ഖ്വുറദത്തു പട, മക്കം ഫത്തഹ്, കോട്ടൂര്‍ പി.എ മുഹമ്മദ് കുട്ടിയുടെ യമാമ യുദ്ധം, തുടങ്ങിയ രചനകള്‍ ഈ ഇനത്തില്‍ ശ്രദ്ധേയങ്ങളായ രചനകളാണ്.
പടപ്പാട്ടുകളില്‍ തന്നെ കേരളീയമായ പോരാട്ടങ്ങളെ വൃത്തമായി സ്വീകരിച്ച രചനകള്‍ വേറെയുണ്ട്. മോയിന്‍കുട്ടി വൈദ്യരുടെ മലപ്പുറം പടപ്പാട്ട് ശ്രദ്ധേയമാണ്. 1763 ല്‍ മലപ്പുറത്തെ നാടുവാഴി പാറ നമ്പിയുടെ നായര്‍പടയും അവര്‍ണ്ണരും മാപ്പിളമാരും ചേര്‍ന്ന സൈന്യവും തമ്മില്‍ നടന്ന പോരാട്ടമാണ് ചരിത്ര സംഭവം. 44 മുസ്ലിംകളും അവരോടൊന്നിച്ച് പൊരുതിയ തട്ടാനും മരിച്ചു. മറുപക്ഷത്ത് എത്രപേര്‍ മരിച്ചു എന്നറിയില്ല. ഈ സംഭവമാണ് മലപ്പുറം പടപ്പാട്ടിന്റെ പ്രതിപാദ്യ വിഷയം. ചേറൂര്‍ ചിന്ത്, കെ.പി.എസ് അലി മൗലവിയുടെ ഹര്‍ബുല്‍ പുത്തനങ്ങാടി തുടങ്ങിയ വേറെയും രചനകള്‍ കേരളീയ സമരങ്ങളെ ആധാരമാക്കി രചിക്കപ്പെട്ട കാവ്യങ്ങളാണ്.

കല്ല്യാണപ്പാട്ടുകള്‍

ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന വന്‍ ആഘോഷമായിട്ടായിരുന്നു മാപ്പിളമാര്‍ക്കിടയില്‍ വിവാഹാഘോഷം നിലവിലുണ്ടായിരുന്നത്. രാത്രികാലങ്ങളിലാണ് പൊതുവെ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നത്. വിവാഹത്തിന്റെ തലേനാള്‍ നടക്കുന്ന 'മയിലാഞ്ചി 'യോട് കൂടിയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. വിവാഹവും സത്ക്കാരങ്ങളുമായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പരിപാടികളായിരുന്നു പതിവ്. ഇവയെല്ലാം താളം പിടിച്ചും പാട്ടുപാടിയും സംഗീത സാന്ദ്രമായിരുന്നു. ഇവക്കുവേണ്ടി രചിക്കപ്പെട്ട പാട്ടുകളാണ് കല്ല്യാണപ്പാട്ടുകള്‍.
മയ്‌ലാഞ്ചി, വരനെ വധുഗൃഹത്തിലേക്കും വധുവിനെ ഭര്‍തൃഗൃഹത്തിലേക്കും അനുയാത്ര ചെയ്യല്‍, അറകയറ്റല്‍, സത്ക്കാരം, വധുവണിയുന്ന അടയാഭരണങ്ങള്‍, അമ്മായി ഒരുക്കുന്ന അപ്പത്തരങ്ങള്‍, അറ തുടങ്ങി എന്തിനെക്കുറിച്ചും വിപുലമായ രീതിയില്‍ പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്. മയ്‌ലാഞ്ചിയുടെ മഹത്വം വര്‍ണ്ണിക്കുന്ന എത്രയെത്ര ഇശലുകളാണ് രചിക്കപ്പെട്ടിട്ടുള്ളത്. 
''മങ്ക തന്റെ പൊന്‍ വിരലാല്‍
 ഊരി
 ബന്നെ മൗലാഞ്ചി,
 മിന്നും നല്‍ പൊന്‍ കിണ്ണത്തില്‍
 ഇട്ടുബന്ന മൗലാഞ്ചി
 ബൈള്ളി തളുക കൊണ്ട് മൂടി
 ബന്നെ മൗലാഞ്ചി
 പഴയ ' അമ്മായി പാട്ടില്‍' വര്‍ണ്ണിക്കപ്പെടുന്ന പലഹാരങ്ങള്‍ ശ്രദ്ധിക്കുക:
''ഉരവിട്ട് തരം അപ്പം കൊടുത്ത
 മ്മായി,
 ഉടല്‍ തടി മിടുക്കിനും മഹബ്ബ
 ത്തിന്നും
 ഉണ്ട് ബന്നമത്തരം കിസ്‌കി
 സിയെ
 ബന്നം പോള കടുംദുടി അപ്പം
 പൊന്നുപോല്‍ തീരുന്ന മുട്ടമറി
 ച്ചദ്
 മികന്നെറിപ്പോല്‍ ഇലങ്കുന്ന
 മുസാറ
 മികുദിയില്‍ കലത്തപ്പം കുലുസി
 അപ്പം
 മികവുള്ള തവാബപ്പം മുടച്ചി
 ലപ്പം
 മറ്റുമദെത്തിര മുട്ടസ്സുര്‍ക്ക
 ഉറ്റ് പണിന്തുള്ള പഞ്ചാരപ്പാറ്റ
 അറ്റമില്ല പുളിയാള കലാഞ്ചി.
 തെറ്റെ ബെള്ളക്കലത്തപ്പം
 ഓട്ടപ്പംപ്പം.
ആഭരണങ്ങളുടെ പേരുകള്‍ നിര്‍ബന്ധിച്ചുള്ള ഒരു പാട്ടില്‍ നിന്ന് അല്‍പം ഉദ്ധരിക്കാം
''മാല ബൈരം രശ്‌നമാല
 മികവിലാര്‍ക്കും പൂത്തെമാല
 മാലചക്കര മിന്നിമാല
 മദിരച്ചില്ലി എന്നമാല
 കോലമിച്ചലി കൊത്തുമാല
 കാട്ടെരിഞ്ഞി പൂത്തമാല''
വിഭവം, ആഭരണം, തുടങ്ങി മണിയറ വരെ വര്‍ണ്ണ്യ വിഷയങ്ങളാണ് കല്യാണപാട്ടുകളില്‍. മിക്കപ്പോഴും ഒപ്പനപ്പാട്ടുകളാണ് പാടുക.
'ഒപ്പന' എന്ന സംജ്ഞ അവതരിപ്പിക്കപ്പെടുന്ന കലാരൂപത്തിന്റെ മാത്രം പേരല്ല. ഒപ്പനപ്പാട്ടുകളില്‍ കാണുന്ന ഇശലുകളുടെ കൂടി പേരാണ്. ഒപ്പനച്ചായല്‍, ഒപ്പനമുറുക്കം എന്നിങ്ങനെ രണ്ടുതരം ഗതികളാണ് ഇവക്കുള്ളത്. രണ്ടു പാദങ്ങളോടു കൂടിയതാണ് ചായല്‍. ഒപ്പന മുറുക്കത്തിനും ആദ്യത്തെ രണ്ടു പദങ്ങള്‍ ചായലായിരിക്കും പിന്നെ ദ്രുതഗതിയില്‍ പാടുന്ന മൂന്നോ നാലോ വരികളുള്ള മുറുക്കം. വീണ്ടും രണ്ടു പദങ്ങളുള്ള ചായല്‍. ഇതാണ് ഒപ്പനമുറുക്കത്തിന്റെ സ്വരൂപം. ഏറെ ആകര്‍ഷകമായ ഒരു ഇശലാണ് മധു നിഘ്യന്ദിയായ ഇശല്‍. അറബി കാവ്യങ്ങളുടെ ശീലുകളുമായാണ് ഇവക്ക് ബന്ധമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 
അറബി മലയാള കാവ്യ ശാലയിലെ അതിപ്രാചീന രചനകള്‍ കല്യാണപ്പാട്ടുകള്‍ (ഒപ്പനപ്പാട്ടുകള്‍) ആവാനാണ് സാധ്യത. വ്യാപകമായ വാമൊഴി പ്രചാരം സിദ്ധിച്ചതിനാല്‍ അവസംരക്ഷിക്കപ്പെട്ടതാകാം. വളരെ പ്രസിദ്ധമാണ് 'ആദി മുതല്‍ ഫുരാണണം' ഒപ്പന ഏതുകാലത്ത് രചിച്ചതെന്നെ ആരാല്‍ രചിക്കപ്പെട്ടതെന്നോ കാവ്യത്തില്‍ വ്യക്തമായ സൂചനയില്ലാത്ത രചനയാണിത്. ഏറെ പഴക്കമുള്ളതാണെന്ന് ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു.
ഒപ്പനപ്പാട്ടുകളുടെ പ്രതിപാദ്യം വിവാഹാദികാര്യങ്ങള്‍ ആയിരിക്കാമെന്നാണല്ലോ പൊതു ധാരണ. എന്നാല്‍ പല രചനകളിലും ഇശലുകളായി ഒപ്പനച്ചായലും ഒപ്പനമുറുക്കവും കാണാമെന്നല്ലാതെ , വിവാഹാദികാര്യങ്ങള്‍ വിശദമായി വര്‍ണ്ണിക്കപ്പെട്ടു കാണുന്നില്ല. '' ആദി മുതല്‍ ഫുരാണം'' തന്നെ ഉദാഹരണം. പഴക്കമേറിയ ഈ കൃതിയില്‍ ആത്മാക്കളില്‍ ആദ്യത്തെ സൃഷ്ടിയായി മുഹമ്മദ് നബി (സ) യെ അല്ലാഹു തന്റെ നൂറിനാല്‍ പടച്ച കഥയില്‍ തുടങ്ങി നബിയുടെ ജനനവും, ഹലീമാ ബീവി പാലൂട്ടിയതും, വരെയുള്ള വൃത്താന്തങ്ങളാണ് പാട്ടായി കെട്ടിയിരിക്കുന്നത്. നബിയുടെ മാതാപിതാക്കള്‍ തമ്മില്‍ നടന്ന വിവാഹം വിശദമായി കൈകാര്യം ചെയ്യാനുള്ള മനോഹരമായ അവസരം കൈവന്നിട്ടും കവി. രണ്ടു മൂന്നു വരികളിലായി ആ കഥയൊന്നു പരാമര്‍ശിച്ച് കടന്നുപോവുകയാണ് ചെയ്യുന്നത്. ഇതിനര്‍ത്ഥം ഒപ്പനപ്പാട്ടുകള്‍ വിവാഹവര്‍ണ്ണനകള്‍ ആകണമെന്ന് നിബന്ധന ഉണ്ടായിരുന്നില്ല എന്നാണല്ലോ.
കോഴിക്കോട്ടുകാരനായ മാട്ടുമ്മല്‍ കുഞ്ഞിക്കോയ രചിച്ച തശിരീഫ് ഒപ്പനയുടെയും സ്ഥിതി ഇതു തന്നെ. നബി തങ്ങളുടെ പ്രസവമാണ് തശിരീഫിലെ മുഖ്യ പ്രതിപാദ്യം, വിവാഹം വിഷയമാകുന്നേയില്ല. 
വിവാഹവിഷയകമായ രചനകളില്‍ തന്നെ മാപ്പിള മനസ്സ് മിക്കപ്പോഴും നബിയുടെ വിവാഹങ്ങളിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. അത് ചിലപ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മതിനയില്‍ സംഭവിച്ചതാകാം, അല്ലെങ്കില്‍ സ്വര്‍ഗലോകത്ത് വെച്ച് നടക്കാനിരിക്കുന്നതാകാം. നബി തങ്ങള്‍ പരലോകത്ത് വെച്ച മറിയം ബീവി, ആസ്യാ ബീവി എന്നിവരെ വിവാഹം ചെയ്യുന്ന സങ്കല്‍പമാണ് പഴയ 'തൃക്കല്യാണപദം' പാട്ടിലെ പ്രതിപാദ്യം.
അഹദിയത്ത് ഒപ്പന, ആഇശാ ബീവി കല്ല്യാണപ്പാട്ട്, ആദിമുന്‍ അഹ്ദാന ഒപ്പന, ആലത്തില്‍ മൂലം ബക ഒപ്പന, ഒപ്പന ബദര്‍മാല, കല്യാണ സംഗീതം, കച്ചോടപ്പാട്ട്, ചന്ദിര സുന്ദരി കല്യാണപ്പാട്ട്, തശിരീഫ് ഒപ്പന, താലിപ്പാട്ട്, താലോലപ്പാട്ട്, നൂറാറ്റല്‍ ഒപ്പന, നൂറൊളിവ് ഒപ്പന, മങ്ങല സബാലങ്കാര മാല, മംഗല്യപ്പൊങ്ങാരം, മംഗല്യമേളം, മംഗള ഒപ്പനപ്പാട്ടുകള്‍, മംഗളാലങ്കാരം, കല്യാണപ്പാട്ട്, മദ്ഹുല്‍ ഇക്‌റാം, സ്ത്രീ മംഗലപ്പാട്ട്, മൗലാഞ്ചി ഒപ്പന, മൗലാഞ്ചിപ്പാട്ട്, മൂലപ്പുരാണം, രാജമംഗലം, വഫാത്തുന്നബി ഒപ്പന, ഖലീമത്തുസ്സാദാത്ത് കല്യാണപ്പാട്ട്, വാജീബാത്തുല്‍ മുഅ്മിനീന്‍ ഒപ്പന, വിവാഹാലങ്കാര കീര്‍ത്തനം, വിവാഹലങ്കാരം (ഫാത്തിമ ബീവിയുടെ കല്യാണപ്പാട്ട്- ഇ മൊയ്തുട്ടി മൗലവി)
വെറ്റിലപ്പാട്ട്, സംഗീതസാരം കല്യാണപ്പാട്ട്, സബാലങ്കരഗീതം കല്യാണപ്പാട്ട്, സൗഭാഗ്യ സുന്ദരി, സിനക സ്വന്തം ഒപ്പന, തുടങ്ങി ധാരാളം ഒപ്പനപ്പാട്ടുകള്‍ രചിക്കപ്പെട്ടിട്ടുണ്ട്.
'ഖ്വിസ്സ' എന്ന അറബി വാക്കിന് അര്‍ത്ഥം കഥയെന്നാണ്. അറബി മലയാള സാഹിത്യത്തില്‍ ഈ വാക്ക് ഇശല്‍ ഭേദത്തോടെയാണ് ഉപയോഗിക്കുന്നത്. കഥകള്‍ പോലെ അസ്സാധാരണത്വം നിറഞ്ഞുനില്‍ക്കുന്ന സംഭവങ്ങളാണ് ഖ്വിസ്സ്വകളില്‍ പൊതുവെ ആവിഷ്‌കരിക്കപ്പെട്ടു കാണുന്നത്.  ചില രചനകള്‍ പോലെ കല്‍പിതങ്ങളായുമുണ്ട്. (അക്ബറുല്‍ കമാല്‍ കിസ്സസറ കോഡ് മൊഗ്രാല്‍ നടുത്തോപ്പില്‍ വി.അബ്ദുല്ല) അദ്ഹം (സി.കെ അവറാന്‍ മൊല്ല).
അബ്ദുറഹിമാന്‍ കിസ്സ, അല്‍കഹ്ഫ് കിസ്സപ്പാട്ട്, ആദം നബി കിസ്സ, ഇബ്രാഹീം കിസ്സ, ഉമര്‍ കിസ്സ, കിസ്സത്തു താഹിറാ വഫാത്ത്, കിസ്സത്തുന്നഫീസത്ത് (വി.മുഹമ്മദ്), താജുല്‍ മുലൂക് കിസ്സ, നഫീസത്ത് കിസ്സപ്പാട്ട്, നൂഹ് നബി കിസ്സ, പഴയ യൂസുഫ് ഖില്ല, മറിയം ബീവി കിസ്സ (പൊന്നാനി, മൂച്ചിക്കൂട്ടത്തില്‍ കുഞ്ഞുബാവാ വൈദ്യര്‍) മൂസാ നബി കിസ്സ, യൂനുസ് നബി കിസ്സ, വലിയ ഉമര്‍ കിസ്സ (സി.എച്ച് ഇബ്രാഹീം കുട്ടി മാസ്റ്റര്‍), സിദ്ധീഖ് കിസ്സ (ഇ. മൊയ്തുകുട്ടി മൗലവി) തുടങ്ങിയ രചനകള്‍ നബിമാരുടെയും മറ്റുമഹത്തുക്കളുടെയും ജീവിതത്തിലെ അത്ഭുത സംഭവങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആവിഷ്‌കരിക്കപ്പെട്ട രചനകളുമുണ്ട് കിസ്സപ്പാട്ടുകളില്‍.
താരതമ്യേന ദൈര്‍ഘ്യം കുറഞ്ഞവയും പൊതുവെ ഭാവനാപരവുമായ രചനകള്‍ കാണപ്പെടുന്ന കാവ്യ വിഭാഗമാണ് കെസ്സുപ്പാട്ടുകള്‍. പ്രണയാദി വിഷയങ്ങളാണ് പലപ്പോഴും കെസ്സുകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ചരിത്രപ്രതിപാദകങ്ങളായ രചനകളും കെസ്സുകളില്‍ കാണാം. 
സര്‍ക്കൂട്ടുപാട്ടുകള്‍ യാത്ര വിവരണങ്ങളാണ്. ഹജ്ജ് യാത്രാവേളയിലെ അനുഭൂതികള്‍ സര്‍ക്കീട്ടു പാട്ടുകളില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. സന്ദേശ കാവ്യങ്ങളിലെ സ്ഥല വര്‍ണ്ണനപോലെ ചിലേടങ്ങളില്‍ ലഘുവായ രൂപത്തില്‍ സ്ഥല വര്‍ണ്ണനകള്‍ ചെയ്യുന്നതും കാണാം. പുലിക്കോട്ടില്‍ ഹൈദരിന്റെ 'കോലാര്‍ യാത്ര', തിരൂര്‍ യാത്ര, ഷൊര്‍ണ്ണൂര്‍ യാത്ര, തുടങ്ങയടവ കാവ്യ ഗുണം വിശേഷിച്ചൊന്നുമില്ലാത്ത പാട്ടുകളാണ്. 
  വിശേഷങ്ങള്‍ അറിയിക്കാന്‍ ആളുകള്‍ കത്തെഴുതാറുണ്ട്. അവ പാട്ടു മട്ടിലാക്കാന്‍ കെട്ടുന്ന പതിവുണ്ടായിരുന്നു മാപ്പിളമാര്‍ക്കിടയില്‍. പാട്ടുകെട്ടാന്‍ വയ്യാത്തവര്‍ക്ക് പാട്ടെഴുത്തുകാര്‍ കത്തുകള്‍ പാട്ടിലാക്കിക്കൊടുത്തിരുന്നു. ഇങ്ങനെയെഴുതപ്പെട്ടവയില്‍ ചിലത് കാവ്യ ഗുണം തികഞ്ഞ രചനകളായിരുന്നു.  ഏറ്റവും പ്രസിദ്ധമായ കത്തുപ്പാട്ട് പുലിക്കോട്ടില്‍ ഹൈദരിന്റേതാണ്. മലബാര്‍ കലാപത്തെത്തുടര്‍ന്ന് അറസ്റ്റിലായി ബല്ലാരി ജയിലില്‍ കഴിയേണ്ടി വന്ന ഹസന്‍കുട്ടി ജയിലിലിരിക്കെ തന്റെ ഭാര്യയെക്കുറിച്ച് അപവാദം കേള്‍ക്കാനിടയായി. അക്കാര്യം തിരക്കിക്കൊണ്ട് അയാള്‍ അവളുടെ മാതാവിന് അയച്ച കത്തിലെ പരാമര്‍ശങ്ങള്‍ അറിഞ്ഞ് വ്രണിത ഹൃദയയായ മറിയക്കുട്ടി തന്റെ നിരപരാധിത്യം വിവരിച്ചുകൊണ്ട് നടത്തുന്ന ആത്മനിവേദനമാണ് '' മറിയക്കുട്ടിയുടെ കത്ത്''.
''ഖല്ലാഖ്വിന്‍ ബിദിയാലെ
 കഴിഞ്ഞ ജുമുഅ രാവ്
 കനിന്ദ് ഞാന്‍ ഉമയ്കളെ ഒരു
 കനാവ്- അതനാല്‍
 കരള്‍ കത്തിക്കരിഞ്ഞു
 പോണിതാ എന്‍ ജീവ്
 ബല്ലാരിക്കുടനെ ഞാന്‍ വരാം
 ഒട്ടു വഴിയുണ്ടോ?
 ബല്ലികള്‍ക്കവിടേക്ക് വരാന്‍
 പാടുണ്ടോ? ഉമതെ
 ബരുറ്റകില്‍ കണ്ടിടാന്‍ വല്ല
 നിവൃത്തിയുണ്ടോ?
എന്ന വിലാപം എത്ര ഹൃദയ വര്‍ജ്ജകമാണ്. എഴുപതുകളില്‍ സജീവമായ ഗള്‍ഫ് കുടിയേറ്റം സൃഷ്ടിച്ച വേര്‍പാടിന്റെ വേദനകള്‍ ആവിഷ്‌കരിക്കുന്ന കത്തുപാട്ടുകളുടെ ഒരു പരമ്പര തന്നെ പുറത്തു വരികയുണ്ടായി. കൂട്ടത്തില്‍ എസ്.എ ജമീലിന്റെ ദുബായ് കത്ത് പരാമര്‍ശമര്‍ഹിക്കുന്ന രചനയാണ്.
പി.ടി ബീരാന്‍കുട്ടി മൗലവി, നല്ലളം ബീരാന്‍, ലാ ഹാജി, സി.കെ അയമുമൊല്ല, എന്നിവര്‍ പരസ്പരം കത്തുപ്പാട്ടുകള്‍ അയച്ചിട്ടുള്ളവരാണ്. തോട്ടപ്പള്ളി കുഞ്ഞലവി മാസ്റ്ററും പുലിക്കോട്ടിലും തമ്മില്‍ കത്തുപാട്ടുകളിലൂടെ നടന്ന വക്കാണം അസഭ്യവര്‍ഷത്തിന്റെ ഘോഷയാത്രയായിരുന്നു. 
ഗദ്യ സാഹിത്യത്തിലും കാവ്യ രചനകളിലെന്ന പോലെ ധാരാളം ഉപവിഭാഗങ്ങളായി അറബി മലയാളം രചനകളെ തരം തിരിച്ചു കാണാം. സോദ്ദേശ്യ രചനകളാണ് ഗദ്യ വിഭാഗത്തില്‍ ഏറെയും. കഥയും നോവലും പോലെയുള്ള സര്‍ഗ്ഗാത്മക രചനകളും അറബി മലയാളത്തിലുണ്ട്. 
തലശ്ശേരി പട്ടണത്തിന് സമീപം ഇല്ലിക്കുന്നില്‍ ബാസല്‍ മിഷിനറിമാരായ ഗുണ്ടര്‍ട്ട് സായിപ്പും കൂട്ടരും ഒരു അച്ചുകൂടം സ്ഥാപിച്ച് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കിക്കൊണ്ടിരുന്നല്ലോ. മേലേക്കണ്ടി കോയാലി ഹാജിയുടെ മകനായ തിക്കൂക്കില്‍ കുഞ്ഞഹമ്മദ് അവിടെ ചെന്ന് മുദ്രണ വിദ്യ വശമാക്കുകയും പിതാവായ കോയാലി ഹാജിക്കുവേണ്ടി പഴയ തലശ്ശേരിയിലെ നായ്യാം വീട്ടില്‍ ഒരു അറബി മലയാള അച്ചടിശാല സ്ഥാപിക്കുകയുണ്ടായി. 1867ലോ 68 ലോ ആണ് ഇത് സ്ഥാപിക്കപ്പെട്ടത്. മുസ്വഹഫ് അച്ചടിച്ചുകൊണ്ടാണ് പ്രസ്സ് പ്രവര്‍ത്തനമാരംഭിച്ചത്. അവിടെനിന്ന് അച്ചടി വിദ്യ അഭ്യസിച്ച ചിലര്‍ തലശ്ശേരിയില്‍ തന്നെ പലയിടത്തും വേറെ ചിലര്‍ പൊന്നാനി, തിരൂരങ്ങാടി, വളപട്ടണം തുടങ്ങിയ സ്ഥലങ്ങളിലും അറബി മലയാളം അച്ചുകൂടങ്ങള്‍ സ്ഥാപിച്ചു. 
പകര്‍പ്പവകാശം സഹിതം ഗ്രന്ഥങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവാങ്ങി വാണിജ്യാടിസ്ഥാനത്തില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രസാധകര്‍ കൂടിയായിരുന്നു മിക്ക അറബി മലയാളം പ്രസ്സുകാരും. ഗ്രന്ഥകാരന്റെ പേരോ രചനാകാലമോ രേഖപ്പെടുത്താത്ത കൃതികളില്‍ പോലും അച്ചടിച്ച പ്രസ്സിന്റെ പേരും കാലവും പ്രിന്ററുടെ പേരും വ്യക്തമായി രേഖപ്പെടുത്തി കാണാം. പുസ്തകത്തിന്റെ മുഖചിത്രത്തിലോ ചിലപ്പോള്‍ അവസാനഭാഗത്തോ ആയിരിക്കും ഇത് ചേര്‍ക്കുന്നത്. സംഗീതസാര ശിരോമണി നേര്‍ച്ചപ്പാട്ടിനു മുകളില്‍ ചേര്‍ത്ത പ്രസ്താവന ഇങ്ങനെയാണ്. '' ഹിജ്‌റ1341 ജമാദുല്‍ അവ്വല്‍ 20, ഈസവ്വിയ്യ:1922 ജനുവരി 18 മായി, തിരൂരങ്ങാടി നഗരം കളരിക്കല്‍ എന്ന പുരയില്‍ വെച്ച് തലശ്ശേരി കാരയക്കല്‍ അബ്ദുള്ളാ.ടി അബൂബക്കര്‍ അവര്‍കളുടെ മദ്ഹുല്‍ മുഹിമ്മാത്ത് എന്ന കല്ലച്ചുകൂടത്തില്‍ അച്ചടിച്ചത് '' ഈ പാട്ട് പൊന്നാനി താലൂക്ക് കല്‍പകഞ്ചേരി അംശം പറവണ്ണ ദേശത്ത് എടതൊടുകയില്‍ കുഞ്ഞീരുട്ടി എന്ന ആളാല്‍ ഉണ്ടാക്കപ്പെട്ടതും പകര്‍പ്പവകാശം ഏറനാട് താലൂക്ക് തിരൂരങ്ങാടി അംശം കളക്കാട് ദേശത്ത് കൊളക്കാടന്‍ അഹ്മദ് കുട്ടി ഹാജിയായ ഞാന്‍ രേഖാ മൂലം തീരുവാങ്ങിയതുമാകയാല്‍  എന്റെ സമ്മതം കൂടാതെ ഈ പാട്ടിനെ വല്ലവരും അച്ചടിക്കുകയോ അച്ചടിപ്പിക്കുകയോ ചെയ്താല്‍, അതിനാല്‍ എനിക്കുണ്ടാകുന്ന എല്ലാ നഷ്ടത്തിനും അവര്‍ ബാധ്യസ്ഥരാണെന്നു ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
അച്ചടിച്ചശാല സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് കൈയെഴുത്ത് പ്രതികളാണ് പുസ്തകങ്ങള്‍ പ്രചരിച്ചിരുന്നത്. കയ്യെഴുത്തുകലയില്‍ പ്രാവീണ്യം നേടിയവര്‍ പ്രതിഫലം പറ്റി ചെയ്തിരുന്ന പ്രവര്‍ത്തിയാണിത്. അതിമനോഹരമായ പകര്‍പ്പുകള്‍ തയ്യാറാക്കപ്പെട്ട  ഏറെ ഗ്രന്ഥങ്ങളുണ്ടായിരുന്നു. കയ്പടക്കാരനെ ' കാതിബ്' എന്ന് രേഖപ്പെടുത്തിക്കാണാം.

ഖുര്‍ആന്‍ വിവര്‍ത്തനങ്ങള്‍

1880കളില്‍ തന്നെ ഖുര്‍ആന്‍ അറബി-മലയാളത്തില്‍ പരിഭാഷപ്പെടുത്തിപ്രസിദ്ധീകരിച്ചിട്ടുണ്ട്. തലശ്ശേരിയിലെ കേയി വംശത്തില്‍പ്പെട്ട ചൊവ്വാക്കാരന്‍ വലിയ പുരയില്‍ മായിന്‍കുട്ടി എളയാവ് ആണ് പരിഭാഷകന്‍. വ്യാഖ്യാനസമേതമായിരുന്നു ഈ വിവര്‍ത്തനം തയ്യാറാക്കിയിരുന്നത്. എട്ടുവാല്യങ്ങളുള്ള ആ ഗ്രന്ഥത്തിന്റെ നൂറോളം പ്രതികള്‍ പകര്‍ത്തെഴുതിച്ചുവെന്ന് പറയപ്പെടുന്നു. അന്നത്തെ ഒരു ലക്ഷത്തോളം രൂപ അദ്ദേഹം അതിന് ചെലവഴിച്ചുവെങ്കിലും ആ ഗ്രന്ഥത്തിന് വില നിശ്ചയിക്കുകയുണ്ടായില്ല. വില്‍പനയും നടത്തിയില്ല. മലബാറിലെ പ്രമാണി മുസ്ലിംകുടുംബങ്ങള്‍ക്കും പണ്ഡിതരായ വ്യക്തികള്‍ക്കും ചില പള്ളികളിലേക്കും സൗജന്യമായി നല്‍കുകയാണ് ചെയ്തത്. ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യാന്‍ തനിക്കുള്ള  കഴിവില്‍ സംശയം ജനിക്കുകയാല്‍, പിന്നീട് അദ്ദേഹം തന്നെ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രചാരണം തടയുകയുണ്ടായി. 
തേന്‍പറമ്പില്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഖുര്‍ആനിലെ അമ്മ, തബാറക എന്നീ ഭഗങ്ങള്‍ക്ക് തര്‍ജ്ജമകളെഴുതി. അവക്ക് യഥാക്രമം 'ഫത്ഹുല്‍ മുഈന്‍' എന്നും 'ഫത്ഹുല്‍ കരീം' എന്നുമാണ് പേര്‍ നല്‍കിയിരിക്കുന്നത്. 
കൊങ്ങണംവീട്ടിലെ ഇബ്രാഹീം കുട്ടി മുസ്ലിയാര്‍ നാല്‍പതോളം അറബി മലയാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഖുര്‍ആനിലെ അല്‍ കഹ്ഫ്, യാസീന്‍ എന്നീ സൂറത്തുകള്‍ അദ്ദേഹം തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അമ്മ, തബാറക്ക എന്നീ അദ്ധ്യായങ്ങള്‍ തേന്‍പറമ്പില്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും അല്‍ബഖറ ഇണന്‍ വിട്ടിലെ മുഹമ്മദ് മുസ്ലിയാരും അറബി മലയാള ത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  ഇഖ്വലാസ് സൂറത്ത് പി.കെ മൂസാ മൗലവിയും ഫാതിഹാ സൂറത്ത് സി.എച്ച് മുഹമ്മദ് മൗലവിയും ആണ് തര്‍ജ്ജമ ചെയ്തത്. 
നബിചര്യകളെ വിവരിച്ചുകൊണ്ട് ചാലിലകത്ത് മുഹമ്മദ് മുസ്ലിയാര്‍ രചിച്ച ഗ്രന്ഥമാണ് ''അഖ്ബാര്‍ അഹ്മദീയ'.ടി.കെ മുഹമ്മദ് മൗലവിയുടെ അര്‍ബഈനന്നബവ്വിയ്യ. അലവിക്കുട്ടി മൗലവിയുടെ ഹദീസുല്‍ അര്‍ബഊന്‍, എന്നിവ നബിചര്യകളുടെ വിവര്‍ത്തനങ്ങളാണ്. അവക്ക് പുറമെ അല്‍ ഹദീസ്, സൂക്തിഹാരം എന്നിവയും നാല്‍പത് ഹദീസുകളുടെ ഭാഷാന്തരങ്ങളാണ്. മൂലാമ്പത്ത് കുഞ്ഞാമുവിന്റെ അഖ്ബാര്‍ അഹമ്മദിയ്യ നബിയുടെ ജീവചരിത്ര ഗ്രന്ഥമാണ്. ചാലിലകത്ത് മുഹമ്മദ് മൗലവിയുടെ സീറത്തുന്നബവ്വി, അബ്ദുല്‍റഹിമാന്‍ മുസ്ലിയാരുടെ മനാഖിബുസ്സ്വിദ്ദീഖ് എന്നിവ യഥാക്രമം നബിചര്യയുടെയും സ്വിദ്ദീഖ് (റ)വിന്റെയും ചരിത്രങ്ങളാണ്. അരയാല്‍ പുറത്ത് ചെറിയ ടി. അബ്ദുല്‍റഹിമാന്‍ മുസ്ലിയാരാണ് മനാഖിബുസ്സ്വിദ്ദീഖ് എഴുതിയത്. നബി ചരിത്രഗ്രന്ഥമായ അഖ്ബാര്‍ അഹമ്മദിയ്യയുടെ രണ്ടാം ഭാഗമായ ''ഖസ്വീദത്തുല്‍ കുബ്‌റാ''ഗ്രന്ഥവും അതിന്റെ തുടര്‍ച്ചയായി ഫാത്വിമുത്തുസ്സുഹ്‌റാ എന്ന ഗ്രന്ഥവും ചാലിലകത്ത് ഇബ്രാഹീം കുട്ടി രചിച്ചതാണ്.
വിഖ്യാതമായ കര്‍മ്മ ശാസ്ത്ര ഗ്രന്ഥമായ ' ഇഹ്‌യ' യില്‍ നിന്ന് നോമ്പിനെക്കുറിച്ചുള്ള അദ്ധ്യായം മൂലാമ്പത്ത് കുഞ്ഞാമ്മു അറബി മലയാളത്തിലാക്കിയിട്ടുണ്ട്. തലശ്ശേരിക്കാരനായ അരയാല്‍ പുറത്ത് ചെറിയടി മമ്മദ് നോമ്പിന്റെ വ്യവസ്ഥകള്‍ വിവരിച്ചുകൊണ്ട് തുഹ്ഫതുസ്സ്വാഇമീന്‍ എന്ന പേരില്‍ ഒരു ഗ്രന്ഥം  രചിച്ചിട്ടുണ്ട്. തലശ്ശേരിയിലെ പുതുക്കുടി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ രചിച്ച വലിയ നിസ്‌കാരക്കണക്ക്, പൊന്നാനി മഖ്ദൂമിന്റെ കത്ത് , വലിയ ബാവ മുസ്ലിയാര്‍ രചിച്ച വിത്‌രിയ തര്‍ജ്ജമയും 18ാം നൂറ്റാണ്ടിലെ രചനകളാണ് നിസ്‌കാരത്തിന്റെ വ്യവസ്ഥകളെ വിവരിച്ചുകൊണ്ട് പുറാടത്തില്‍ കുഞ്ഞിമൂസ മുസ്ലിയാര്‍ ഉംദത്തുല്‍ മുസ്വല്ലീന്‍ എന്ന പേരില്‍ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതും 18ാം നൂറ്റാണ്ടിലെ രചനയാണ്. കുളങ്ങര വീട്ടില്‍ ശുജായി മൊയ്തു മസ്ലിയാര്‍ രചിച്ച 'അനന്തരവകാശ നിയമം' പഴക്കമേറിയ രചനകളില്‍പ്പെടുന്നു. കര്‍മ്മപരവും വിശ്വാസപരവുമായ നൂറ്റിനാല്‍പത്തിയൊന്ന് വിഷയങ്ങളെക്കുറിച്ച് ആധികാരിക പ്രതിപാദനം ഉള്‍കൊള്ളുന്ന പാടൂര്‍ കോയക്കുട്ടി തങ്ങളുടെ ''ബൈതുല്യം'' പതിനെട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട വളരെ പ്രസിദ്ധമായ ഗ്രന്ഥമാണ്. ഉംദത്തു സ്സാലിക്, നൂറുല്‍ അബ്‌സ്വാര്‍, കിതാബുസ്സനം, എന്നിവയാണ് മറ്റു കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍. ' കീമിയാഉ സ്സആദ' അദ്ധ്യാത്മിക വിഷയം വിചന്തനം ചെയ്യുന്ന ഗ്രന്ഥമാണ്. ഇതിന്റെ ഒരു ഭാഗം വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി അറബി മലയാളത്തിലാക്കിയിട്ടുണ്ട്. ഉമര്‍ വൈദ്യര്‍ വിവര്‍ത്തനം ചെയ്ത മിന്‍ഹാജ്ജുല്‍ ആബിദീന്‍ മുഹമ്മദ് നൂഹ് കണ്ണ് മുസ്ലിയാര്‍ വിവര്‍ത്തനം ചെയ്ത ഫത്ഹുസ്സ്വമദ്, ഫത്ഹുന്നൂര്‍ എന്നിവയും ആത്മീയത ചര്‍ച്ചാവിഷയമാക്കുന്ന രചനകളാണ്. പൊന്നാനി വലിയ മഖ്ദൂം രചിച്ച 'ഹിദായത്തുല്‍ അദ്ദിയ' യും  ഇതേ ഗണത്തില്‍പ്പെട്ട കൃതിയാണത്രേ. 
കുളങ്ങര വീട്ടില്‍ ശുജായി മൊയ്തു മുസ്ലിയാര്‍ മൂന്നു വാള്യങ്ങളിലായി തയ്യാറാക്കിയ ഫത്ഹുല്‍ ഫത്താഹ് ഒരു ബ്രഹദ്ചരിത്രഗ്രന്ഥമാണ്. അദ്ദേഹം തന്നെ അതിന് ഒരു സംക്ഷിപ്ത പതിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫൈളുല്‍ ഹയ്യാള്. ഉണ്ണിമൊയ്തീന്‍ കുട്ടി തയ്യാറാക്കിയ ദുറുസുത്താരീഖുല്‍ ഇസ്ലാമിയ , ഇബ്രാഹീം മുല്ലവി രചിച്ച മലബാര്‍ ചരിത്രം, കെ. മൂസാന്‍ കുട്ടി തര്‍ജ്ജമ ചെയ്ത തുഹ്ഫത്തുല്‍ അഥവാ കേരളത്തിലെ ഇസ്ലാം മത പ്രചരണാരംഭ ചരിത്രം എന്നിവ മികച്ച ചരിത്രഗ്രന്ഥങ്ങളത്രേ. നാലു ഭാഗങ്ങളിലുള്ള ഖ്വസ്വസുല്‍ അമ്പിയാഅ് , പ്രവാചക പ്രഭുവും നാലു ഖലീഫമാരും, ഭൂലോക ചക്രവര്‍ത്തി എന്നിവയാണ് ശ്രദ്ധേയമായ മറ്റു ചരിത്ര രചനകള്‍. 
അല്‍ഫുലൈല്‍, ഖമറുസ്സമാന്‍, അമീര്‍ ഹംസ, അലാവുദ്ദീന്‍, അലിഫ് നഹാര്‍ ഒന്നാം ഭാഗം, വെള്ളാട്ടി മസ്അല, ഉമര്‍ അയ്യാര്‍ തടങ്ങിയവ അറബി മലയാളത്തിലെ കഥാ ഗ്രന്ഥങ്ങളാണ്. മര്‍യം ഖ്വിസ്സ, യൂനുസ് ഖ്വിസ്സ, തൂഫാന്‍ ഖ്വിസ്സ, യൂസുഫ് ഖ്വിസ്സ, ബദര്‍ ഖ്വിസ്സ, തുടങ്ങിയവ ചരിത്രകഥകളത്രേ. യൂസുഫ് നബിയെക്കൊതിച്ച സുലൈഖ, ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍, എന്നിവ പ്രണയപ്രതിപാദങ്ങളാണ്. 
ചെറിയ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പുത്രനായ കൊങ്ങണം  വീട്ടില്‍ അഹമ്മദ് എന്ന ബാവ മുസ്ലിയാര്‍ വൈദ്യശ്‌സ്ത്ര സംബന്ധിയായ ബൃഹദ് രചനകളുടെ കര്‍ത്താവാണ്. വലിയ വൈദ്യ സാരം, പരോപകാരം, ഉപകാരം, ഒറ്റമൂലികള്‍, എന്നിവയാണ് അദ്ദേഹം അറബി മലയാളത്തില്‍ രചിച്ച വൈദ്യ ഗ്രന്ഥങ്ങള്‍.  തലശ്ശേരിക്കാരനായ കാരക്കല്‍ മുഹമ്മദ് എന്ന പണ്ഡിതന്‍ ''വിഷവൈദ്യം'' സംബന്ധിച്ച പുസ്തകം തയ്യാറാക്കി. ''ശിശു ചികിത്സ'' ബാല ചികിത്സാ ഗ്രന്ഥമാണ്. നാഡീ ശാസ്ത്ര കൃതികളും അറബി മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്.  ചാലിലകത്ത് ഇബ്രാഹീം കുട്ടി രചിച്ച ദേഹചരിത്ര തര്‍ജ്ജമയും ആരോഗ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍പ്പെടുന്നു. 
''നിക്കാഹിന്റെ തര്‍ജ്ജമ'' വിവാഹനിയമങ്ങളും ദാമ്പത്യ ജീവിതത്തെയും കുറിച്ച പ്രതിപാദിക്കുന്ന കൃതിയാണ്. ''ഇഅ്‌ലാമുന്നിസാഅ് ''എന്ന പേരില്‍ ദാമ്പത്യ കാര്യങ്ങള്‍ക്ക് മാത്രമായി രചിക്കപ്പെട്ട കൃതിയാണിത്.
നവോത്ഥാന ചിന്തകള്‍ തുറന്നുവിട്ട സാമൂഹിക പരിവര്‍ത്തന ശക്തി അറബി മലയാളത്തിന്റെ അസ്തിത്വത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. മലയാള ഭാഷയുടെ വ്യക്ത രൂപമാണത് എന്ന ധാരണയില്‍ സംസ്‌കൃത പദാധിക്യമുള്ള മലയാള ഭാഷ അഭിലഷണീയമായി കരുതുകയും അറബി മലയാളത്തെ അവജ്ഞയോടെ പുറന്തള്ളുകയുമായിരുന്നു ഫലം. മലയാളം മാധ്യമമായിട്ടുള്ള പൊതുവിദ്യഭ്യാസം മുസ്ലിംകള്‍ക്കിടയില്‍ പ്രചരിച്ചതോടെ വിനിമയ മാധ്യമമായി അറബി മലയാളം ഉപയോഗിക്കപ്പെടാതായി. സമീപ ദശകങ്ങളിലായി നടന്ന അറബി മലയാളം ലിപി പരിഷ്‌കരണങ്ങളാകട്ടെ മലയാള ഭാഷ അറബി ലിപിയില്‍ എഴുതുന്ന സംവിധാനമാക്കി. അറബി മലയാളത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമാക്കുകയും  ചെയ്തു. 
അന്യംനിന്നുപോയ  അറബി മലയാളത്തിന്റെ ഭാഷാ സ്വഭാവത്തെയും സാഹിത്യ സമ്പത്തിനെയും കുറിച്ച് സാമാന്യ ധാരണ രൂപപ്പെടുത്താന്‍ സഹായിക്കാവുന്ന വിധം ചെറുവിവരണം തയ്യാറാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സാഹിത്യ ചരിത്രകാരന്റെ നിലപാടില്‍ നിന്നുകൊണ്ട് പ്രാതിനിധ്യ സ്വഭാവമുള്ള പ്രമുഖ കൃതികളെ പരാമര്‍ശിച്ചുകടന്നുപോവുകയായിരുന്നു. സൂചിപ്പിക്കുക പോലും ചെയ്യാതെ പോയ രചനകള്‍ ഏറെയുണ്ട്. അവ മുഴുവന്‍ പരാമര്‍ശിച്ചുപോവുക ഇവിടെ സാധ്യമല്ലല്ലോ. എങ്കിലും അറബി മലയാള ഭാഷയേയും അതിന്റെ സാഹിത്യ സംഭാവനകളേയും കുറിച്ച് പൊതുധാരണ രൂപപ്പെടുത്താന്‍ ഇത് മതിയാകുമെന്ന് വിശ്വസിക്കുന്നു. 

2 Comments

  1. വളരെ ഇഷ്ടപ്പെട്ടു ...

    ReplyDelete
  2. ഇത് ഞങ്ങളുടെ സഹായിച്ചു
    അല്ല ഉപകാരപ്പെട്ടു

    ReplyDelete

Post a Comment

Previous Post Next Post